നവരസങ്ങൾ
കുന്നിന്റെ മുകളിൽ താമസിക്കുന്ന ഔസേപ്പു മുതലാളിയുടെ പണപ്പെട്ടിയിലായിരുന്നു കുറച്ചു നാൾ!
ഇന്നു രാവിലെ കിഴക്കു വെള്ള കീറിയപ്പോൾ തോമയും കെട്ട്യോളും ഓടി വന്നു .
" കൊച്ചിന് സൂക്കേടു കൂടി "
ആവശ്യം രൂപയാണെന്നു കണ്ടപ്പോ മുതലാളിടെ ഭാവം മാറി " രൗദ്രം "
കറുത്ത ചരടിൽ കെട്ടിയിട്ടിരുന്ന തേഞ്ഞ താലിയും കൊടുത്ത് എന്നെ കൂട്ടി പുറത്തിറങ്ങുമ്പോൾ തോമയെ ശ്രദ്ധിച്ച് കൂട്ടിൽ കിടന്ന വിലയേറിയ നായയുടെ ഭാവം ഞാൻ ശ്രദ്ധിച്ചു " കരുണ "
കൊച്ചിനെ വലിച്ചെടുത്ത് ആശൂത്രി വരാന്തയിൽ കിടത്തി കണക്കു പറഞ്ഞ് എന്നെയും വാങ്ങി വണ്ടിയെടുക്കുമ്പോൾ ആട്ടോക്കാരന്റെ മുഖത്ത് " ഹാസ്യം "
ചെറുതടിക്കാതെ ഭൂമി നേരെ കറങ്ങില്ല എന്ന ഉത്തമ ബോധ്യത്താൽ ക്യൂവിൽ നിൽക്കുമ്പോൾ മുമ്പിൽ നിൽക്കുന്ന മുഖങ്ങൾക്കെല്ലാം ഒരേ ഭാവം " ബീഭത്സം
"
"
സൂര്യൻ തലക്കുദിക്കുന്നവരെ രാജാക്കൻമാരോടും പടത്തലവൻമാരോടും പടവെട്ടി സമയം കളഞ്ഞു!
ഉച്ചകഴിഞ്ഞ് ബാക്കി കിട്ടിയ എന്നെ തുണി സഞ്ചിയിൽ നിക്ഷേപിക്കുന്ന താടിയും മുടിയും നീട്ടി വളർത്തിയ പരമസാത്വികന്റെ മുഖം ശ്രദ്ധിച്ചു " ശാന്തം "
ഇന്നത്തെ വെളിച്ചം ഇവിടെ അവസാനിക്കുന്നു ഇനി ഇരുട്ട് കുറ്റാ കൂരിരുട്ട്!
സാത്വികൻ നടക്കുകയാണ് ചുറ്റും കാണുന്ന രൂപങ്ങൾക്കെല്ലാം ഒരേ ഭാവം "ഭയാനകം"
ഒരു വാതിലിനു മുന്നിൽ യാത്ര അവസാനിക്കുന്നു. കാത്തിരിപ്പിനൊടുവിൽ തുറന്ന വാതിലിനു പിറകിലെ മുഖത്തെ ഭാവം " ശൃംഗാരം "
സാത്വിക വേഷം അഴിഞ്ഞു വീണു. ഇത്തിരി വെട്ടവുമായി മുനിഞ്ഞു കത്തുന്ന വിളക്കിന്റെ ഭാവം " വീരം "
അന്ത്യയാമത്തിൽ പുറത്തിറങ്ങാൻ നേരം കണ്ണു തിരുമ്മി ചിണുങ്ങി വാതിലിനു പുറകിൽ നിന്ന വാരിയെല്ലു തെളിഞ്ഞ രണ്ടര വയസ്സിനു നേരെ സ്വാതികൻ എന്നെ നീട്ടിയപ്പോൾ കണ്ട ഭാവം " അത്ഭുതം "
"യാത്രകൾ തീരുന്നില്ല ഭാവങ്ങളും "
സുജിത്ത് സുരേന്ദ്രൻ
08.04.2018
08.04.2018
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക