Slider

1
ആദ്യത്തെ ഇഷ്ടം
*****************
ഇഷ്ടം,ജീവിതത്തിൽ എന്തിനോടും ഏതിനോടും തോന്നാം. നല്ലതും ചീത്തതും അതിൽപെട്ടേക്കാം. പ്രണയത്തിലേക്ക് കടക്കും മുന്നേയും ഇഷ്ടത്തിന്റെ പടി വാതിൽ കടക്കേണ്ടി വരാറുമുണ്ട്.
അങ്ങനെ ഒരിഷ്ടം പിറവിയെടുക്കുന്നത് കൗമാരത്തിലോ യൗവനത്തിലോ അല്ല ഏറ്റവും സുന്ദരമായ ബാല്യത്തിൽ തന്നെയാണ്. ഒരു കളിക്കൂട്ടുകാരനോ കളിക്കൂട്ടുകാരിയോ ഇല്ലാത്തവർ ചുരുക്കം.
ആ ഒരിഷ്ടമായിരുന്നു അവനു എന്നോട്. മിണ്ടാൻ കൗതുകം, കാണാൻ കാത്തു നിൽക്കൽ അതൊക്കെ അവന്റെ ചലനങ്ങളിൽ കാണുമ്പോൾ എന്റെ കണ്ണുകൾ വിടരാറുണ്ടായിരുന്നു.
അവിടെയാണ് എന്റെ ആദ്യ ഇഷ്ടം പിറന്നത്.
സ്കൂളിലേക്കുള്ള യാത്ര ഓട്ടോയിൽ ആയിരുന്നു. എല്ലാ കുട്ടികളെയും കൂട്ടി ഏറ്റവും അവസാനമായിരുന്നു എന്നെ കൂട്ടികൊണ്ടുപോകാൻ ഓട്ടോ വരുന്നത്. ഞാൻ എത്തുമ്പോഴേക്കും എനിക്കായി ഒരിടം അവൻ പിടിച്ചു വെച്ചിട്ടുണ്ടാകുമായിരുന്നു. ആഴ്ചയാവസാനം അവൻ പോകുമ്പോൾ ഒരാഴ്ച കൂട്ടി വെച്ച മഞ്ചാടിമണികൾ എനിക്ക് തരുമായിരുന്നു.പിന്നെ മയിൽപ്പീലികൾ, തീപ്പെട്ടിപടങ്ങൾ അങ്ങനെയങ്ങനെ. ഞാൻ പോലുമറിയാതെ എന്റെ ഇഷ്ടങ്ങളെ അവൻ അറിഞ്ഞിരുന്നു എന്നത് കാലങ്ങൾക്കിപ്പുറം ഞാൻ അറിയുന്നു.
കഥകൾ പറയാനേറെ ഇഷ്ടമായിരുന്നു അവന്. അവൻ പറയുന്ന കഥകളിൽ ഞാൻ ലോകങ്ങൾ കണ്ടു.കഥകൾ കേട്ടിരിക്കാൻ എന്നെ കിട്ടുമ്പോൾ അവൻ കൂടുതൽ വാചാലനാകുകയായിരുന്നു. സ്കൂളിലേക്കും തിരിച്ചു വീട്ടിലേക്കും ഉള്ള യാത്രയിൽ രണ്ട് കുഞ്ഞു ലോകങ്ങൾ ഒന്നായിക്കൊണ്ടിരുന്നു. വീട്ടിലും സ്കൂളിലും വില്ലത്തിയായ ഞാൻ അവന്റെ മുന്നിൽ മാത്രം നല്ല കുട്ടിയായി.
പിന്നീടെപ്പോഴോ സ്കൂളുകൾ മാറിയപ്പോൾ ഇഷ്ടത്തിന്റെ മഞ്ചാടിമണികൾ കൈവെള്ളയിൽ ഇട്ടു തന്ന് വേറേതോ നാട്ടിലേക്ക് വേറേതോ സ്കൂളിലേക്ക് അവൻ പോയി. എന്റെ ലോകത്തേക്ക് ഞാനും.
കാലമേറെ കഴിഞ്ഞു ഒന്ന് തിരിഞ്ഞു നോക്കുമ്പോൾ അറിയുകയാണ് അന്ന് അവൻ തീർത്തത് പ്രണയത്തിലേക്കുള്ള ഇഷ്ടത്തിന്റെ പടി വാതിൽ ആയിരുന്നു എന്ന്. ഒരു ബാല്യത്തിന്റെ ഇഷ്ടം കൗതുകം. മഞ്ചാടിമണികൾ പോലെ ഏറെ പ്രിയമുള്ള ഒരിഷ്ടം.
"കാലങ്ങൾക്കിപ്പുറം
ഞാനിരിക്കുമ്പോൾ
അറിയുന്നു സഖേ
മഞ്ചാടിമണികളിൽ പടർന്ന
നിന്റെ ഇഷ്ടത്തിന്റെ ചുവപ്പ് നിറം
അത്രമേൽ പ്രിയമായ്
ഓർത്തെടുക്കാൻ
ബാല്യത്തിൻ ഏടിൽ
നിൻ ഇഷ്ടമല്ലാതെ
മറ്റെനിക്കേതുമില്ല"
✍️സിനി ശ്രീജിത്ത്
1
( Hide )
  1. ചെറുതായി എഴുതിയെങ്കിലും,നന്നായി !

    ReplyDelete

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo