Slider

കഥയിലെ രാജകുമാരി - അദ്ധ്യായം 1

0
കഥയിലെ രാജകുമാരി - അദ്ധ്യായം 1
🍂🍁🍂🍁🍂🍁🍂🍁🍂🍁🍂🍁🍂🍁
"പേരില്ലാ രാജ്യത്തെ രാജകുമാരി......
അതിരില്ലാ രാജ്യത്തെ രാജകുമാരാ......
ആരോരും കാണാതെന്‍ അരികെ വരാമോ....
അരികില്‍ ഞാന്‍ വന്നാല്‍ ഇന്നെന്തു തരും നീ.....
ലല ലാലലാലലാ ലാല......"
ദിയ മനസ്സിൽ വീണ്ടും വീണ്ടും ആ നാലുവരി തന്നെ പാടിക്കൊണ്ടേയിരുന്നു.
ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും അമ്മയുടെ തറവാട്ടിലേക്ക് എത്തുന്നതിന്റെ സന്തോഷം അവളുടെ മുഖത്ത് തെളിഞ്ഞു നിന്നിരുന്നു. ബാംഗ്ലൂരിൽ നിന്നും ആലപ്പുഴയിലേക്കുള്ള ബസ് യാത്ര അവളെ വല്ലാതെ മടുപ്പിച്ചിരുന്നുവെങ്കിലും അമ്മയുടെ നാടായ കൈനകരിയിലേക്കുള്ള ബോട്ട് യാത്ര അവളിലെ ഊർജ്ജത്തെ തിരികെ കൊണ്ടുവന്നിരുന്നു.
ഇപ്പോൾ കൈനകരിയിലേക്ക് അരമണിക്കൂർ ഇടവിട്ട് ട്രാൻസ്‌പോർട്ട് ബസുകൾ ഉണ്ടെങ്കിലും കായൽ യാത്രയുടെ സുഖം നന്നായി അറിയാവുന്നതുകൊണ്ട് ദിയ കേരള വാട്ടർ ട്രാൻസ്‌പോർട്ടേഷന്റെ ബോട്ട് തന്നെ തിരഞ്ഞെടുത്തു.
ബോട്ട് യാത്രയുടെ ഗുണം എന്നു പറഞ്ഞാൽ തിരക്ക് കുറവായിരിക്കും. സ്ഥിരമായി പോകുന്ന കുറച്ച് ആൾക്കാർ മാത്രമേ ഉണ്ടാവൂ. അവർ ഒരു കുടുംബം പോലെയാണ്. ചിരിയും കളിയും.. വീട്ടുവിശേഷങ്ങൾ പങ്കുവെക്കലും.. ടൗണിൽ നിന്നും വാങ്ങിയ കപ്പലണ്ടിയും കടലയും പങ്കുവെച്ചു കഴിക്കലും... വർഷത്തിൽ ഒന്നേ വരികയുള്ളൂ എങ്കിലും ദിയക്കിതൊക്കെ പരിചിതമാണ്.
പിന്നെ യാത്രക്കാരായി ഉണ്ടാവുക കുറേ ടൂറിസ്റ്റുകളും. കൈനകരി ഇപ്പോൾ ടൂറിസ്റ്റുകളുടെ പ്രിയ കേന്ദ്രമാണ്. പുതിയ ഹൗസ് ബോട്ട് ടെർമിനൽ മഹാ സംഭവം ആണെന്നൊക്കെയാണ് ചിറ്റേടെ മകൾ നിത്യ കഴിഞ്ഞ തവണ ഫോണിൽ പറഞ്ഞത്. അതൊക്കെ കാണാനും കൂടിയാണ് ഈ യാത്ര.
കുറച്ചു മുൻപ് ബോട്ടിൽ നിന്നും ഇറങ്ങിയ കോളേജ് പിള്ളേർ ഉച്ചത്തിൽ പാട്ടൊക്കെ വെച്ചാണ് ഇരുന്നത്. മറ്റുള്ള യാത്രക്കാർ അത് ആസ്വദിക്കുകയും ചെയ്തിരുന്നു. അതിനിടയിൽ എപ്പോഴോ കേട്ട ഒരു പാട്ടിലെ നാല് വരികൾ ദിയയുടെ മനസ്സിൽ പതിഞ്ഞുപോയി. അവർ പോയതിനു ശേഷവും അവളുടെ മനസ്സ് ആ വരികൾ വീണ്ടും വീണ്ടും പാടുകയാണ്. ബാക്കി വരികളൊന്നും ഓർമയിൽ കിട്ടുന്നില്ല.. തുടക്കവും ഒടുക്കവും അറിയാത്ത ഒരു പാട്ടിന്റെ നാല് വരികൾ പാടുന്ന തന്റെ അനുസരണയില്ലാത്ത മനസ്സിനെയോർത്തു അവൾക്ക് ചിരി വന്നു.
ബോട്ട് മീനപ്പള്ളി കായലിലേക്ക് കടന്നപ്പോൾ നാലുവശത്തുനിന്നും കാറ്റ് വീശുവാൻ തുടങ്ങി. പരന്നു കിടക്കുന്ന വട്ടക്കായലാണത്... ചുറ്റിനും കേരവൃക്ഷങ്ങൾ അതിരിടുന്ന ചിറകൾക്കുള്ളിൽ നെൽച്ചെടിയുടെ പച്ചപ്പ്... പണ്ടൊരു മഹാമനുഷ്യൻ ചിറ കെട്ടി കായലിനെ പിടിച്ചൊതുക്കി വെള്ളം തേകി നിലമൊരുക്കി നെൽകൃഷി ചെയ്ത കഥ അമ്മൂമ്മ പറഞ്ഞു തന്നപ്പോൾ കണ്ണുമിഴിച്ചാണ് കേട്ടിരുന്നത്.
നീലപ്പട്ടു അലസമായി നിവർത്തിയിട്ട പോലെ നോക്കെത്താ ദൂരത്തോളം പരന്നു കിടക്കുന്ന വട്ടക്കായൽ. അതിൽ അവിടിവിടെയായി നിർത്തിയിട്ടിരിക്കുന്ന നിരവധി ഹൗസ് ബോട്ടുകൾ പൊട്ടുകൾപോലെ തോന്നി അവൾക്ക്. നീലക്കായലിന്റെ ഭംഗി തന്റെ കണ്ണുകൾ ആവോളം നുകർന്നുകൊണ്ടിരിക്കെ അമ്മൂമ്മയുടെ വാക്കുകൾ ഓർമ്മ വന്നു...
"കായലിലേക്ക് അധിക സമയം നോക്കി ഇരിക്കരുത് കുട്ടി.... അതിനൊരു വശ്യത ഉണ്ട്. നോക്കി ഇരിക്കെ അത് നമ്മെ മാടി വിളിക്കും. പാതി ബോധത്തിൽ അവളിൽ ചേർന്നലിയാൻ വെമ്പി നമ്മൾ വെള്ളത്തിലേക്ക് ചാടും.... ഒരു ചുഴിപോലെ ആഴങ്ങളിലേക്ക് അവൾ നമ്മെ വരിഞ്ഞു കൊണ്ടുപോകും..പിന്നെ മൂന്നാം പക്കമേ അവൾ നമ്മളെ തിരികെ വിടൂ..."
അതോടൊപ്പം കായലിലൂടെ ഒഴുകി നടക്കുന്നൊരു സ്ത്രീശരീരം അവളുടെ മനസ്സിലേക്ക് ഓടിയെത്തി..
"അമ്മ...."
ആ ഓർമ്മയിൽ അവളുടെ കണ്ണുകളിൽ ഒരു നനവ് പടർന്നു. അവൾ കണ്ണുകൾ അടച്ചിരുന്നു.
ബോട്ട് മുന്നോട്ടു നീങ്ങും തോറും തുറന്ന വശങ്ങളിലൂടെ നീർ മുത്തുകൾ അവളുടെ മുഖത്തേക്ക് തെറിച്ചു. ഒരു നനുത്ത സ്പർശം പോലെ അത് അവളുടെ മുഖത്തെ തഴുകിക്കൊണ്ടിരുന്നു. അവളുടെ മനസ്സപ്പോൾ ശൂന്യമായിരുന്നു. പാടിക്കൊണ്ടിരുന്ന പാട്ടും അവളിൽ നിന്ന് അകന്നു പോയിരുന്നു.
ഒരു ദീർഘനിശ്വാസത്തോടെ കണ്ണു തുറന്നപ്പോൾ ബോട്ട് വട്ടക്കായലിൽ നിന്നും വീതിയുള്ളൊരു ആറ്റുവഴിയെ തിരിഞ്ഞിരുന്നു. ഇരുവശങ്ങളിലും ഇപ്പോൾ വീടുകൾ കാണാം. ആറ്റിൽ കുളിക്കുന്ന കുട്ടികൾ...., തുണി അലക്കുന്ന സ്ത്രീകൾ..., വല വീശുന്ന പുരുഷന്മാർ..... ദിയ വീണ്ടും സന്തോഷവതിയായി.
മൂക്ക്‌ വിടർത്തി ആഞ്ഞു ശ്വാസം എടുത്ത അവൾക്ക് പെട്ടെന്ന് പുക നിറഞ്ഞ ബാംഗ്ലൂർ തെരുവുകൾ ഓർത്തു ശ്വാസം മുട്ടി. എങ്കിലും ആ പുകമറകൾക്കിടയിലൂടെ തന്നെ തേടിയെത്തുന്ന രണ്ടു വെള്ളാരം കണ്ണുകൾ ഓർത്തപ്പോൾ അവളിൽ വീണ്ടും പുഞ്ചിരി പടർന്നു.
ഇത്തവണ നാട്ടിലേക്കുള്ള വരവിന് ഒരു പ്രത്യേകത കൂടി ഉണ്ട്. അച്ഛനും രണ്ടാനമ്മയും, ആ ബന്ധത്തിൽ അവർക്കുണ്ടായ..., തന്നെ എപ്പോഴും "ബ്ലഡി സ്റ്റെപ് സിസ്റ്റർ" എന്നു വിശേഷിപ്പിക്കുന്ന ആറു വയസ്സിനു ഇളയ അനുജൻ ദർഷനും, ജീവനു തുല്യം സ്നേഹിക്കുന്ന കൂട്ടുകാരികളും അറിയാതെ കോളേജ് ജീവിതത്തിലെ അവസാന വർഷം മുഴുവൻ താൻ മനസ്സിൽ ഒളിപ്പിച്ച വെള്ളാരം കണ്ണുകളുടെ രഹസ്യം അമ്മ വീട്ടുകാരുടെ മുൻപിൽ ചുരുൾ നിവർത്തണം.
തന്റെ വെള്ളാരം കണ്ണുകൾ ഉള്ള കാമുകനെ കാട്ടികൊടുക്കുമ്പോൾ നിത്യയുടെ കണ്ണുകളിൽ തെളിയുന്ന അസൂയ...., അമ്മൂമ്മയുടെ കണ്ണുകളിലെ സന്തോഷം....., ചിറ്റയുടെ അത്ഭുതപ്പെട്ടുള്ള നിൽപ്പും..., ചിറ്റപ്പന്റെ മുഖത്തു ആളെ ഇഷ്ട്ടായി എന്ന സൂചകമായി തെളിയുന്ന സംതൃപ്തിയുടെ ചിരിയും ഓർത്തപ്പോൾ ദിയക്ക് വീട്ടിലെത്താൻ ധൃതിയായി.
തന്റെ ഇഷ്ട്ടങ്ങൾക്കൊക്കെ വിലകല്പിക്കുകയും അത് തനിക്കായി നേടിത്തരാനും അമ്മ വീട്ടുകാർ മാത്രമല്ലേ ഉളളൂ എന്ന ചിന്ത അവളിൽ സങ്കടം നിറച്ചില്ല. കാരണം തന്റെ നാലാം വയസ്സിൽ അമ്മ മരിച്ച ശേഷം ഉടൻ തന്നെ നടന്ന അച്ഛന്റെ രണ്ടാം വിവാഹത്തിന്റെ അന്നു തൊട്ടു അവളുടെ ആഗ്രഹങ്ങൾക്കോ ഇഷ്ട്ടങ്ങൾക്കോ അച്ഛൻ വിലകല്പിക്കാതെയായി.
വളർന്നു വരുംതോറും അമ്മയുടെ മുഖച്ഛായ കൂടുതൽ പ്രതിഭലിപ്പിക്കുന്നു എന്ന കാരണത്താൽ അച്ഛനും രണ്ടാനമ്മയും അവളെ കൂടുതൽ വെറുത്തു പോന്നു. ഓർമിക്കാൻ ഇഷ്ട്ടമില്ലാത്ത ഒരു ഭൂതകാലം ഓർമിപ്പിച്ചു തന്റെ ഛായ അവരെ അലോസരപ്പെടുത്തുന്നു എന്നവൾ പണ്ടേ മനസ്സിലാക്കിയിരുന്നു.
ആ ഭൂതകാലത്തിന്റെ കറുത്ത ഓർമ്മകൾ ദിയയിലും മങ്ങാതെ കിടപ്പുണ്ടെന്ന കയ്ക്കുന്ന രഹസ്യത്തിന് ദിയയുടെ ഓർമ്മകളോളം പഴക്കം. പക്ഷേ ദിയ ഇന്നും അത് ഓർക്കുന്നു എന്നുള്ള സത്യം വേറെ ആർക്കും അറിയില്ല. ആ ഭൂതകാലത്തിന്റെ ഓർമ്മ മനസ്സിൽ തടഞ്ഞുവെക്കുന്നതിന്റെ പ്രതിഫലം അവളുടെ ജീവനാണ്.
അവളുടെ മനസ്സപ്പോൾ നിശ്ചലമായ ഒരു പുഴയിലേക്ക് കല്ലു വീണപ്പോൾ ഉണ്ടാകുന്ന ഓളങ്ങൾ പോലെ അശാന്തമായിരുന്നു.
ബോട്ട് പോവുമ്പോൾ ഉണ്ടാകുന്ന കനത്ത ഓളങ്ങളിൽപ്പെട്ടു ഉലയാതെ തന്റെ കൊതുമ്പുവള്ളം തുഴയുടെ വിദഗ്ദ്ധമായ ചലനങ്ങളിലൂടെ നിയന്ത്രിക്കുന്ന വള്ളക്കാരനെ കണ്ടപ്പോൾ ദിയക്ക് തന്നെത്തന്നെ കാണുന്ന പോലെ തോന്നി. ഓർമ്മകളുടെ അശാന്തമായ ഓളങ്ങളിൽ വീണുലയാതെ തന്റെ മനസ്സിനെ നിയന്ത്രിക്കാൻ അവൾ മിടുക്കിയായിരുന്നു.
ദൂരെ ഒരു പള്ളിയുടെ കുരിശടയാളം പച്ചവിരിച്ച വൃക്ഷങ്ങൾക്കും തെങ്ങുകൾക്കും മീതേ കണ്ടുതുടങ്ങിയപ്പോൾ ദിയയുടെ ഹൃദയം സന്തോഷത്തിന്റെ പെരുമ്പറ കൊട്ടാൻ തുടങ്ങി. അവൾ ദേഹത്തിനു കുറുകെ തന്റെ പീച്ച് കളറിലെ സ്ലിങ് ബാഗ് എടുത്തു ഇട്ടു. ഒരു കയ്യുകൊണ്ട് പുറത്തു തൂക്കിയിടുന്ന ബാഗിലും മറു കയ്യുകൊണ്ട് തന്റെ ലഗ്ഗേജ് ബാഗിന്റെ പിടിയിലും അവൾ തെരുപ്പിടിച്ചു.
പ്രിയപ്പെട്ടവരുടെ അടുത്തേക്കുള്ള യാത്ര അവസാനിക്കാൻ ഇനി അല്പ സമയം കൂടി മാത്രം...
"ചാവറ ജെട്ടി ഇറങ്ങാനുള്ളവർ പോന്നേക്കു...." കാക്കിയിട്ട ബോട്ട് മാസ്റ്ററുടെ വിളിച്ചു പറയൽ കേട്ടതും അവൾ ബാഗുകളുമായി വാതിലിനടുത്തേക്ക് നീങ്ങി. ബോട്ടിന് നടുവിലെ എൻജിന്റെ ചുറ്റുമുള്ള തടികൊണ്ടുള്ള മറയിൽ പിടിച്ച് അവൾ എൻജിന്റെ വിറയലിനോടൊപ്പം തരിക്കുന്ന കാലുകൾ നിലത്തൂന്നി ജെട്ടിയിലേക്ക് നോക്കിക്കൊണ്ട് നിന്നു.
അവളുടെ മനസ്സപ്പോൾ മറന്നു പോയ വരികൾ വീണ്ടും പാടിത്തുടങ്ങിയിരുന്നു...
"പേരില്ലാ രാജ്യത്തെ രാജകുമാരി......
അതിരില്ലാ രാജ്യത്തെ രാജകുമാരാ......
ആരോരും കാണാതെന്‍ അരികെ വരാമോ....
അരികില്‍ ഞാന്‍ വന്നാല്‍ ഇന്നെന്തു തരും നീ.....
(തുടരും.....)

Revathy
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo