Slider

* ഒന്ന് ...രണ്ട്..മൂന്ന്..പത്ത് ..സാറ്റ്*

0
* ഒന്ന് ...രണ്ട്..മൂന്ന്..പത്ത് ..സാറ്റ്*
“ഒന്ന്..രണ്ട്..മൂന്ന്...........പത്തേ..! .ചിഞ്ചു...ഒളിച്ചോ ?!” അയാളും മോളും സാറ്റ് കളിക്കുകയാണ്.
വാതിലിന് പിറകിൽ കൂനിക്കൂടി നിൽക്കുന്ന മോളെ കണ്ടില്ലെന്നു ഭാവിച്ചു "എവിടെ...എവിടെ" എന്ന് പറഞ്ഞയാൾ മുറികളിലെല്ലാം തപ്പി നടന്നു. പിന്നെ, തല പുറത്തേക്കിട്ടു നോക്കുന്ന മോളെ പെട്ടെന്ന് വെട്ടിച്ചു നോക്കി " കണ്ടേ....സാറ്റ് ..." എന്നുറക്കെ വിളിച്ചുകൂവി. കുലുങ്ങിക്കുലുങ്ങി ചിരിക്കുന്ന മോളെ എടുത്തുയർത്തി അയാൾ ഉമ്മ വെച്ചു.
"ഇനി അച്ഛൻ ഒളിച്ചേ.. ഒന്നെ ..രണ്ടെ ..മൂന്നെ .... ......."
സാറ്റ് കളിക്കുന്ന അച്ഛനും മകൾക്കും ലോകത്തെവിടെയും ഒരേ ഭാവമായിരിക്കും. അയാൾ ചിന്തിക്കാൻ തുടങ്ങി.
"അച്ഛാ ....നിക്ക് വേഗം വലുതാവണം ..." മോൾ അയാളുടെ കഴുത്തിൽ കൈകൾ ചുറ്റി.
"അതെന്തിനാ കാന്താരി ? "
"അതേ...അനുചേച്ചി പോകുമ്പോലെ ക്കൂളിൽ പോണം..നിക്ക് മഞ്ഞ ബേഗാ വേണ്ടത് ട്ടാ അച്ഛാ .."
അപ്പോൾ ഒരു പത്തു വയസ്സുകാരൻ പാട വരമ്പിലിരുന്നു വെറുതെ ആകാശം നോക്കാൻ തുടങ്ങി. മേഘക്കൂട്ടങ്ങൾ ഒഴുകി നീങ്ങുമ്പോൾ കൂടെ കൂട്ടാൻ കാറ്റിനോട് പറയും...കാറ്റ് കുസൃതി കാട്ടി പിടി തരാതെ അവനെ വട്ടം കറക്കും. അപ്പോൾ അവൻ കാറ്റിനോട് കുറുമ്പ് കാണിച്ചു തോട്ടിലെ വെള്ളത്തിലേക്ക് എടുത്തു ചാടും.. തണുത്ത വെള്ളം മേലാകെ മൂടിക്കഴിയുമ്പോൾ കാറ്റ് വന്നു വീണ്ടും അവനെ ഇക്കിളിപ്പെടുത്തും... കാറ്റിനെ തോൽപ്പിക്കണമെങ്കിൽ വലുതാവണം.വലുതാവാൻ മീശ വേണമെന്ന് കൂട്ടുകാർ അവനോടു പറഞ്ഞിട്ടുണ്ട്. വീട്ടിലെത്തി ആരും കാണാതെ അച്ഛന്റെ മേശയിൽ നിന്ന് ബ്ലേഡ് എടുത്തു ചുണ്ടിനു മീതെ അങ്ങോട്ടും ഇങ്ങോട്ടും ഉരച്ചു..ചോര പൊടിഞ്ഞു…
അയാൾ മോളെ അസൂയയോടെ ഒന്ന് നോക്കി...പിന്നെ വേദനയോടെ .. .അയാൾ തന്നെ വാങ്ങിച്ച തൊങ്ങലുകളുള്ള ഇളം പച്ച ഞൊറിയുടുപ്പ് വലുതാവുന്നതായി അയാൾ കണ്ടു..പിന്നെ അവൾക്കൊരു ചിറക് മുളക്കുകയും ഒരു പുഞ്ചിരി മാത്രം പകരമായി തനിക്ക് തന്നു എങ്ങോ അവൾ പറന്നുപോകുകയും ചെയ്തു..
മോളെയും കൂട്ടി അയാൾ മുറ്റത്തെ തൈമാവിന്റെ ചുവട്ടിൽ നിന്നു.
"അച്ഛൻ അപ്പൂപ്പന്റെ കൂടെ സാറ്റ് കളിച്ചിട്ടുണ്ടോ ?"
പത്തു വയസ്സുള്ളപ്പോൾ അയാൾ നട്ട മാവാണ് അത്...അതിന്റെ ചില്ലകൾ ഇപ്പോൾ സ്വപ്നങ്ങൾ തേടി ആകാശത്തേക്ക് കയറിപ്പോവുകയാണ് - മണ്ണിലുള്ള വേരുകളെ മറന്നുപോയതുപോലെ.
"അപ്പൂപ്പൻ രാവിലെ വയലിലേക്ക് പോയാൽ വൈകുന്നേരമാവും വരാൻ..വന്നു കുളിച്ചു അമ്മുമ്മയുമായി കുറച്ചു നേരം വഴക്കടിക്കും.. പിന്നെ കുറച്ചു സമയം ചിരിക്കും..പിന്നെ ചോറ് തിന്നും. ..കിടക്കും ..വീണ്ടും പിറ്റേന്ന് ഇങ്ങിനെ തന്നെ.. "
അച്ഛൻ കർക്കിടക മഴയുമായി സാറ്റ് കളിക്കുന്നതിന്റെ നേർത്തൊരു നിഴൽ ചിത്രം അയാളുടെ ചുണ്ടിൽ പുഞ്ചിരിയായി പടർന്നു..
"അച്ഛാ...അമ്മ പറഞ്ഞത് എന്താന്നറിയോ?! അഞ്ചു ഉരുള ചോറ് തിന്നാൽ വേഗം വെല്താവുന്നാ...ഞാനേ വെല്തായാൽ അച്ഛന് ചോറും കറിയൂം വെച്ച് തരും ട്ടാ "
അയാൾ മനസ്സിൽ ചിരിച്ചു. തൈമാവിൻറെ ചില്ലകളും ചിരിച്ചു. അനിയത്തി പണ്ട് അച്ഛനോടും ഇത് പറഞ്ഞിരുന്നു..പഠിത്തം കഴിയുന്നത് വരെ അവൾ അടുക്കളയിൽ കയറിയിട്ടില്ല..പഠിത്തം കഴിഞ്ഞു കെട്ടിക്കൂട്ടി കൊണ്ടുപോകുന്നതിന് കുറച്ചു ദിവസം മുൻപ് അടുക്കളയിൽ പരിശീലന മുറകൾ ഏറെ നടന്നു..അച്ഛനന്നത് രുചിക്കാൻ സമയമില്ലായിരുന്നു.
-------------------
അച്ഛൻ മകളെ പ്രാപിച്ച കഥകൾ.... മകൾ അച്ഛനെ കാമിച്ച കഥകൾ - കാറ്റ് എന്നും ചീഞ്ഞ മണമാണ് പെട്ടെന്ന് കൊണ്ടുവന്നു തരിക.
രാവിൻറെ രൗദ്രതയോർത്തു ആരും നിലാവിനെ പ്രണയിക്കാതിരുന്നിട്ടില്ല
തിരകൾ വല്ലപ്പോഴും തകർക്കാൻ വരാറുണ്ടെന്ന് കരുതി കടലിനെ ആരും സ്നേഹിക്കാതിരുന്നിട്ടില്ല
അതുകൊണ്ട് -
തന്റെ വീടിന്റെ ജനൽപ്പാളികൾ തുറക്കുമ്പോൾ എന്നും മകളുടെ മുഖം തെളിയുന്ന ഒരു സ്വപ്നം അയാൾ കരുതിവെക്കട്ടെ.
വേറെ വീട്ടിൽ നിന്ന് 'വലിയ' പെൺകുട്ടിയായി വല്ലപ്പോഴും പിതാവിനെത്തേടി വരുമ്പോൾ അവളെ പൂമുഖത്തു ചെന്ന് കൈ പിടിച്ചു ചേർത്തണച്ചു നിർത്തട്ടെ, നിറുകയിൽ ഉമ്മവെക്കട്ടെ....വീണ്ടും വീണ്ടും ഉമ്മ വെക്കട്ടെ. അയാളുടെ സ്നേഹക്കണ്ണീര് അവളുടെ കവിളിൽ ഒഴുകട്ടെ.. ..മെല്ലെയവൾ നക്ഷത്രക്കണ്ണുള്ള, കുഞ്ഞുടുപ്പിട്ട മകളായി മാറട്ടെ. എന്നിട്ടവൾ അച്ഛനോട് പറയട്ടെ
"ഒന്ന്...രണ്ട്..മൂന്ന്.....പത്തേ...അച്ഛാ ..ഒളിച്ചോ ? "
----------
"..അച്ഛാ...അയ്യേ...ആച്ഛനെന്താ കരയുന്നെ...?!"
കാരണമില്ലാതെ കരയുന്നത് കണ്ടപ്പോൾ മോൾ അയാളുടെ കവിളിൽ വിരലോടിച്ചു, പിടിച്ചു നിർത്തിയിരുന്ന കണ്ണീർ അവളുടെ കവിളിനെ തലോടി. പിന്നെയവിടെ നാലു കണ്ണുകൾ ഒറ്റ പുഴയായി ഒഴുകാൻ തുടങ്ങി..
മക്കൾ ആകാശത്തിന്റെ ചെരുവിലേക്ക് പറക്കാൻ ചിറകുകൾ തുന്നികൊണ്ടിരുന്നപ്പോൾ പിതാക്കൾ അവരുടെ കുസൃതിക്കണ്ണുകളിലേക്ക് തങ്ങളുടെ ലോകത്തെ ചുരുട്ടി വെച്ചു കീഴടങ്ങി. ഒരാളുടെ സ്വപ്‍നം വേറൊരാൾക്ക് സ്വന്തമാക്കാൻ കഴിയില്ല.. മകൾക്ക് മകളുടെ സ്വപ്നമുണ്ട്...അതിന്റെ അവകാശി അവളാണ് പിതാവിന്റെ സ്വപ്നം പിതാവിന്റേത് മാത്രമാണ്.. നഷ്ടമാവുന്നു എന്നത് തോന്നൽ മാത്രമാണ്..സത്യത്തിൽ ഇരുവരും നേടുകയാണ് - സ്നേഹം എന്ന കടൽ
അപ്പോൾ , ദൂരെ ദൂരെ പല ദിക്കുകളിൽ കൊച്ചു പെൺകുട്ടികളും അവരുടെ പിതാക്കളും സാറ്റ് കളിച്ചു കൊണ്ടിരുന്നു - മലഞ്ചെരുവുകളിൽ, പുഴയോരങ്ങളിൽ, വയലേലകളിൽ, മരുപ്പച്ചകളിൽ, പട്ടണ നടുവിൽ, ബോംബുകൾ വർഷിക്കുന്ന പുരാതന നഗരികളിൽ, മലവും മൂത്രവും തളം കെട്ടി നിൽക്കുന്ന ഗല്ലികളിൽ... തീർത്തും ആഹ്ലാദത്തോടെ, നിസ്വാർത്ഥരായി...
അച്ഛന്റെ മകളാണ് -
ഒരു പുരുഷൻ മറ്റൊരു പുരുഷന് വേണ്ടി കണ്ണ് ചിമ്മാതെ കാത്തുസൂക്ഷിക്കുന്ന ഭൂമിയിലെ അമൂല്യമായ ഒരേ ഒരു നിധി.
(ഹാരിസ്)
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo