::ചെമ്പൻക്കുന്നിലെ യക്ഷി::
~ ~ ~ ~ ~ ~ ~ ~ ~ ~ ~ ~ ~
(തുടർച്ച) - ഭാഗം 5
~ ~ ~ ~ ~ ~ ~ ~ ~ ~ ~ ~ ~
(തുടർച്ച) - ഭാഗം 5
ഹോസ്പിറ്റലിൽ നിന്ന് തിരികെയുള്ള യാത്രയിൽ മുഴുവൻ ശ്രീക്കുട്ടൻ വാ തോരാതെ സംസാരിക്കുന്നുണ്ടായിരുന്നു. പക്ഷേ അതൊന്നും പ്രകാശൻ അറിഞ്ഞതേയില്ല.
പ്രകാശന്റെ മനസ്സിൽ കഴിഞ്ഞകാലത്തിന്റെ ഓർമകൾ ചിറകുവീശി അകലങ്ങളിലേക്ക് ഗമിച്ചു.
രേണുകയുടെ മകൾ വേണി, അവളും ആർദ്രയും തമ്മിൽ രണ്ടു വയസ്സിന്റെ വ്യത്യാസമേയുള്ളൂ. ആർദ്ര ഉണ്ടായിരുന്നെങ്കിൽ അവരിപ്പോൾ ഇണകളെ പോലെ വളരേണ്ടവരാണ്.
രേണുകയും രാജനും പ്രകാശനു വേണ്ടി ചെയ്തത് കുറച്ചൊന്നുമല്ല. അന്ന് അച്ഛൻ പടിയടച്ച് പിണ്ഡം വെച്ചപ്പോൾ മറ്റാരുമൊരു കൈതാങ്ങായി പോലും ഉണ്ടായിരുന്നില്ല. രേണുകയും രാജനുമാണ് ഒരു പുതിയ ജീവിതം പ്രകാശനു തുറന്നു കൊടുത്തത്.
വീട്ടിൽനിന്നിറങ്ങിയ അന്ന് തന്നെ അവളെ തൽക്കാലത്തേക്ക് ഒരു ലേഡീസ് ഹോസ്റ്റലിലേക്ക് മാറ്റി. പിറ്റേന്ന് കല്യാണത്തിനുള്ള കാര്യങ്ങളെല്ലാം നീക്കുകയും കല്യാണം നടത്തുകയും ചെയ്തു.
പോലീസ് കേസും മറ്റുമായി കുറച്ചു ദിവസങ്ങൾ അങ്ങനെ കടന്നു പോയി. നേഴ്സിങ് മോഹമായി കൊണ്ടുനടന്ന വെള്ളാരംകണ്ണുകാരിയുടെ മോഹങ്ങൾ സാധിച്ചുകൊടുത്തത് രാജന്റെ പിടിപാടായിരുന്നു. ചെന്നൈയിലെ നേഴ്സിങ് കോളേജിൽ അവൾക്ക് അഡ്മിഷൻ ശരിയാക്കി കൊടുത്തു.
പിന്നീടങ്ങോട്ട് പ്രകാശൻ ജീവിതമറിഞ്ഞ് ജീവിക്കാൻ തുടങ്ങി. കഷ്ടപ്പാടുകളുടെ കാലമായിരുന്നു പ്രകാശന്റെ മുന്നിൽ നീണ്ടു കിടന്നത്. രാജന്റെ വാർക്ക്ഷോപ്പിലെ ജോലി കൊണ്ടു മാത്രം പിടിച്ചു നിൽക്കാൻ കഴിയുമായിരുന്നില്ല. രാവിലത്തെ പത്രം ഇടിലും പിന്നെ കുട്ടികൾക്ക് സ്പെഷ്യൽ ട്യൂഷനും തുടങ്ങിയത് അങ്ങനെയാണ്.
ഭാര്യയുടെ ഫീസും ചെലവുകളും പിന്നെ നാട്ടിലെ ചെലവും ഇതിന്റെ കൂടെ ചെറുതെങ്കിലും ഒരു കൂര പണിയലും, പ്രകാശൻ ഓടിനടന്ന് കാശ് സമ്പാദിക്കുകയായിരുന്നു.
ഇതെല്ലാംകൂടി പ്രകാശന് ഒറ്റയ്ക്ക് താങ്ങാൻ കഴിഞ്ഞിരുന്നില്ല. പണമായും ആളായും താങ്ങായും തണലായും പ്രകാശനോടൊപ്പം രാജനും രേണുകയും അവനു കരുത്തേകി.
നാളുകൾ അങ്ങനെ പിന്നെയും കടന്നുപോയി രാജനോട് പലതവണ പ്രകാശൻ പറഞ്ഞതാണ് രേണുകയുടെ കാര്യം അവൾക്ക് പ്രായമേറി വരുകയാണെന്ന്.
സ്വന്തമായൊരു വീട് രാജന്റെയും സ്വപ്നമായിരുന്നു. രേണുകേ കൈപിടിച്ച് കയറ്റുന്നത് തന്റെ സ്വന്തം വീട്ടിലേക്ക് ആകണമെന്ന് അവൻ ഒരുപാട് ആഗ്രഹിച്ചു. അതും വർഷങ്ങളുടെ കഷ്ടപ്പാടിന്റെ ഫലമായി രാജൻ കെട്ടി പൊക്കിയ തന്റെ മണിമളികയിലേക്ക്. ചെമ്പൻക്കുന്നിൽ അതുപോലൊരു വീട് ആദ്യമായി പണിയുന്നത് രാജനായിരുന്നു.
പണിയെല്ലാം തീർന്നു പാല്കാച്ച് വിളിക്കാൻ അമ്മയും മോനും ഇറങ്ങിത്തുടങ്ങി.
അധികം ആരെയും വിളിക്കുന്നില്ല അമ്മയുടെ സഹോദരന്മാർ രണ്ടുപേരുണ്ട് അവരെ മാത്രം. അച്ഛന്റെ മരണത്തിനുശേഷം അച്ഛൻ വീട്ടുകാർ തഴഞ്ഞത് കൊണ്ട് അവരുമായി ഒരു ബന്ധവുമില്ല.
*****
ചെമ്പൻക്കുന്നിലെ യക്ഷിയമ്മ കാവിന് അടുത്തുള്ള റോഡ്, യക്ഷിപാത എന്നാണ് വിളി പേര്. അതുവഴി ആരും പോകാറില്ല. നിഗൂഡതകൾ ഒളിഞ്ഞ് കിടക്കുന്ന വഴിയാണത്. അതുവഴി പോയവരിൽ മിക്കവരും ജീവനോടെ തിരിച്ചു വന്നിട്ടില്ല എന്നതാണ് സത്യം. ആക്സിഡന്റുകൾ അവിടെ നിത്യസംഭവമായിരുന്നു. എങ്ങനെയാണ് അപകടം ഉണ്ടാക്കുന്നതെന്ന് മാത്രം ആർക്കുമറിയില്ല. യക്ഷിയമ്മയുടെ വിഹാരകേന്ദ്രമാണവിടം എന്നും ആ വഴി യാത്ര പാടില്ലെന്നും ചെമ്പൻക്കുന്നു നിവാസികൾ അടിവരയിട്ടു.
ഇങ്ങനെയൊരു ദുരൂഹത ഇല്ലായിരുന്നെങ്കിൽ കേരളത്തിലെ അറിയപ്പെടുന്ന ടൂറിസ്റ്റ് കേന്ദ്രമായി മാറിയെന്നേ ആ പ്രദേശം. അത്ര മനോഹരമായിരുന്നു അവിടുത്തെ പ്രകൃതി. സൂയിസൈഡ് പോയിന്റിനെ സൂചിപ്പിക്കുന്ന ഒരു കൊക്കയും അവിടെയുണ്ട്. ആളെ വിഴുങ്ങി കൊക്ക എന്നാണ് ഓമനപേര്.
ചെമ്പൻക്കുന്നിൽ നിന്ന് മെയിൻ റോഡിലേക്കുള്ള ഏറ്റവും എളുപ്പമാർഗമാണ് യക്ഷിപാത. ഈ വഴിയുടെ ഇടയ്ക്ക് വച്ച് തുറക്കുന്ന മറ്റൊരു വഴിയിലൂടെ വേണം ആളെ വിഴുങ്ങി കൊക്കയിലെത്താൻ.
ആ പേരിനെ അന്വാർഥമാക്കി നിരവധി ആളുകളെ വിഴുങ്ങിയ കൊക്കയാണത്. കൊക്കയ്ക്ക് അഭിമുഖമായി വരുന്ന വഴി, കൊക്കയ്ക്കടുത്ത് എത്തുമ്പോൾ നേരിയൊരു വളവ് സൃഷ്ടിക്കുന്നു.
അത്ര പെട്ടെന്നൊന്നും ആരുടെയും കണ്ണിൽ പെടാത്ത വളവ്. വളവിനെപ്പറ്റി അറിയാതെ വരുന്ന ആരും കൊക്കയ്ക്ക് ഭക്ഷണമാകും.
അതാണ് ആളെ വിഴുങ്ങി കൊക്ക.
ആ കൊക്കയും താണ്ടി മുന്നോട്ട് പോയല്ലോ അവിടെയാണ് യക്ഷിപ്പറമ്പ്. യക്ഷിയെപ്പോലെ തുടുത്തു സുന്ദരിയായ പ്രകൃതി. അവളുടെ വശ്യസൗന്ദര്യത്തിൽ മതി മയങ്ങാത്ത വിശ്വാമിത്രൻമാർ ആരും തന്നെയുണ്ടാവില്ല.
ഇതൊക്കെ കൊണ്ട് തന്നെ രാജനും പ്രകാശനും ചെമ്പൻക്കുന്നിന്റെ വിശ്വാസത്തെ പാടേ തട്ടിക്കളഞ്ഞു.
"ടാ പ്രകാശാ ഇതാണ് യക്ഷി പറമ്പ്. യക്ഷിയെപ്പോലെ സുന്ദരിയായ യക്ഷി പറമ്പ്. നിറഞ്ഞ മാറിടവും പനങ്കുല പോലെ കാലറ്റം വരെ നീണ്ട മുടിയിഴകളും, തുറിച്ചു നീണ്ട കണ്ണുകളും, ഇടത്തൂർന്ന കൺപീലിയും, കാമം ജനിപ്പിക്കുന്ന ആകാര വടിവും ഉള്ള യക്ഷിയെക്കാൾ സുന്ദരിയായ പ്രകൃതി. ഇന്ന് നമ്മുക്കിവിടെ അന്തിയുറങ്ങാം. ഈ പ്രകൃതിയെ മതിയാവോളം പ്രണയിക്കാം."
"നിനക്ക് വട്ടാ രാജാ, ഞാൻ പോകുവാ."
"പേടിയുള്ളവർക്ക് പോകാം എന്തായാലും ഞാൻ വരില്ല."
ആദ്യ ദിനം രാജന്റെ വാശിയ്ക്ക് വഴങ്ങിയാണ് അവിടെ കൂടിയതെങ്കിലും ആ പ്രകൃതിയുടെ വശ്യത പ്രകാശനെയും കീഴടക്കി.ആ വശ്യസുന്ദരിയുടെ മടിയിൽ തലയുച്ചയ്ച്ചുറങ്ങിയ രാത്രികളും അവർക്ക് കുറവല്ലായിരുന്നു.
* * * * * * * * * * * *
അതൊക്കെ കൊണ്ട് തന്നെ അമ്മയുമായി യക്ഷിപാതവഴിയാണ് പോകുന്നതെന്ന് പറഞ്ഞിട്ടും പ്രകാശന് പ്രത്യേകിച്ചൊന്നും തോന്നിയില്ല.എന്നാൽ അവിടെ രാജനെ കാത്തിരുന്ന ദുരന്തത്തിന്റെ കഥയറിയാൻ പ്രകാശനും ചെമ്പൻക്കുന്നു നിവാസികളും രണ്ടു ദിവസമെടുത്തു. ദിവസം രണ്ടു കഴിഞ്ഞിട്ടും പാല്കാച്ച് വിളിക്കാൻ പോയ രാജനും അമ്മയും തിരികെ വരാത്തതിന്റെ സങ്കടം പറഞ്ഞത് രേണുകയായിരുന്നു. തിരക്കിയിറങ്ങുക പ്രകാശനു വലിയ കാര്യവുമായിരുന്നില്ല. രാജനോടൊപ്പം പലത്തവണ അമ്മാവൻമാരുടെ വീട്ടിൽ പോയിട്ടുള്ള അറിവ് വച്ച് പ്രകാശൻ രാജനെ തിരക്കിയിറങ്ങി. അവിടെ രണ്ടിടങ്ങളിലും അവരെത്തിയിട്ടില്ല എന്നറിവ് പ്രകാശനെ പേടിപ്പെടുത്തി. സംഭവത്തിൽ പന്തികേടു തോന്നിയ അമ്മാവൻമാരും പ്രകാശനോടൊപ്പം തിരിച്ചു.
"നമ്മുക്ക് യക്ഷിപാത വഴി പോകാം."
തിരിച്ചുള്ള യാത്രയിൽ പ്രകാശൻ അമ്മാവൻമാരോട് പറഞ്ഞു.
"യക്ഷിപാതയോ നിനക്ക് വട്ടുണ്ടോ പ്രകാശാ മനുഷ്യന് പോകാൻ കഴിയുന്ന വഴിയാണോ അത്. "
"അവർ ഇങ്ങോട്ട് വന്നത് ആ വഴിയാണ്."
തല കുനിച്ചു കൊണ്ടാണ് പ്രകാശൻ മറുപടി നൽകിയത്.
"എന്റെ പരദേവതകളെ ഇനി എന്തെല്ലാം കാണണം. എന്തും വരട്ടെ വാ പോകാം."
അവർ യക്ഷിപാത കടന്നു. അധികം ഉള്ളിലേക്ക് പേകേണ്ടി വന്നില്ല. ശവം ചീഞ്ഞ ഗന്ധം അന്തരീക്ഷത്തിൽ പടർന്നു തുടങ്ങി. കുറച്ച് അപ്പുറം മാറി റോഡിന്റെ രണ്ട് സൈഡിലായി രണ്ട് ജഡങ്ങൾ. ഒറ്റത്തവണ നോക്കനെ അവർക്ക് കഴിഞ്ഞുള്ളൂ. അത്രയ്ക്കു മൃഗീയമായി വികൃതമാക്കപ്പെട്ടിരുന്നു അവ. ഇവരുടെ അനക്കം കേട്ടതും ജഡത്തിനെ ഭക്ഷണമാക്കി കൊണ്ടിരുന്ന നായ അതിവേഗം കാവിനുള്ളിലേക്ക് ഓടി കയറി.
കണ്ണുകൾ പുറത്തേക്ക് ചാടിയും ശരീരമാകെ കടിച്ച് കീറി യും വയറു പിളർന്നും വികൃതമാക്കപ്പെട്ട ജഡങ്ങളിൽ നിന്നും രാജന്റെ ശരീരത്തെ എടുത്ത് നെഞ്ചോട് ചേർത്ത് പ്രകാശൻ അലറിക്കരഞ്ഞു. കുമിഞ്ഞ് പൊങ്ങുന്ന ചീഞ്ഞ ശരീരത്തിന്റെ ഗന്ധം പോലും അവനറിഞ്ഞില്ല.
* * * * * * * * * * *
പോലിസ് ഇൻക്വയറിയും പോസ്റ്റ്മോർട്ടവും ഒക്കെ കഴിഞ്ഞ് ജഡം വീട്ടിലെത്തിക്കാൻ ഒരുപാട് സമയം എടുത്തു. ചെമ്പൻക്കുന്ന് നിവാസികൾ എല്ലാം രാജന്റെ വീട്ടിന്റെ മുറ്റത്ത് തടിച്ചുകൂടിയിരുന്നു. മണവാട്ടിയെ പോലെ രാജൻ ഒരുക്കി നിർത്തിയ മണിമാളിക അലറികരഞ്ഞു കൊണ്ട് ആ അമ്മയെയും മകനെയും അവളുടെ മടിയിലേക്ക് ഏറ്റുവാങ്ങി.
രാജനോടൊപ്പം കൈപിടിച്ച് കയറാൻ കൊതിച്ച വീട്ടിൽ രാജനെ അവസാനമായി ഒന്നു കാണാൻ രേണുക കാത്തുനിൽപ്പുണ്ടായിരുന്നു.
മകളുടെ മനസ് തൊട്ടറിഞ്ഞ അച്ഛൻ രാഘവനും അടുത്തുതന്നെയുണ്ടായിരുന്നു.
രാജന്റെയും അമ്മയുടെയും ശവശരീരങ്ങളുമായി അവിടെയെത്തിയ പ്രകാശനു രേണുകയുടെ മുഖത്ത് നോക്കനുള്ള ധൈര്യമുണ്ടായിരുന്നില്ല.
ഒന്നു കരയുക പോലും ചെയ്യാതെ ജീവശവമായി നിൽക്കുന്ന രേണുക പ്രകാശന്റെയുള്ളിൽ ഭയമുണർത്തി.
"ഭഗവാനേ എല്ലാം താങ്ങാനുള്ള മനക്കരുത്ത് അവൾക്ക് കൊടുക്കണേ."
എന്നവൻ മനമുരുകി പ്രാർത്ഥിച്ചു.
എന്നവൻ മനമുരുകി പ്രാർത്ഥിച്ചു.
രാജനെ ഈ രൂപത്തിൽ അവൾ കാണരുതെന്ന് പ്രകാശനു പലത്തവണ തോന്നി. പക്ഷേ കാണരുത് എന്നെങ്ങനെ പറയും.
പെട്ടെന്നാണ് പിറകിൽ ഒരു ബഹളം കേട്ടത്.ആരോ ബോധം മറഞ്ഞു വീണിരിക്കുന്നു.
അയ്യോ രേണു.
പ്രകാശൻ പിന്നിലേക്ക് ഓടി.
"രേണു, രേണു.. ടീ കണ്ണുതുറക്ക്, രേണു.. "
പ്രകാശൻ രേണുകയെ മടിയിലേക്ക് എടുത്തുവച്ച് അവളുടെ മുഖത്ത് തട്ടി.
മകളിൽ നിന്ന് ഇത് പ്രതീക്ഷിച്ചിരുന്ന രാഘവനും അവിടേക്ക് ഓടിയെത്തി.
''വെള്ളമെടുക്ക്, ആരെങ്കിലും കുറച്ച് വെള്ളമെടുക്ക് വേഗം."
രാഘവൻ വെപ്രാളത്തോടെ രേണുകയുടെ അടുത്തിരുന്നു.
"മോളെ രേണുകേ കണ്ണ് തുറക്കടീ പെണ്ണേ."
വെള്ളം തളിച്ച് ബോധം തിരികെ വന്നെങ്കിലും രേണുക നല്ല ക്ഷീണിതയായിരുന്നു.
അമ്മാവൻമാരോട് കാര്യം പറഞ്ഞ് പ്രകാശനും രാഘവനും കൂടി രേണുകയും കൊണ്ട് ഹോസ്പ്പിറ്റലിലേക്ക് പോയി.
ഡോക്ടറെ കണ്ട് ട്രിപ്പും ഇട്ട രേണുക മയക്കത്തിലേക്ക് ആണ്ടിറങ്ങി.
ഡോക്ടർ ഒരു ചെറുപുഞ്ചിരിയോടെ പ്രകാശന്റെ നേരെ തിരിഞ്ഞു.
"പേടിക്കാൻ ഒന്നുമില്ല. ഈ സമയത്ത് സ്ത്രീകൾക്ക് സാധാരണ ഉണ്ടാക്കാറുള്ളതാണ് ഇതൊക്കെ. ഉറങ്ങി ഉണരുമ്പോൾ എല്ലാം മാറിക്കോളും."
" ഉം "
പ്രകാശൻ ഒന്നു മൂളി. അവൻ അപ്പോഴും രേണുകയെ തന്നെ നോക്കുകയായിരുന്നു.
"ഹലോ പ്രകാശൻ എന്ത് ' ഉം' എന്നാണ് പറഞ്ഞത്. രേണുക ഗർഭിണിയാണ്. ഈ ടെൻഷൻ ഒക്കെ കളഞ്ഞ് അച്ഛനായതിൽ സന്തോഷിയ്ക്ക് പ്രകാശാ."
ഡോക്ടർ പ്രകാശന്റെ തോളിൽ തട്ടി സമാധാനിപ്പിച്ച് കൊണ്ട് നടന്നു പോയി
പ്രകാശൻ ഞെട്ടലിൽ നിന്ന് വിട്ടുമാറിയില്ല. അവന്റെ തലഞരമ്പുകൾ വലിഞ്ഞുമുറുക്കുന്ന പോലെ തോന്നി. അനങ്ങാൻ പോലും കഴിയാതെ അവൻ നിശ്ചലനായി നിന്നു പോയി.
(തുടരും)
Sumitha
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക