_________________________
അത്രയും അലസതയോടെ മൂളിപ്പാട്ടും പാടിയാണ് തിരുവനന്തപുരം സെന്ട്രല്‍ റെയില്‍വേസ്റ്റേഷനിലേക്ക് കയറിയത്. സ്ഥിരം പോവാറുള്ള മാവേലിക്ക് ഇനിയും അരമണിക്കൂറുണ്ട്, ആയതിനാല്‍ത്തന്നെ ചായകുടിക്കാമെന്നും കരുതി. കൃത്യനിഷ്ഠത ഒട്ടും തന്നെ ഇല്ലാത്ത മലബാറിന്റെ അനൗണ്‍സ്മെന്റ് ഇടവിട്ട് വരുന്നുണ്ടായിരുന്നു. ''ലേറ്റായ് വന്താലും ലേറ്റസ്റ്റാ വരുവേന്‍'' എന്ന സ്റ്റെെല്‍മന്നന്റെ ഡയലോഗും കാച്ചി അര മണിക്കൂര്‍ (മാവേലിയേക്കാള്‍) മുന്നേ പുറപ്പെടാനൊരുങ്ങുന്ന മലബാറിനെ പുച്ഛിച്ചു തള്ളി, എവിടെ നിന്നെന്നില്ലാത്തൊരു ആവേശം.
കഥാനായകനായകന്‍ മാവേലി ഷണ്ടിങ്ങ് ചെയ്ത ക്ഷീണത്തില്‍ റിവേര്‍സടിച്ച് വേച്ചുവേച്ച് വന്നു നിന്നു. അത്രനേരമുണ്ടായിരുന്ന അലസതയെ ഒരു കവിള്‍ വെള്ളത്താല്‍ കുടിച്ചിറക്കി റിസേര്‍വ് ചെയ്ത സീറ്റ് ഹണ്ടിങ്ങിന് കേറി. S10 - 72 സൈഡ് അപ്പര്‍, വാതിലിനടുത്താണേലും, ടോയിലെറ്റ് വാസന വരുമെങ്കിലും മനസ്സിനൊരു കുളിര്‍മ്മ. കുറച്ചുനാളത്തെ ബാച്ചിലര്‍വാസത്തില്‍ നിന്നും മുക്തി കിട്ടുകയല്ലേ. ഒടുവില്‍ സീറ്റിലെത്തി ഭാണ്ഡക്കെട്ട് ഇറക്കിവച്ചു. വണ്ടി സ്റ്റേഷന്‍ വിടാന്‍ ഇനിയും 10 മിനുട്ട്. വെള്ളവും കപ്പലണ്ടിയും വാങ്ങി തിരിച്ചുവരുമ്പോള്‍ എന്റെ സീറ്റില്‍ ഒരു വൃദ്ധനിരിക്കുന്നു. എനിക്കൊരിക്കലും തെറ്റിപ്പോവില്ലെന്നുള്ള അഹങ്കാരത്തില്‍, എങ്കിലും വിനയാന്വിതനായിത്തന്നെ ഇതെന്റെ സീറ്റാണെന്ന് പറഞ്ഞു. അദ്ദേഹത്തിന്റെ പക്കലുള്ള ഓണ്‍ലൈന്‍ ബുക്ക് ചെയ്തതിന്റെ ടെക്സ്റ്റ് മെസ്സേജ് കാണിച്ചിട്ട്
''മോനേ ഇതിന്‍പ്രകാരമാണ് ഇവിടെ ഇരുന്നത്'' എന്ന് പറഞ്ഞു.''
''മോനേ ഇതിന്‍പ്രകാരമാണ് ഇവിടെ ഇരുന്നത്'' എന്ന് പറഞ്ഞു.''
മെസ്സേജ് വായിച്ച ഞാന്‍ ''ശ്ശെടാ ഇതെന്ത് മറിമായം'' എന്ന ചിന്തയിലാണ്ടു.
രണ്ടുമൂന്നു തവണ ഞാന്‍ പറഞ്ഞതിന്‍മേല്‍ ശരി ടി.ടി.ഇ വന്നിട്ടാകാം. എന്ന നിഗമനത്തിലേക്ക് അവരെയും ഞാന്‍ എത്തിച്ചു.
എന്നാലും ഇതെങ്ങനെ സംഭവിച്ചു എന്ന ചിന്തയിലാണ്ട ഞാന്‍ ഒരുകവിള്‍ വെള്ളം കൂടി കുടിച്ച് കൂലങ്കഷമായ ചിന്തയിലാണ്ടു.
ശരി ഒന്നുകൂടെ എന്റെ റിസര്‍വേഷന്‍ നോക്കിക്കളയാം എന്നുകരുതി പതിയെ എന്റെ മെസ്സേജ് എടുത്തു വായിച്ചു. ഒരു കുഞ്ഞു വിയര്‍പ്പുതുള്ളി കൃതാവിനറ്റത്ത് വന്ന് ആത്മഹത്യ ചെയ്തു, അഹങ്കാരത്തില്‍ തിളച്ച കോപാഗ്നിയിലേക്കായിരിക്കണം.
ആരോടും മിണ്ടാതെ പതിയെ ബാഗെടുത്ത് തടിതപ്പി എന്ന് പറഞ്ഞാമതിയല്ലോ. ആ പാവം അമ്മ ഞാനിറങ്ങുന്നത് കണ്ടായിരിക്കണം പിന്നില്‍നിന്നും വിളിച്ചു, കേള്‍ക്കാത്തമട്ടില്‍ വിയര്‍പ്പ് തുടച്ച് ടി.ടി.ഇ യെ ലക്ഷ്യമാക്കി ഞാന്‍ നടന്നു.
എനിക്കുണ്ടായ അബദ്ധം വിവരിച്ചു, '' സര്‍, മലബാറിനായിരുന്നു പോവേണ്ടിയിരുന്നത്, നിര്‍ഭാഗ്യവശാല്‍ വരുമ്പോഴേക്കും വിട്ടുപോയിരുന്നു, എന്ത് ചെയ്യാനാവും'' അഹങ്കാരം മുറിച്ചുമാറ്റി വിനയം ഗ്രാഫ്റ്റ് ചെയ്തുകൊണ്ടായിരുന്നു അപേക്ഷ.
ജനറല്‍ ടിക്കറ്റില്ലാത്തതിനാല്‍ സ്വന്തം ഉത്തരവാദിത്തത്തില്‍ അവിടെ പോയിരിക്കാനും, ആലുവ എത്തുമ്പോള്‍ മാവേലി മലബാറിനെ മറികടക്കുമെന്നും, മലബാറിലെ ടി.ടി.ഇ യെ ബന്ധപ്പെട്ട് ആ സീറ്റിന്റെ അവകാശി ആലുവയില്‍ നിന്നും കയറുന്നതായിരിക്കും എന്ന് അറിയിക്കുകയും ചെയ്തു.
ഭാഗ്യവശാല്‍ എന്റെ ഒരു സുഹൃത്ത് ജനറല്‍ കംപാര്‍ട്ട്മെന്റില്‍ യാത്രചെയ്യുന്നുണ്ടായിരുന്നു, യാത്രപറഞ്ഞു പിരിഞ്ഞ അവനെ വിളിച്ച് ഞാനും വരുന്നെടാ എന്നു പറഞ്ഞപ്പോള്‍ അവനു വിശ്വസിക്കാനായില്ല. അവസാനം കഥ പറഞ്ഞപ്പോള്‍ ചിരിയടക്കിപ്പിടിച്ചായിരിക്കണം ''ശരി നീ വാ'' എന്ന് പറഞ്ഞത്. തൊട്ടടുത്ത സ്റ്റോപ്പായ വര്‍ക്കല ശിവഗിരിയിലെത്തിയപ്പോള്‍ ഇറങ്ങി ഓടി അവിടെ കയറി. അതേ സ്റ്റോപ്പിലിറങ്ങിയ ഒരാളുടെ സീറ്റ് അവനെനിക്ക് പിടിച്ചുവച്ചിരുന്നു...
ച്ഛേ, അത്യന്തം അവജ്ഞതയോടെ ഞാന്‍ തന്നെ എന്നെ പുച്ഛിച്ചു.
''സാരമില്ലെടാ, ഇടക്കൊക്കെ ഇങ്ങനൊന്ന് നല്ലതാ'' ആശ്വസിപ്പിക്കല്‍ പക്ഷേ എവിടെ ഏല്‍ക്കാന്‍. പുച്ഛിച്ചുകൊണ്ട് യാത്രയാക്കിയ മലബാര്‍ശാപം അല്ലാതെന്ത്.
ഇന്നുവരെ ഇല്ലാതിരുന്ന ശീലമൊക്കെ കാഴ്ച്ച വച്ച് ( വഴിയില്‍ പിടിച്ചിടല്‍ ) ഇഞ്ചോടിഞ്ച് പോരാടി ഒടുവില്‍ ഒന്നരമണിക്കൂറോളം വൈകി ആലുവയില്‍ എന്നെ എത്തിച്ചത് മറ്റൊരു കഥ. വൈകല്‍പ്രക്രിയയില്‍ മലബാറും ഒട്ടും മോശമല്ലാത്തതിനാല്‍ ഇപ്പോള്‍ മലബാറിലിരുന്ന് ഈ കുറിപ്പെഴുതാന്‍ കഴിഞ്ഞു. മാവേലിയിലെ ടി.ടി.ഇ ചെയ്തതെന്തെന്നാല്‍ മലബാറിലെ ടി.ടി.ഇ യെ വിളിച്ച് ഞാന്‍ റിസേര്‍വ് ചെയ്ത സീറ്റില്‍ ആലുവയില്‍ നിന്നും ആളു കേറുമെന്ന് അറിയിച്ച് ആ സീറ്റ് നഷ്ടപ്പെടില്ലെന്ന് ഉറപ്പിച്ചു. മനുഷ്യത്വപരമായ ആ പെരുമാറ്റത്തിനാല്‍ ഞാന്‍ മലബാറില്‍ സുഖമായുറങ്ങാന്‍ പോകുന്നു.
©രാകേഷ് രാഘവന്‍
NB :- പത്രക്കാര്‍ക്ക് മാത്രമേ ആകര്‍ഷിക്കുന്ന തലക്കെട്ട് കൊടുക്കാവൂ എന്നില്ലാലോ.. !!!
No comments:
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക