#Sandram Part 22
Part 22
*********************************
നീനയുടെ സ്വപ്നങ്ങൾ...
*********************************
നീനയുടെ സ്വപ്നങ്ങൾ...
*********************************
നീന പതിയെ കണ്ണുകൾ തുറന്നു.
ഇതെവിടെ ?
ഉള്ളിൽ നിറയെ സന്തോഷമാണ്.
വേദനയില്ല... സങ്കടമില്ല ... പേടിയില്ല ... സന്തോഷവും സ്നേഹവും സഹാനുഭൂതിയും മാത്രമുള്ള ഈ സ്ഥലം...ഇതെങ്ങനെ ഇവിടെത്തി ഞാൻ ?
പുഞ്ചിരിയോടെ അവൾ ചുറ്റും നോക്കി.
ആഹാ! ഇതൊരു തടാകമാണ്. താനിരിക്കുന്നത് ഒരു ബോട്ടിലാണ്. അവൾ തിരിച്ചറിഞ്ഞു.
പതിയെ പതിയെ അവളുടെ ചുറ്റുമുള്ള കാഴ്ച്ചകൾ ഓരോന്നായി തെളിഞ്ഞു വന്നു.
ശ്വാസം നിലച്ചു പോകുന്നത്ര സൗന്ദര്യമാണാ സ്ഥലത്തിന്. ആ തടാകത്തിലെ പോലെ തെളിഞ്ഞ വെള്ളം അവളിന്നു വരെ കണ്ടിട്ടില്ല. പളുങ്കു പോലിരിക്കുന്നു. അവളുടെ ആ കൊച്ചു ബോട്ടുമായി സല്ലപിക്കുകയാണ് അതിലെ ഓളങ്ങൾ. പൊട്ടിച്ചിരിച്ചു കൊണ്ട് അവ ബോട്ടിനെ പതിയെ ഉലച്ചുകൊണ്ടിരുന്നു. അവൾ കുസൃതിച്ചിരിയോടെ അതു നോക്കി നിന്നു അൽപ്പ നേരം.
അപ്പോൾ മയിൽപീലിയുടെ നിറമുള്ള ഒരു പൂമ്പാറ്റ അവളുടെ തോളിൽ വന്നിരുന്നു. "സുന്ദരിക്കുട്ടി!" അവൾ മന്ത്രിച്ചു കൊണ്ട് അതിന്റെ ചിറകുകളിൽ തലോടാനാഞ്ഞു. ഭയന്നിരിക്കണം. ആ പൂമ്പാറ്റ പറന്നുയർന്നു.
അവിടെ...ആ കരയിൽ ...റോബിയല്ലേ അത് ?
"റോബി കരയ്വാണോ ? "
തൊട്ടപ്പുറത്തു തന്നെ അമ്മയെയും കണ്ടു അവൾ. അമ്മയും ഏങ്ങിക്കരയുന്നതു കാണാം. പിന്നെയും ആരോ ഉണ്ട് കൂടെ. വെളുത്ത ഡ്രസ്സിട്ട ഒരു പെൺകുട്ടി.
ഒരിക്കൽ കൂടി ആ സ്നേഹക്കാറ്റ് അവളെ തലോടി കടന്നു പോയി.
"എന്തിനാ എല്ലാരും കരയുന്നെ ? ഞാൻ അങ്ങോട്ട് വരണോ ?"
അവൾ ബോട്ടിലാകെ പരതി
അവൾ ബോട്ടിലാകെ പരതി
തുഴയാൻ ഒന്നും കണ്ടില്ല അതിൽ. പക്ഷെ അവൾ മറ്റൊന്നു കണ്ടു. ആ ബോട്ട് കരയിലേക്ക് ഒരു കയറു കൊണ്ട് കെട്ടിയിട്ടിരിക്കുകയാണ്.
"ഞാനിപ്പൊ അങ്ങ്ട്ട് വരാട്ടോ" അവൾ വിളിച്ചു പറയാൻ ശ്രമിച്ചപ്പോളാണ് മനസ്സിലായത്. ശബ്ദം വെളിയിൽ വരുന്നില്ല. .
ആ കയറിൽ പിടിച്ച് വലിച്ച് കരയിലേക്ക് ചെല്ലാൻ അവൾ തീരുമാനിച്ചു.
അപ്പോൾ...ഒരു വിളി ശബ്ദം.
അപ്പോൾ...ഒരു വിളി ശബ്ദം.
"നീനാ... സൂക്ഷിക്കണേ... കയറു പൊട്ടിപ്പോകല്ലേ..."
അവൾ നോക്കി.
കരയിൽ നിന്നും ആ പെൺകുട്ടിയാണതു പറയുന്നത്. അവൾ നിറഞ്ഞ പുഞ്ചിരിയോടെ നീനയെ നോക്കി കൈ വീശി. " സൂക്ഷിക്കണം. കയറു പൊട്ടിയാൽ നീ അകന്നകന്നു പൊയ്ക്കളയും. പതീയെ എണീറ്റ് ... സൂക്ഷിച്ച് ..."
അതാരാണെന്ന് മനസ്സിലായില്ല നീനക്ക്. പക്ഷേ ആ സ്വരം... അതിലെ സ്നേഹവും ആത്മാർത്ഥതയും അവളുടെ ഹൃദയം കുളിർപ്പിച്ചു.
നീന പതിയെ ബോട്ടിൽ എഴുന്നേറ്റ് നിൽക്കാൻ ശ്രമിച്ചു.
നീന പതിയെ ബോട്ടിൽ എഴുന്നേറ്റ് നിൽക്കാൻ ശ്രമിച്ചു.
വല്ലാതെ ഒന്നുലഞ്ഞു ബോട്ട്. അവൾക്ക് ബാലൻസ് നഷ്ടപ്പെട്ടു.
വീഴാൻ തുടങ്ങിയപ്പോൾ അവൾ കണ്ടു.
ആ കയർ ... അത് വല്ലാതെ വലിഞ്ഞ് മുറുകിയിരിക്കുന്നു ഇപ്പോൾ. ഏതു നിമിഷവും പൊട്ടാം.
കരയിലെ പെൺകുട്ടി രണ്ടു കൈ കൊണ്ടും മുഖം പൊത്തി നിൽക്കുകയാണ്.
പെട്ടെന്ന് ആരോ അവർക്കിടയിലേക്ക് കയറി വന്നു.
റോബിനും അമ്മയും എഴുന്നേറ്റു നിന്നു.
വന്നയാൾ റോബിനുമായി ഹസ്ത ദാനം ചെയ്തു.
നീന വീണ്ടും കണ്ണുകൾ അടച്ചു.
****** ****** ****** ****** ****** ****** ****** ****** ****** ******
വെസ്റ്റ് ഫോർട്ട് ഹോസ്പിറ്റൽ - ത്രിശ്ശൂർ - 7.00 AM
നീനയെ റൂമിലേക്കു മാറ്റിയിരുന്നു. വെന്റിലേറ്ററും അനുബന്ധ സജ്ജീകരണങ്ങളുമായി ഒരു പ്രത്യേക മുറി തന്നെ അവൾക്കായി ഒരുക്കിയിരുന്നു. ഡോ. തിമോത്തി തലേന്നു രാത്രി അവിടെ തന്നെ തങ്ങി എല്ലാത്തിനും നേതൃത്വം കൊടുത്തു.
മാത്യൂസും കൂട്ടരും റെജിയെ അന്വേഷിച്ചുള്ള ഓട്ടത്തിലാണ്. ത്രിശ്ശൂർ ടൗണിൽ നിന്ന് ഏതാണ്ട് 15 കിലോമീറ്റർ അകലെ മരോട്ടിച്ചാൽ എന്ന പ്രദേശത്ത് സമാന രൂപമുള്ള ഒരാളെ കണ്ടതായി റിപ്പോർട്ട് കിട്ടിയതനുസരിച്ച് അവിടേക് തിരിച്ചിരിക്കുകയാണിപ്പോൾ.
മുറിയിലേക്ക് കടന്ന ഡോക്ടർ റോബിനുമായി ഹസ്ത ദാനം നടത്തി. വളരെ ക്ഷീണിതനായിരുന്നു ഡോക്ടർ. എങ്കിലും അദ്ദേഹത്തിന് ഈ കേസിൽ എന്തോ പ്രത്യേക താല്പ്പര്യമുള്ളതു പോലെ ഇടക്കിടക്ക് നീനയെ സന്ദർശിച്ചുകൊണ്ടിരുന്നു.
റോബിക്കും ഉറങ്ങാൻ കഴിഞ്ഞിരുന്നില്ല. അയാൾ ഓരോ മിനിറ്റു കഴിയുന്തോറും തളർന്നു തളർന്നു പൊയ്ക്കൊണ്ടിരുന്നു. ഡോക്ടർ അതു പറയാനാണിപ്പോൾ വന്നിരിക്കുന്നത്.
“നിങ്ങൾ ഇവിടെയിരുന്നിട്ട് യാതൊരു പ്രയോജനവുമില്ല റോബി. ഒന്നുകിൽ ആ ബെഡിൽ കിടന്ന് ഉറങ്ങാൻ ശ്രമിക്കൂ. അല്ലെങ്കിൽ വീട്ടിൽ പോകൂ. ഇതിങ്ങനെ കണ്ടിന്യൂ ചെയ്താൽ, നിങ്ങളെ രണ്ടാളെയും ട്രീറ്റ് ചെയ്യണ്ടി വരും.”
“എന്താ ചെയ്യണ്ടെന്ന് ഒരു രൂപം കിട്ടുന്നില്ല ഡോക്ടർ... ഓരോന്നോർക്കുമ്പോൾ...സഹിക്കാൻ പറ്റുന്നില്ല. എന്റെ സ്വന്തം അനിയനാണിതിനൊക്കെ കാരണം എന്ന് ചിന്തിക്കുമ്പൊ, ചങ്കു തകർന്നു പോവാ ...“
”അങ്ങനത്തെ ഡീറ്റയിൽസ് പോലീസിനോട് മാത്രം പറയുക. ഒരിക്കലും അതിലൊന്നും എന്നെ ഉൾപ്പെടുത്തരുത്.“ ഡോക്ടർ ആ സംഭാഷണം നിർത്തി നീനയിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു.
”അതേ... നിങ്ങടെ ആരെങ്കിലുമാണോ ഈ ഫാദർ ജോസഫ് കുറ്റിയാനിക്കൽ ?“ ഒരു നേഴ്സ് കടന്നു വന്നു ചോദിച്ചു. ”അങ്ങേരു വന്നിട്ടുണ്ട്. വിസിറ്റേഴ്സിനെ കടത്തിവിടണ്ട എന്നാണു ഡോക്ടർ പറഞ്ഞത്. ഞാൻ എന്താ വേണ്ടേ ? ഒരു പള്ളീലച്ചനല്ലേ , പറ്റില്ലാന്നങ്ങ് പറയാനും തോന്നണില്ല.“
റോബി ചാടിയെണീറ്റു. ”ദൈവമേ! അച്ചനെങ്ങനെ അറിഞ്ഞു ഇത് ? ആരായിരിക്കും അറിയിച്ചത് ?“
”ആ ആർക്കറിയാം . – ഞാനങ്ങേരെ ഇങ്ങോട്ട് കേറ്റി വിടുവാട്ടോ ഡോക്റ്റർ - കൂടെ രണ്ട് സിസ്റ്റേഴ്സും ഒരു കുഞ്ഞിക്കൊച്ചുമുണ്ട്. ആ കൊച്ചാണെങ്കി ഒരു പട്ടീനേം കൊണ്ടാ വന്നേക്കുന്നെ. അതിനെ എന്തായാലും ഹോസ്പിറ്റലിനകത്തേക്കു കേറ്റൂല്ല.“ നേഴ്സ് പുറത്തേക്കിറങ്ങി പോയി.
“ഫാദർ ജോസഫ് കുറ്റിയാനിക്കൽ...” ഡോക്ടർ ആ പേരു മന്ത്രിച്ചുകൊണ്ട് റോബിയുടെ നേരേ തിരിഞ്ഞു. “ജോസച്ചനും റോബിനുമായിട്ടെങ്ങനാ പരിചയം ?”
“ഡോക്ടർ അറിയുവോ അച്ചനെ ? ” റോബി അത്ഭുതപ്പെട്ടു. “ ഞാൻ ഒരു പഴയ അന്തേവാസിയാണ് സ്നേഹവീട്ടിലെ. അവടാരുന്നു ഞാൻ വളർന്നത്.”
“ആഹാ അതെനിക്കറിയില്ലായിരുന്നു.!” ഡോക്ടർ പുഞ്ചിരിച്ചു “അച്ചനെ എനിക്ക് സ്റ്റേറ്റ്സിൽ വെച്ചുള്ള പരിചയമാണ്.” ഡോക്ടർ പറഞ്ഞു. “അച്ചന്റെ ബ്രദർ അവിടെയുണ്ട്. അങ്ങേരുടെ ഡോക്ടറായിരുന്നു ഞാൻ.”
അതു പറഞ്ഞു കൊണ്ടിരുന്നപ്പോൾ തന്നെ അച്ചൻ അകത്തേക്കു കയറി വന്നു.
വന്ന പാടെ വിതുംബിക്കൊണ്ട് അദ്ദേഹം നീനയുടെ അടുത്തേക്കോടിച്ചെന്നു.
“എന്റെ കുഞ്ഞേ... ഈ വയസ്സു കാലത്ത് എന്നെ എല്ലാരും കൂടി ഇങ്ങനെ വെഷമിപ്പിക്കുന്നതെന്തിനാ ? ” കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു അദ്ദേഹത്തിന്റെ.
“ജോസച്ചാ...” ഡോ. തിമോത്തി അദ്ദേഹത്തിന്റെ തോളിൽ തൊട്ടു. “ വിഷമിക്കാനൊന്നുമില്ല. നീന ഉടൻ തന്നെ തിരിച്ചു വരും. എനിക്കു നല്ല ഉറപ്പുണ്ട്.”
പരിചിതമായ ആ ശബ്ദം കേട്ട് അമ്പരന്നു പോയി ജോസച്ചൻ. “തിമോത്തി! താനാണോ നീനേടെ ഡോക്ടർ ? താനെപ്പൊ ഇവിടെത്തി ?”
“ഞാൻ വന്നിട്ട് ആകെ ഒരാഴ്ച്ചയേ അയുള്ളൂ.” ഡോക്ടർ പുഞ്ചിരിച്ചു. “അച്ചനെ വന്നു കാണണമെന്നുണ്ടായിരുന്നു. പക്ഷേ സമയക്കുറവ്... വല്ലാത്ത തിരക്കാണിവിടെ. പോരാത്തതിന് ഞാൻ ഒരു ഹോസ്പിറ്റൽ തുടങ്ങാനുള്ള തത്രപ്പാടിലാണ്. അതിന്റെ തിരക്കുമുണ്ട്.”
“മോനേ ...” അച്ചൻ റോബിയെനോക്കി. “ഇവൻ... ഈ തിമോത്തിയാണ് നീനയുടെ ഡോക്ടറെങ്കിൽ, നീയൊന്നു കൊണ്ടും പേടിക്കണ്ട. അവൾ തിരിച്ചു വരും. അത്ര മിടുക്കനാ ഇവൻ.”
ഡോക്ടർ ഒന്നും മിണ്ടാതെ നിന്നതേയുള്ളൂ.
“അച്ചനെങ്ങനെ അറിഞ്ഞു ഈ വിവരം ?” റോബിക്ക് മനസ്സിലാകാത്തത് അതാണ്.
“അതിപ്പൊ... ” അച്ചന് അതെങ്ങനെ പറയണമെന്നറിയില്ല. “റോബി ഓർക്കുന്നുണ്ടോ സ്നേഹ വീട്ടിലെ സൂസി മോളെ ?”
“ഉം...” അവന്റെ കണ്ണുകൾ വിടർന്നത് അച്ചൻ കണ്ടില്ല. “എനിക്കു നല്ല ഓർമ്മയുണ്ട് സൂസി മോളെ.”
“നിങ്ങളോട് ഞാനിപ്പൊ ഇതെങ്ങനെയാ പറയുക ? ആ കൊച്ചിന് എന്തോ അതീന്ദ്രിയ ജ്ഞാനമുണ്ടെന്നു പറഞ്ഞാ നിങ്ങളു വിശ്വസിക്ക്വോ ?”
“എന്താ അച്ചൻ ഉദ്ദേശിച്ചെ ?”
“ആ മോൾ ഇന്നലെ രാത്രി ഏതാണ്ട് 12 മണീയായപ്പോ ചാടിയെണീറ്റ് കരച്ചിലു തുടങ്ങി. നീനാന്റിക്കെന്തോ പറ്റി, നീനാന്റീനെ വിളിക്കണം ന്നൊക്കെ പറഞ്ഞ്. ഭയങ്കര ബഹളം!”
എല്ലാവരും അമ്പരന്നു നില്ക്കുകയാണ്.
“ഞാൻ പറഞ്ഞു, മോളെ, അച്ചൻ വിളിച്ചു ചോദിക്കട്ടെ. മോളെങ്ങനാ ഇതറിഞ്ഞേ ?” അച്ചൻ ഒന്നു നിർത്തി. “അപ്പൊ ആ കൊച്ച് പറയുവാ, അതിന്റെ അമ്മ നീനേടെ കൂടെയുണ്ടെന്ന്. അമ്മ കരയുമ്പോ സൂസി മോൾക്കറിയാമത്രെ!”
റോബിയുടെ തൊണ്ട വരണ്ടു പോയി.
“എനിക്കൊന്നും മനസ്സിലായില്ല. റോബിയെ അപ്പൊ തൊട്ടു ഞാൻ വിളിക്കുന്നതാ. നിന്റെ ഫോൺ ഓഫ്! അവസാനം എനിക്കൊരു ബുദ്ധി തോന്നി ഞാൻ മാത്യൂസിനെ വിളിക്കുവാരുന്നു. അപ്പൊഴാ വിവരമറിഞ്ഞത്.എല്ലാരും ഞെട്ടിപ്പോയി. അവൾ ഇത് ഞങ്ങളേക്കാൾ മുന്നെ എങ്ങനെ അറിഞ്ഞു കാണും ? ഒരാൾക്കും ഉത്തരമില്ല. ഇതു മാത്രമല്ല കേട്ടോ... വേറെയും സംഭവമുണ്ടായിട്ടുണ്ട് മിൻപ്.”
“പറയച്ചോ...” തന്റെ ഫോൺ ചാർജ്ജറിൽ കുത്തിവെച്ചുകൊണ്ട് റോബി അച്ചനെ നോക്കി.
സൂസി മോളെക്കുറിച്ചു കേൾക്കാൻ റോബിക്ക് വല്ലാത്ത താല്പ്പര്യം തോന്നി.
സൂസി മോളെക്കുറിച്ചു കേൾക്കാൻ റോബിക്ക് വല്ലാത്ത താല്പ്പര്യം തോന്നി.
“അന്ന്, റെജി വന്നില്ലേ സ്നേഹ വീട്ടിൽ ? വല്യ ബഹളമൊക്കെ ഉണ്ടാക്കി എന്റെ തല തല്ലിപ്പൊളിച്ച് ആകെ പ്രശ്നമുണ്ടാക്കിയ ദിവസം ... അന്ന് അവൻ കേറി വന്ന സമയത്ത് ഞാനാ വാതിൽ തുറന്നു കൊടുത്തേ. എനിക്കവനെ കണ്ടിട്ട് ഒട്ടും മനസ്സിലായില്ല. പക്ഷേ ആ കൃത്യ സമയത്ത് തന്നെ സൂസി മോൾ എണീറ്റു വന്നു. അച്ചാ അയാളു ചീത്തയാ... അകത്ത് കേറ്റല്ലേ ന്നും പറഞ്ഞ് ഭയങ്കര കരച്ചിൽ! അവളെങ്ങനെ അവനെ തിരിച്ചറിഞ്ഞു ? ജീവിതത്തിൽ ഇന്നുവരെ കണ്ടിട്ടില്ലാത്ത റെജിയെ അവളെങ്ങനെ ?? ഒരിക്കലും ഉത്തരം കിട്ടിയില്ല എനിക്ക്.”
റോബിയുടെ മുഖത്ത് ഒരു വല്ലാത്ത ഭാവമായിരുന്നു. ഇതിനെല്ലാം കാരണം എനിക്കറിയാമെന്ന മട്ടിലുള്ള ഒരു ഭാവം.
“പിന്നെ, ” അച്ചൻ തുടർന്നു “നീയാ കൊണ്ടെ വിട്ട പട്ടിയില്ലേ ? ബ്രൂട്ട്സ് ? അവനും അവളും തമ്മിൽ ഒരു വല്ലാത്ത അറ്റാച്ച്മെന്റാണ്. നീ വിശ്വസിക്കില്ല, ഒരു നിമിഷം പോലും ആ പട്ടി അവളെ പിരിഞ്ഞിരിക്കില്ല. പരിചയമില്ലാത്ത ആരെങ്കിലും അവളെയൊന്നു തൊട്ടാൽ അവൻ അപ്പൊ വിവരമറിയും.
ഇന്നുവരെ ഇത്രയും അറ്റാച്ച്മെന്റ് ഞാൻ ഒരു ജീവിയിലും കണ്ടിട്ടില്ല. ഞാൻ നേരത്തെ പറഞ്ഞില്ലേ , എന്തോ ഒരു അതീന്ദ്രിയ ശക്തിയുണ്ട് ആ കുഞ്ഞിന് . - തിമോത്തി ഇതൊന്നും വിശ്വസിക്കില്ലായിരിക്കും - ” അവസാനം അച്ചൻ ഡോക്ടറെ നോക്കി.
“അതീന്ദ്രിയ ശക്തികളിൽ അച്ചനേക്കാൾ വിശ്വാസമുള്ളയാളാ ഞാൻ…” ഡോക്ടർ ഒരു നീണ്ട കഥ പറയാനെന്ന പോലെ തയ്യാറായി. “ഇതിപ്പൊ അച്ചൻ ഇത്രയും പറഞ്ഞതുകൊണ്ടു മാത്രം ഞാനൊരു കാര്യം പറയാം.”
“കഴിഞ്ഞ രാത്രി സർജറി നടന്നു കൊണ്ടിരുന്നപ്പോ പെട്ടെന്ന് നീന ഫ്ലാറ്റ് ലൈൻഡായി. എല്ലാം നിലച്ചു.പൾസില്ല. ജീവൻ പോയിരിക്കുന്നു എന്നു ഞങ്ങൾക്കു മനസ്സിലായി. പക്ഷേ, അതൊക്കെ ബ്രെയിൻ സർജറിയിൽ പതിവാണ്. ഓപ്പറേഷൻ തീർത്ത് ഷോക്ക് കൊടുത്ത് റിവൈവു ചെയ്തെടുക്കാറാണു പതിവ്.
ഞങ്ങൾ സർജറി തുടർന്നു. അപ്പോഴാണ്... നിങ്ങൾ വിശ്വസിക്കില്ല... എന്റെ പുറകിൽ ഏതാണ്ട് ഈ ഉയരത്തിൽ...” ഡോക്ടർ പുറകോട്ടു തിരിഞ്ഞ് സീലിങ്ങിലേക്കു വിരൽ ചൂണ്ടി. ആരോ ഒരാൾ നിന്ന് എല്ലാം ശ്രദ്ധിക്കുന്നതായി എനിക്കൊരു തോന്നൽ . ഒരു ഫീലിങ്ങ് മാത്രം. ആരെയും കാണാനൊന്നുമുണ്ടായിരുന്നില്ല. ഒരു വല്ലാത്ത ഫീലിങ്ങ്.“
എല്ലാവരും അവിശ്വസനീയമായൊരു പ്രേത കഥ കേൾക്കുന്നതു പോലെ ഡോക്ടറുടെ മുഖത്തേക്കു തന്നെ നോക്കി ഇരിക്കുകയാണ്.
“ഈ സംഭവം എനിക്ക് മുൻപ് പല പ്രാവശ്യം ഉണ്ടായിട്ടുണ്ട്. സർജ്ജറിക്കിടയിൽ ഇതൊരു സ്ഥിരം സംഭവമാണെനിക്ക്. പക്ഷേ വേറേ അധികമാരും ഇത് പറഞ്ഞു കേട്ടിട്ടില്ല.
മുൻപൊരിക്കൽ ഡെൻവറിൽ വെച്ച് ഇതു പോലെ തന്നെ വേറൊരു സംഭവം പറയാം. സെയിം ടൈപ്പ് കേസ്. തലയിൽ വെടിയേറ്റ ഒരു മനുഷ്യൻ. ഞാനായിരുന്നു ചീഫ് സർജ്ജൻ. ഈ കേസിലേപ്പോലെ തന്നെ, ഞങ്ങൾ ബുള്ളറ്റ് അവിടെ തന്നെ ഉപേക്ഷിച്ചു. അയാൾ ഇപ്പോഴും സുഖമായി ജീവിച്ചിരിക്കുന്നുണ്ട് കേട്ടോ. 6 ദിവസം കോമയിൽ കിടന്നു അയാൾ. കോമയിൽ നിന്ന് ഉണർന്ന അയാൾ എന്നെ കണ്ടതും, ആ ഓപ്പറേഷൻ തീയറ്ററിൽ നടന്ന ഓരോ കാര്യങ്ങളും എണ്ണിയെണ്ണി പറയാൻ തുടങ്ങി!! ആസ് ഇഫ് അയാൾ അതെല്ലാം കണ്ടുകൊണ്ടിരുന്ന പോലെ. ഞങ്ങൾ ഉപയോഗിച്ച ഇൻസ്ട്രുമെന്റ്സ് വരെ അയാൾ വിവരിച്ചു. ഒടുവിൽ, ആ ബുള്ളറ്റ് അവിടെ ഉപേക്ഷിച്ച വിവരവും. എല്ലാം അയാൾക്കറിയാം. നിങ്ങളോർക്കണം, പൾസ് പോലുമില്ലാതെ ആ ഓപ്പറേഷൻ ടേബിളിൽ കിടന്നിരുന്ന ഒരു വ്യക്തിയാണ് ഇതെല്ലാം പറയുന്നത്!!
ആ സംഭവം എനിക്കൊരു വല്ലാത്ത എക്സ്പീരിയൻസായി. ഞാൻ ഈ വിഷയത്തിൽ ഗവേഷണം ആരംഭിച്ചു. 2002 മുതൽ ഞാൻ ഈ സംഭവമന്വേഷിച്ച് ലോകത്തെമ്പാടും പല ഹോസ്പിറ്റലുകളിൽ കയറിയിറങ്ങി. നിങ്ങൾ അത്ഭുതപ്പെട്ടു പോകും... ഒന്നും രണ്ടുമല്ല, ലക്ഷക്കണക്കിന് മനുഷ്യർക്കാണ് ഈ അനുഭവമുണ്ടായിരിക്കുന്നത്. ഔട്ട് ഓഫ് ബോഡി എക്സ്പീരിയൻസ് (O.B.E.) എന്നാണ് ഈ പ്രതിഭാസത്തിന്റെ പേര്.
അങ്ങനെ 2007 ജനുവരിയിൽ, ഞാൻ ഡോ. റെയ്മണ്ട് മൂഡി യെ കാണാൻ ചെന്നു. അയാളെക്കുറിച്ച് തീർച്ചയായും ഓരോ മനുഷ്യനും അറിഞ്ഞിരിക്കണം. മരണാനന്തര ജീവിതത്തേക്കുറിച്ചുള്ള പഠനങ്ങളിൽ ഒരു പയനിയർ ആണദ്ദേഹം. ഒത്തിരി ബുക്കുകൾ ഈ വിഷയത്തിൽ എഴുതിയിട്ടുണ്ട്. ലൈഫ് ആഫ്റ്റർ ലൈഫ് എന്നൊരു ബുക്കുണ്ട്. ഏതൊരു മനുഷ്യനും വായിച്ചിരിക്കേണ്ട പുസ്തകമാണത്. മരിച്ചിട്ട് തിരിച്ചു വന്ന അനേകം മനുഷ്യരുമായുള്ള അഭിമുഖങ്ങൾ ഉണ്ട് അതിൽ. അദ്ദേഹവുമായുള്ള പരിചയം എന്നെ ആകെ ഒരു പുതിയ മനുഷ്യനാക്കി . ജീവിതത്തേക്കുറിച്ചുള്ള കാഴ്ച്ചപ്പാടു തന്നെ മറിപ്പോയി. നിങ്ങൾക്കറിയുമോ എന്നറിയില്ല, ഞാൻ ഇപ്പൊ ഒരു ബുദ്ധമത വിശ്വാസിയാണ്. ഈ ബുദ്ധന്റെ പ്രതിമക്കു തിരി കത്തിക്കുന്ന ചൈനീസ് വിശ്വാസമല്ല, യതാർത്ഥ ബുദ്ധമതം. ഈ വക എക്സ്പീരിയൻസുകൾ കുറച്ചെങ്കിലും പരിഗണിക്കുന്ന ഒരു മതമാണ് ബുദ്ധമതം എന്നെനിക്കു തോന്നി.
അപ്പോ ഇതൊക്കെയാണ് എന്റെ അതീന്ദ്രിയ അനുഭവങ്ങൾ.“ തന്റെ മുഖം നോക്കി അന്തിച്ചിരിക്കുന്നവരെ നോക്കി പുഞ്ചിരിച്ചുകൊണ്ട് ഡോക്ടർ തിമോത്തി പറഞ്ഞു നിർത്തി.
“ഈ ആസ്ട്രൽ പ്രൊജക്ഷൻ എന്നു പറയുന്നത് ഈ സംഭവമല്ലേ ? ബോഡിയിൽ നിന്നും ആത്മാവിനെ വേർപെടുത്തുന്ന എന്തോ പരിപാടിയല്ലേ അതും ?” റോബി ചോദിച്ചു.
“ആസ്ട്രൽ പ്രൊജക്ഷൻ എന്നൊരു വാക്കു തന്നെ ഞാൻ ഈയിടെയാണ് കേൾക്കുന്നത്. മെഡിറ്റേഷനിലൂടെ നമുക്ക് ശരീരത്തിൽ നിന്ന് നമ്മുടെ ഉപബോധ മനസ്സിനെ വേർപെടുത്തിയെടുക്കാൻ സാധിക്കും. അതു ഞാൻ നേരിൽ കണ്ടിട്ടുണ്ട്. അങ്ങനെ ചെയ്തിട്ടുള്ളവരെ എം ആർ ഐ സ്കാൻ ചെയ്തിട്ടുണ്ട് ഞാൻ. ഒരു പക്ഷേ അതു തന്നെയായിരിക്കും ഇത്. എനിക്കതിനേപ്പറ്റി കൂടുതൽ അറിയില്ല.”
“എന്തു തന്നെയായാലും, സൂസി മോളുടെ ഈ അത്ഭുത സിദ്ധി എന്താണെന്ന് വ്യക്തമാകുന്നില്ല. അവൾക്കെങ്ങനെ മനസ്സിലായി നീനക്കിങ്ങനെ സംഭവിച്ചെന്ന് ? ” ജോസച്ചൻ പറഞ്ഞു. “തിമോത്തിക്കെന്താ അഭിപ്രായം ?”
“എനിക്കാ കുട്ടിയെ അറിയില്ലല്ലോ. ഓർഫൻ ആണോ അവൾ ? എത്ര വയസ്സായി ? ആ കുട്ടിയുടെ അമ്മ നീനയുടെ ഒപ്പം ഉണ്ടായിരുന്നെന്നു പറഞ്ഞല്ലോ... അതാ എനിക്ക് കൺഫ്യൂഷനായത് ”
“അതു തന്നെയാ എന്റെയും പ്രശ്നം. അവളുടെ അമ്മയാരാ അച്ഛനാരാ ന്നൊന്നും നമുക്കറിയില്ല. സ്നേഹവീടിന്റെ പടിയിൽ ആരോ ഉപേക്ഷിച്ചു പോയതാ അവളെ. ജനിച്ച ഉടനെ തന്നെ. അന്നൊക്കെ കുറേ അന്വേഷിച്ചു നോക്കി. പക്ഷേ ഒരു വിവരവും കിട്ടിയില്ല. വളർന്നു വരുംതോറും അവളുടെ സ്വഭാവം മറ്റു കുട്ടികളിൽ നിന്നും വളരെ വ്യത്യസ്ത്ഥമായിരുന്നു. നാലര വയസ്സാണവൾക്ക്. പക്ഷേ ഒരു പത്തു വയസ്സു കാരിയേപ്പോലെയാണ് സംസാരമൊക്കെ. പിന്നെ നമ്മുടെ കണ്ണിൽ നോക്കിയാണവൾ സംസാരിക്കുക. കണ്ണിലൂടെ ആത്മാവിലേക്ക് തറച്ചു നോക്കിക്കൊണ്ട്...”
റോബി വിതുംബിക്കൊണ്ട് മുഖം പൊത്തി നില്ക്കുകയായിരുന്നു. എല്ലാം തുറന്നു പറയാൻ അവന്റെ ഉള്ളു തുടിച്ചു. സൂസി മോൾക്ക് അച്ചനും അമ്മയുമൊക്കെ ഉണ്ടെന്ന് വിളിച്ചു പറയാൻ തോന്നി അവന്.
“ഇന്ററസ്റ്റിങ്ങ് ആണല്ലോ. എന്നിട്ടവളെവിടെ ? അച്ചൻ കൊണ്ടു വന്നില്ലാരുന്നോ ?” ഡോക്ടർ ചോദിച്ചു.
“അവൾ താഴെയുണ്ട്. ഇങ്ങോട്ട് കയറ്റി വിട്ടില്ല സെക്യൂരിറ്റി. ആ പട്ടിയെ ഹോസ്പിറ്റലിൽ കടത്തില്ലല്ലോ.”
“അതിനിപ്പെന്താ, പട്ടിയെ തല്ക്കാലം ആ കോമ്പൗണ്ടിലേക്കു മാറ്റി കെട്ടിയിട്ടു കൂടേ ?”
“അതല്ലേ ഞാൻ ആദ്യം പറഞ്ഞത്. ആ പട്ടി അവളെ വിട്ടു പിരിഞ്ഞ് ഒരു നിമിഷം പോലും ഇരിക്കുന്ന പ്രശ്നം ഉദിക്കുന്നില്ല. അതിനെ മാറ്റിക്കെട്ടുക എന്നു പറയുന്നതും, ഒരു സിംഹത്തെ മാറ്റിക്കെട്ടുക എന്നു പറയുന്നതും ഒരു പോലാ. കടിച്ചു കീറിക്കളയും. നാലുവയസ്സുകാരൻ ജെർമ്മൻ ഷെപ്പേഡിന് എന്തു വലുപ്പം ഉണ്ടാകുമെന്നറിയാമല്ലോ.“
”ശ്ശെടാ!“ ഡോക്ടർക്ക് ചിരി വന്നു. ” ഇതൊരു ഇന്ററെസ്റ്റിങ്ങ് കേസാണല്ലോ. ഒരു പട്ടി ഇത്ര അറ്റാച്ച്ഡാകുന്നതെങ്ങനെയാ ?“
”എനിക്കറിയില്ലെന്റെ തിമോത്തി. കുറച്ചു ദിവസം മുൻപ് റെജി എന്നൊരുത്തൻ അവടെ വന്നു. പ്രശ്നക്കാരനാ. റോബിയോട് ചോദിച്ചാൽ പറഞ്ഞു തരും. ഞാൻ നേരത്തെ പറഞ്ഞല്ലോ, സൂസി മോൾക്ക് അവനെ കണ്ടതും മനസ്സിലായി. അവൾ ചെന്ന് അവന്റെ മുൻപിൽ നിന്ന് ഇറങ്ങിപ്പോകാൻ പറഞ്ഞു. അപ്പൊ അവൻ ഒരു തോക്കുമെടുത്ത് കൊച്ചിനെ പിടിച്ചു വലിച്ച് മാറ്റീതാ... എവിടുന്നാന്നറിഞ്ഞില്ല! പറന്നെത്തുവാരുന്നു ബ്രൂട്ട്സ്! റെജീടെ കഴുത്ത് കടിച്ചു പറിച്ചെടുത്തു അവൻ.
ആ സംഭവത്തിനു ശേഷമാണ് ഈ അറ്റാച്ച്മെന്റ് തുടങ്ങിയത്. ആരോ ഏല്പ്പിച്ച ജോലി ചെയ്യുന്ന പോലെ തോന്നും നമുക്ക്. സദാ സമയവും അവളുടെ കൂടെ ഒരു നിഴലു പോലെയാണവൻ നടക്കുന്നത്. അവനില്ലാതെ അവളെ ഇങ്ങോട്ട് കയറ്റിക്കൊണ്ടുവരാൻ ഞാൻ വിചാരിച്ചാൽ പോലും നടക്കില്ല. റോബീടെ പട്ടിയാ ബ്രൂട്ട്സ്. അവനെ പോലും ഇനി ആ പട്ടി അനുസരിക്കുമെന്നു തോന്നുന്നില്ല.“
“വെരി ഇന്ററെസ്റ്റിങ്ങ്. അച്ചനു ബുദ്ധിമുട്ടില്ലെങ്കിൽ ഞാൻ അവളെ ഒന്നു കണ്ടോട്ടെ ?”
“എനിക്കെന്തു ബുദ്ധിമുട്ട് ? ബ്രൂട്ട്സ് സമ്മതിച്ചാൽ നീ കണ്ടോ. നോ പ്രോബ്ലം. ഒരു കയ്യകലത്തിലൊക്കെ നിന്നാ മതീന്നു മാത്രം.” അച്ചനും ചെറുതായി ഒന്നു ചിരിച്ചു.
അപ്പോഴാണ് അവർ റോബിയുടെ ഭാവമാറ്റം ശ്രദ്ധിക്കുന്നത്. ഇരു കൈകളാലും മുഖം പൊത്തി ശബ്ദമില്ലാതെ കരയുകയായിരുന്നു അവൻ.
തങ്ങളുടെ സംസാരത്തിലെന്തോ അവനെ സ്പർശിച്ചിട്ടുണ്ടെന്നവർക്കു മനസ്സിലായി. നീന അല്ല ഇപ്പോൾ അവന്റെ വിഷയം.
“റോബി...” ഡോക്ടർ വിളിച്ചു. “ഡൂ യൂ വാണ്ട് റ്റു സേ സംതിങ്ങ് ?”
റോബി തലയുയർത്തി. കണ്ണുനീരിൽ കുതിർന്നിരുന്നു അവന്റെ മുഖം.
“ഞാനിനി എന്തിനാ ഒളിക്കുന്നേ ? എല്ലാം പറയാം ഞാൻ!!” അവൻ കണ്ണുകൾ അമർത്തി തുടച്ചു. “എന്റെ മോളാ അത്... എന്റെ സ്വന്തം മോൾ. ഞാനാ അവളെ അന്ന് സ്നേഹ വീട്ടിൽ കൊണ്ടെ ഉപേക്ഷിച്ചത്...”
“ങ്‌ഹേ!” ജോസച്ചൻ നടുങ്ങിപ്പോയി.
“എല്ലാം ഞാൻ പറയാം...” അവൻ നീനക്കരികെ ബെഡിൽ ഇരുന്നു.
അപ്പോൾ വാതിൽ തുറന്ന് മാത്യൂസ് മുറിയിലേക്ക് കയറി വന്നു.
“ആഹാ! എല്ലാരുമുണ്ടല്ലോ! എങ്ങനുണ്ട് നീനക്ക് ?”
ആരുമൊന്നും മിണ്ടിയില്ല.
“ഓക്കേ... റെജിയെ തപ്പി നടക്കുവാരുന്നു രാത്രി മുഴുവൻ. അവൻ കാടു കേറി പോയിട്ടുണ്ട്! ഒരു രക്ഷേമില്ല. ഇനി വല്ല തമിഴ്നാട്ടിലോ മറ്റോ ചെന്നന്വേഷിച്ചാ മതി.”
അതൊന്നും ജോസച്ചൻ ശ്രദ്ധിച്ചില്ല. തൊട്ടു മുൻപ് റോബി പറഞ്ഞ ആ ഞെട്ടിക്കുന്ന സത്യം അദ്ദേഹത്തെ അടിമുടി പിടിച്ചു കുലുക്കിയിരുന്നു.
“റെജീടെ കര്യം പിന്നെ നോക്കാം മാത്യൂസ്... ദാ റോബി ഇപ്പൊ ഒരു കാര്യം പറഞ്ഞോണ്ടിരിക്കുവാരുന്നു. സൂസി മോൾടെ കാര്യം!”
“ഓഹോ... “ മാത്യൂസ് അവന്റെ നേരേ തിരിഞ്ഞു. ”നാടു മുഴുവൻ നടന്ന് കുറ്റ സമ്മതം നടത്തുകയാണല്ലേ. ആയ്ക്കോട്ടെ. പറഞ്ഞോ. ഞാൻ ഒരു പ്രാവശ്യം കൂടി കേൾക്കാം.” അയാളും അടുത്തു കിടന്ന ബെഡിൽ ഇരുന്നു.
****** ****** ****** ****** ****** ****** ****** ****** ****** ******
മരോട്ടിച്ചാൽ - റിസർവ്വ്ഡ് ഫോറസ്റ്റ് ഏരിയ - ത്രിശ്ശൂർ. 9.00
ത്രിശ്ശൂർ ടൗണിൽ നിന്നും ഏതാണ്ട് 15 കിലോമീറ്റർ അകലെയാണ് മരോട്ടിച്ചാൽ ഗ്രാമം. വന മേഖലയാണത്.
ഉള്ളിലേക്ക് കയറി ഏതാണ്ട് 4 കിലോമീറ്റർ കൂടി വനത്തിലൂടെ നടന്നാൽ, ഓലക്കയം എന്ന മനോഹരമായ വെള്ളച്ചാട്ടത്തിലെത്താം. കേരളത്തിലെ മറ്റേതു വെള്ളച്ചാട്ടങ്ങളേക്കാളും മനോഹരമാണത്. പക്ഷേ കാട്ടിലൂടെയുള്ള ആ നാലു കിലോമീറ്റർ യാത്ര അല്പ്പം കഠിനമാണ്. അതുകൊണ്ടു തന്നെ അധികം പേർക്കും ഈ സ്ഥലത്തേപ്പറ്റി അറിവില്ല. എങ്കിലും, മഴക്കാലത്ത് സഞ്ചാരികളെക്കൊണ്ട് നിറയും ഈ ഭാഗം. പുറം സംസ്ഥാനങ്ങളിൽ നിന്നു വരെ ആളുകൾ വരാറുണ്ട് ഈ അപൂർവ്വ കാഴ്ച്ച കാണാനും, കണ്ണെത്താ ഉയരത്തിൽ നിന്നും താഴേക്കു നിപതിക്കുന്ന കണ്ണു നീരു പോലത്തെ ആ വെള്ളത്തിൽ കുളിക്കാനും.
ഏതാണ്ട് ഒൻപതു മണിയോടെ അവർ രണ്ടു പേരും കാടു കയറാനാരംഭിച്ചു. അവർ - അലെക്സും ഷെറിനും - ആത്മാർത്ഥ സ്നേഹിതരാണ്. ദുബായിൽ ഒരേ കമ്പനിയിൽ ജോലി ചെയ്യുന്നവർ. ആദ്യമായിട്ടാണ് അവർക്കു രണ്ടാൾക്കും ഒരേ സമയത്ത് വെക്കേഷൻ കിട്ടി നാട്ടിൽ വരുന്നത്. അലെക്സിന്റെ വീടിനടുത്തുള്ള ഈ കൊടുംകാട് തന്നെയാകട്ടെ ഇപ്രാവശ്യത്തെ അഡ്വെഞ്ചർ ട്രിപ്പ് എന്നു തീരുമാനിക്കുകയായിരുന്നു അവർ. തിരുവനന്തപുരം സ്വദേശിയാണ് ഷെറിൻ.
അവരങ്ങനെ നടന്ന് നടന്ന് ഏതാണ്ട് പകുതി വഴിയായിക്കാണും. ക്ഷീണിച്ചവശരായിക്കഴിഞ്ഞു. അവർ വിശ്രമിക്കാനായി അവിടെ കണ്ട ഒരു പരന്ന പാറയിൽ കയറി ഇരുന്നു.
കുത്തനെയുള്ള കയറ്റമാണിനി. കണ്ടാൽ തന്നെ പേടിയാകും. വെളിച്ചം പോലും കടക്കാത്തത്ര നിബിഢ വനമാണ്. അടുത്തെങ്ങും ജനവാസമില്ല. സീസൺ അല്ലാത്തതുകൊണ്ട് ഒരു മനുഷ്യനെപ്പോലും കാണാനില്ല. അവർക്കു കുറേശ്ശേ പേടിയായിത്തുടങ്ങിയിരുന്നു. അവിടെ കാട്ടാനയുടെ ശല്യം വേണ്ടുവോളമുണ്ടെന്ന് കേട്ടിട്ടുണ്ട്.
“തിരിച്ചു പോയാലോ ?” അലക്സ് ചോദിച്ചു.
“പിന്നേ... ഇത്രേം വഴി വന്നിട്ടാ ? കൊല്ലും ഞാൻ!” ഷെറിൻ ക്യാമറയൊക്കെ തൂക്കി ഒരു വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫറുടെ ഗെറ്റപ്പിലായിരുന്നു.
“ഡാ!!” അലക്സിന്റെ കണ്ണുകൾ തുറിച്ചു വന്നു. “നീയതു കണ്ടാ ??”
അവിടെ... അവരിരുന്ന ആ നീണ്ട പാറയുടെ ഏറ്റവുമൊടുവിൽ ഒരു മനുഷ്യൻ!! ശരീരമാസകലം ചോരയിൽ കുളിച്ച നിലയിൽ കമിഴ്ന്നു കിടക്കുകയാണയാൾ!! കഴുത്തിൽ എന്തോ വലിയൊരു മുറിവു കാണാം. അതിൽ നിന്നും രക്തമൊലിച്ച് ആ പാറയിൽ കട്ട പിടിച്ചു കിടന്നിരുന്നു.
“പോവാം...” മന്ത്രിച്ചുകൊണ്ട് ഷെറിൻ പുറകോട്ടു ചുവടു വെച്ചു. അലെക്സും എഴുന്നേറ്റു.
തിരിഞ്ഞോടാനായിട്ടവർ ഒരുങ്ങിയതും...
“പോവല്ലേ പ്ലീസ്...” ഞെരക്കം പോലെ ആ ശബ്ദം കേട്ടു. “ഞാൻ ഒന്നും ചെയ്യില്ല...”
ആ മനുഷ്യൻ കിടന്ന കിടപ്പിൽ തന്നെ തല തിരിച്ച് അവരെത്തന്നെ നോക്കിക്കൊണ്ട് കിടക്കുകയായിരുന്നു.
“ഇത്തിരി വെള്ളം...വെശക്കുന്നെനിക്ക്...“ യാചിക്കുകയാണയാൾ.
”പുലിവാലു പിടിക്കണോടാ ?“ അലെക്സ് ഷെറിന്റെ ചെവിയിൽ ചോദിച്ചു.
”വെള്ളം കൊടുക്കാം എന്തായാലും. ഒരു മനുഷ്യനല്ലേ...“ ഷെറിൻ തന്റെ ബാഗ് തുറന്ന് ഒരു കുപ്പി വെള്ളം പുറത്തെടുത്തു. ”നീയും കൂടി വാ.“
വെള്ളം കിട്ടിയതും കിടന്ന കിടപ്പിൽ തന്നെ ആർത്തിയോടെ അയാളതു വലിച്ചു കുടിച്ചു.
“എന്തു പറ്റീതാ ചേട്ടന് ?” അലെക്സ് അയാൾക്കു സമീപം കുനിഞ്ഞു നിന്നു.
“വഴി തെറ്റി... പെട്ടു പോയി. മൂന്നു ദിവസായി...നിങ്ങളെപ്പോലെ തന്നെ ട്രിപ്പു വന്നതാ.”
“ഒറ്റക്കോ! കഷ്ടം!” അവർ അയാളെ പിടിച്ചെഴുന്നേല്പ്പിച്ചു.
“കഴുത്തിലിതെന്നാ പറ്റി ?”
“എന്തോ പിടിച്ചു കടിച്ചതാ... ഇന്നലെ രാത്രി.” അയാൾ കാട്ടിലേക്കു വിരൽ ചൂണ്ടി.
“ഈശ്വരാ!! ഇങ്ങനെ കടിക്കുന്ന എന്തു ജീവിയാ ഇതിനകത്ത് ? കടിയൊക്കെ കഴിഞ്ഞ് സ്റ്റിച്ചുമിട്ടു തന്നോ ?” ഷെറിൻ ആ മുറിവു പരിശോധിച്ചു. “നൊണ പറയല്ലേ ചേട്ടാ... ഇതു കൊറേ ദിവസായ മുറിവാ.”
“എനിക്കു വെശക്കുന്നു. തിന്നാൻ വെല്ലോമുണ്ടോ നിങ്ങടെ കയ്യിൽ ?” അയാളതൊന്നും ശ്രദ്ധിച്ച മട്ടില്ല.
“കപ്പേം ബീഫുമുണ്ട്.”
“അതു മതി! ” അയാൾ ആർത്തിയോടെ ഷെറിന്റെ ബാഗിലേക്കു നോക്കി.
ഷെറിൻ അലക്സിനെ നോക്കി ഊറിച്ചിരിച്ചു. “ട്രിപ്പ് എന്തായാലും കോഞ്ഞാട്ടയായി. ഇനിയിപ്പൊ ഇയാളെ ഇട്ടിട്ടു പോകാനൊക്കില്ലല്ലോ. എടുത്തു കൊടുത്തേക്കാം. ല്ലേ ?”
അലെക്സിനും എതിരഭിപ്രായമൊന്നുമുണ്ടായിരുന്നില്ല. എന്നാലും ആ മനുഷ്യനെ കണ്ടിട്ട് എന്തോ പന്തികേടു തോന്നാതിരുന്നില്ല രണ്ടാൾക്കും. അയാളുടെ ശരീരമാസകലം ചോര കട്ട പിടിച്ചിരിക്കുന്നു. കഴുത്തിലെ മുറിവിൽ നിന്നാണെന്നു തോന്നുന്നില്ല. ആയിരുന്നെങ്കിൽ, അത്രയും രക്തം നഷ്ടപ്പെട്ട അയാൾ ജീവിച്ചിരിക്കാൻ തന്നെ സാധ്യതയില്ല.
കപ്പയും ബീഫും ഒരുമിച്ചിട്ടിളക്കി അയാൾ വലിയ ഉരുളകളാക്കി വായിൽ കുത്തി നിറച്ചു. വിശന്ന് ഭ്രാന്തായിപ്പോയെന്നു തോന്നുമായിരുന്നു അയാളുടെ പ്രകൃതം കണ്ടാൽ.
നിമിഷ നേരത്തിനുള്ളിൽ മൂന്നു പേർക്കു വാങ്ങിയ ആ ഭക്ഷണം കാലിയാക്കി അയാൾ എഴുന്നേറ്റു.
“ഇനി എനിക്ക് ഒരു ഉപകാരോം കൂടി വേണം. ” ഭക്ഷണം കഴിച്ചതോടു കൂടി അയാൾ ഉഷാറായ പോലെ തോന്നി. “എനിക്ക് നിങ്ങടെ ഫോൺ ഒന്നു വേണം. ഒരു കോൾ ചെയ്തിട്ടു തരാം. എന്റെ ഫോണൊക്കെ പോയി.”
“ആയിക്കോട്ടെ. ” ഷെറിൻ ഫോൺ അയാൾക്കു നീട്ടി. “നമുക്ക് തിരിച്ചു നടന്നോണ്ട് വിളിക്കാം. ചേട്ടനെ നാട്ടിലിറക്കി വിട്ടിട്ട് പറ്റുവാണെങ്കി ഞങ്ങൾക്ക് ഒന്നോടെ വരണം.”
“ഊഹും...” അയാൾ നിക്ഷേധാർത്ഥത്തിൽ തലയാട്ടി.
“എന്റെ ചേട്ടാ പറയുന്ന കേൾക്ക്. ഞങ്ങൾക്കാണേ തിരിച്ചു പോകാനുള്ള വഴിയറിയാം. വാ പൂവാം” അലെക്സ് അയാളുടെ കൈത്തണ്ടയിൽ പിടുത്തമിട്ടു.
“ഞാനെങ്ങോട്ടുമില്ലെന്നു പറഞ്ഞില്ലേ ?” തീഷ്ണമായ സ്വരത്തിൽ അയാൾ മുരണ്ടു.“നിങ്ങളു പൊക്കോ. എന്നെ ന്നോക്കണ്ട!” അയാൾ അവന്റെ കൈ തട്ടിത്തെറിപ്പിച്ചിട്ട് ഫോണുമായി ആ കുത്തനെയുള്ള കയറ്റം കയറാനാരംഭിച്ചു.
“ഡോ.. ഡോ...” ഷെറിൻ അയാൾക്കു പുറകേ ഓടിച്ചെന്നു. “താനെന്താ ഈ കാണിക്കുന്നേ ? തിന്നാനും കുടിക്കാനും കിട്ടിക്കഴിഞ്ഞപ്പോ മൊട കാണിക്കുന്നോ ? ആ ഫോണിങ്ങു തന്നേ. താനിപ്പ അങ്ങനെ ഞങ്ങളെ …!”
അയാൾ തിരിഞ്ഞ് ഷെറിനെ രൂക്ഷമായി ഒരു നോട്ടം!
അറിയാതെ രണ്ടു സ്റ്റെപ്പ് പുറകോട്ടിറങ്ങിപ്പോയി ഷെറിൻ.
അവർ അന്നു രാവിലത്തെ പത്രം വായിച്ചിരുന്നെങ്കിൽ... ആരോടാണ് തങ്ങൾ സംസാരിക്കുന്നതെന്നറിഞ്ഞിരുന്നെങ്കിൽ രണ്ടു പേരും പണ്ടേ ജീവനും കൊണ്ട് ഓടി രക്ഷപ്പെട്ടേനേ.
ആ മനുഷ്യൻ അപ്പോഴേക്കും ആ കയറ്റം കയറി മുകളിലെത്തിയിരുന്നു. അവിടെ വിലങ്ങനെ മറിഞ്ഞു കിടന്ന ഒരു കൂറ്റൻ മരത്തിനു മുകളിൽ കയറിയിരുന്ന് അയാൾ ഡയൽ ചെയ്യാനാരംഭിച്ചു.
****** ****** ****** ****** ****** ****** ****** ****** ****** ******
വെസ്റ്റ് ഫോർട്ട് ഹോസ്പിറ്റൽ - ത്രിശ്ശൂർ - നീനയുടെ റൂം - 10.00 AM
“എന്റെ മോൾ അനാഥയല്ലച്ചാ...” റോബി പൊട്ടിക്കരഞ്ഞുകൊണ്ട് പറഞ്ഞവസാനിപ്പിച്ചു. “എനിക്കവളെ വേണം. ഇനി ഞാനുണ്ടാകും അവൾക്ക് അപ്പനായിട്ട്. അമ്മയായിട്ട് എന്റെ നീനയും. എനിക്കു വേണമവളെ.”
ജോസച്ചൻ ഒന്നും മിണ്ടാതെ തല കുമ്പിട്ടിരുന്നു. ആ പാവം വൃദ്ധന് താങ്ങാനാവുന്നതിലധികമായിരുന്നു അതെല്ലാം.
“നമുക്ക് പോയി സൂസിമോളെ ഒന്നു കാണാം.” അവസാനം ഡോ. തിമോത്തി സംസാരിച്ചു. “ ഈ കേസിൽ ഞാൻ ഇടപെടണ്ട കാര്യമുണ്ടായിട്ടല്ല, കേട്ടിടത്തോളം ഈ കുഞ്ഞ് വളരെ ഇന്ററെസ്റ്റിങ്ങ് ആയൊരു ക്യാരക്റ്റർ ആണ്. എനിക്കവളെപ്പറ്റി കൂടുതൽ അറിയണമെന്നുണ്ട്. ഒൺലി... നിങ്ങൾക്കൊക്കെ സമ്മതമാണെങ്കിൽ മാത്രം.”
“തീർച്ചയായും...നമുക്കു താഴേക്കു പോകാം.” ജോസച്ചൻ എഴുന്നേറ്റു. “-റോബി മോനെ- നീയീ പറഞ്ഞ കാര്യങ്ങളൊക്കെ ഒന്നു ദഹിക്കാൻ അല്പ്പം സമയമെടുക്കും. നിന്നോട് ക്ഷമിക്കാൻ മാത്രം നീയെന്നോട് പറയരുത്. ഞാൻ ഈ ളോഹയല്ല, പോപ്പിന്റെ കുപ്പായമിട്ടാണിരിക്കുന്നതെങ്കിൽ പോലും, അൾട്ടിമേറ്റ്ലി, ഞാനൊരു വെറും മനുഷ്യനാ. ദൈവമൊന്ന്വല്ല. നീ ഒരു കൊടും ക്രൂരനാ മോനേ! പണ്ടേ ഞാൻ നിന്നോട് പറഞ്ഞില്ലേ, ആർത്തി കൂടുതലാ നിനക്കെന്ന് ? ”
റോബി ഒന്നും സംസാരിച്ചില്ല. അവന്റെ ഫോണടിക്കുന്നുണ്ടായിരുന്നു. എല്ലാവരുടേയും ശ്രദ്ധ അതിലേക്കായപ്പോൾ അതെടുത്തു നോക്കി. പരിചയമില്ലാത്ത ഒരു നംബർ.
“ഹലോ!”
“ചേട്ടായീ... ഞാനാടാ...” മറുവശത്തു നിന്നും ആ ശബ്ദം കേട്ട് റോബി വിറങ്ങലിച്ചു പോയി.
(തുടരും...)
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക