Slider

സ്നേഹം

0

സ്നേഹം
######
ഹായ് അമ്മ ഇന്ന് നേരത്തെ വന്നോ???! കുഞ്ഞാറ്റ ബാഗ് വലിച്ചെറിഞ്ഞു റൂമിലേയ്ക്ക് ഓടി. സാധാരണ അവൾ സ്കൂളിൽ നിന്ന് വരുമ്പോൾ അമ്മിണിയമ്മ മാത്രേ വീട്ടിൽ കാണാറുള്ളു. അമ്മയ്ക്കും പപ്പയ്ക്കും തിരക്കായതു കാരണം കുഞ്ഞാറ്റയെ നോക്കാനായി നിർത്തിയിരിക്കുന്നതാണ് അമ്മിണിയെ.
കുഞ്ഞാറ്റ സ്കൂളിൽ നിന്ന് വരുന്നതുമുതൽ വൈകിട്ട് അവളുടെ അമ്മ ജോലി കഴിഞ്ഞു വരുന്നത് വരെയാണ് അമ്മിണിയുടെ ജോലി സമയം. ചില ദിവസങ്ങളിൽ അമ്മിണിയുടെ ഭർത്താവ് ദിവാകരനും അവിടെ വരും. കാരണം കുഞ്ഞാറ്റയുട അച്ഛനും അമ്മയും വരാൻ താമസിയ്ക്കും. അപ്പൊ അമ്മിണിയെ കൂട്ടികൊണ്ട് പോകാൻ വരുന്നതാണ്. അവരുടെ വീട്ടിലേക്ക് കുഞ്ഞാറ്റയുടെ വീട്ടിൽ നിന്ന് നടന്നു പോകാനുള്ള ദൂരമേ ഉള്ളു.
കുഞ്ഞാറ്റ സന്തോഷത്തോടെ ഓടി അമ്മയുടെ മുകളിലേക്ക് കയറി.രാധിക ഞെട്ടി ഉണർന്നു. കുഞ്ഞാറ്റയെ കെട്ടിപിടിച്ചുകൊണ്ട് പറഞ്ഞു
" കുഞ്ഞാറ്റ വന്നോ? അമ്മയ്ക്ക് സുഖമില്ല മോള് അമ്മിണിയമ്മയോടൊപ്പം പോയിരിയ്ക്കൂട്ടോ അമ്മ ഒന്ന് ഉറങ്ങട്ടെ".
രാധിക കണ്ണുകളടച്ചു കിടന്നു. ഓഫീസിൽ നിന്ന് വന്ന് നേരെ കട്ടിലിലേയ്ക്ക് കിടക്കുകയായിരുന്നു. ഒന്ന് മയങ്ങി തുടങ്ങിയപ്പോഴാണ് കുഞ്ഞാറ്റ വന്നത്. ഇന്നലെ രാത്രീയിലും രാജീവുമായി വഴക്കായിരുന്നു. കുഞ്ഞിനെ ഓർത്താണ് ഇത്രയും നാൾ എല്ലാം സഹിച്ചത്. പക്ഷേ ഇനിയും സഹിക്കാൻ വയ്യ. എന്നെയും കുഞ്ഞിനേയും വേണ്ടാത്തൊരാളെ ഞാനെന്തിന് സഹിക്കണം. ആകെ ടെൻഷൻ ആയാണ് രാവിലെ ഓഫീസിലേയ്ക്ക് പോയത്. അവിടെ അതിലും വലിയ തലവേദനകൾ. എല്ലാം കൂടെ സഹിക്കാൻ പറ്റാതായപ്പോ നേരത്തെ ഇറങ്ങി. അപ്പോ തന്നെ കുറെ വഴക്കു കേട്ടു ഇനി നാളെ ചെല്ലുമ്പോൾ ബാക്കിയും കിട്ടും. രണ്ടും കൽപ്പിച്ചു ഇങ്ങു പൊന്നു. എവിടെയെങ്കിലും ഒന്ന് കിടക്കണമെന്നു മാത്രേ ചിന്തിച്ചുള്ളൂ. കുഞ്ഞാറ്റ കുലുക്കി വിളിക്കുമ്പോഴാണ് രാധിക ചിന്തകളിൽ നിന്ന് ഉണർന്നത്.
ഇതുവരെ പോയില്ലേ നീ??
രാധിക വേഗം അവളെ കട്ടിലിനു താഴെ നിർത്തി അമ്മിണിയെ വിളിച്ചു.
"ചേച്ചി ഇവളെ അപ്പുറത്തു കൊണ്ട് പോയേ....".
ഇല്ല.... ഞാൻ പോവൂല്ല...
ഇന്ന് അമ്മയെനിക്ക് എല്ലാം ചെയ്തു തരണം.
എന്നും അമ്മിണിയമ്മ അല്ലെ ചെയ്യാറ്.
ഇന്നാള് അമ്മ പറഞ്ഞല്ലോ നേരത്തെ വരുന്ന ദിവസം അമ്മയെന്നെ കുളിപ്പിക്കും കഴിക്കാൻ തരും ഒരുപാട് കളികൾ നമ്മൾ ഒന്നിച്ചു കളിക്കും എന്നൊക്കെ...
അമ്മ ചെറുപ്പത്തിൽ കളിച്ച കളിയൊക്കെ ഇന്നെനിക്കു പറഞ്ഞു തരണം.
ഇന്നമ്മ നേരത്തെ വന്നല്ലോ?
ന്നെ പറഞ്ഞു പറ്റിക്കാൻ നോക്കേണ്ടാട്ടോ.
അമ്മേ വാ മ്മേ പ്ലീസ് അമ്മേ....
കുഞ്ഞാറ്റ രാധികയുടെ കയ്യിൽ പിടിച്ചു വലിച്ചു ചിണുങ്ങാൻ തുടങ്ങി. രാധികക്ക് ദേഷ്യം വന്നു. കുഞ്ഞാറ്റയെ ദേഷ്യത്തോടെ പിടിച്ചുമാറ്റി കയ്യിലൊരു അടിയും കൊടുത്തു.
അല്ലെങ്കിൽ തന്നെ ആവിശ്യത്തിന് തലവേദന നിന്റെ പപ്പ തരുന്നുണ്ട് പോരാത്തതിന് ഓഫീസീന്നും ഇനി നിന്റെ ശല്യത്തിന്റെ കുറവുംകൂടെ ഉള്ളു. മനുഷ്യന്റെ സ്വസ്ഥത കളയാനായിട്ട്.
പണ്ടെങ്ങാണ്ടു പറഞ്ഞതും ഓർത്തിരിക്കുവാ അവള്. പഠിക്കുന്ന കാര്യം വല്ലോം ചോദിച്ചാൽ ഇത്ര ഓർമ്മ ഉണ്ടാവില്ലല്ലോ??? മര്യാദയ്ക്ക് അടങ്ങി ഒതുങ്ങി അപ്പുറത്തെങ്ങാനം പോയിരുന്നോണം അല്ലെങ്കിൽ നിന്റെ തുട തല്ലി പൊളിക്കും ഞാൻ.
രാധികയുടെ ദേഷ്യപ്പെട്ടുള്ള ഒച്ച കേട്ടാണ് അമ്മിണി ഓടി വന്നത്. അമ്മിണിയെ കണ്ടതും കുഞ്ഞാറ്റ അടികൊണ്ട ഭാഗം തടവി കരഞ്ഞുകൊണ്ട് ഓടി ചെന്നു കെട്ടിപ്പിടിച്ചു.
എന്താ രാധിക കുഞ്ഞേ ഇത്?? ന്തിനാ കുഞ്ഞിനോട് ദേഷ്യപ്പെടുന്നേ? ആരോടെങ്കിലുമുള്ള ദേഷ്യം തീർക്കുന്നത് എട്ടുംപൊട്ടും തിരിയാത്ത ഈ കുഞ്ഞിനോടാണോ? അതിന്റെ മനസ് നോവിക്കാന്നല്ലാതെ അതുകൊണ്ട് എന്ത് പ്രയോജനംകിട്ടും??
ചേച്ചി അവളേം കൊണ്ട് അപ്പുറത്തെങ്ങാനം പോയെ അല്ലങ്കിൽ നിങ്ങൾക്കും കേൾക്കും ന്റെ വായീന്നു. കുഞ്ഞിനേയുമെടുത്തു അമ്മിണി പുറത്തേയ്ക്കു പോയതും
രാധിക ദേഷ്യത്തോടെ കതകു വലിച്ചടച്ചു.
ഇതുപോലൊരു മുത്തിനെ നീ എനിക്ക് തന്നില്ലല്ലോ ദൈവമേ!. ഞാൻ നോക്കുമായിരുന്നല്ലോ പോന്നുപോലെ. അമ്മിണി ആലോചിച്ചു.
ഇത്ര ബുദ്ധിമുട്ടുള്ളവർ എന്തിനാണോ കുഞ്ഞുങ്ങളെ ഉണ്ടാക്കാൻ പോകുന്നത്. കുറേ കാശുണ്ടാക്കി കാറും ബംഗ്ലാവും വാങ്ങികൂട്ടിയാൽ മാതാപിതാക്കളുടെ കടമകൾ തീരുമോ?
കുഞ്ഞുങ്ങൾക്കു വേണ്ട സമയത്ത് അടുത്തില്ലാതെ എന്തൊക്കെ ഉണ്ടാക്കിട്ടെന്തിനാ??
നാളെ അവര് കാശുണ്ടാക്കാൻ തുടങ്ങുമ്പോൾ അച്ഛനേം അമ്മേം സൗകര്യമായി എങ്ങോട്ടെങ്കിലും മാറ്റും അത്രതന്നെ. പിന്നെ പരാതി പറഞ്ഞു നടന്നിട്ട് കാര്യമില്ല.
കുഞ്ഞാറ്റയുടെ ഏങ്ങലടിയാണ് അമ്മിണിയെ ചിന്തകളിൽനിന്ന് ഉണർത്തിയത്. പാവം കുഞ്ഞ്.
അമ്മിണി കുഞ്ഞാറ്റയെ കുളിപ്പിച്ചു, ആഹാരം കൊടുത്തു, കഥകൾ പറഞ്ഞു സന്തോഷിപ്പിക്കാൻ ശ്രമിച്ചു. പക്ഷേ അതൊന്നും കുഞ്ഞാറ്റയുടെ സങ്കടങ്ങളെ അകറ്റിയില്ലെന്നു അമ്മിണിയ്ക്കു മനസിലായി.
കളിച്ചപ്പോഴും ചിരിച്ചപ്പോഴുമൊക്കെ അവളുടെ കുഞ്ഞി കണ്ണുകൾ നിറഞ്ഞിരുന്നു. ചുണ്ടുകളിൽ ഒരു കരച്ചിൽ വിതുമ്പി നിന്നു. ഉള്ളിൽനിന്ന് ഒരേങ്ങലടി ഇടയ്ക്കിടയ്ക്ക് ഉയർന്നുകൊണ്ടിരുന്നു.
"കുറച്ചു നേരം അമ്മിണിയമ്മയുടെ മടിയിൽ കിടത്താമോ എന്നെ"
എന്ന് കുഞ്ഞാറ്റ ചോദിച്ചപ്പോൾ പോകാൻ നേരമായതൊന്നും ഓർക്കാതെ കുഞ്ഞാറ്റയെ പിടിച്ചു മടിയിൽ കിടത്തി. തലമുടിയിൽ തടവികൊണ്ടിരിക്കുമ്പോ അമ്മിണി ആദ്യമായി അവിടെ വന്നതോർക്കുകയായിരുന്നു.
കുഞ്ഞിനെ നോക്കാൻ ആളിനെ വേണമെന്ന് ബ്രോക്കർ രാഘവൻ ചേട്ടനാണ് ദിവാകരേട്ടനോട് പറഞ്ഞത്.
സ്കൂളിൽ നിന്ന് വരുന്ന കുഞ്ഞിനെ വൈകിട്ട് വീട്ടുകാർ വരുന്നത് വരെ നോക്കണം. വേറേ ഒരു ജോലിയും ചെയ്യേണ്ട. ചോദിക്കുന്ന കാശ് തരും.
അമ്മിണി എന്തായാലും വെറുതെ ഇരിക്കുവല്ലേ അങ്ങോട്ട് നടക്കാനുള്ള ദൂരമല്ലേ ഉള്ളൂ എന്നൊക്കെ പറഞ്ഞു ദിവാകരേട്ടനെക്കൊണ്ട് സമ്മതിപ്പിച്ചെടുത്തു രാഘവേട്ടൻ.
ദൈവം ഒരു കുഞ്ഞിനെ തന്നില്ല എങ്കിൽ പിന്നെ ഒരു കുഞ്ഞിനെ താലോലിയ്ക്കാനുള്ള ഭാഗ്യം കിട്ടിക്കോട്ടേയെന്നു ദിവാകരേട്ടൻ കരുതിയിട്ടുണ്ടാവും.
ഏതായാലും ജോലിക്കു വന്നതു മുതൽ കുഞ്ഞാറ്റ എന്റെയുംകൂടെ അല്ല ഞങ്ങളുടെകൂടെ കുഞ്ഞാ.
രാധിക കുഞ്ഞും രാജീവ് സാറും എന്നയും ദിവാകരേട്ടനെയും സ്വന്തം പോലാ കാണുന്നെ. കുഞ്ഞാറ്റക്ക് എന്നേക്കാൾ കാര്യാ ദിവാകരേട്ടനെ.
ജോലികഴിഞ്ഞു നേരത്തെ വരുന്ന ദിവസം കുറെ പലഹാരങ്ങളുമായി ദിവാകരേട്ടനും ഇങ്ങുപോരും.
അപ്പൊ കുഞ്ഞാറ്റയുടെ ഒരു സന്തോഷം കാണണം. അച്ചാച്ചൻ വന്നെന്നു പറഞ്ഞു തുള്ളിചാടും. പിന്നെ ഇവിടൊരു ബഹളമാ.
ആനകളിയും ഒളിച്ചു കളിയും അങ്ങനെ കുഞ്ഞാറ്റയുടെ കൂടെയുണ്ടാവും അച്ചാച്ചൻ. പോകുമ്പോൾ ഭയങ്കര സങ്കടമാ കുഞ്ഞാറ്റയ്ക്കും ഞങ്ങൾക്കും.
"ഞാനും വരട്ടെ അമ്മിണിയമ്മേടെ കൂടെ" മടിയിൽ കിടന്ന് കുഞ്ഞാറ്റ ചോദിച്ചപ്പോൾ അമ്മിണി ചിന്തയിൽ നിന്നുണർന്നു.
എന്താ പറഞ്ഞത് കുഞ്ഞാറ്റ???
"ഞാനും വരുന്നു അമ്മിണിയമ്മയുടെ കൂടെ. അവിടെ ദിവാകരൻ അച്ചാച്ചനും ഉണ്ടല്ലോ.എനിക്ക് നിങ്ങളുടെ കൂടെ താമസിച്ചാൽ മതി.
ഇവിടെ ആർക്കും എന്നോട് ഇഷ്ടമില്ല.
അമ്മയും പപ്പയും എന്നും വഴക്കാ. ചിലപ്പോൾ എന്നേം വഴക്കു പറയും . പപ്പാ എന്നെ ഒന്ന് എടുത്തിട്ട് എത്ര നാളായിന്നോ?
പപ്പയെ കാണാൻ വേണ്ടി രാവിലെ ഞാൻ റൂമിൽ പോയി നോക്കും. ചില ദിവസങ്ങളിൽ അവിടെ കാണാറില്ല. അമ്മയോട് ചോദിച്ചാൽ പോയി അന്വേഷിക്കെന്ന് പറഞ്ഞു തലക്കിട്ട് ഒരു കിഴുക്കും തരും.
എന്താ അമ്മിണിയമ്മേ ഇവരൊക്കെ ഇങ്ങനെ?.
എന്റെ കൂട്ടുകാരൊക്കെ വീട്ടിലെ കാര്യങ്ങൾ പറയുമ്പോൾ എനിയ്ക്കൊന്നും പറയാനില്ലാതെ വിഷമം വരും.
ഒരു ദിവസം രോഹൻ പറയുവാ എന്നെ ചിലപ്പോൾ എവിടുന്നെങ്കിലും എടുത്തോണ്ട് വന്നതാവും അതാണ് ആർക്കും സ്നേഹമില്ലാത്തതെന്നു.
ഞാൻ ആരുമില്ലാത്തവൾ ആണോ അമ്മിണിയമ്മേ. ഇവർക്കെന്നെ വേണ്ടെങ്കിൽ അമ്മിണിയമ്മ എന്നെ കൊണ്ടുപോകാമോ? ഞാൻ ഒരു വഴക്കും ഉണ്ടാക്കൂല നന്നായി പഠിക്കാം".
തന്റെ മടിയിൽ കിടന്നു തേങ്ങുന്ന കുഞ്ഞാറ്റയെ വാരിയെടുത്ത് ഉമ്മ വെയ്ക്കുമ്പോൾ അമ്മിണിയുടെ കണ്ണുകളും നിറഞ്ഞൊഴുകുകയായിരുന്നു.
ന്റെ കുഞ്ഞു വിഷമിക്കെണ്ടാട്ടൊ...
എല്ലാർക്കും കുഞ്ഞാറ്റയോട് സ്നേഹമാ.
അമ്മയ്ക്കും പപ്പക്കും തിരക്കായതുകൊണ്ടല്ലേ?
അവര് കുഞ്ഞിന് വേണ്ടിയല്ലേ ഇങ്ങനെ ഓടി നടക്കുന്നത്?. ഇപ്പോ അമ്മിണിയമ്മയും അച്ചാച്ചനുമില്ലേ?.
ഇന്നാളൊരു ദിവസം രാധിക കുഞ്ഞു പറഞ്ഞല്ലോ ഇനി കുറേ നാളത്തേയ്ക്ക് ജോലിക്കൊന്നും പോകാതെ കുഞ്ഞാറ്റയുടെ കൂടെ ഉണ്ടാകുമെന്നു.
വെറുതെ... വെറുതെ പറയുന്നതാ അമ്മ.
എന്നെ എപ്പോഴും പറഞ്ഞു പറ്റിക്കും.
ഇന്ന് ഞാൻ അമ്മിണിയമ്മയുടെ കൂടെ വരുവാ.
എന്നെക്കൂടെ കൊണ്ടുപോകണെ....
കുഞ്ഞാറ്റ അമ്മിണിയേ കെട്ടിപിടിച്ചു കരഞ്ഞു.
കുറച്ചു നേരം എന്ത് ചെയ്യണമെന്ന് അറിയാതെ നിന്നു. പിന്നെ കുഞ്ഞാറ്റയെ മാറ്റിയിരുത്തി രാധികയുടെ മുറിയുടെ വാതിലിൽ മുട്ടി. പക്ഷേ കതക് തുറന്നില്ല. വീണ്ടും വിളിച്ചാൽ ദേഷ്യപ്പെട്ടാലോന്ന് കരുതി അമ്മിണി പോകാനായി ഇറങ്ങി.
ഗേറ്റ് വരെ അമ്മിണിയുടെ കൂടെ പോകാൻ കുഞ്ഞാറ്റ വാശിപിടിച്ചോണ്ടിരുന്നു .ഒരു വിധത്തിൽ പറഞ്ഞു സമാധാനിപ്പിച്ചു അമ്മിണി വീട്ടിലേക്കു പോയി.
മനസിന് വല്ലാത്തൊരു ഭാരമായാണ് അമ്മിണി വീട്ടിൽ ചെന്ന് കയറിയത്. ഉമ്മറത്തു ദിവാകരൻ ഇരിപ്പുണ്ട്. അമ്മിണിയുടെ വരവ് കണ്ടപ്പോഴേ എന്തോ വിഷമം ഉള്ളതായി തോന്നി ദിവാകരന്.
സങ്കടത്തോടെയാണ് കുഞ്ഞാറ്റയുടെ വർത്തമാനങ്ങൾ ദിവാകരനോട് പറഞ്ഞത്. കുഞ്ഞാറ്റയെ ഇങ്ങു കൊണ്ടുപൊന്നാലൊന്നു ആലോചിച്ചതാ പിന്നെ നമുക്കതിനു എന്താ അവകാശം എന്നോർത്തപ്പോ??? അമ്മിണി അതും പറഞ്ഞു അകത്തേക്ക് പോയി.
രാത്രിയിൽ മുറ്റത്തൊരു വണ്ടിയുടെ ശബ്ദം കേട്ട് ദിവാകരനും അമ്മിണിയും പുറത്തേക്കു ചെന്നു.
കുഞ്ഞാറ്റയുടെ കാര്യം പറഞ്ഞു കിടക്കുകയായിരുന്നതുകൊണ്ട് ഉറങ്ങിയിട്ടില്ലാരുന്നു രണ്ടുപേരും. കതകു തുറന്നു നോക്കുമ്പോൾ വീടിനു മുന്നിൽ പോലീസ് ജീപ്പ്.
രണ്ടു പോലീസുകാർ ഇറങ്ങി വന്നു.
"അകത്തുവേറേ ആരാ ഉള്ളത്"? ഒരു പോലീസുകാരൻ ചോദിച്ചു.
ഇവിടെ ഞാനും ന്റെ ഭാര്യയും മാത്രമേ ഉള്ളൂ, എന്താ കാര്യം സാറേ??
ഞങ്ങൾക്ക് അകത്തൊന്നു പരിശോധിക്കണം എന്ന് പറഞ്ഞു ഒരു പോലീസുകാരൻ അകത്തേക്ക് കയറിപ്പോയി.
സാറിപ്പോഴും കാര്യം പറഞ്ഞില്ലല്ലോ?? രാത്രീല് വീട് പരിശോധിക്കാൻ മാത്രം എന്ത് കുറ്റമാ ഞങ്ങൾ ചെയ്തത്??.
അതൊക്കെ പറയാം രണ്ടുപേരും വന്ന് വണ്ടിയിൽ കയറ് നമുക്കൊരിടം വരെ പോകണം. അവിടെ ചെന്നിട്ട് കാര്യങ്ങളൊക്കെ വിശദമായി പറയാം.
അവരെയും കൊണ്ട് വണ്ടിപോയതു കുഞ്ഞാറ്റയുടെ വീട്ടിലേക്കായിരുന്നു.
അകത്തു രാധിക കരഞ്ഞു തളർന്നു കിടക്കുന്നു. രാജീവ് എസ് ഐ സേതു സാറിനോട് സംസാരിച്ചു കൊണ്ട് നിൽക്കുന്നു.
അമ്മിണിയേ കണ്ടതും എസ് ഐ ചോദിച്ചു
ഇവരാണോ ആ വേലക്കാരി?? ഇങ്ങോട്ട് മാറി നിൽക്കെടി..
ഇതാരാടി കൂടെ വന്നത്???
എന്റെ കെട്ടിയോനാ ഏമാനെ
അമ്മിണി പേടിയോടെ പറഞ്ഞു.
സത്യം പറഞ്ഞോണം രണ്ടും. ഇവിടുത്തെ കുഞ്ഞിനെ നിങ്ങൾ എവിടാ ഒളിപ്പിച്ചു വെച്ചത്?
അമ്മിണി ഞെട്ടലോടെയാണ് അത് കേട്ടത്.
കുഞ്ഞിനെ ഒളിപ്പിച്ചു വെക്കാനോ? ഏമാൻ എന്തൊക്കെയാ പറയുന്നേ ഞങ്ങൾക്കൊന്നും മനസിലാകുന്നില്ല. ദിവാകരൻ ആ പോലീസ്കാരനോട് ചോദിച്ചു.
ഇവിടുത്തെ കുട്ടിയെ കാണാനില്ല നിങ്ങളെ ഇവർക്കു സംശയമുണ്ട്. അതാ വിളിപ്പിച്ചത്.
അയ്യോ
കുഞ്ഞാറ്റയെ കാണാനില്ലേ?? ഞാനെന്താ ഈ കേൾക്കുന്നത്??? അമ്മിണിക്ക് തല കറങ്ങുന്നതായി തോന്നി..
ഇവിടുത്തെ കുഞ്ഞാറ്റ ഞങ്ങൾക്ക് സ്വന്തം കുഞ്ഞിനെപ്പോലെ ആണ്. ഞങ്ങൾക്ക് കുഞ്ഞുങ്ങളില്ല എന്ന് കരുതി ഒരു കുഞ്ഞിനെ കട്ടോണ്ട് പോകേണ്ട ആവിശ്യമില്ല സാറേ. കാരണം കുഞ്ഞുങ്ങളില്ലാത്തതിന്റെ വിഷമം മറ്റാരേക്കാളും ഞങ്ങൾക്ക് മനസിലാകും.
ഞങ്ങളെ അച്ഛാന്നും അമ്മേന്നും വിളിച്ചു കുഞ്ഞുങ്ങൾ ഇല്ലാത്തതിന്റെ വിഷമം തിർത്തിരുന്ന ഞങ്ങടെ കുഞ്ഞിനെ എങ്ങോട്ട് തട്ടിക്കൊണ്ടുപോകാനാ സാറേ???
ന്റെ കുട്ടിക്ക് എന്ത് പറ്റിയോ ദൈവമേ?ദിവാകരൻ പൊട്ടിക്കരഞ്ഞുകൊണ്ടാണ് അത്രയും പറഞ്ഞത്.
അമ്മിണിയ്ക്ക് അപ്പോ സങ്കടത്തേക്കാൾ ദേഷ്യമാണ് വന്നത്.
അങ്ങനെ കൊണ്ടുപോകാനായിരുന്നെങ്കിൽ ദേ ഇന്നും കൂടി എന്നോട് കെഞ്ചി പറഞ്ഞതാ ന്റെ കുഞ്ഞു കൂടെ വരുവാന്ന്.
ഞാൻ അങ്ങ് കൊണ്ട്പോയാൽ മതിയായിരുന്നു ന്റെ കൂടെ. അതിനു സഹിക്കാൻവയ്യാതെ പോയതാവും സാറേ.
ഒരിത്തിരി സ്നേഹവും കരുതലും കുറച്ചു സമയവും അതിനുംകൂടെ കൊടുക്കാൻ അതിന്റെ അച്ഛനും അമ്മയ്ക്കും പറ്റിയിട്ടില്ല. ഇപ്പോ പിന്നെ എന്തിനാ ഈ വെപ്രാളം??
എന്നിട്ട് ഞങ്ങളെപോലുള്ള പാവങ്ങളുടെ മേൽ കുറ്റം ചുമത്തിയാൽ ആരും ചോദിക്കാനും പറയാനും വരില്ലല്ലോ?
സ്വന്തം മനസാക്ഷിയോട് ഒന്ന് ചോദിച്ചു നോക്കാൻ പറ സാറേ ആ കുഞ്ഞിനെ ഇവര് ആത്മാർത്ഥമായി സ്നേഹിച്ചിട്ടുണ്ടോന്നു. വാശി കാണിക്കലായിരുന്നു ഇവിടെ. അതിനിടയിൽ ആ കുഞ്ഞു മനസിനെ ആരും കണ്ടില്ല.
അമ്മിണിയുടെ ശബ്ദം കേട്ടാണ് രാധിക പുറത്തിറങ്ങി വന്നത്.രാധികയേ കണ്ടപ്പോ അമ്മിണി കരയാൻ തുടങ്ങി.
എന്നാലും ന്റെ രാധിക കുഞ്ഞേ ഞങ്ങളിതു ചെയ്തുന്നു പറഞ്ഞല്ലോ???
കുഞ്ഞിനെ കാണുന്നില്ലാന്നു കേട്ടപ്പോൾ ന്റെ നെഞ്ചുപിടഞ്ഞത് ആരും കാണില്ല കാരണം ഞാൻ വെറും വേലക്കാരി നിങ്ങളുടെ കാശിനു ജോലി ചെയ്യേണ്ടവൾ.
പക്ഷേ ന്റെ കുഞ്ഞാറ്റ ഉണ്ടായിരുന്നേൽ എന്നേ അറിഞ്ഞേനെ ന്റെ കെട്ടിയോന്റെ സങ്കടം അറിഞ്ഞേനെ.
ഇന്ന് പോകാൻ നേരം കുഞ്ഞിന്റെ കതകിൽ മുട്ടുമ്പോൾ മനസ്സിൽ കരുതിയതാ പോകുമ്പോൾ മോളേം കൊണ്ടുപോക്കോട്ടേന്നു ചോദിക്കണമെന്ന്. പക്ഷേ കുഞ്ഞു കതകു തുറന്നതുമില്ല ഞാൻ കുഞ്ഞാറ്റയുടെ കരച്ചിൽ കേട്ടതുമില്ല....
ഒന്നും നോക്കാതെ മോളെ കൂടെ കൂട്ടിയിരുന്നെങ്കിൽ ഇങ്ങനെയൊന്നും വരില്ലായിരുന്നു. അമ്മിണി കരഞ്ഞുകൊണ്ടിരുന്നു.
രാധിക മെല്ലെ അമ്മിണിയുടെ അടുത്തേക്ക് ചെന്നു. അവരെ കെട്ടിപിടിച്ചുകൊണ്ട് പറഞ്ഞു
എന്നോട് ക്ഷമിക്കു ചേച്ചി. ന്റെ കുഞ്ഞാറ്റ എപ്പോഴും നിങ്ങളുടെ കാര്യം പറയും. നിങ്ങളുടെ മോളയാൽ മതീന്ന് പറയും. അങ്ങനെയൊക്കെ ഓർത്തപ്പോൾ സംശയിച്ചു പോയതാ...
അപ്പോഴാണ് എസ് ഐ ക്കു സ്റ്റേഷനിൽ നിന്ന് ഒരു കാൾ വന്നത്.
വഴിയിൽ നിന്ന് സംശയാസ്പതമായി ഒരു കുട്ടിയെ കിട്ടിയിട്ടുണ്ട്. ലക്ഷണം കണ്ടിട്ട് ആ മിസ്സിംഗ് കേസ് ആണെന്ന് തോന്നുന്നു.
കുട്ടിയാകെ ഭയന്നിരിക്കുകയാണ്. ഒരു അമ്മിണിയമ്മയെ കാണണം എന്ന് മാത്രമാണ് പറയുന്നത്.
ഇത്രയും കേട്ടതും നിങ്ങൾ നാലുപേരും സ്റ്റേഷനിലേക്ക് വേഗം വരണം എന്ന് പറഞ്ഞു സേതു സാർ ജീപ്പിൽ കയറി പോയി.
സ്റ്റേഷനിൽ എത്തിയ അവർ കണ്ടത് പേടിച്ചു വിറച്ചു നിൽക്കുന്ന കുഞ്ഞാറ്റയെ ആണ്.
അമ്മിണിയെ കണ്ടതും കുഞ്ഞാറ്റ ഓടി വന്നു കെട്ടിപ്പിടിച്ചു കരഞ്ഞു.
അമ്മിണി അവളെ വാരിയെടുത്ത് ഉമ്മകൾ കൊണ്ട് മൂടി. ഞങ്ങളെ പേടിപ്പിച്ചുകളഞ്ഞല്ലോ പൊന്നുമോളെ നീ...
ദേ അമ്മയും പപ്പയും വന്നിട്ടുണ്ട് മോളെ കാണാണ്ട് വിഷമിച്ചിരിക്കുവാ ചെല്ല്.
രാധിക കുഞ്ഞാറ്റയെ എടുക്കാനായി തുടങ്ങിയതും അവളെ തള്ളി മാറ്റിക്കൊണ്ട് കുഞ്ഞാറ്റ പറഞ്ഞു
വേണ്ട വേണ്ട ഞാൻ പോവൂല നിക് അമ്മിണി അമ്മയുടെ കൂടെ വന്നാമതി എന്നേം കൂടെ കൊണ്ടു പോ... കുഞ്ഞാറ്റ അമ്മിണിയെ ശക്തമായി കെട്ടിപിടിച്ചു...
രാധികയെ ആശ്വസിപ്പിക്കാൻ രാജീവ് അവളെ പിടിച്ചതും പൊട്ടിക്കരഞ്ഞു കൊണ്ട് അവളാ മാറിലേക്ക് ചാഞ്ഞു.
എസ് ഐ പറഞ്ഞത് പ്രകാരം കുഞ്ഞു മനസിന്റെ ഭയവും സംശയങ്ങളും മാറുന്നത് വരെ അവൾ അമ്മിണിയുടെയും ദിവാകരന്റെയും കൂടെ പോകാൻ രാധികയും രാജീവും സമ്മതിച്ചു.
അമ്മിണിയും ദിവാകരനും കുഞ്ഞാറ്റയും വീട്ടിലേയ്ക്കു പോയി.
അന്നുമുതൽ കുഞ്ഞാറ്റയെ നാല് പേർ മത്സരിച്ച് സ്നേഹിക്കാൻ തുടങ്ങി.
അവിടെ മറ്റൊരു കാര്യം തെളിയുകയായിരുന്നു.
ചില പോറ്റമ്മമാർക്ക് പെറ്റമ്മയേക്കാൾ സ്ഥാനവും സ്നേഹവും കിട്ടുമെന്ന സത്യം...
കുഞ്ഞങ്ങൾക്കു ഒരു നോക്ക് കൊണ്ടോ വാക്കുകൊണ്ടോ മനസിലൊരു മുറിവ് വന്നാൽ അതിനെ ഉണക്കാൻ വളരെ പ്രയാസമാണ് പ്രത്യേകിച്ച് മാതാപിതാക്കളിൽ നിന്ന്.
ഇന്നത്തെ കുഞ്ഞുങ്ങൾ നാളത്തെ പൗരൻമാരാണ്. അവർക്ക് ഒരുപാട് കടമകൾ ചെയ്തു തീർക്കാനുണ്ട്. അതിനു മാതൃകയായി വഴികാട്ടിയായി നമുക്കു അവരോടൊപ്പം നിൽക്കാം.

Devu
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo