വർക്കിയുടെ ലോകം
വയസ്സു എൻപതു കഴിഞ്ഞാലും വർക്കി മുണ്ടുമടക്കിക്കുത്തി വായൊന്നു തുറന്നാൽ ആൺമക്കൾ രണ്ടും ഭാര്യമാരുടെ പിന്നിൽ ഒതുങ്ങും അതാണ് വർക്കി.
എന്നാൽ ഇത്തവണ ഒളിച്ചു നിന്നിട്ടാണെങ്കിലും വർക്കിച്ചൻ കേൾക്കുന്ന ശബ്ദത്തിൽ പിള്ളേരു കാര്യം അവതരിപ്പിച്ചു.
" ഇത് നടക്കില്ലപ്പാ "
കാര്യം പിള്ളേരു പറയുന്നതിലും കാര്യമുണ്ട്. വയറു കായുമ്പോൾ മുണ്ടു മുറുക്കിയുടുത്തും, വർക്കിയും പിള്ളേരുടെ തള്ള ഏലിക്കുട്ടിയും ചേർന്ന് കഞ്ഞിയിലെ പറ്റ് പിള്ളേർക്ക് കൊടുത്തിട്ട്, കഞ്ഞി വെള്ളം കുടിച്ചു വിശപ്പടക്കിയും രണ്ടിനേയും ഒരുപാടങ്ങു പഠിപ്പിച്ചു!
രണ്ടവൻമാരുമങ്ങ് അമേരിക്കയിൽ ഉദ്യോഗസ്ഥൻമാരാണ്. അപ്പോ വർക്കിയിങ്ങനെ കൊള്ളരുതായ്മ കാണിക്കുമ്പോൾ പിള്ളേർക്ക് അവരുടെ സ്റ്റാറ്റസ് നോക്കണ്ടായോ?
കാര്യം അത്ര നിസ്സാരമല്ല!
വർക്കിയുടെ സുഹൃത്ത് മാത്യു . "ഒന്നൊന്നര ബന്ധമാണ് വർക്കിയുടെ ഭാഷയിൽ പറഞ്ഞാൽ ഇരുവരും തമ്മിൽ ! അവരുടെ പെണ്ണുംപിള്ളമാരും ചക്കരയും ഈച്ചയും പോലെ, ശോശയും ഏലിയും!
വർക്കിയുടെ ഭാര്യ നേരത്തേ പോയി! വലിവായിരുന്നു! കഴിഞ്ഞ വർഷം മാത്യുവും !
മാത്യുവിന്റെ മരണശേഷം എൻപതു കഴിഞ്ഞ വർക്കിയും അറുപതു കഴിഞ്ഞ ശോശക്കുട്ടിയും വഴിയിൽ വച്ച് ഇത്തിരി കിന്നാരം പറച്ചിലൊക്കെ ഉണ്ടെന്നു അമേരിക്കയിൽ കിടക്കുന്ന ചെക്കൻമാർ അറിഞ്ഞു!
അപ്പനോടുള്ള സ്നേഹം പ്രകടിപ്പിക്കാൻ മക്കൾ ഫ്ലൈറ്റ് പിടിച്ചു നേരെ ഇങ്ങു പോന്നു!
ഒളിഞ്ഞും തെളിഞ്ഞും അപ്പനെ ചോദ്യം ചെയ്ത രണ്ടവൻമാരുടെയും വാ ഒരൊറ്റ ആട്ടിൽ വർക്കി അടപ്പിച്ചു കളഞ്ഞു!
അപ്പന്റെ കൈയ്യിലെ തഴമ്പിനെ കുറിച്ച് നല്ല ബോധ്യമുള്ള രണ്ടാളും പിന്നെ മിണ്ടിയില്ല!
എന്നാ പിന്നെ തിരിച്ചു പോകാന്നു കരുതി! കൃത്യമായി പറഞ്ഞാൽ മാത്യുവിന്റെ ആണ്ടിന്റെ പിറ്റേ ദിവസം, ഉണക്കിയ ഏലക്കായും കുരുമുളകും ബാഗിൽ കുത്തിനിറച്ചു കൊണ്ടിരുന്ന ഇളയ മരുമോളാണ് ആദ്യം കണ്ടത്!
വർക്കിയുടെ കൈപിടിച്ചു വരുന്ന കേറി വരുന്ന ശോശക്കുട്ടി!
അതാണ് ഇപ്പോൾ വർക്കിയുടെ വീട്ടിൽ നടക്കുന്ന പ്രശ്നം!
അടിമുടി എതിർത്തു നിൽക്കുന്ന പിള്ളാരെ നോക്കി വർക്കി നിഷ്കരുണം പറഞ്ഞു!
"ഇത് വർക്കി മുണ്ടു മുറുക്കിയുടുത്തു ഉണ്ടാക്കിയ വീടാണ് നിൽക്കണ്ടവർക്കു നിൽക്കാം ഇല്ലേൽ പോകാം. ശോശക്കുട്ടി ഇവിടെ ഉണ്ടാകും "
മൂത്തവൻ അപ്പോൾ തന്നെ ഇറങ്ങി. ഇളയവനും ഭാര്യയും വീടിന്റെ ആസ്തി ഒന്നു കണക്കു കൂട്ടി മടിച്ചു മടിച്ചു ഇറങ്ങി!
ഞായറാഴ്ച!
വർക്കി മുണ്ടുമടക്കി മുന്നേ നടന്നു. സാരി പുതച്ച് ശോശക്കുട്ടിയും
പല കോണിൽ നിന്നു വരുന്ന നോട്ടങ്ങളെ മീശ പിരിച്ച് നേരിട്ട് നല്ല ലക്ഷണമൊത്ത കൊമ്പനെപ്പോലെ ശോശക്കുട്ടിയെയും കൂട്ടി വർക്കി പള്ളിയിലെത്തി!
മാത്യുവിന്റെ കല്ലറയ്ക്കു മുന്നിൽ മെഴുകുതിരി കത്തിച്ച് നല്ലവണ്ണം പ്രാർഥിച്ചു ശോശക്കുട്ടി !
വർക്കിച്ചായൻ കൂട്ടിക്കൊണ്ട് പോയില്ലാരുന്നേ അവരെന്നെ വൃദ്ധസദനത്തിലാക്കിയേനെ മാത്തുച്ചായ. ഞാൻ പോയിക്കഴിഞ്ഞാ നിങ്ങക്ക് സഹിക്കോ..
ചാകുന്നവരെ നിങ്ങളുടെ കല്ലറയിൽ വന്നു മെഴുകുതിരി കത്തിക്കണമെന്ന ആശയേ പറഞ്ഞുള്ളൂ എന്നിട്ടും നമ്മുടെ മക്കൾ..
ശോശക്കുട്ടിയുടെ ശരീരം വിറക്കുന്ന കണ്ട വർക്കി അടുത്തേക്കു ചെന്നു, ദുർബലമായ ശരീരത്തെ ചേർത്തു പിടിച്ചു!
കേട്ടോടാ മാത്തൂ.. ഇവളുണ്ടല്ലോ എന്റെ ഒടപ്പിറന്നോളാ .വർക്കി ചാവും ഇവളെ ഇങ്ങനെ നിന്റെ അടുത്തു കൊണ്ടുവരും! നിന്റെ കല്ലറയിൽ മെഴുകുതിരി കത്തിക്കുവേം ചെയ്യും. പറയുന്നവർ പറയട്ടെടാ വർക്കിക്ക് പുല്ലാ..
നമ്മളു തമ്മിൽ ഒന്നൊന്നര ബന്ധമല്ലേടാ മാത്തൂ..
മുണ്ടുമടക്കി കുത്തി ശോശക്കുട്ടിയുടെ ദുർബലമായ ശരീരവും താങ്ങി വർക്കി സെമിത്തേരി വിട്ടപ്പോൾ കത്തിച്ചു വച്ചിരുന്ന മെഴുകുതിരി ഒന്നു കൺചിമ്മി ആളിക്കത്തി!
സുജിത്ത് സുരേന്ദ്രൻ
06.04.2018
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക