#Sandram Part 21
Part 21
***************************************************************************************
“I’VE ABSOLUTELY NO FEAR OF DEATH. FROM MY NEAR DEATH RESEARCH AND MY PERSONAL EXPERIENCES, DEATH IS, IN MY JUDJMENT, SIMPLY A TRANSITION INTO ANOTHER KIND OF REALITY” – DR. RAYMOND MOODY.
***************************************************************************************
“I’VE ABSOLUTELY NO FEAR OF DEATH. FROM MY NEAR DEATH RESEARCH AND MY PERSONAL EXPERIENCES, DEATH IS, IN MY JUDJMENT, SIMPLY A TRANSITION INTO ANOTHER KIND OF REALITY” – DR. RAYMOND MOODY.
***************************************************************************************
അല്പ്പ നേരത്തെ മല്പ്പിടുത്തത്തിനു ശേഷം മാത്യൂസ് അടങ്ങി. റോബിയുടെ മുഖം ചോരയിൽ കുളിച്ചിരുന്നു. ഒടുവിൽ...
“നീയിങ്ങു വന്നേ...” നിതിൻ മാത്യൂസിനെ പിടിച്ചു വലിച്ച് അടുക്കളയിലേക്കു കൊണ്ടു പോയി.
“എന്നാന്നു പറഞ്ഞാ റോബിക്കെതിരെ കേസെടുക്കുന്നേ ? ”
“പ്രേരണ...കോൺസ്പയറിങ്ങ് ഫോർ മർഡർ... പിന്നെ...അബാൻഡന്മെന്റ് ഓഫ് ചൈൽഡ്...അല്ല അതു വേണ്ട... പിന്നെ പ്രേമം നടിച്ച്...”
“നിക്ക് നിക്ക്... വകുപ്പൊക്കെ എന്താണെന്നെനിക്കറിയാം അതല്ല ചോദിച്ചെ... ഇതൊക്കെ എങ്ങനെ നമ്മൾ തെളിയിക്കും ? സാന്ദ്രയുടെ ആത്മാവാണ് ഈ കേസിലെ ഏക സാക്ഷീന്നു പറയാനുള്ളത്.” നിതിനു ചിരി വന്നു “ പിന്നെ റെജിയെ പൊക്കിയാൽ, അവന്റെ മൊഴിയിൽ നിന്നു വല്ലതും കിട്ടിയെങ്കിലായി.”
“അതെങ്കി അത്. വെറുതേ വിടരുത് ഈ ചെറ്റയെ.” മാത്യൂസ് പല്ലു ഞെരിച്ചു.
“മത്തായി... ലെറ്റ് അസ് ജസ്റ്റ് ഫോർഗറ്റ് ഇറ്റ്. വെറുതേ നമ്മൾ മെനക്കെടുമെന്നല്ലാതെ യാതൊന്നും നടക്കാൻ പോകുന്നില്ല. പ്രേരണാ കുറ്റം ന്നൊക്കെ പറഞ്ഞാൽ നിനക്കറിയാല്ലോ, വളരെ വീക്കാ. പിന്നെ...കേട്ടിടത്തോളം...” നിതിൻ ഒന്നു നിർത്തി.
“എന്ത് ?”
“കേട്ടിടത്തോളം സാന്ദ്ര അവന്റെ പുറകേ തന്നെയുണ്ട്. ബാക്കി ഇനി അവൾ നോക്കിക്കോളും എന്നാണെനിക്കു തോന്നുന്നത്.”
മാത്യൂസ് രണ്ടു കൈകളും കൊണ്ട് തന്റെ മുഖം അമർത്തി തുടച്ചു.
“പിന്നെ, ഞാൻ ഈ കേസ് എടുത്തത്, രണ്ടു കാര്യത്തിനാ. “ നിതിൻ തുടർന്നു. ” ഒന്ന് ശങ്കുവിനൊരു മോചനം. പിന്നെ ആ കുഞ്ഞിനെ കണ്ടു പിടിക്കാനും. അതു രണ്ടും നടന്നു. എന്റെ കോൺഷ്യൻസ് ക്ലിയറായി. എനിക്കിനി സന്തോഷമായിട്ട് എന്റെ ഫാമിലീടടുത്തേക്കു പോകാം. നാളെ തന്നെ ട്രാൻസ്ഫർ കാര്യങ്ങളുമായി മുൻപോട്ടു പോകാനാണുദ്ദേശിക്കുന്നത്. യാതൊരു പ്രയോജനവുമില്ലാത്ത ഈ കാര്യത്തിനു നീയിനി എന്നെ ഇവിടെ പിടിച്ചു നിർത്തല്ലേ മത്തായീ... “
മാത്യൂസ്സ് മുഖമുയർത്തി നിതിനെ നോക്കി. കുറച്ചു നേരം ഒന്നും മിണ്ടാതെ അവർ പരസ്പരം നോക്കി നിന്നു. അവസാനം...
“നിനക്കൊരു കാര്യമറിയോടാ തെണ്ടീ ? മാത്യൂസ് നിതിനെ ആശ്ലേഷിച്ചു. “ യൂ ആർ എ ഗ്രെയ്റ്റ് പോലീസ് ഓഫീസർ ! വെരി സിൻസിയർ റ്റു യുവർ പ്രൊഫഷൻ! നിന്റെ കുടുംബത്തെ വരെ ഉപേക്ഷിച്ച് നീ ഈ കേസിന്റെ പുറകേ പോയി.അവസാനം സക്സീഡ് ആവുകയും ചെയ്തു. വെൽഡൺ മാൻ ! നിന്നെപ്പോലത്തെ ഒരു പത്തെണ്ണം ഉണ്ടാരുന്നെങ്കി ഈ ഡിപ്പാർട്ട്മെന്റ് പണ്ടേ രക്ഷപ്പെട്ടേനേ.”
“കൂടുതൽ വർത്താനോന്നും പറയണ്ട. ഈ ജാതി ഡയലോഗും പറഞ്ഞാ ഓരോരുത്തന്മാര് എന്നെ കുഴീ കൊണ്ടെ ചാടിക്കുന്നെ. വാ, അപ്പറത്തേക്കു പോകാം. ഇനി നീ അവനെ തൊട്ടാൽ, മത്തായി... ഒള്ള കാര്യം ഞാൻ പറഞ്ഞേക്കാം.” നിതിൻ അവനേയും കൂട്ടി ഹാളിലേക്കു നടന്നു.
മാത്യൂസിനെ കണ്ടതും, റോബി എഴുന്നേറ്റു. അവന്റെ മുഖം കരഞ്ഞു കലങ്ങിയിരുന്നു.
“മത്തായീ...” കരഞ്ഞുകൊണ്ടാണവൻ വിളിച്ചത്.
“മത്തായിയല്ല!” മാത്യൂസ് തിരുത്തി. “മിസ്റ്റർ മാത്യൂസ്’. അല്ലെങ്കിൽ ‘സർ’. മനസ്സിലായോ നിനക്ക് ?”
റോബി തല താഴ്ത്തി.
“നീനക്കു പ്രൊട്ടക്ഷനില്ലേ വീട്ടിൽ ?”
“കാണണം... അങ്ങനെയാണ് നിതിൻ പറഞ്ഞത്.”
“ഉം.” മാത്യൂസ് മേശപ്പുറത്തിരുന്ന വെള്ളമെടുത്ത് കുടിച്ചിറക്കിക്കൊണ്ട് അവനെ ഒന്നു കൂടി നോക്കി. “നിനക്കുള്ള പണിഷ്മെന്റ് ഞങ്ങളല്ല തരുന്നത്. അതിനർഹതപ്പെട്ട വേറൊരാൾക്ക് വിട്ടുകൊടുക്കുകയാണു നിന്നെ. ലീഗലല്ല. എനിക്കറിയാം. പക്ഷേ ഈ ഒരു കേസിൽ അതാണു ശരിയായ നടപടി. നീ പൊയ്ക്കോ... മാന്യനായിട്ടു തന്നെ ജീവിക്ക്. ആട്ടിൻ തോലിട്ട ചെന്നായ. അവസാനം അവളു നിന്നെ തേടി വരുന്നതു വരെ.”
മാത്യൂസ് എന്താണുദ്ദേശിച്ചതെന്ന് റോബിക്ക് ശരിക്കും മനസ്സിലായിരുന്നു.
അപ്പോൾ പുറത്ത് ജീപ്പിൽ നിന്നും നിതിന്റെ ഫോൺ അടിക്കുന്ന ശബ്ദം കേട്ടു.
“ഒരു മിനിറ്റ്. ഞാൻ ഫോൺ ജീപ്പീ വെച്ചു മറന്നു. രണ്ടാളും പ്രശ്നങ്ങളൊന്നും ഉണ്ടാക്കല്ല്. എന്നെ പുലി വാലു പിടിപ്പിക്കരുത്.” മുന്നറിയിപ്പ് കൊടുത്തിട്ട് നിതിൻ തിടുക്കത്തിൽ പുറത്തേക്കിറങ്ങി.
മാത്യൂസ് വീണ്ടും റോബിയുടെ നേർക്കു തിരിഞ്ഞു.
“എനിക്കൊരു സംശയമുണ്ട് റോബി. ഒരു നിസ്സാര സംശയം.” അയാൾ വീണ്ടും അവനെതിരായി ചെന്നിരുന്നു. “നിനക്ക് ശരാശരി ഒന്നു ജീവിച്ചു പോകണമെങ്കിൽ, ഇനിയും എന്തോരം സമ്പാദിക്കണം ? ഐ മീൻ, എന്റെ ഒരു ഊഹമനുസരിച്ച്, പത്തു മുപ്പതു കോടി രൂപേടെ ആസ്തിയുണ്ട് നിനക്ക്. ഏറ്റവും കുറഞ്ഞത്. ഞാനിതിന്റെയെടക്ക് ഒരു ചെറിയ കണക്കെടുത്താരുന്നേ. ഇനിയും നിന്റെ ഈ ആർത്തി തീരാൻ എന്തോരം വേണ്ടി വരും ? എത്ര ഏക്കർ ഭൂമി ? അല്ലെങ്കി, ഇനിയും എത്ര കോടി രൂപ കൂടി വേണം ? അല്ല എനിക്കൊന്നറിയാൻ വേണ്ടി മാത്രമാണ്. മാസാ മാസം എണ്ണിച്ചുട്ട മാതിരി കിട്ടുന്ന ശമ്പളമേ എനിക്കുള്ളൂ. എന്നാലും, ഞങ്ങളെന്തു സന്തോഷായിട്ടാടാ ജീവിക്കുന്നേ ? എനിക്ക് മനസ്സിലാക്കാൻ പറ്റുന്നില്ല. അതാ ചോദിച്ചത്.”
“കാശ്...” റോബി മന്ത്രിച്ചു. “കാശും ഒരു ലഹരിയാ മത്താ... സോറി. മി. മാത്യൂസ്. ഏതു ലഹരി മരുന്നും പോലെ തന്നെയാ, അഡിക്റ്റായിപ്പോയാ...”
“നിന്റെ ഈ കഥയൊക്കെ നീനക്കറിയുമോ ? അതോ, അവൾടെ കാശു കണ്ടിട്ടാണോ നീ അവളെയും ... ?”
“സത്യം! അതു കണ്ടുട്ടു തന്നെയാ ഞാൻ നീനയെ കെട്ടിയത്. ഞാനിനി എന്തിനാ ഒളിക്കുന്നെ. പക്ഷേ, ഇപ്പൊ ... ഇപ്പൊ എല്ലാം മാറി. ഇനി എനിക്ക് ആകെ ഒരു ലക്ഷ്യമേയുള്ളൂ. നീന ഹാപ്പിയായിരിക്കണം. പിന്നെ കുറേ നേരം അവൻ ഒന്നും സംസാരിച്ചില്ല. മാത്യൂസ് അവന്റെ മുഖത്തേക്കു തന്നെ സൂക്ഷിച്ചു നോക്കിയിരുന്നു.
“നിനക്കറിയോ മാത്യൂസ് , എന്റെ നീനക്ക് കുഞ്ഞുങ്ങളുണ്ടാകില്ല. “ അവൻ വിതുംബി. ” അവൾ അനുഭവിച്ച ക്രൂരതകളൊന്നും നിങ്ങൾക്കറിയില്ല. ഇനി എന്റെ ജീവിതം മുഴുവൻ നീനക്കുള്ളതാ. പിന്നെ... നിയമം അനുവദിക്കുകയാണെങ്കിൽ എന്റെ കുഞ്ഞിനെയും എനിക്കു വേണം. നീനക്കു വേണ്ടിയാ. അവൾക്കു ജീവനാ സൂസി മോളെ. അതിനെന്തെങ്കിലും വഴിയുണ്ടോ എന്നു നോക്കാനാണ് എന്റെ അടുത്ത പ്ലാൻ. അതിനു വേണ്ടി നിതിനെ കാണാനിരിക്കുവാരുന്നു ഞാൻ. അപ്പോഴാ നിങ്ങൾ എന്നെ അറസ്റ്റു ചെയ്തത്. “
മാത്യൂസ് ഒന്നും പറഞ്ഞില്ല. റോബിയുടെ കണ്ണുകളിലൂടെ അവന്റെ ആത്മാവിലേക്ക് ചൂഴ്ന്നിറങ്ങുന്ന ഒരു നോട്ടവുമായി അയാൾ അവിടെ തന്നെയിരുന്നു. മുഖത്തെ പേശികളെല്ലാം വലിഞ്ഞു മുറുകിയിരുന്നു.
പെട്ടെന്നാണ് നിതിൻ ഓടിക്കയറി വന്നത്.
“നമുക്ക് പോണം!! വീ ഹാവ് എ സിറ്റുവേഷൻ!! “
“എന്തു പറ്റീടാ ??” മാത്യൂസിന് അവന്റെ മുഖം കണ്ടതും എന്തോ പന്തികേടാണെന്നു മനസ്സിലായി.
“വേഗം ഇറങ്ങ്. ഞാൻ പോകുന്ന വഴിയിൽ പറയാം.”
“നീനക്കെന്തേലും ??” ചോദിച്ചത് റോബിയായിരുന്നു.
“എറങ്ങെല്ലാരും!! പറഞ്ഞതു മനസ്സിലായില്ലേ ?? ” നിതിന് ദേഷ്യം വന്നു തുടങ്ങിയിരുന്നു.
നീനക്കെന്തോ അപകടം സംഭവിച്ചിരിക്കുന്നുവെന്ന് അവർക്കു രണ്ടാൾക്കും മനസ്സിലായി. നിതിന്റെ മുഖഭാവത്തിൽ നിന്ന് സംഭവം വളരെ ഗുരുതരമാണെന്നും തിരിച്ചറിയാമായിരുന്നു.
***** ***** ***** ***** ***** ***** ***** *****
വെസ്റ്റ് ഫോർട്ട് ഹോസ്പിറ്റൽ - ത്രിശ്ശൂർ 11.30 PM
മാത്യൂസും നിതിനും റോബിയെ കൂട്ടി അവിടെയെത്തിയപ്പോഴേക്കും എസ് പീ അടക്കം
പോലീസിലെ ഉന്നത ഉദ്യോഗസ്ഥരെല്ലാം അവിടെ എത്തിച്ചേർന്നിരുന്നു.
പോലീസിലെ ഉന്നത ഉദ്യോഗസ്ഥരെല്ലാം അവിടെ എത്തിച്ചേർന്നിരുന്നു.
ഹോസ്പിറ്റലിനുള്ളിലേക്കു കാലെടുത്തു വെച്ചതും റോബി കുഴഞ്ഞു വീണു. അവന് താങ്ങാനാകുന്നതിന്റെ പരമാവധി ആയിക്കഴിഞ്ഞിരുന്നു അപ്പോഴേക്കും. നീന മരിച്ചു കഴിഞ്ഞു എന്നാണവൻ കരുതിയത്.
അവനെ കാഷ്വാലിറ്റിയിൽ ഏല്പ്പിച്ച് മാത്യൂസ് നേരേ പോലീസുകാർ കൂടി നില്ക്കുന്നിടത്തേക്കു നടന്നു.
മാത്യൂസിനെ കണ്ടതും എസ് പീ ക്ഷുഭിതനായി.
“ഇൻസ്പെക്ടർ എന്താ ഇവിടെ ? താൻ പ്രൊട്ടക്ഷൻ പ്രൊഗ്രാമിലല്ലേ ? ”
മാത്യൂസ് ഒന്നും മിണ്ടാതെ അദ്ദേഹത്തിനു മുൻപിൽ നിർവ്വികാരനായി നിന്നു.
“ഡോ, തനിക്കിങ്ങനെ തോന്നും പടി ഇറങ്ങി നടക്കാനാണെങ്കിൽ എന്തിനാ ഗവണ്മെന്റ് കാശും മുടക്കി ഈ പണി ചെയ്യുന്നേ ? ”
തിരിച്ചുള്ള സംസാരത്തിൽ ഒരു ചെറിയ പിശകു പറ്റിയാൽ സസ്പെൻഷൻ ഉറപ്പാണെന്ന് മാത്യൂസിനറിയാം. അയാൾ തന്റെ നിശബ്ദത തുടർന്നു. ഒടുവിൽ എസ് പീ ശകാരം നിർത്തി. സ്വരത്തിൽ ഒരു മയമൊക്കെ വന്നു തുടങ്ങിയപ്പോൾ മാത്യൂസ് ചോദിച്ചു.
“എങ്ങനെയുണ്ട് സർ നീനക്ക് ?”
“അറിയില്ലെടൊ... ഒരു മണിക്കൂറോളമായി സർജറി തുടങ്ങിയിട്ട്. ബുള്ളെറ്റ് ബ്രെയിനിൽ ലോഡ്ജ്ഡ് ആണ്. തലക്കു പുറകിലായിരുനു ഷോട്ട്. ചാൻസൊക്കെ വളരേ കുറവാണ്. ഇനിയിപ്പൊ ജീവൻ തിരിച്ചു കിട്ടിയാലും ഷി വോണ്ട് ബി ഏബിൾ റ്റു...” അദ്ദേഹമാ വാചകം പൂർത്തിയാക്കിയില്ല.
മാത്യൂസ് തന്റെ നെറ്റിയിൽ കൈത്തലമമർത്തി തിരിഞ്ഞു നടക്കാനാഞ്ഞു.
“തനിക്കീ കേസിൽ തിരിച്ചു വരണമെന്നുണ്ടോ ? ” എസ് പീ പുറകിൽ നിന്നും വിളിച്ചു. അദ്ദേഹം അപ്പോൾ പൂർണ്ണ ശാന്തനായിരുന്നു. “താനല്ലേ റെജിയെ ആദ്യം കസ്റ്റഡിയിലെടുത്തത് ? താൻ തന്നെ വിചാരിച്ചാലേ അയാളെ പൊക്കാനാകൂ എന്നാണ് പൊതുവേയുള്ള അഭിപ്രായം. മിനിസ്ട്രീന്നൊക്കെ വിളി വന്നു. ഇനി ഇതൊരു സിമ്പിൾ കേസല്ല. എന്തു വില കൊടുത്തും അവനെ ഇല്ലാതാക്കണം. നല്ല പ്രെഷറുണ്ട്.”
മാത്യൂസിനു ചൊറിഞ്ഞു വന്നു. “പിന്നെന്തിനാ സർ എന്നെ കേസീന്നു മാറ്റിയെ ? ഈ കഴിഞ്ഞ കൊറച്ചു ദിവസായിട്ട് ഞാനനുഭവിച്ച പങ്കപ്പാട്... സാർ എന്നെങ്കിലും ഒരിക്കൽ ഇതു പോലൊന്ന് ഒളിച്ചു താമസിച്ചു നോക്ക്. അപ്പ അറിയാം അതിന്റെ ബുദ്ധിമുട്ട് . ഒത്തിരി ആഗ്രഹിച്ചാ സർ ഞാൻ പോലീസായെ. പേടിച്ച് ഏതേലും ഗുഹേൽ പോയിരിക്കാനല്ല. ഇതല്ലാതെ എനിക്കു വേറേ ഒരു പണിയും അറിയില്ല. ”
“മി. ഇൻസ്പെക്ടർ! “എസ് പി ക്കത് ഇഷ്ടപ്പെട്ടില്ല ”ശബ്ദം അധികം ഉയർത്തണ്ട. നമുക്ക് ചില റൂൾസ് ആൻഡ് റെഗുലേഷൻസ് ഉണ്ട്. തന്റെ ജീവന്റെ സുരക്ഷയെക്കരുതിയാണ് തനിക്ക് പ്രൊട്ടക്ഷൻ ഏർപ്പെടുത്തിയത്. വേണ്ടെങ്കി വേണ്ട. ആസ് ഓഫ് നൗ, തന്നെ ഞാൻ ഈ കേസിൽ റീ ഇൻസ്റ്റേറ്റു ചെയ്യുകയാണ്. ”
“താങ്ക് യൂ സർ!” മാത്യൂസിനു സന്തോഷമായി.
“സോ, ഈ കേസിലെ അന്വേഷണ ഉദ്യോഗസ്ഥൻ എന്ന നിലക്ക് ആദ്യം തന്നെ പോയി പുറത്തു നില്ക്കുന്ന ആ പത്രക്കാരെ ഒന്നു സമാധാനപ്പെടുത്തൂ. വേഗം ചെല്ല്!” എസ് പി യുടെ മുഖത്ത് തമാശ ഭാവമായിരുന്നു.
ചുറ്റും നിന്ന പോലീസുകാർ ചിരിച്ചു.
മാത്യൂസ് നേരെ ചെന്നത് തനിക്കു പകരം നിയമിതനായ എസ് ഐക്കടുത്തേക്കാണ്. ഒരു മി. സദാശിവൻ. മാത്യൂസിനു മുൻപ് പരിചയമുള്ള ആളല്ല.
“എനിക്കൊരു സിറ്റുവേഷൻ റിപ്പോർട്ട് വേണം.” മാത്യൂസ് അയാളുമായി ഹസ്തദാനം നടത്തി.
“ആകെ കൺഫ്യൂഷനിലാണു കാര്യങ്ങൾ. ഒന്നിനും ഒരു ക്ലാരിറ്റി ഇല്ല.” അയാൾ പറഞ്ഞു തുടങ്ങി. “ഏതാണ്ട് ഒൻപതരക്കാണ് ഞങ്ങൾക്ക് ഇൻഫർമേഷൻ കിട്ടുന്നത്. ഹോസ്പിറ്റലിൽ നിന്നാണു വിളി വന്നത്. തലക്കു വെടിയേറ്റ നിലയിൽ ഒരു പെൺകുട്ടിയെ കൊണ്ടു വന്നിട്ടുണ്ടെന്ന്.
ഇവിടെ എത്തി പെൺകുട്ടിയെ ഐഡന്റിഫൈ ചെയ്തു കഴിഞ്ഞതും ഞങ്ങൾ ക്രൈം സീനിലേക്കു പുറപ്പെട്ടു. നീനയുടെ വീട്ടിൽ ചെന്ന ഞങ്ങൾ നടുങ്ങിപ്പൊയി മി. മാത്യൂസ്. മൂന്നു ഡെഡ് ബോഡികൾ! ”
“വാട്ട്!!” മാത്യൂസും ഞെട്ടി.
“രണ്ടു പേർ റെജിയുടെ കൂടെയുണ്ടായിരുന്നതാണെന്നാണു കരുതുന്നത്. ക്രിമിനൽ ബാക്ക്ഗ്രൗണ്ടുള്ളവരാണ്. ഒരു സാബു . കൊട്ടാരം സാബു എന്നു കേട്ടിട്ടില്ലേ ? അവൻ.”
“അവനെ എനിക്കറിയാം.” ഗുണ്ടാ ലിസ്റ്റിലുള്ള അയാളെ പെട്ടെന്നു മാത്യൂസ് തിരിച്ചറിഞ്ഞു. “അവൻ തീർന്നോ ?”
“അവനും, പിന്നെ അവന്റെ ഒരു കൂട്ടാളി ഒരു രാജനും. അയാൾക്കു കേസൊന്നുമില്ല. പക്ഷേ കണ്ടാലറിയാം. ആളു പെശകാ. മൂന്നാമതായി അവിടെ പ്രൊട്ടക്ഷനു നിർത്തിയിരുന്ന ആ പാവം കോൺസ്റ്റബിളും.”
“അപ്പൊ റെജി ?”
“അവിടെയാണ് കൺഫ്യൂഷൻ. റെജി അല്ല നീനയെ ഷൂട്ട് ചെയ്തത്. ആ തോക്ക് സാബുവിന്റെ പോക്കറ്റിൽ നിന്നു കിട്ടി. ഒരു ക്ലിപ്പ് മിസ്സിങ്ങ് ആയിരുന്നു. സോ, അവൻ തന്നെയാണ് ഷൂട്ടർ എന്നു കരുതാം . പിന്നെ, നീനയെ ഹോസ്പിറ്റലിലെത്തിച്ചതും റെജിയാണല്ലോ. അവൻ ഷൂട്ട് ചെയ്തിട്ട് അവൻ തന്നെ ഹോസ്പിറ്റലിലേക്കു കൊണ്ടു വരുമോ ? “
”വാട്ട്!!“ മാത്യൂസ് വീണ്ടും അമ്പരന്നു.
”ആ, അതറിഞ്ഞില്ലാരുന്നോ ? റെജി, അതിലേ പോയ ഒരാളുടെ കാർ തട്ടിയെടുത്ത അതിലാണ് നീനയെ ഇവിടെയെത്തിച്ചത്. കാർ ഹോസ്പിറ്റലിൽ വന്നെടുത്തോളാൻ അതിന്റെ ഓണറോട് പറഞ്ഞിരുന്നത്രേ. അയാൾ വന്നു മൊഴി തന്നിട്ടു പോയി. കാർ വിട്ടു കൊടുത്തിട്ടില്ല.“
സംഭവം ആകെ നൂലാമാലകളാണെന്ന് മാത്യൂസിനു മനസ്സിലായി. വെറുതേയല്ല എസ് പി വീണ്ടും തന്നെപ്പിടിച്ച് ഇതിലേക്കിട്ടത്.
”നീനയുടെ വീട്ടിലിപ്പൊ ആരാ ഉള്ളത് ? മഹസ്സറും മറ്റും കഴിഞ്ഞോ ?“
”എവടെ ? അതിന്റെടക്കല്ലേ സീ ഐ ഇങ്ങോട്ടു വരാൻ പറഞ്ഞത്. ഒരു സമയത്ത് എത്ര കാര്യങ്ങളാ ചെയ്യുക ? “
“ഒരു കാര്യം കൂടി ചോദിച്ചോട്ടെ. റെജി തന്നെയാണ് നീനയെ കൊണ്ടു വന്നതെന്ന് എങ്ങനെ ഉറപ്പിച്ചു ?”
“ഹോസ്പിറ്റൽ സ്റ്റാഫിന്റെ ഡിസ്ക്രിപ്ഷൻ. പിന്നെ ഞങ്ങൾ ഫോട്ടോ കാണിച്ചു കൺഫേം ചെയ്തു. ഫുൾ ഷേവ്ഡ് ആണ് കക്ഷി. ഞങ്ങൾ ഫോട്ടോഷോപ്പിൽ അങ്ങനെ ഒരു ഇമേജ് നേരത്തെ ഉണ്ടാക്കിയിരുന്നു. ബെന്നിയുടെ മർഡറിനു ശേഷം.
അതു പോലെ തന്നെ ആ മൂന്നു പേരേം കൊന്നതു റെജി തന്നെയാണു കേട്ടോ. അവന്റെ സിഗ്നേച്ചർ സ്ട്രൈക്ക് ആണ്. നേരേ ഹാർട്ടിലൂടെ കത്തി കുത്തിയിറക്കിയാണ് മൂന്നു പേരെയും വകവരുത്തിയത്.”
മാത്യൂസിൽ നിന്നും ഒരു ദീർഘനിശ്വാസമുതിർന്നു. കൊല്ലപ്പെട്ട ആ പോലീസുകാരനേയും കുടുംബത്തേയും അയാൾക്ക് നേരിട്ടു പരിചയമുള്ളതായിരുന്നു.
“ഞങ്ങളെല്ലാരും കൂടി ഒരു തിയറി ഉണ്ടാക്കീട്ടുണ്ട്.” സദാശിവൻ തുടർന്നു “… ഇവരെല്ലാവരും ഒരുമിച്ചാണ് നീനയുടെ വീട്ടിലെത്തിയത്. റെജിയും മറ്റ് രണ്ടു പേരും. ഒരു പക്ഷേ അവിടെ തന്നെ താമസിക്കുകയായിരുന്നിരിക്കണം.
അവിടെ വെച്ച് എന്തോ അഭിപ്രായവ്യത്യാസമുണ്ടായി. സാബു നീനയെ വെടിവെച്ചു. എനിക്കു തോന്നുന്നത്, നീനയെ കൊല്ലാൻ റെജിക്ക് താല്പര്യമുണ്ടായിരുന്നില്ല. ആ ദേഷ്യത്തിൽ അവൻ മറ്റു രണ്ടു പേരെയും വകവരുത്തി. തടയാൻ ശ്രമിച്ച കോൺസ്റ്റബിൾ ദാസനെയും. എന്നിട്ട് നീന മരിച്ചിട്ടില്ല എന്നറിഞ്ഞപ്പോൾ പുറത്തിറങ്ങി ഒരു കാർ ഹൈജാക്ക് ചെയ്ത് അവളെ ഇവിടെ എത്തിക്കുകയായിരുന്നു.”
“ഉം...” മാത്യൂസിനും അതു തന്നെയാണ് ശരിയെന്നു തോന്നി. “പക്ഷേ റെജി അങ്ങനെ ഒരു നല്ല കാര്യം ചെയ്യുമെന്ന് വിശ്വസിക്കാനാ പാട്. എന്തെങ്കിലും ആൾട്ടീരിയർ മോട്ടീവ് കാണും അവന്.”
അയാൾ വിലയിരുത്തി.
അയാൾ വിലയിരുത്തി.
“പിന്നെ... റെജി ആ മർഡർ വെപ്പൺ ഇവിടെ ഒരു വേസ്റ്റ് ബിന്നിൽ ഇട്ടിട്ടാണു പോയതു കേട്ടോ. നല്ല നീളമുള്ള ഒരു കത്തി. ഞങ്ങൾ റിക്കവർ ചെയ്തു. ആ കത്തി ഉപേക്ഷിച്ചിട്ട് അവൻ ഇറങ്ങി ഓടുകയായിരുന്നു. നാലു വണ്ടി പോലീസ് തിരയുന്നുണ്ട് ചുറ്റുപാടും.“
മാത്യൂസ് ചിന്തിക്കുകയായിരുന്നു.
”കത്തി കിട്ടിയെങ്കിൽ....“ പെട്ടെന്നാണ് മാത്യൂസിന്റെ തലയിൽ ആ ആശയം തെളിഞ്ഞത്. ”ഡോഗ് സ്ക്വാഡ് വരട്ടെ! ആ കത്തി മതി സോഴ്സായിട്ട്.“ അയാൾ ഫോണെടുത്ത് ഡയൽ ചെയ്യാനാരംഭിച്ചു.
”മെനക്കെടണ്ട.“ സദാ ശിവൻ അയാളെ തടഞ്ഞു. ”അതൊക്കെ ഞങ്ങൾ ട്രൈ ചെയ്തതാ. കത്തിയിൽ നിറയെ ബ്ലഡ് ആണ്. അതും മൂന്നു പേരുടെ. പട്ടികൾ അതിനായിരിക്കും കൂടുതൽ പ്രിഫറൻസ് കൊടുക്കുക. റെജിയുടെ പുറകെ പോകില്ല എന്നാണ് ഡോഗ് സ്ക്വാഡിന്റെ എക്സ്പേർട്ട് നിഗമനം.“
“ഷിറ്റ്!” മാത്യൂസ് ദേഷ്യത്തോടെ ഫോൺ കട്ടു ചെയ്തു
“പിന്നെ, വേറൊരു കാര്യം കൂടിയുണ്ട് മാത്യൂസ്. റെജിയൊണ്ടല്ലോ... എക്സ്റ്റ്രാ ഡെയ്ഞ്ചറസ് ആണിപ്പോ. ഹോസ്പിറ്റൽ സ്റ്റാഫ് പറഞ്ഞതനുസരിച്ച്, അയാൾ മെന്റലി അൺസ്റ്റേബിളാണ്. ആകെ ഭ്രാന്തു പിടിച്ച പോലെയായിരുന്നത്രേ അയാളുടെ പെരുമാറ്റം. ആരും അടുക്കാൻ പോലും സമ്മതിച്ചില്ല. കത്തി ചൂണ്ടി എന്തൊക്കെയോ പുലമ്പിയത്രേ. ഇടക്ക് അലറി കരയുന്നുമുണ്ടായിരുന്നു. സീ സീ ടീ വി ഫുട്ടേജുണ്ട്.”
പിന്നെ കുറേ നേരത്തേക്ക് നിശബ്ദതയായിരുന്നു. മാത്യൂസ് അവിടെ കിടന്ന ഒരു വിസിറ്റേഴ്സ് ചെയറിൽ ഇരുന്നു.
“എന്തൊരു സൂപ്പർ ദിവസമാണല്ലേ മാത്യൂസ് ?” സദാശിവൻ ചോദിച്ചു. “എന്റെ മൂത്തവന്റെ ബർത്തഡേ കേക്കു മുറിച്ചോണ്ടു നിക്കുവാരുന്നു ഞാൻ. ഓരോരോ പണി വരുന്ന വഴി നോക്ക്!”
മാത്യൂസിനയാളോട് സഹതാപം തോന്നി. തനിക്കു പകരം ചാർജ്ജെടുത്തതാണയാൾ. പാവം.
“എന്തായാലും നിങ്ങളു നിങ്ങടെ പണി നല്ല വൃത്തിയായി ചെയ്തു. ഗുഡ് ജോബ്! ” തള്ള വിരലുയർത്തിക്കാട്ടി മാത്യൂസ് റോബി കിടക്കുന്ന റൂമിലേക്കു നടന്നു. മാത്യൂസ് മർദ്ദിച്ച മുറിവുകൾ നിസ്സാരമായിരുന്നില്ല. ധാരാളം രക്തം നഷ്ടപ്പെട്ടിരുന്നതുകൊണ്ടാണ് കുഴഞ്ഞു വീണതെന്നാണ് ഡോക്ടർ പറയുന്നത്. പോരാത്തതിന് ടെൻഷനും. അഡ്മിറ്റ് ചെയ്തിരുന്നു അവനെ.
***** ***** ***** ***** ***** ***** ***** *****
വെസ്റ്റ് ഫോർട്ട് ഹോസ്പിറ്റൽ - ത്രിശ്ശൂർ - ഓപ്പറേഷൻ തീയറ്റർ 12:00 AM
നീന...
ക്ലോക്കിൽ 12:00 അടിച്ചതും നീനയുടെ ആത്മാവ് ശരീരത്തിൽ നിന്നും വേർപെട്ടു.
മോണിട്ടറുകളിൽ അപായ സിഗ്നലുകൾ തെളിഞ്ഞു.
എന്നാൽ സർജന്മാർ അതൊന്നും കാര്യമാക്കിയില്ല. ബ്രെയിൻ സർജ്ജറിയാണ്. ഒരു നിമിഷം പോലും നഷ്ടപ്പെടുത്താനാവില്ല. ഭ്രാന്തു പിടിച്ച പോലെ അവർ ആ ജീവൻ രക്ഷിച്ചെടുക്കാനായി പരക്കം പാഞ്ഞു.
അപ്പോൾ...
അതെല്ലാം കണ്ടുകൊണ്ട് ആ മുറിയിൽ തന്നെ ... നിലത്തു നിന്നും ഏതാണ്ട് പത്തടി ഉയരത്തിൽ അമ്പരന്നു നില്ക്കുകയായിരുന്നു അവൾ... നീന!
അവൾക്കതെല്ലാം കാണാം... എല്ലാം കേൾക്കാം. താഴെ നടക്കുന്ന ബഹളങ്ങളൊക്കെ അവളറിയുന്നുണ്ട്. പക്ഷേ ഇതെല്ലാം എന്തിനാണെന്നു മാത്രം അവൾക്ക് മനസ്സിലായില്ല. ആ സ്ഥലം അവൾ ആദ്യമായി കാണുകയാണ്. മുഖം മൂടിയ സർജ്ജന്മാരും അവരുടെ സഹായികളും അവർക്കു നടുക്കായി... ഒരു പ്രത്യേകയിനം കസേരയിൽ ചാരിയിരിക്കുന്ന അവസ്ഥയിൽ ഒരു പെൺകുട്ടി. ഒരു പച്ച കോട്ടാണവളെ ധരിപ്പിച്ചിരിക്കുന്നത്. അവളുടെ തലയുടെ പുറകു ഭാഗത്ത് ഒരു സർജ്ജനും നേഴ്സും ചേർന്ന് എന്തൊക്കെയോ ചെയ്യുന്നു. ആ ഭാഗം ഷേവ് ചെയ്തു വൃത്തിയാക്കിയിരുന്നു. ആഴത്തിലുള്ള ഒരു മുറിവു കാണാം. ആ സർജ്ജനും സഹായിയും ഉള്ളിൽ ആഴത്തിലെന്തോ തിരയുകയാണ്. ഒഴുകിയിറങ്ങുന്ന രക്തം, ഒരു കുഴലിലൂടെ ആ നേഴ്സ് അപ്പപ്പോൾ തന്നെ വലിച്ചെടുക്കുന്നുണ്ടായിരുന്നു.
നീനക്ക് സാവധാനം എല്ലാം വ്യക്തമായി. പതിയെ പതിയെ അവൾ തിരിച്ചറിഞ്ഞു. ആ പെൺകുട്ടി... അതു താനാണ്. തന്റെ ശരീരമാണാ ഇരിക്കുന്നത്.
പക്ഷേ അവൾക്കതിൽ ഒട്ടും പരിഭ്രമം തോന്നിയില്ല എന്നതാണ് സത്യം. ഏതു നിമിഷം വേണമെങ്കിലും, താനാഗ്രഹിച്ചാൽ ആ ശരീരത്തിലേക്കു തിരിച്ചു കയറാമെന്നവൾക്കറിയാം. എങ്കിലും, അവൾക്കതിൽ അശേഷം താല്പ്പര്യം തോന്നിയില്ല. പകരം അവർ ആ ഡോക്ടർമാരുടെ സംസാരം ശ്രദ്ധിച്ചു.
“ബുള്ളെറ്റിൽ തൊടാൻ പോലുമാകുന്നില്ല. വളരെ ഡീപ് പെനിട്രേഷനാണ്.”
“എങ്കിൽ പിന്നെ, നമുക്ക് വൂണ്ട് വൃത്തിയാക്കി ക്ലോസ് ചെയ്യാം. ബുള്ളറ്റ് അവിടെയിരിക്കട്ടെ എന്നു വെക്കാം. അത് റിമൂവ് ചെയ്താലും കൂടുതൽ കോമ്പ്ലിക്കേഷൻസ് ഉണ്ടാകുമെന്നല്ലാതെ വേറേ പ്രയോജനമൊന്നുമില്ലല്ലോ. ആലോചിച്ചു നില്ക്കാൻ സമയമില്ല. നമുക്ക് വേഗം ക്ലോസ് ചെയ്ത് പേഷ്യന്റിനെ റിവൈവ് ചെയ്തെടുക്കാം.”
തന്റെ ശരീരത്തിൽ സ്ഥിരമായി ഒരു ലോഹക്കഷണം ഉപേക്ഷിക്കുന്ന കാര്യമാണവർ പറയുന്നതെന്ന് നീനക്കു മനസ്സിലായി.
അവൾ പതിയെ താഴേക്ക് ഒഴുകിയിറങ്ങി. തന്റെ മുഖത്തിനഭിമുഖമായി നിന്നു.
താനിനി എന്തിനു തിരിച്ചു പോകണമെന്നവൾക്കു മനസ്സിലായില്ല. എന്താണാ ലോകത്തിൽ തനിക്കു ബാക്കിയുള്ളത് ? എല്ലാം നഷ്ടപ്പെട്ട് ചതിയും വഞ്ചനയും വേദനയും മാത്രമുള്ള ആ ലോകത്തിലേക്ക് എന്തിനു തിരിച്ചു പോകണം ? ചതിയേക്കുറിച്ചോർത്തപ്പോൾ അവളുടെ മനസ്സിൽ റോബിയുടെ മുഖം തെളിഞ്ഞു.അവളുടെ ഉള്ളിൽ ഒരു വിങ്ങലനുഭവപ്പെട്ടു. അപ്പൊഴാണവൾ ആ അത്ഭുതപ്പെടുത്തുന്ന കാഴ്ച്ച കണ്ടത്. സങ്കടം തന്റെ ഉള്ളിലാണെങ്കിലും, കണ്ണു നിറഞ്ഞൊഴുകുന്നത് കസേരയിലിരിക്കുന്ന നീനക്കാണ്.
അവൾക്കൊരു തീരുമാനമെടുക്കാനായില്ല.
“വേഗം .. വേഗം !!” ഡോക്ടർമാർ ധൃതി കൂട്ടുന്നതു കാണാമായിരുന്നു. സർജ്ജറി കഴിഞ്ഞാലുടൻ പ്രവർത്തിപ്പിക്കാനായി ഡിഫൈബ്രിലേറ്റർ എന്നൊരു ഉപകരണം സജ്ജമാക്കി നിർത്തിയിരുന്നു. രണ്ട് പാഡുകൾ ഉപയോഗിച്ച് പ്രവർത്തനം നിലച്ച ഹൃദയത്തിലൂടെ ഇലക്ട്രിക്ക് കരണ്ട് കടത്തി വിട്ട് അതിനെ വീണ്ടും പുനരുജ്ജീവിപ്പിക്കുന്ന ഒരു യന്ത്രമാണത്.
അപ്പോഴാണ് നീന അതു ശ്രദ്ധിക്കുന്നത്... ആ മുറിയിൽ ഒരു മൂലയിൽ നിന്ന് കണ്ണുകൾ തുടക്കുന്ന ഒരു പെൺകുട്ടി. നേഴ്സാണവൾ. ഇടക്കിടെ നീനയുടെ ചലനമറ്റ ശരീരത്തിലേക്കവൾ തിരിഞ്ഞു നോക്കുന്നുണ്ട്. അപ്പോഴൊക്കെ അവൾ വിങ്ങിപ്പൊട്ടി കരഞ്ഞുകൊണ്ടിരുന്നു. വേറേ ആരും അവളെ ശ്രദ്ധിക്കുന്നതായി തോന്നിയില്ല.
ആ നിമിഷം... ആ ഒരൊറ്റ കാഴ്ച്ചയിൽ നീനയുടെ മനസ്സിളകി. താൻ തിരിച്ചു പോയേ ഒക്കൂ എന്നവൾക്കു മനസ്സിലായി. ഒരിക്കൽ പോലും കണ്ടിട്ടില്ലാത്തവർ വരെ തന്നെ എത്ര കരുതലോടെയാണു ശുശ്രൂഷിക്കുന്നത്... തിരിച്ചു പോണം.... എനിക്കു ജീവിക്കണം… അവൾ തീരുമാനിച്ചു.
സർജറി കഴിഞ്ഞിരുന്നു. ഡോക്ടർമാർ ആ കസേരയിലെ ഏതോ ബട്ടനുകൾ അമർത്തിയപ്പോൾ അത് നിവർന്ന് നീന മലർന്നു കിടക്കുന്ന അവസ്ഥയിലേക്കു വന്നു.
ഒരു നേഴ്സ് ഡിഫൈബ്രിലേറ്ററിന്റെ പാഡുകൾ അവളുടെ മാറിൽ ചേർത്തു വെച്ചു...“ക്ലിയർ!!”
പക്ഷേ ആ മെഷീൻ പ്രവത്തിപ്പിക്കേണ്ടി വന്നില്ല.
“പൾസ് ഉണ്ട്!! പൾസ് ഉണ്ട്!!!” വേറൊരു നേഴ്സ് സന്തോഷത്തോടെ വിളിച്ചു കൂവി.
ആ മുറിയുടെ മൂലയിൽ അപ്പോഴും നിന്നിരുന്നു ആ പെൺകുട്ടി...അവളുടെ കണ്ണുകൾ അപ്പോഴും നിറഞ്ഞൊഴുകിയിരുന്നു. എങ്കിലും മുഖത്ത് പുഞ്ചിരിയാണിപ്പോൾ. ആ പുഞ്ചിരി വിടരും തോറും അവൾ പതിയെ പതിയെ അന്തരീക്ഷത്തിലേക്കു ലയിച്ച് അപ്രത്യക്ഷയായിക്കൊണ്ടിരുന്നു...
***** ***** ***** ***** ***** ***** ***** *****
ഏതാണ്ട് രണ്ടു മണിക്കൂർ നേരത്തെ ഒബ്സെർവേഷനു ശേഷമാണ് നീനയെ ഐ സീ യു വിലേക്കു മാറ്റിയത്. അപ്പോഴേക്കും ഡോക്ടർമാർക്ക് പന്തികേടു തോന്നിത്തുടങ്ങിയിരുന്നു.
ചീഫ് സർജ്ജൻ ഡോ. തിമോത്തി പുറത്തെത്തിയതും ഒരാൾക്കൂട്ടം തന്നെ അദ്ദേഹത്തെ വന്നു പൊതിഞ്ഞു. കൂടുതലും പോലീസ് ഉദ്യോഗസ്ഥരാണ്.
“എല്ലാരും സമാധാനപ്പെടൂ. ഞാൻ ഈ കുട്ടിയുടെ ഹസ്ബൻഡിനെ ഒന്നു കാണട്ടെ. അയാളോട് പറയാം കാര്യങ്ങൾ . അയാൾ വേണെങ്കി നിങ്ങൾക്കൊക്കെ വിവരിച്ചു തന്നോളും. ഇതൊക്കെ പ്രൈവറ്റ് മാറ്റേഴ്സ് ആണ്. സഹകരിക്കുക.” ഡോക്ടർ വളരെ ഗൗരവത്തിലായിരുന്നു. തുടർന്ന് അദ്ദേഹം റോബിയുടെ റൂം ലക്ഷ്യമാക്കി നടന്നു. മാത്യൂസും അദ്ദേഹത്തെ പിന്തുടർന്നു.
“തന്നോടും കൂടിയാ പറഞ്ഞത്.”
“ഡോക്ടർ ഈ കേസിലെ ചീഫ് സർജ്ജനല്ലേ ? ഞാൻ ഈ കേസിലെ ചീഫ് ഇൻവെസ്റ്റിഗേറ്ററാ. എനിക്കറിയണം . അറിഞ്ഞേ പറ്റൂ.വെറുതേ പ്രശ്നമുണ്ടാക്കരുത് ഡോക്ടർ. ആ കുട്ടി എനിക്കത്രയും വേണ്ടപ്പെട്ടയാളാ.”
മാത്യൂസിന്റെ മുഖഭാവം കണ്ടിട്ടായിരിക്കണം, അയാളോട് തർക്കിക്കാൻ നില്ക്കാതെ ഡോക്റ്റർ ലിഫ്റ്റിലേക്കു കയറി.
റോബി മുറിക്കുള്ളിലൂടെ ഒരു വെരുകിനെ പോലെ നടക്കുകയായിരുന്നു. ഓരോ സെക്കൻഡുകളും അയാൾക്ക് ഓരോ വർഷങ്ങളായി തോന്നി. ഭ്രാന്തിന്റെ വക്കത്താണ് താനെന്നയാൾ തിരിച്ചറിഞ്ഞു. നീനയുടെ അമ്മ ആ മുറിയിൽ തന്നെ ബെഡിൽ കമിഴ്ന്നു കിടന്നു തേങ്ങുന്നുണ്ടായിരുന്നു.
ഡോക്ടറെ കണ്ടതും റോബി നടത്തം നിർത്തി .
“മിസ്റ്റർ റോബി...” ഡോ. തിമോത്തി സംസാരിച്ചു തുടങ്ങി. “ഞാൻ പറയുന്നതു ശ്രദ്ധിച്ചു കേൾക്കണം. എന്റെ കയ്യിൽ ഗുഡ് ന്യൂസുമുണ്ട് ബാഡ് ന്യൂസുമുണ്ട്. ഗുഡ് ന്യൂസ് ആദ്യം പറയാം.”
എല്ലാവരും ശ്വാസമടക്കിപ്പിടിച്ചു നില്ക്കുകയാണ്.
“നീനയുടെ സർജറി സക്സസ് ആയിരുന്നു! ഞങ്ങൾ കരുതിയ പോലുള്ള യാതൊരു കോമ്പ്ലിക്കേഷനും ഉണ്ടായില്ല. കുറേ ബോൺ ഫ്രാഗ്മെന്റ്സ് ഉണ്ടായിരുന്നു മുറിവിൽ. അതെല്ലാം നീക്കം ചെയ്ത് മുറിവു വൃത്തിയാക്കി ഡിസിൻഫെക്റ്റ് ചെയ്ത് ഞങ്ങൾ ഡ്രസ്സ് ചെയ്തു. ആ ബുള്ളറ്റ് നീക്കം ചെയ്യാൻ സാധിച്ചില്ല. ബികോസ്, അതിന് തലയോട്ടി തുറന്നുള്ള ഒരു സർജ്ജറി വേണം. ഇവിടെ അതിനുള്ള സൗകര്യമില്ലാഞ്ഞിട്ടല്ല, പക്ഷേ അത്തരം ഒരു സർജ്ജറിയിലുണ്ടാകാൻ സാധ്യതയുള്ള കോമ്പ്ലിക്കേഷൻസ് ഞാൻ പ്രത്യേകം പറയണ്ടല്ലോ. അതിനേക്കാൾ എന്തുകൊണ്ടും ആ ബുള്ളറ്റ് അവിടെ തന്നെ ഉപേക്ഷിക്കുന്നതാണ് നല്ലതെന്ന് ഞങ്ങൾ തീരുമാനിക്കുകയായിരുന്നു. സർജ്ജറി കഴിഞ്ഞ് ഞങ്ങൾ റിവൈവ് ചെയ്യാൻ ശ്രമിച്ചപ്പോൾ അത്ഭുതമെന്നോണം, നീനയുടെ വൈറ്റൽസ് എല്ലാം ഒരു പരിധി വരെ നോർമ്മലായി. പൾസ് ഒക്കെ വീക്കായിരുന്നു പക്ഷേ അവൾ നന്നായി ഫൈറ്റ് ചെയ്യുന്നുണ്ടായിരുന്നു തിരിച്ചു വരാൻ.”
“ബാഡ് ന്യൂസ് എന്താ ഡോക്ടർ ?” റോബിയുടെ സ്വരം വിറച്ചു.
“ബാഡ് ന്യൂസ് ഈസ്...” ഡോക്ടറുടെ സ്വരവും പതറിയിരുന്നു. “ നീന കോമയിലാണ്. അവൾ ഒന്നിനോടും പ്രതികരിക്കുന്നില്ല. ബോധമില്ല. അനക്കമില്ല. റിസ്കെടുക്കണ്ട എന്നു കരുതി ഞങ്ങൾ എല്ലാം മെഷീനിലേക്ക് കണക്റ്റ് ചെയ്തു. ശ്വാസം, ഹൃദയം, കിഡ്നീസ്... ഒക്കെ തല്ക്കാലം മെഷീനുകളിലൂടെയാണ് പ്രവർത്തിക്കുക.“
എന്തോ പറഞ്ഞ് രൂക്ഷമായി പ്രതികരിക്കാനാഞ്ഞ റോബിയെ മാത്യൂസ് തടഞ്ഞു. “റോബി... പ്ലീസ്. ഇവരെക്കൊണ്ടാകുന്നതിന്റെ പരമാവധി ഇവർ ചെയ്തിട്ടുണ്ടെന്നെനിക്കുറപ്പാണ്. ആഫ്റ്റർ ആൾ, ഷീ വാസ് ഷോട്ട് ഇൻ ദ ഹെഡ്! ചെറിയ കാര്യാണോ ? നീ ക്ഷമിക്ക്... എല്ലാം ശരിയാകും.”
തളർന്നു പോയ റോബി മാത്യൂസിന്റെ നെഞ്ചിലേക്കു ചാരി.
“ഡോക്ടർ ... ചെലപ്പൊ ആ ബുള്ളെറ്റിന്റെയായിരിക്കുമോ ഈ കോമ ? ” അവന്റെ ആ സംശയം മാത്യൂസിനുമുണ്ടായിരുന്നു.
“ഒരിക്കലുമല്ല. ആ ബുള്ളറ്റ് റിമൂവ് ചെയ്യാനായിട്ട് നമ്മൾ കൂടുതൽ ബ്രെയിൻ സെല്ലുകൾ നശിപ്പിക്കേണ്ടി വരും. ബ്രെയിൻ സെല്ലുകൾ അറിയാമല്ലോ, മറ്റു കോശങ്ങൾ പോലെയല്ല, പോയാൽ പിന്നെ റീ ജെനെറേറ്റ് ആകില്ല. അതു മാത്രമല്ല, അങ്ങനെ ഒരു സർജ്ജറി താങ്ങാൻ പറ്റിയ അവസ്ഥയിലുമല്ല നീന ഇപ്പോൾ.”
“അപ്പോ ഒരിക്കലും അവളിനി ??”
“ഹേയ്... അങ്ങനൊന്നുമില്ല... ഏതു നിമിഷവും നീന ജീവിതത്തിലേക്കു മടങ്ങി വരാം. എത്രയോ പേർ കോമായിൽ നിന്നു തിരിച്ചു വന്നിരിക്കുന്നു. നീനയുടെ കേസിൽ അവൾ തീർച്ചയായും തിരിച്ചു വരുമെന്നു തന്നെയാണെനിക്കു തോന്നുന്നത്. കാരണം ആ സർജ്ജറി കഴിയുന്ന സമയത്ത് അവൾ ക്ലിനിക്കലി ഡെഡ് ആയിരുന്നു. കമ്പ്ലീറ്റ്ലി ഫ്ലാറ്റ് ലൈൻഡ്. പക്ഷേ, സർജ്ജറി കഴിഞ്ഞതും അവൾ തിരിച്ചു വന്നു. ഞങ്ങളൊന്നും പ്രത്യേകിച്ച് ചെയ്യേണ്ടി വന്നില്ല. അത്ഭുതം തോന്നി ഞങ്ങൾക്കെല്ലാം.“
”അപ്പൊ ഇനി എത്ര കാലം ... “
”അത്...“ ഡോക്ടറിൽ നിന്നും ദീർഘനിശ്വാസമുതിർന്നു. ”അതു പറയാനൊക്കില്ല റോബി. ചിലപ്പൊ രണ്ടു ദിവസം, ചെലപ്പൊ അത് രണ്ട് കൊല്ലമായേക്കാം. ഒന്നും പറയാനൊക്കില്ല. പക്ഷേ, നമുക്ക് പ്രാർത്ഥനയോടെ ഇനിയുള്ള കാലം അവളുടെ കൂടെ നില്ക്കാം. ഷീ വിൽ ബി ബാക്ക്. ഓക്കേ ?“
“താങ്ക് യൂ ഡോക്ടർ!” പറഞ്ഞത് മാത്യൂസ്സ് ആയിരുന്നു.
***** ***** ***** ***** ***** ***** ***** *****
അതേ സമയത്ത് സ്നേഹവീട്ടിൽ ചില വിചിത്ര സംഭവങ്ങൾ അരങ്ങേറുന്നുണ്ടായിരുന്നു.
സൂസി മോൾ അന്നു രാത്രി ഉറങ്ങിയിട്ടേയില്ല. ബ്രൂട്സും.
ആ നായ അന്ന് റെജി വന്നു പോയതിനു ശേഷം ഒരു നിമിഷം പോലും അവളെ പിരിഞ്ഞിരുന്നിട്ടില്ല. ഊണും ഉറക്കവുമെല്ലാം അവളോടൊപ്പമായിരുന്നു. പരിചയമില്ലാത്ത ആരെങ്കിലും അവൾക്കടുത്തേക്കു ചെന്നാൽ അടുപ്പിക്കില്ലായിരുന്നു അവൻ. അതു പോലെ തന്നെ അവനെ ഒന്നു മാറ്റി കൂട്ടിലാക്കാൻ നടത്തിയ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടിരുന്നു. സൂസി മോൾക്കും അവനെ പിരിഞ്ഞ് ഒരു സെക്കൻഡു പോലും ഇരിക്കാനാവില്ല. അരോ ഏല്പ്പിച്ച പോലെ ആ നായ് ഒരു ഉത്തമ കാവല്ക്കാരനായി അവളോടൊപ്പം ചിലവഴിച്ചു.
അന്നു രാത്രി എല്ലാവരും ഉറങ്ങിയിട്ടും സൂസി മോൾ മാത്രം ഉറങ്ങാതെ ബെഡിൽ ഇരുന്ന് പുതപ്പു കൊണ്ടു ശരീരമാസകലം മൂടി ഇരുന്നു പ്രാർത്ഥിക്കുകയായിരുന്നു. അവളുടെ സങ്കടം മനസ്സിലാക്കിയിട്ടാണോ എന്തോ ബ്രൂട്ട്സ് ബെഡിൽ കയറി അവളുടെ മടിയിൽ തല വെച്ചാണ് കിടന്നത്. ഏതാണ്ട് പന്ത്രണ്ടു മണിയായപ്പോൾ അവൾ പെട്ടെന്ന് ഞെട്ടിയെഴുന്നേറ്റ് ഉറക്കെ കരയാൻ തുടങ്ങി.
ജോസച്ചനും സിസ്റ്റർമാരും ഓടിയെത്തിയപ്പോഴേക്കും, അവൾ ബെഡിൽ നിന്നും താഴെയിറങ്ങിയിരുന്നു.
ലൈറ്റെല്ലാം ഓണാക്കി അച്ചൻ അവൾക്കടുത്തേക്ക് ഓടിച്ചെന്നു.
“എന്തു പറ്റി മോളൂ... സ്വപ്നം കണ്ടോ ?” അച്ചൻ അവൾക്കരികിൽ മുട്ടുകുത്തി നിന്നു.
“ഞാ ഒറങ്ങീല്ലച്ചോ...” അവൾ വിങ്ങിപ്പൊട്ടിക്കൊണ്ട് അച്ചന്റെ മേലേക്കു വീണു.
“എന്തു പറ്റി എന്റെ കുട്ടന്...പറ മോളൂ...” ആ വൃദ്ധൻ അവളുടെ മുഖം പിടിച്ചുയർത്തി. “അയ്യോ... കണ്ണൊക്കെ നിറഞ്ഞിരിക്കുന്നല്ലോ... - നീ വല്ലോം ചെയ്തോടാ എന്റെ മോളേ ?” അച്ചന്റെ ചോദ്യം ബ്രൂട്സിനോടായിരുന്നു.
“അച്ചാ...” കുഞ്ഞ് അവളുടെ കണ്ണുകൾ തുടച്ച് നിവർന്നു നിന്നു. “നീനാന്റിക്ക് എന്തോ വല്യ അപകടം പറ്റീട്ടുണ്ട്.” അവൾ വിതുംബിക്കരഞ്ഞപ്പോൾ ശരീരമാസകലം വിറക്കുന്നുണ്ടായിരുന്നു.
“മോളെന്താ ഈ പറയുന്നേ ? എന്തപകടം ? മോളെങ്ങനാ അറിഞ്ഞേ ?”
“ആന്റി അപകടത്തിലാ അച്ചാ... ഒന്നു വിളിച്ചു നോക്ക്...പ്ലീസ് അച്ചാ...” അവൾ യാചിച്ചു.
“ഞാൻ ഇപ്പ വിളിക്കാട്ടോ. മോളു കരയാതെ. പക്ഷേ, മോൾക്കെങ്ങനെ മനസ്സിലായി ആന്റിക്ക് അപകടം പറ്റീന്ന് ?”
“എന്റമ്മയുണ്ട് ആന്റീടെ കൂടെ!!” പെട്ടെന്ന് അവളുടെ ഭാവം മാറി. “എന്റമ്മ കരഞ്ഞാ എനിക്കറിയാം!!”
(തുടരും...)
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക