Slider

#Sandram Part 19

1


ബ്രൂട്ട്സ്!
അവന് സൂസി മോളെ എത്ര ഇഷ്ടമായിരുന്നെന്ന് എല്ലാവർക്കുമറിയാം. അവൾ അവനെ എത്ര ഒഴിവാക്കാൻ ശ്രമിച്ചിട്ടും ആരുടെയോ പ്രേരണയാലെന്നവണ്ണം ആ നായ് അവളെ സദാ സമയവും പിന്തുടർനു കൊണ്ടേയിരുന്നു.
വെറുതേ ആരെങ്കിലും അവളെ ഒന്നു തമാശക്ക് കയ്യോങ്ങിയാൽ പോലും വയല്ന്റ് ആകുമായിരുന്ന ബ്രൂട്ട്സ്, അവൾക്കരികിൽ തോക്കുമായി അക്രമാസക്തനായ ഒരാളെ കണ്ടാൽ വെറുതേ വിട്ടെങ്കിലേ അത്ഭുതമുള്ളൂ.
നാലു വയസ്സുള്ള ഒരു ജെർമ്മൻ ഷെപ്പേർഡ് നായ വളരെ അപകടകാരിയാണ്! നേരേ കഴുത്തു ലക്ഷ്യമാക്കിയായിരിക്കും ചാടുക. ചെന്നായ് വർഗ്ഗത്തിന്റെ പൊതുവേയുള്ള സ്വഭാവം. ഇരയെ ശ്വാസം മുട്ടിച്ചു കൊല്ലാനുള്ള എളുപ്പവഴി. ഒരിക്കൽ കടി മുറികിയാൽ പിന്നെ ആ നായ തന്നെ വിചാരിക്കണം അതു വിടുവിക്കാൻ.
“ബ്രൂട്ട്സ്!!” അലറി വിളിച്ചത് സൂസി മോളാണ്. ജീവിതത്തിൽ ആദ്യമായി അവൾ അവന്റെ പേരുച്ചരിച്ചു! അതു കേട്ടതും റെജിയുടെ കഴുത്തിലെ പിടി വിട്ട് അവൻ പുറകോട്ടു മാറി അവളോട് ചേർന്നു നിന്നു.
അപ്പോഴാണ് വാതിൽ തള്ളിത്തുറന്നുകൊണ്ടൊരാൾ അകത്തേക്കു കയറി വന്നത്.
“വൈ ഈസ് ഇറ്റ് റൈനിങ്ങ് ദിസ് ടൈം ഓഫ് ഇയർ ? ((ഇക്കൊല്ലമെന്താ ഈ സമയത്തൊക്കെ മഴ പെയ്യുന്നത് ?)” ജർമ്മൻ ചുവയുള്ള ഇംഗ്ലീഷുമായി ഒരു വെള്ളക്കാരിയായിരുന്നു അത്.
കുടയും ചൂടി അകത്തേക്കു കയറിയ പിയാ വെബ്ബർ പെട്ടെന്നാണ് അകത്തു നടക്കുന്ന സംഭവ വികാസങ്ങൾ കണ്ട് അമ്പരന്നത്.
“വാട്ട് ദ ഹെക്ക് ഈസ് ഗോയിങ്ങ് ഓൺ ഹിയർ ?”
കുതിച്ചുയർന്ന റെജി തോക്കിനു നേരേ ചാടി. എന്നാൽ, അവനേക്കാൾ വേഗത്തിൽ ചിന്തിച്ച പിയ, കാലു കൊണ്ടുള്ള ഒരൊറ്റ അടിക്ക് അവനെ താഴെ വീഴ്ത്തി.
വീണ്ടും പിടഞ്ഞെഴുന്നേല്ക്കാൻ തുടങ്ങിയ അവന്റെ മുതുകിൽ ആ സ്ത്രീ തന്റെ വലം കാലിന്റെ പെരുവിരൽ അമർത്തി.
“നിന്റെ സ്ഥാനത്തു ഞാനാണെങ്കിൽ, നല്ല കുട്ടിയായിട്ട് അനങ്ങാതെ കിടക്കും. ഇനീം എന്റെ കയ്യീന്ന് ഒരെണ്ണം കൂടി വാങ്ങിയാൽ നീ പിന്നെ ജീവിതത്തിൽ എണീറ്റു നടക്കൂല്ല.”
ആറര അടി ഉയരവും അതിനൊത്ത ശരീരവുമുള്ളൊരു സ്ത്രീയാണ് ഡോ. പിയ വെബ്ബർ . ജെർമ്മൻ വംശജയായ സോഷ്യൽ വർക്കർ. അവർ ഒരു തികഞ്ഞ കരാട്ടേ വിദഗ്ധ കൂടിയാണെന്ന് സ്നേഹവീട്ടിലുള്ളവർക്കൊരു പുതിയ അറിവായിരുന്നു.
(ഇവരേക്കുറിച്ച് മുൻപൊരദ്ധ്യായത്തിൽ പറഞ്ഞിരുന്നു എന്നാണെന്റെ ഓർമ്മ.)
തുടർന്ന് ജോസച്ചൻ പോലീസിനെ വിളിക്കാനോടി. സ്നേഹ വീട്ടിലെ സഹായികളായി ജോലി ചെയ്യുന്ന മൂന്നു നാലു പേർ റെജിക്കു ചുറ്റും കാവൽ നിന്നു.
പിയ വളരെ സൂക്ഷ്മതയോടെ അവന്റെ തൊണ്ടയിലെ മുറിവു പരിശോധിച്ചു. എന്നാൽ ക്രൂദ്ധനായ റെജി അതു നിരസിക്കുകയാണുണ്ടായത്. “എനിക്കു വേണ്ട നിങ്ങടെ ചാരിറ്റി. എന്നെ തൊടരുത്!” അവൻ അലറി.
“ഞാൻ ഒരു മെഡിക്കൽ ഡോക്റ്റർ ആണ് സഹോദരാ. അറ്റ് അറ്റ് ലീസ്റ്റ് ആ മുറിവെങ്കിലും ഒന്നു കഴുകി കെട്ടാം അല്ലെങ്കിൽ ചോര നില്ക്കാതെ താൻ ഇവിടെ കിടന്നു ചാവും.” പിയ ആവുന്നതു പറഞ്ഞു നോക്കി. ഒടുവിൽ, “അടിച്ചു നിന്റെ ബോധം കളഞ്ഞിട്ടാണെങ്കിലും ഞാൻ നിന്നെ ട്രീറ്റ് ചെയ്യും. അനങ്ങാതെ കിടക്ക് മൃഗമേ! ” എന്ന അന്ത്യ ശാസനക്കു മുൻപിൽ അവൻ വഴങ്ങി.
“പോലീസ് ഉടനെ എത്തും.” ജോസച്ചൻ തിരിച്ചു വന്നു.
“ഒരു ആംബുലൻസു കൂടി പറഞ്ഞോളൂ. ബ്ലഡ് നില്ക്കുന്നില്ല. ഞാൻ നോക്കിയിട്ട് ഒരു രക്ഷയുമില്ല. ഇങ്ങനെ ബ്ലഡ് പോയാൽ അടുത്തു തന്നെ ഇവൻ ഡൗണാകും. അതിരിക്കട്ടെ , ആരാ ഇത് ?” പിയക്ക് ഇതുവരെ ആളെ മനസ്സിലായിട്ടില്ല.
“നീ റെജിയല്ലേ മോനേ ?” അച്ചൻ അവന്റെ അടുത്തു ചെന്നു കുനിഞ്ഞു നിന്നു. “റോബീടെ അനിയനല്ലേ നീ ?”
“അച്ചോ...” അവന്റെ സ്വരം വിറച്ചു. “റോബി ഇവിടെയുണ്ടോ എന്നൊന്നറിയാൻ മാത്രം വന്നതാ ഞാൻ. ആരേം ഉപദ്രവിക്കാൻ എനിക്കുദ്ദേശമില്ലാരുന്നു. ആ കൊച്ച് ബഹളം വെച്ച് ആളെ കൂട്ടിയാലോ എന്നോർത്താ ഞാൻ...ആരോ എന്റെ പേരും പറഞ്ഞ് ഓരോന്നു ചെയ്തു കൂട്ടുകയാണച്ചോ.” അവൻ വിതുംബി. “ഒന്നും ഞാനറിഞ്ഞിട്ടില്ല. എന്റെ സ്വന്തം ചോരയല്ലേ റോബി. ഞാൻ അവനെ കൊല്ലാൻ നോക്കീന്നൊക്കെ പറഞ്ഞാൽ ദൈവം പൊറുക്കില്ലച്ചോ. അവനെ കണ്ട് ഇതിന്റെയൊക്കെ പുറകിൽ ആരാന്നു കണ്ടു പിടിച്ച് എല്ലാത്തിനും ഒരു തീരുമാനമുണ്ടാക്കാനാ ഞാൻ വന്നത്. പക്ഷേ...എന്റെ ഗതികേടാ. ഇന്നു വരെ ഒരു ഉറുമ്പിനെപ്പോലും നോവിക്കാത്ത എന്നെ എല്ലാരും കൂടി...”
ആരുടെയും ഹൃദയം അലിഞ്ഞു പോകുമായിരുന്നു അവന്റെ ആ കരച്ചിലിൽ.
പിയക്ക് അവൻ മലയാളത്തിൽ പറഞ്ഞത് മനസ്സിലായില്ല. അവർ അവന്റെ മുറിവിൽ ഒരു വലിയ കഷണം പഞ്ഞി അമർത്തി തോളിലേക്കു ചേർത്തു മുറുക്കി കെട്ടുകയായിരുന്നു.
“എല്ലാം ശരിയാകും മോനേ. നീ എല്ലാം പോലീസിനോടു തുറന്നു പറയൂ. അവർ തന്നെ ഒരു പരിഹാരമുണ്ടാക്കിത്തരും.” അച്ചൻ അവന്റെ തോളിൽ തഴുകി.
“എങ്ങനാ അച്ചോ. എന്നെ കണ്ടാൽ ആ നിമിഷം വെടിവെച്ചു കൊല്ലാനാ ഓർഡർ. ഷൂട്ട് അറ്റ് സൈറ്റ്. ”
“ഇവിടെ ഞങ്ങളൊക്കെ നില്ക്കുമ്പൊ ഒരാളും നിന്നെ ഉപദ്രവിക്കില്ല. ഉറപ്പ്.” അച്ചന്റെ മനസ്സാകെ അലിഞ്ഞു പോയിരുന്നു. “എന്റെ മോനല്ലേടാ നീ. ഞാനല്ലേ നിന്നെ വളർത്തി വലുതാക്കിയെ. നിന്നെ അങ്ങനെ ചുമ്മാ വെടിവെച്ചു കൊല്ലാൻ ഞാൻ വിട്ടു കൊടുക്കുവോ ?”
എന്നാൽ, അവനാ പറഞ്ഞതൊന്നും വിശ്വസിക്കാതെ ക്രൂദ്ധനായി അവന്റെ കണ്ണുകളിലേക്കു തന്നെ നോക്കി നില്ക്കുന്ന ഒരാളുണ്ടായിരുന്നു ആ മുറിയിൽ അപ്പോൾ. ബ്രൂട്ട്സ്! അതൊരു നായയാണെങ്കിലും, അതിന്റെ മുഖഭാവം ശരിക്കും ഒരു മനുഷ്യനേപ്പോലെ തന്നെയിരുന്നു. റെജിയെ കടിച്ചു കീറി കഷണങ്ങളാക്കാനുള്ള ത്വര ആ മുഖത്തുണ്ട്.
“പിയ എങ്ങനെ കൃത്യ സമയത്ത് ഇവിടെയെത്തി ?” ജോസച്ചന് അതായിരുന്നു അത്ഭുതം.
“ഞാൻ ‘ആകാശപ്പറവകൾ’ എന്നൊരു സ്ഥാപനത്തിലാരുന്നു പകൽ മുഴുവനും. വൈകിട്ടായപ്പോഴാണു മനസിലായത്, അവിടെ രാത്രി തങ്ങാനുള്ള സൗകര്യമില്ല. അപ്പൊ പിന്നെ ഞാൻ തീരുമാനിച്ചു, ഇങ്ങോട്ടു പോരാമെന്ന്. ഒരു ഓട്ടോയിൽ കേറീതാ, ആ ഓട്ടോക്കാരൻ എന്നെ ത്രിശ്ശൂർ ജില്ല മുഴുവൻ ചുറ്റിച്ചു. ഒരു രണ്ടു മണിക്കൂർ. അവസാനം, ഞാൻ ചൂടായപ്പോഴാണ് അയാൾ മര്യാദക്കു വണ്ടിയോടിച്ചു തുടങ്ങിയത്. അങ്ങനെ, ഒടുവിൽ ഇവിടെ കൊണ്ടെ എത്തിച്ചു ചതിയൻ!”
“അയാളെ ദൈവം രക്ഷിക്കട്ടെ. നീയിപ്പൊ വന്നില്ലാരുന്നെങ്കിൽ, ഒന്നുകിൽ ബ്രൂട്ട്സ് അവനെ കൊന്നേനേ. അല്ലെങ്കിൽ, അവൻ ഞങ്ങളെ.” അച്ചൻ ചിരിക്കാൻ ശ്രമിച്ചു.
അപ്പോൾ ഒരു സംഭവം നടന്നു
റെജിയുടെ കയ്യിൽ കെട്ടിയിരുന്ന വാച്ചിൽ നിന്നും ഒരു അലാറം. കാതു തുളക്കും വിധം അതിങ്ങനെ മുഴങ്ങാൻ തുടങ്ങിയതും അവന്റെ മുഖം മാറി.
“അച്ചൻ പറഞ്ഞതു ശരിയാ. എല്ലാം ഓക്കെയാകും. ഇപ്പത്തന്നെ എല്ലാത്തിനും ഒരു പരിഹാരമുണ്ടാകും.” അവന്റെ മുഖത്തൊരു പൈശാചികത വന്നു.
അധികം വൈകിയില്ല, പുറത്തൊരു വാഹനം വന്നു നില്ക്കുന്ന ശബ്ദം കേട്ടു.
നിമിഷങ്ങൾക്കുള്ളിൽ വാതിലിലാരോ മുട്ടി.
“ആരാ ?” രണ്ടു മൂന്നു പേർ ഒരുമിച്ചാണ് ചോദിച്ചത്.
“പോലീസാ. വാതിൽ തുറക്ക്. ”
അച്ചൻ ഓടിച്ചെന്ന് വാതിൽ വലിച്ചു തുറന്നതും,
തിരു നെറ്റിയിൽ തന്നെ ശക്തമായൊരു അടിയേറ്റ് ആ പാവം വൃദ്ധൻ പുറകോട്ടു തെറിച്ചു വീണു.
പിന്നെ എല്ലാം പെട്ടെന്നായിരുന്നു.
ആക്രോശത്തോടെ അകത്തേക്ക് ഇരച്ചു കയറി വന്ന രണ്ടു മൂന്ന് അക്രമികൾ നിമിഷങ്ങൾക്കുള്ളിൽ എല്ലാം അവരുടെ നിയന്ത്രണത്തിലാക്കി. തോക്കും വടിവാളുമൊക്കെയായി എല്ലാവരും തന്നെ സായുധരായിരുന്നു.
ആർക്കും ചിന്തിക്കാൻ പോലും സമയം കൊടുക്കാതെ അവർ റെജിയെ പിടിച്ചു വലിച്ച് പുറത്തേക്കിറക്കി. പിയക്കും മറ്റുള്ളവർക്കും നിസ്സഹായരായി നോക്കിനില്ക്കാനേ കഴിഞ്ഞുള്ളൂ.
റെജി തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു “ പ്ലീസ്... അച്ചനെ നോക്കൂ... ഹീ ഈസ് ബ്ലീഡിങ്ങ്...” അവൻ പിയയോട് അഭ്യർത്ഥിച്ചു.”
ബ്രൂട്ട്സ് ഇതെല്ലാം കണ്ട് ഭീകരമായി ഗർജ്ജിക്കുന്നുണ്ടായിരുന്നു. എന്നാൽ, സൂസി മോൾ അവന്റെ കഴുത്തിൽ ഇറുക്കെ കെട്ടിപ്പിടിച്ചിരുന്ന കൊണ്ട് അവൻ ഇതിലൊന്നും ഇടപെട്ടില്ലെന്നു മാത്രം.
അവർ പുറത്തേക്കിറങ്ങി 5 മിനുട്ടെങ്കിലും കഴിഞ്ഞാണ് പോലീസ് സ്ഥലത്തെത്തിയത്.
“കോൾ വന്നതും ഞങ്ങൾ പുറപ്പെട്ടതാ. പക്ഷേ ഈ സ്ഥലം കണ്ടെത്താൻ ഒരല്പ്പം പാടു പെട്ടു.” കേറി വന്ന ഉദ്യോഗസ്ഥൻ ക്ഷമാപണം നടത്തി.
“കുറ്റം പറയ്വല്ല മോനേ. ” ജോസച്ചൻ എണീറ്റിരിക്കാൻ ഒരു ശ്രമം നടത്തി. അദ്ദേഹത്തിന്റെ നെറ്റിയിൽ നിന്നും അപ്പോഴും രക്തമൊലിക്കുന്നുണ്ടായിരുന്നു. “ഒരല്പ്പം കൂടി ഉത്തരവാദിത്തം കാണിക്കണമായിരുന്നു നിങ്ങൾ. നിസ്സാരക്കാരനല്ലല്ലോ റെജി. എല്ലാർക്കുമറിയാം. ഒരു പോലീസുകാരനെ പേരിനെങ്കിലും ഇവിടെ പാറാവു നിർത്താരുന്നു. റോബി എപ്പൊഴും വരുന്ന സ്ഥലമല്ലേ ഇത്. തീർച്ചയായും അവനെ അന്വേഷിച്ച് റെജി ഇവിടെ വരും എന്ന് ചിന്തിക്കാമായിരുന്നു. എന്റെ കുഞ്ഞു മക്കൾക്കു വല്ലതും പറ്റിയാൽ പിന്നെ എന്തിനാ ഞാൻ ജീവിച്ചിരിക്കുന്നേ ?”
ആ പോലീസു കാരൻ ഒന്നും മിണ്ടാതെ വയർലെസിലൂടെ ആരോടൊ സംസാരിച്ചു കൊണ്ട് പുറത്തേക്കിറങ്ങിപ്പോയി.
“എന്റച്ചോ, ഇതൊക്കെ പകലു പോലെ വ്യക്തമല്ലേ ?” ഒരു സിസ്റ്റർ പറഞ്ഞു. “പോലീസുകാരൊക്കെ അറിഞ്ഞോണ്ടുള്ള കളിയല്ലേ ഇതൊക്കെ. അവന്മാരു റെജിയേം കൊണ്ട് പോകുന്ന വരെ വെയ്റ്റു ചെയ്തിട്ടല്ലേ പോലീസു വന്നേന്നു നോക്ക്യേ. നമ്മടെ നാടൊരിക്കലും നന്നാവൂല്ലച്ചോ.“
”ആ മാത്യൂസ് ഉണ്ടാരുന്നെങ്കിൽ ഇങ്ങനൊന്നും സംഭവിക്കില്ലാരുന്നു. ഇപ്പൊത്തന്നെ റെജീടെ കാര്യത്തിൽ ഒരു തീരുമാനമായേനേ.“ അച്ചൻ പരിതപിച്ചു. “മിടുക്കനാ മാത്യൂസ് . ചെയ്യുന്ന ജോലിയോട് 100% ആത്മാർത്ഥതയുള്ളവൻ...”
***** ***** ***** ***** ***** ***** ***** *****
രണ്ടു ദിവസങ്ങൾക്കു ശേഷം.
കർലാട് - വയനാട് ജില്ല. പോലീസ് സേഫ് ഹൗസ്. 09:00 AM
മാത്യൂസിന് ഇരുന്നിട്ട് ഇരിപ്പുറക്കുന്നില്ല. അയാൾ കരുതിയതു പോലെ എളുപ്പമല്ല ഈ ഒളിച്ചോട്ടം. അത്രയും നാൾ ഓടി നടന്ന് പണിയെടുത്തിട്ട് ഇപ്പൊ ഒരു ഭീരുവിനെപ്പോലെ ഒരു മുറിക്കുള്ളിൽ കയറി കുത്തിയിരിക്കുന്നത് അയാളുടെ മാനസിക നിലയെത്തന്നെ തകരാറിലാക്കി. സദാ സമയവും ദേഷ്യമായിരുന്നു അയാൾക്ക്. ഭാര്യയും കുഞ്ഞുങ്ങളും ഈ ‘വെക്കേഷൻ’ വെറുത്തു പോയി. ഒടുവിൽ രണ്ടും കല്പ്പിച്ച് മാത്യൂസ് വെളിയിലിറങ്ങാൻ തന്നെ തീരുമാനിച്ചു. അത്യാവശ്യ ഘട്ടങ്ങളിൽ വിളിക്കാനായി ഒരു ഫോൺ കൊടുത്തിട്ടുണ്ടായിരുന്നു.
അയാൾ ആദ്യം വിളിച്ചത് എസ് ഐ നിതിനെയാണ്. തന്റെ അഭാവത്തിൽ അവിടുത്തെ കാര്യങ്ങളിലൊക്കെ ഒരു കണ്ണു വേണമെന്ന് പറഞ്ഞ് നിതിനെ ഏല്പ്പിച്ചിട്ടാണ് മാത്യൂസ് നാടു വിട്ടത്.
“ഹെലോ മത്തായി! നിന്നെ ഒന്നു കിട്ടാതെ ഞാനാകെ ശ്വാസം മുട്ടിപ്പോയി! ഇവിടെ എന്തൊക്കെ ഡെവലപ്മെന്റ്സ് ഉണ്ടായെന്നറിയാവോ ?”
“പറയടാ! നിന്റെ ഒച്ച കേക്കുമ്പൊ തന്നെ എന്തു സന്തോഷം! ഈ പ്രൊട്ടക്റ്റീവ് പ്രോഗ്രാം എന്നു പറയുന്നത് ഇത്ര ബോറ് ഏർപ്പാടാണെന്ന് ഞാൻ സ്വപ്നത്തിൽ പോലും കരുതിയില്ല.”
“ഡാ... എനിക്കു കൊറച്ചു കാര്യങ്ങളു പറയാനുണ്ട്. ഗുഡ് ന്യൂസുമുണ്ട് ബാഡ് ന്യൂസുമുണ്ട്. ഏതാ ആദ്യം വേണ്ടേ ?”
“ഗുഡ് ന്യൂസു പറയൂ. കുറച്ചു ദിവസായി ആകെ ടെൻഷനല്ലേ.“
”ഓക്കേ... ഗുഡ് ന്യൂസ്! നമ്മുടെ ശങ്കുവിനെ ട്രാൻസ്ഫർ ചെയ്തു. അവനെ പീച്ചി ഡാമിനടുത്ത് ഒരു റീ ഹാബ് ഫെസിലിറ്റിയിലേക്ക് മാറ്റി. ഫുൾ ഫ്രീഡം. 15 ഏക്കർ കോമ്പൗണ്ട്. അവനവടെ എങ്ങനെ വേണമെങ്കിലും ഇറങ്ങി നടക്കാം. പുറത്തിറങ്ങാൻ പാടില്ല എന്നേയുള്ളൂ. അതിന്റെയുള്ളിൽ പക്ഷേ എല്ലാ വിധ സൗകര്യങ്ങളുമുണ്ട്. ജോലി ചെയ്യണമെങ്കിൽ അതിനും പറ്റും. സാലറി കിട്ടും. ശരിക്കും റിയൽ ലൈഫ് പോലെ.“
”വൗ! മജിസ്ട്രേറ്റ് പ്രശ്നമൊന്നുമുണ്ടാക്കിയില്ല അപ്പോ.“
”പിന്നെ! സാന്ദ്ര കളിച്ചു കാണുമെന്നേ! ഹ ഹ ഹ !“ നിതിൻ പൊട്ടിച്ചിരിച്ചു. ” പിന്നെ, നമ്മുടെ ഡോക്ടർ കുരുവിള എല്ലാത്തിനും മുൻപിലുണ്ടായിരുന്നു കേട്ടൊ. ഏതാണ്ട് 12 ലക്ഷം രൂപയോളം ചിലവാക്കിയെന്നാണ് എന്നോട് പറഞ്ഞത്. “
”ദൈവമെ! അപ്പൊ അയാൾക്കു കിട്ടീത് നിസ്സാര പണിയൊന്നുമായിരുന്നില്ല.“
നിതിൻ വീണ്ടും ചിരിച്ചു.
”എന്താ ബാഡ് ന്യൂസ് ?“ മാത്യൂസ് ചോദിച്ചു.
“നീ എവടേങ്കിലും ഒന്നിരുന്നു കേൾക്കുന്നതായിരിക്കും നല്ലത്.” നിതിൻ തുടക്കമിട്ടു. “സാന്ദ്രയുടെ കുഞ്ഞിനു വേണ്ടിയുള്ള അന്വേഷണമായിരുന്നു കഴിഞ്ഞ കുറച്ചു ദിവസങ്ങളായിട്ട്. ഞാൻ അവളുടെ വീടും പരിസരവുമെല്ലാം ചെന്നന്വേഷിച്ചു. എനിക്കു മുൻപിരുന്ന പരമ ദ്രോഹി എസ് ഐ എന്തൊരു ചെറ്റയാണെന്ന് അപ്പൊഴല്ലേ മനസ്സിലായത്. എഫ് ഐ ആർ അല്ലാതെ ഒരു ചെറുവിരൽ അനക്കിയിട്ടില്ല നായിന്റെ മോൻ! ശങ്കുവിനൊരു വയലന്റ് ഹിസ്റ്ററിയുണ്ട്. അപ്പൊ അവൻ തന്നെ കൊലയാളി! അതാണവന്റെ റിപ്പോർട്ട്!”
“ആരാർന്നെടാ എസ് ഐ ?”
“ഏതോ ഒരു പ$%^&* ” നിതിൻ നല്ല ചൂടിലായിരുന്നു. “എന്തോരം വല്യ കേസാന്നറിയുവോ ഇത് ? വമ്പൻ സ്രാവുകളാ ... ചെലപ്പൊ അവന്മാരു കാശു കൊടുത്ത് കേസ് അട്ടി മറിച്ചിരിക്കാനും സാധ്യതയുണ്ട്.”
“നിനക്കെന്തെങ്കിലും ലീഡു കിട്ടിയോ ?”
“ലീഡു കിട്ടി. അതാണു പ്രശ്നം. അതു കൊണ്ടാണു ഞാൻ ആകെ ടെൻഷനിലായിപ്പോയത്. നിന്നോട് ചോദിക്കാതെ മുൻപോട്ടു പോകാൻ പറ്റാത്ത അവസ്ഥ.”
“അതെന്താടാ ? എനിക്കെന്താ ഇതിൽ ഇടപാട് ?”
“ആ സാന്ദ്രയുടെ കഥ നീ പറഞ്ഞപ്പോ, ഒരു റിയൽ എസ്റ്റേറ്റ് കാമുകന്റെ കാര്യം പറഞ്ഞതോർക്കുന്നുണ്ടോ ? ആ കൊച്ചിന്റെ അപ്പൻ ?”
“ഉവ്വ്. അവനെ കിട്ടിയോ ?” മാത്യൂസിന്റെ ഹൃദയ മിടിപ്പു കൂടി.
“അവനെ കിട്ടി. നീയറിയും അവനെ. നിനക്കു നന്നായി അറിയാവുന്ന ഒരുത്തനാ. “
നിതിൻ സംസാരിച്ചു കൊണ്ടിരുന്നപ്പോൾ തന്നെ തന്റെ സുഹൃത് വലയത്തിലു റിയൽ എസ്റ്റേറ്റു കാരൊക്കെ മാത്യൂസിന്റെ മനസ്സിലൂടെ കടന്നു പോകുന്നുണ്ടായിരുന്നു. അയാളുടെ ശ്വാസം നിലക്കുന്ന പോലെ തോന്നി.
“റോബി!??? റോബിയാണോടാ നിതീ ???”
അപ്പുറത്തു നിന്നും ഒരു ദീർഘ നിശ്വാസം കേട്ടു.
കുറേ നേരത്തേക്ക് ഒന്നും സംസാരിച്ചില്ല രണ്ടു പേരും
“മുഴുവൻ പറയടാ...എങ്ങനാ നിനക്കു മനസ്സിലായെ ?”
“ഞാൻ നീയന്നു പറഞ്ഞ പ്രകാരം, അവരുടെ സ്വത്തു വാങ്ങിയ ടീമിനെ ചെന്നു കണ്ടു. അവിടെ ഇപ്പൊ ഒരു ആയുർവേദ റിസോർട്ടാണ്. ഒരു ഫെയ്മസ് ബ്രാൻഡാ. തൊടാൻ പറ്റില്ല. വല്യ പുള്ളികളാ. പക്ഷേ, അന്വേഷിച്ചു പിടിച്ചു വന്നപ്പോ സംഭവമെന്താ, ഇതൊക്കെ നമ്മടെ റോബീടെ ബിനാമികളാ. അവനും അവന്റെ അനിയൻ റെജിയും കൂടി പാർട്നേഴ്സായിട്ട് നടത്തിയ ഇടപാടാ. ഞാൻ അതു കൺഫേം ചെയ്തു. റോബീടെ ഫോട്ടോ കണ്ട് പലരും ഐഡന്റിഫൈ ചെയ്തു കഴിഞ്ഞു. നല്ല സ്ട്രോങ്ങ് കേസാക്കാനുള്ള വകുപ്പുണ്ട്.“
”റോബിയും ഭാര്യയും മിസ്സിങ്ങാരുന്നല്ലോ ?“
”ആ... ആയിരുന്നു. അവരു രണ്ടാളും കൂടി നോർത്ത് ഇൻഡ്യായിലാ. ഞാൻ ഫ്ലൈറ്റ് റെക്കോർഡ്സ് ഒക്കെ ചെക്കു ചെയ്തു. ഇതുവരെ തിരിച്ചെത്തിയിട്ടില്ല. ഇന്നു ഉച്ച തിരിഞ്ഞ് 2 മണിക്കുള്ള ബാംഗ്ലൂർ ഫ്ലൈറ്റിൽ ഒരു റോബിയും നീനയും വരുന്നുണ്ട്. അവരു തന്നെയാകണം. എത്തിക്കഴിഞ്ഞിട്ട് പിന്നെ നീയുമായി സംസാരിച്ച് ഒരു തീരുമാനമെടുക്കാമെന്നു കരുതി ഞാൻ.“
“അതിനിപ്പൊ നിനക്കെന്തിനാ എന്റെ കൺഫർമേഷൻ ? അവൻ ഗില്റ്റിയാണെന്നു നിനക്കു തോന്നുന്നുണ്ടെങ്കിൽ അറസ്റ്റു ചെയ്യുക. കൂടുതൽ ചിന്തിക്കുകയേ വേണ്ട! ജസ്റ്റ് ടെയ്ക്ക് ഹിം ഇൻ. ഞാനായിരുന്നെങ്കിൽ അവനെ വെറുതേ വിടുമെന്നു തോന്നുന്നുണ്ടോ നിനക്ക് ?”
“അതല്ല, നിങ്ങൾ ഇത്ര ക്ലോസ് ഫ്രണ്ട്സ് ആയ സ്ഥിതിക്ക്...”
“നീ പറഞ്ഞ സത്യാണെങ്കി നിതീ, അവനെ ഞാൻ ചവിട്ടി എല്ലൊടിക്കും. ഇത്രേം കൊല്ലം, തോളേ കയ്യിട്ടു നടന്നിട്ട് ...” മാത്യൂസ്സ് പല്ലു ഞെരിച്ചു.
“നീ ആവേശപ്പെടല്ലേ മത്തായി! അന്നത്തെ ഹിപ്നോട്ടിക്ക് സെഷനിൽ സാന്ദ്രയുടെ മൊഴി പ്രകാരം, റോബിയല്ല, അവളെ കൊന്നിരിക്കുന്നത്. അല്ലേ ?”
“അതായ്ക്കോട്ടെ, പക്ഷേ ഇവൻ ഇങ്ങനൊരു പാസ്റ്റ് ഉണ്ടായിട്ടും ഇന്നു വരെ എന്നോടു പറയാതെ ഒളിച്ചു കൊണ്ടു നടന്നെങ്കിൽ, സംതിങ്ങ് ഈസ് റോങ്ങ്. എന്തായാലും നീ അവനെ പൊക്ക്. ഞാൻ ഇവിടുന്നൊന്നു ചാടാൻ പറ്റുവോന്നു നോക്കട്ടെ.”
“പൊക്കിയാലും, മാക്സിമം ഒരു ദിവസമല്ലേ അകത്തിടാനൊക്കൂ. ആത്മാവിന്റെ മൊഴി കാണിച്ച് കേസാക്കാൻ പറ്റില്ലല്ലോ.”
“ഉം... നന്നായിട്ടൊന്നു ചോദ്യം ചെയ്യവനെ. സത്യമാണെങ്കി പഠിച്ച കള്ളനാ അവൻ. പിന്നെ...വേറൊരു കാര്യം കൂടി എനിക്കിപ്പൊ ഓർമ്മ വന്നു...”
“എന്താ ?”
“വിശദമായിട്ട് ഞാൻ പിന്നെ പറയാം... അവനു പണ്ട് ചില സൂപ്പർ നാച്ച്വറൽ അനുഭവങ്ങളുണ്ടായിട്ടുണ്ട്...അവന്റെ വീട്ടിൽ ടീവിക്കു തീപിടിക്കുകയോ മറ്റോ...ഇപ്പൊ എനിക്കിതൊക്കെ കൂട്ടി വായിക്കാനാ തോന്നുന്നത്.”
“ഓക്കേടാ.. നിന്റെയൊരു ഗ്രീൻ സിഗ്നൽ കിട്ടിയാൽ ഉടനേ പ്രൊസീഡ് ചെയ്യാനിരിക്കുവാരുന്നു ഞാൻ. പിന്നെ, നീ ചാടിപ്പെടഞ്ഞ് ഇങ്ങോട്ടു പുറപ്പെടണ്ട, ചുമ്മാ എസ് പീ യെ പിണക്കണ്ട. പോരാത്തേന് റെജി ശരിക്കും ആക്റ്റീവാ. അവൻ രണ്ടു ദിവസം മുൻപ് അവിടെ ഏതോ അനാഥ മന്ദിരത്തിൽ ചെന്നിരുന്നത്രേ. അവിടത്തെ മാനേജരച്ചനെ തലക്കടിച്ചു വീഴ്ത്തിയെന്നാണു പറയുന്നത്.”
“ഉം. ഞാൻ കേട്ടു. പക്ഷേ മോനേ, എനിക്കു മടുത്തു ഈ കോപ്പിലെ പരിപാടി. ഞാൻ ഇറങ്ങാൻ പോകുവാ. ഇതിപ്പൊ നീ ഈ റോബീടെ കാര്യോം കൂടി പറഞ്ഞപ്പൊ ഒള്ള സമാധാനോം കൂടെ പോയി. ഞാനിറങ്ങുവാ. വൈകിട്ടവടെയെത്താം.”
“നീ ഇങ്ങു വന്ന് ആ ദേഷ്യത്തിന് ചെലപ്പോ, റോബിയെ പിടിച്ചു വെല്ലോം ചെയ്യും. എനിക്കതാ പേടി. ഞാൻ അവസാനം വെള്ളം കുടിക്കണ്ടി വരും.”
“അതോർത്തു നീ പേടിക്കണ്ട. ഞാൻ അവനെ തൊടൂല്ല. അവനു പറയാനുള്ളതൊന്നു കേൾക്കണമെനിക്ക്. അവന്റെ വായീന്നു തന്നെ. അത്രേയുള്ളൂ.
മാത്യൂസ് ഫോൺ കട്ടു ചെയ്തു
അപ്പോഴതാ ഭാര്യ എഴുന്നേറ്റ് വാതിൽ അടച്ചു ലോക്ക് ചെയ്തു.
“അച്ചായനെങ്ങോട്ടും പോകുന്നില്ല!”
“എടി പെണ്ണേ നീ കാര്യം വല്ലതും അറിഞ്ഞോ ?”
“അറിഞ്ഞതുകൊണ്ടാണല്ലോ. വെറുതേ എന്തിനാ അച്ചായാ ആ പ്രാന്തന്റെ തോക്കിനു മുൻപിലേക്കേറങ്ങി പോകുന്നേ ? …ഞാനും പിള്ളേരും...”
“നീയൊന്നു മിണ്ടാതിരി ലിൻഡ. ചാവാനാണെങ്കി ഇപ്പൊ റെജി വേണോ ? ദാ ആ കുളി മുറീലൊന്നു തെന്നി വീണാലും പോരേ ? ഞാൻ ഒന്നു ഓടിച്ചെന്ന് കാര്യങ്ങൾ അന്വേഷിച്ചേച്ച് വേഗം വരാം. നീയും പിള്ളേരും വാതിലടച്ചു കെടന്നോ.”
കൂടുതൽ സംസാരിച്ചിട്ടു പ്രയോജനമില്ലെന്ന് ലിൻഡക്കറിയാം.
“മറക്കരുതു കേട്ടോ അച്ചായാ. ഒരു നന്ദീമില്ലാത്ത പണിയാ ഈ പോലീസു പണി. അച്ചായൻ ഈ ഓട്ടം മുഴുവനും ഓടീട്ട് അവസാനം...“
”ചെയ്യുന്ന പണി നല്ല വൃത്തിയായി ചെയ്യുക എന്നേയുള്ളൂ. റിവാർഡൊന്നും നോക്കിയല്ല ഇതൊക്കെ ഞാൻ ചെയ്യുന്നെ. നീ മാറ്.“
അയാൾ പിന്നൊന്നും സംസാരിക്കാൻ നിന്നില്ല. ലിൻഡ കരയാൻ തുടങ്ങിയിരുന്നു. പക്ഷേ, മാത്യൂസിനതൊന്നും ശ്രദ്ധിക്കാനേ തോന്നിയില്ല. അയാളുടെ മനസ്സു നിറയെ റോബി ആയിരുന്നു. അവൻ ഇത്ര വലിയൊരു ചതിയനാണെങ്കിൽ, അവനെ അറസ്റ്റു ചെയ്യുന്നത് താനായിരിക്കണം എന്നൊരു ചിന്ത അയാളുടെ ഉള്ളിൽ കിടന്നു വിങ്ങി.
***** ***** ***** ***** ***** ***** ***** *****
നെടുംബാശ്ശേരി എയർ പോർട്ട് – Same Day 3PM
“ഹെലോ!!” പരിചിതമായൊരു ശബ്ദം കേട്ട് റോബി തിരിഞ്ഞു. വീട്ടിലേക്ക് ഒരു ടാക്സി ബുക്ക് ചെയ്യാൻ നില്ക്കുകയായിരുന്നു അയാൾ.
“ഞാൻ നിതിൻ.” ഭംഗിയുള്ള ഒരു ചിരിയോടെ, അഭിമുഖമായി തിരിഞ്ഞു നില്ക്കുകയാണ് സുമുഖനായൊരു ചെറുപ്പക്കാരൻ.
“എനിക്കറിയാം. ------- എസ് ഐ അല്ലെ ? ഞാൻ മുൻപു കണ്ടിട്ടുണ്ട്. മാത്യൂസിന്റെ വീട്ടിൽ വെച്ച്.” റോബിയും ചിരിച്ചു. “ എന്താ ഇവിടെ ?”
“നീന എവിടെ ?” നിതിൻ അതു ചോദിച്ചു തീർന്നപ്പോഴേക്കും, നീനയും അവിടെ എത്തിച്ചേർന്നു.
“നിങ്ങൾക്ക് സ്പെഷ്യൽ പ്രൊട്ടക്ഷൻ ഏർപ്പാടു ചെയ്തിട്ടുണ്ട്. സദാ സമയവും ഒരു പോലീസ് ഓഫീസർ നിങ്ങടെ വീട്ടിലുണ്ടാകും. ഇവിടുന്നുള്ള യാത്ര പോലീസ് വണ്ടിയിൽ മതി. ബികോസ്... നിങ്ങളറിഞ്ഞിട്ടുണ്ടോ എന്നറിയില്ല. റെജി കേരളത്തിലെത്തിയിട്ടുണ്ട്. ലിസ്റ്റിലുള്ള ഒരാളെ ഓൾറെഡി തീർത്തു അവൻ. മി. ബെന്നിയെ.”
“ഓ മൈ ഗോഡ്!” നീന ഭയന്ന് മുഖം പൊത്തി.
“ഒന്നു കൊണ്ടും പേടിക്കണ്ട. നീന ഒരു ജീപ്പിൽ നേരേ വീട്ടിലേക്കു പൊയ്ക്കോളൂ. അവിടെയെത്തി എല്ലാം സേഫ് ആണെന്നുറപ്പു വരുത്തിയിട്ടേ പോലീസ് പോകൂ. ഞാനും റോബിയും കൂടി എന്റെ വണ്ടിയിൽ എന്റെ സ്റ്റേഷനിലേക്കു പോകും. എനിക്കു മി. റോബിയോട് ചില കാര്യങ്ങൾ ചോദിക്കാനുണ്ട്.”
“അം...അതു വേണ്ട നിതിൻ... ഞാനും നീനയും ഒരുമിച്ച്...”
“തിരിച്ചിങ്ങോട്ടൊന്നും പറയരുത് പ്ലീസ്.” നിതിന്റെ സംസാരത്തിന്റെ ടോൺ മാറിയത് റോബി ശ്രദ്ധിച്ചു. “നീ ഇപ്പൊ എന്റെ കൂടെ വന്നേ മതിയാകൂ. നീന സേഫ് ആയി വീട്ടിലെത്തിക്കോളും.“
”നോ വേ!“ റോബിയുടെ ഭാവം മാറി. ”തനിക്കെന്നോട് എന്തു ചോദിക്കണമെങ്കിലും എന്റെ വീട്ടിൽ വെച്ചു ചോദിച്ചോളൂ. ഐ ഡോണ്ട് കെയർ. പക്ഷേ, നീന എപ്പൊഴും എന്റെ കൂടെ വേണം. അല്ലാതെ വേറൊരു ഓപ്ഷൻ ചിന്തിക്കുകയേ വേണ്ട. എനിക്കു മാത്രമായിട്ടങ്ങനെ ഒരു പ്രത്യേക പ്രൊട്ടക്ഷൻ വേണ്ട.“
പെട്ടെന്നായിരുന്നു നിതിന്റെ മുഖത്തെ ആ സൗഹൃദ ഭാവം അപ്രത്യക്ഷമായത്.
“മിസ്റ്റർ റോബീ തരകൻ! യൂ ആർ അണ്ടർ അറസ്റ്റ്!!! എന്റെ കയ്യിൽ പേപ്പേഴ്സുണ്ട്. വാറണ്ടുണ്ട്. കയ്യിലിട്ടു തരാൻ ദേ ഇതുമുണ്ട്.” അയാൾ പോക്കറ്റിൽ നിന്നും ഒരു വിലങ്ങ് എടുത്തു കാട്ടി. “മൊട കാണിക്കരുത്. മാത്യൂസ് അല്ല ഞാൻ. ഇനിയിപ്പോ മാത്യൂസ്സ് ആണെങ്കി തന്നെ, അവനും ഇതൊക്കെ തന്നെയേ ചെയ്യൂ. ചെലപ്പൊ ഇവിടെ ഇട്ടു നിന്നെ അവൻ തല്ലി തല പൊളിക്കും. സോ, മര്യാദക്ക് വന്നു വണ്ടിയേ കേറിക്കൊ.”
അപ്പോഴേക്കും ആളുകൾ ശ്രദ്ധിച്ചു തുടങ്ങിയതു കണ്ട നിതിൻ പെട്ടെന്നു തന്നെ റോബിയെ തോളിൽ കയ്യിട്ട് അവിടെ നിന്നും മാറ്റിക്കൊണ്ടു പോയി.
“എനിക്കൊന്നും മനസ്സിലാകുന്നില്ല സർ!!” നീന വിങ്ങിപ്പൊട്ടിക്കൊണ്ട് കൂടെ നടന്ന് അവരോടൊപ്പം എയർ പോർട്ടിനു വെളിയിലെത്തി.
“നീന കഷ്ടപ്പെട്ട് പോയി വക്കീലിനെ കാണാനും ജാമ്യമെടുക്കാനുമൊന്നും നിക്കണ്ട. ജസ്റ്റ് വൺ ഡേ. നാളെ ഞാൻ റോബിയെ തിരിച്ചു കൊണ്ടെയാക്കിക്കോളാം. എനിക്കു ചില കാര്യങ്ങൾ അറിയാനുണ്ട്. അത്ര മാത്രം. റോബി സഹകരിച്ചാൽ, ചിലപ്പോ ഇന്നു തന്നെ ഞാൻ അവനെ തിരിച്ചു വീട്ടിലാക്കിക്കോളാം. ഓക്കേ ?” നിതിൻ ഒരു വനിത പോലീസുകാരിയെ കണ്ണു കാണിച്ചു. അവർ വേഗം വന്ന്, നീനയെ പിടിച്ച് പോലീസ് ജീപ്പിലേക്കു കയറ്റി.
പിന്നീട് നിതിൻ റോബിയുമായി തന്റെ ജീപ്പിലേക്കു നടന്നു.
“ഒരു തരത്തിൽ പറഞ്ഞാൽ, ഇതു നന്നായി.” റോബി ആത്മഗതം പോലെ പറഞ്ഞു. “ഞാൻ നിതിനെ അങ്ങോട്ടു വന്നു കാണാനിരിക്കുവാരുന്നു. ഇത്ര ഡ്രമാറ്റിക്ക് ആയിട്ട് എന്നെ അറസ്റ്റു ചെയ്തോണ്ടു പോവണ്ട യാതൊരു കാര്യോമുണ്ടായിരുന്നില്ല.”
“മിണ്ടാതെ വണ്ടിയിൽ കേറൂ റോബി.” നിതിൻ വളരെ പരുക്കനായി മാറിയിരുന്നു.
***** ***** ***** ***** ***** ***** ***** *****
അന്നു വൈകിട്ട് 7:00 PM
നീന ആകെ അസ്വസ്ഥയായിരുന്നു. എന്താണുണ്ടായതെന്ന് അവൾക്കു യാതൊരു രൂപവും കിട്ടിയില്ല. റോബിയെ അറസ്റ്റു ചെയ്യാനും മാത്രം അവൻ എന്തെങ്കിലും ഒരു കുറ്റ കൃത്യം ചെയ്തിരിക്കുമെന്ന് ചിന്തിക്കാൻ പോലുമാകുന്നില്ല.
അപ്പോൾ കോളിങ്ങ് ബെല്ല് അടിച്ചു. പുറത്തു കാവൽ നിന്നിരുന്ന പോലീസു കാരനാണ്.
“മാഡം, ഒന്നും വിചാരിക്കരുത്...ഇതിപ്പോ, ഞാൻ മാത്യൂസ് സാർ പറഞ്ഞതുകൊണ്ടു മാത്രം ഇങ്ങനെ വന്നു നില്ക്കുന്നതാ. മാഡത്തിന് പ്രൊട്ടക്ഷൻ ഒന്നും ഒഫീഷ്യലായിട്ട് ഏർപ്പാടാക്കിയിട്ടില്ല. റോബി സാറിനു മാത്രേ ഉള്ളൂ. അങ്ങേരാണെങ്കി ഇപ്പൊ കസ്റ്റഡീലാണല്ലോ. ഞാനിവിടെ ചുമ്മാ നിന്നിട്ടിപ്പോ...”
“തനിക്കു പോണെങ്കി പൊയ്ക്കോളൂ...”
“താങ്ക് യൂ മാഡം. എന്റെ കൊച്ചിന് നല്ല സുഖമില്ലേ... അതാണ്. ” അയാൾ തല ചൊറിഞ്ഞു. “മാത്യൂസ് സാറ് സ്ഥലത്തില്ല. അങ്ങേരു വരുമ്പോ ഇനി മാഡം ഇത് പുള്ളിയോട് പറയാൻ നില്ക്കരുത്.”
“ആയ്ക്കോട്ടെ. നോ പ്രൊബ്ളം.” അവൾ വാതിലടച്ചു.
അതൊന്നും അവളെ സംബന്ധിച്ച് ഒരു പ്രശ്നമേ ആയിരുന്നില്ല. റോബിയുടെ അറസ്റ്റാണവളെ വേട്ടയാടിക്കൊണ്ടിരിക്കുന്നത്. മാത്യൂസിനെ വിളിച്ചിട്ട് ആ ഫോൺ നംബർ ഡിസ്കണക്റ്റഡ് ആണെന്നാണ് പറയുന്നത്.
അല്പ്പ സമയം കൂടി കഴിഞ്ഞപ്പോൾ അവൾക്കു ചെറിയ ഭയം തോന്നിത്തുടങ്ങി. ആ വലിയ വീട്ടിൽ തനിച്ചാണല്ലോ. വളരെ പെട്ടെന്ന് ഇരുട്ടായ പോലെ തോന്നി. അവൾ നടന്ന് എല്ലാ മുറികളിലേയും, പുറത്തേയും ലൈറ്റുകൾ ഓൺ ചെയ്തു. ദൂര യാത്രക്കു പോയപ്പോൾ പട്ടികളെ ഒരു നായ് സൂക്ഷിപ്പു കാരനെ ഏല്പ്പിച്ചിരുന്നു. അല്ലെങ്കിൽ, ഒരു ചെറിയ അനക്കമുണ്ടായാൽ പോലും അവർ അറിയിച്ചേനേ.
ഒടുവിൽ ഏതാണ്ട് എട്ടരയോടു കൂടി അവൾ ബെഡ് റൂമിലെത്തി. കുളിച്ച് ഡ്രസ്സ് മാറി കിടക്കയിലേക്കു ചാഞ്ഞു.
നിറഞ്ഞ കണ്ണുകളോടെ അവൾ അവിടെ കിടന്നു പ്രാർത്ഥിക്കാൻ തുടങ്ങി. ശബ്ദമില്ലാതെ അവൾ മനമുരുകി പ്രാർത്ഥിച്ചുകൊണ്ടിരുന്നു. അവസാനമില്ലാത്ത പ്രാർത്ഥന.
അല്പ്പം കഴിഞ്ഞപ്പോൾ അവൾ തിരിച്ചറിഞ്ഞു, തനിക്ക് വല്ലാത്തൊരു മന:ശക്തി കിട്ടിയിരിക്കുന്നു. തുടർച്ചയായുണ്ടായ തിക്താനുഭവങ്ങൾ കൊണ്ടായിരിക്കണം, എന്തും നേരിടാനുള്ള ഒരു കഴിവു താൻ ആർജ്ജിച്ചിരിക്കുന്നു.
അപ്പോഴാണവൾ ആ ശബ്ദം കേട്ടത്... ആരോ വിളിക്കുന്ന പോലെ. വളരെ ശബ്ദം താഴ്ത്തി ആരോ അവളെ വിളിക്കുന്നു.
“ചേട്ടത്തീ...”
അവൾ നടുങ്ങി ചാടിയെണീറ്റ് ചുറ്റും നോക്കി. ആരെയും കാണാനില്ല.... ഒടുവിൽ തോന്നലായിരിക്കുമെന്നു കരുതി വീണ്ടും ബെഡിലേക്കു ചാഞ്ഞപ്പോൾ, അവളുടെ കൈ, തൊട്ടടുത്ത് പുതപ്പിനടിയിൽ എന്തിലോ തടഞ്ഞു.
ഞെട്ടി കൈ വലിച്ച അവൾ കണ്ടു.
പുതപ്പിനടിയിൽ...പുഞ്ചിരിച്ചു കൊണ്ട് അവളോടൊപ്പം കിടക്കുകയായിരുന്നു അയാൾ!
“ചേട്ടത്തിയമ്മേ!” പുഞ്ചിരിയോടെയാണയാൾ വിളിക്കുന്നത്.
തൊണ്ടയിലെ മുറിവു കൊണ്ടാണോ എന്നറിയില്ല, അയാളുടെ സ്വരത്തിന് വല്ലാത്ത പതർച്ച ഉണ്ടായിരുന്നു.
(തുടരും...)

Biju n Alex
1
( Hide )
  1. Wow !!! How thrilling!! Somewhat like Sidney Shelton's novels

    ReplyDelete

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo