നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

***** വിഷുപ്പക്ഷി *****

***** വിഷുപ്പക്ഷി *****
“പീതാംബരപ്പട്ടുടുത്ത കണിക്കൊന്നയും
മഞ്ഞക്കിങ്ങിണി ചാര്‍ത്തിക്കുണുങ്ങുന്ന
കൊങ്ങിണിപ്പൂവും ചെത്തിപ്പൂവും 
മേടത്തിലെ വിഷുവിൻ വരവറിയിക്കും”
പിതാമഹന്മാർ വർണ്ണിച്ച കാഴ്ചക-
ളൊരുമാത്ര, പറന്നിടുമ്പോൾക്കാണാ-
മെന്നൊരു കുളിര്‍മോഹമോടെ
വരണ്ടുണങ്ങിയ വയലുകൾനോക്കി
ദാഹിച്ചുവരണ്ട കണ്ഠമോടെ
പണ്ടെങ്ങോ പൂർവ്വികർ പാടിയ
മധുരഗാനത്തിന്നോർമ്മകളുമായി
ദുഃഖഗാനം പാടുന്നൊരു വിഷുപ്പക്ഷി.
വിളഞ്ഞ കതിരുകളാടും നെൽപ്പാടങ്ങളിൽ
കൊയ്ത്തുപാട്ടിന്നീണത്തിൽ മൃദുലനടന-
ച്ചുവടുകള്‍വയ്ക്കും പെൺകൂട്ടങ്ങളും
സായന്തനങ്ങളിലാർത്തുല്ലസിക്കും
കളിപ്പൈതങ്ങളും നിരയൊത്തുപോകും
പൈക്കളും താറാക്കൂട്ടങ്ങളും
തൊടികളിലൂയലാടുമാ തെങ്ങോലകളും
നീലാകാശവും വെണ്മുഴുത്തിങ്കളും
തെളിനീരിൽ പ്രതിബിംബം തെളിയുന്ന
കുഞ്ഞോളങ്ങളിളകുമാമ്പല്‍ക്കുളങ്ങളും
കളകളമൊഴുകും കുഞ്ഞുനീർച്ചോലകളും
തേടിയലഞ്ഞ്, ഇവിടെയീ മരക്കൊമ്പിൽ
തളർന്നിരിക്കുമ്പോൾ, മങ്ങിയ കണ്ണുകൾ
നിറഞ്ഞ,തെൻ കാഴ്ചകൾ മറയ്ക്കുന്നു
ഘനമേറും ഗദ്ഗദമുളളിൽ നിറയുന്നു.
പറയുവാനാവാത്ത ഹൃദയവികാരങ്ങൾ
നൊമ്പരംചാലിച്ചെൻതൂവലുകൾ നനയ്ക്കുന്നു
കൊത്തിപ്പറക്കുവാൻ കതിരുകളിന്നെവിടെ?
മൊത്തിക്കുടിക്കുവാൻ തെളിനീരുമിന്നെവിടെ?
എല്ലാരുമൊന്നായിരുന്നൊരു പഴയകാലത്തെ
സ്നേഹസ്വരൂപിയാം മനുഷ്യത്വവുമെവിടെ?
മണിമന്ദിരങ്ങളാം കോട്ടകൾ പണിയിച്ച്
വാതിലുകളെല്ലാമകത്തുനിന്നടച്ചവർ
ഭൂവിൽ സ്വാർത്ഥമോഹത്തിന്നണ്ഡങ്ങളട-
വച്ചുവിരിയിച്ചും സ്നേഹത്തോടെ-
കത്തലടക്കാനല്പമന്നം കൊടുക്കാതേയും
കാനായിലൊഴുകിയ വീഞ്ഞിന്‍മധുരവും
നല്ല ശമര്യാക്കാരന്‍റെ ‘സ്നേഹ’ക്കഥയും
ലക്ഷ്മീതല്പത്തിലേറിയ കുചേലദുഃഖം
പോക്കിയ വേണുഗാനവുമായിട്ടിന്നും
വിശ്വാസചിന്തതൻ വിഷപ്പാൽ ചുരത്തി
ദേവമന്ത്രങ്ങളോതുന്നു വേദപണ്ഡിതര്‍
തെരുവിൽ വിശപ്പിന്‍റെ ചെവികളില്‍.
സ്വജാതിയാണെങ്കിലേ അന്നം കൊടുക്കൂ
ആഹരിക്കാനായൊരുനുള്ള്; മനുഷ്യാ!
പക്ഷിമൃഗാദികൾ ഞങ്ങളല്ലേ ശ്രേഷ്ഠർ
തമ്മിൽപ്പൊരുതും നിങ്ങളേക്കാളേറേ?
എങ്ങുപോയെങ്ങുപോയ് ആ നല്ലകാലം?
സാഹോദര്യത്തിൻ കനിവുള്ള കാലം?
തിരിച്ചുപോകുന്നു നീറുന്ന മനസ്സുമായ്.
മനുഷ്യൻ മതങ്ങളെ തിരിച്ചറിയുന്നൊരു
മാനവലോകത്തിൻ പുനർജ്ജനിയെന്നോ
അന്നു തിരിച്ചുവരും ഞാൻ ജനിമൃതികൾ-
ക്കപ്പുറം, മേടമാസത്തിന്നഴകായ് വിരിയുന്നൊ-
രിത്തിരിക്കൊന്നപ്പൂവിലെ തേന്‍ കുടിക്കുവാൻ.
എല്ലാരുമൊന്നാകുമൊരു വിഷുപ്പുലരിയിൽ
കണികണ്ടുണരുവാനൊരു നറുംപൂമൊട്ടായ്.
ബെന്നി ടി ജെ
14/04/2017

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot