നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

കറുത്ത കൊടി

കറുത്ത കൊടി
**************
'അറിഞ്ഞില്ലേ.... ലാസറേട്ടന്റെ വീടിന്റെ ഗേറ്റിൽ കറുത്ത കൊടി വച്ചിരിക്കുന്നു. അവിടെ ആരോ മരിച്ചു പോയെന്നു തോന്നുന്നു.'
ലാസറിന്റെ വീട്ടിലേക്ക് ധൃതി പിടിച്ചു നടക്കുന്നതിനിടയിൽ ചിന്നമ്മ എതിരെ വന്ന സരളയോട് പറഞ്ഞു.
'അവിടെ നിക്ക് എന്റെ ചിന്നമ്മേ ... ആരാ ഇപ്പം അവിടെ മരിക്കാൻ? കാർന്നോന്മാരാരുമില്ലല്ലോ അവിടെ . പോരാത്തതിന് അയാളുടെ ഭാര്യയ്ക്ക് നമ്മളുടെയൊക്കെ പ്രായമല്ലേ... ' സരള ചോദിച്ചു.
പ്രായത്തിന്റെ കാര്യം പറഞ്ഞപ്പോൾ ചിന്നമ്മയ്ക്ക് അത് ഇഷ്ടപ്പെട്ടില്ല. ചിന്നമ്മ ചോദിച്ചു,
' എനിക്ക് എന്ത് പ്രായം? വിചാരിക്കുന്ന പോലെയൊന്നുമല്ല എന്റെ പ്രായം. എനിക്ക് നല്ല ചെറുപ്പം തന്നെയാണ്.'
ഉവ്വ... ഉവ്വ.. സരള മനസ്സിൽ പറഞ്ഞു.
ആ .. അതു പോട്ടെ.. ഏതായാലും, അങ്ങോട്ടേക്കാണെങ്കിൽ ഞാനും ഉണ്ട് കൂടെ.
അവർ രണ്ടു പേരും കൂടി നടക്കുമ്പോൾ, അവരുടെ അയൽവക്കങ്ങളിലുള്ള ലളിതയും, ശോശന്നയും വിവരം തിരക്കി.
അവർ കാര്യം പറഞ്ഞപ്പോൾ ദാ.... ഞങ്ങളുണ്ട് കൂടെ എന്നു പറഞ്ഞ് അവരും കൂടി . നടക്കുന്നതിനിടയിൽ അവർ ഓരോ കാര്യങ്ങളും സ്മരിക്കാൻ തുടങ്ങി.
'ദൈവമേ... ലാസർ ചേട്ടനായിരിക്കും എന്നാ തോന്നുന്നത്. ഇന്നലെ വീട്ടിലേക്ക് പാലു കൊണ്ടുവന്നപ്പോൾ, പുള്ളിക്കാരൻ, നെഞ്ചിന്റെ ഭാഗത്ത് വേദനയാണെന്ന് എന്റെ കെട്ടിയോനോട് പറയുന്നുണ്ടായി രുന്നു.'
ശോശന്ന തന്റെ നിഗമനം പറഞ്ഞു.
എന്റെ ദൈവമേ... അങ്ങേരായിരിക്കും എന്നു തന്നെയാ..എനിക്കും തോന്നുന്നത്. ഇന്ന് രാവിലേയും കൂടി വീട്ടിൽ പാലു കൊണ്ടുവന്നതായിരുന്നു. ഈ നാട്ടിലെ നല്ലൊരു പാല്ക്കാരനായിരുന്നു. എന്തു ചെയ്യാം? ദൈവത്തിന്റെ ഓരോരോ
വികൃതികളേ... ചിന്നമ്മ പറഞ്ഞു നിറുത്തി.
അതെയതേ.... ഒരിക്കൽ ഞങ്ങളുടെ വീട്ടിൽ ലാസറേട്ടൻ കൊണ്ടുവന്ന പാലു തിളപ്പിച്ചു ചായ ഉണ്ടാക്കി കുടിച്ചപ്പോൾ പാൽപ്പൊടിയുടെ ടേസ്റ്റും, ഗ്ലാസിൽ നിന്ന് പൊടിയുടെ അംശവും കിട്ടി. സംശയം തീർക്കാൻ ബാക്കിയുള്ള പാൽ ചില്ലു ഗ്ലാസിൽ ഒഴിച്ചു വച്ചു.., കുറച്ചു കഴിഞ്ഞു നോക്കിയപ്പോൾ പൊടി അടിയിൽ കിടക്കുന്നു . ഇതെന്താ ഇങ്ങനെ? എന്നു ലാസറേട്ടനോട് ചോദിച്ചപ്പോൾ, അയാൾ പറയുകയാ... പാല് കറന്നെടുത്തപ്പോൾ കട്ടി കുറവ്. നിങ്ങൾക്ക് വിഷമം വേണ്ട എന്നു വിചാരിച്ചു പേരക്കിടാവിന്റെ
'ലാക്ടോജൻ' രണ്ടു ടി സ്പൂൺ എടുത്തു കലക്കിയതാണെന്ന് '. ശോശന്ന പറഞ്ഞു നിറുത്തി.
'ഹൊ.. ഇനി കുറ്റങ്ങളൊന്നും ഈ സമയത്തു പറയാതെ ... അല്ലേലും നേരും നെറിയും ഉള്ള ഒരു മനുഷ്യനായിരുന്നു. ഉള്ള കാര്യം അങ്ങോർ പറഞ്ഞില്ലേ...?' സരള പറഞ്ഞു.
അങ്ങനെ ഇവർ വർത്തമാനം പറഞ്ഞു പറഞ്ഞ് ലാസറിന്റെ വീട്ടുമുറ്റത്ത് എത്തി. ഗേററിൽ കറുത്ത കൊടി വച്ചിട്ടുണ്ടെങ്കിലും, ആളുകൾ എത്തിയിട്ടില്ല.
തങ്ങളാണ് ആദ്യം എത്തിയത് എന്ന ഗമയിൽ അവർ വീടിന്റെ തുറന്നു കിടക്കുന്ന വാതിലിലൂടെ അകത്തേയ്ക്ക് കയറി. അവിടെ സോഫയിൽ കരഞ്ഞുകൊണ്ടിരിക്കുന്ന ഏലിക്കുട്ടിയെ കണ്ടു.
പക്ഷേ ലാസറിന്റെ ബോഡി കണ്ടില്ല. ചിലപ്പോൾ മോർച്ചറിയിൽ വയ്ക്കാൻ കൊണ്ടു പോയിട്ടുണ്ടാകും എന്നവർ വിചാരിച്ചു.
ഏലിക്കുട്ടി വന്നവരെ കണ്ട് ആർത്തലച്ച് കരഞ്ഞു.
കരയാതെ ഏലീ... എന്നവർ പറഞ്ഞു സമാധാനിപ്പിക്കാൻ ശ്രമിച്ചെങ്കിലും, പൂർവ്വാധികം ശക്തിയോടെ അലമുറയിട്ടു കരഞ്ഞുകൊണ്ട് പറഞ്ഞു ,
'അയ്യോ... ഞാനിതെങ്ങനെ സഹിക്കും. എല്ലാം കഴിഞ്ഞില്ലേ ... ഇനി ഞങ്ങളെങ്ങനെ ജീവിക്കും? അയ്യോ.... അയ്യയ്യോ.... ഈ കുടുംബത്തിന്റെ നെടും തൂണായിരുന്നു.., പോയില്ലേ... കഴിഞ്ഞില്ലേ.. എല്ലാം....
ഏലിക്കുട്ടിയുടെ കരച്ചിലും, പതം പറച്ചിലും കേട്ട് , വന്ന ലോലഹൃദയരായ സ്ത്രീകളെല്ലാം ഏലിക്കുട്ടിയെ ആശ്വസിപ്പിക്കാൻ ശ്രമിക്കുന്നതോടൊപ്പം, ഒപ്പം നിന്ന് കരയാനും, താന്താങ്ങളുടെ സാരി തലപ്പുപയോഗിച്ച് മൂക്കു പിഴിയാനും തുടങ്ങി.
കുറച്ചു നേരം അങ്ങനെ തുടരുന്നതിനിടയിൽ വീടിന്റെ അടുക്കള ഭാഗത്തു നിന്നും , കൈയ്യും കാലും മുഖവും കഴുകി, തലയിൽ കെട്ടിയിരിക്കുന്ന തോർത്ത് അഴിച്ചെടുത്ത്, ഒന്നു കുടഞ്ഞ്, തുടച്ചെടുത്ത് അകത്തേയ്ക്ക് കേറി വരുന്ന ലാസറിനെ കണ്ടപ്പോൾ, ഏലിക്കുട്ടി ഒഴിച്ച്, വന്നവരെല്ലാം ബ്രേക്കിട്ടപ്പോലെ കരച്ചിൽ നിറുത്തി.
അല്ലാ... അപ്പോൾ നിങ്ങൾ മരിച്ചില്ലേ...? ലളിത ചോദിച്ചു.
ഞാനോ... എന്തായിത് പറയുന്നത്.,?എനിക്കതിനുള്ള സമയമായിട്ടില്ല.
പിന്നെ ആരാ മരിച്ചെ ?
നിങ്ങൾ എന്തു വർത്തമാനമാണ് പറയുന്നത് ഹേ...?
അപ്പോൾ ഗേറ്റിൽ തൂക്കിയിട്ടിരിക്കുന്ന കറുത്ത കൊടിയോ?
ങേ... എവിടെ ? എന്നു ചോദിച്ചു കൊണ്ട് ലാസർ വീട്ടുമുറ്റത്തേക്ക് ഇറങ്ങി നോക്കി.
ശരിയാണല്ലോ... ഇത് എങ്ങനെ വന്നു?
ടീ.... ഏലിക്കുട്ടിയേ... എന്നു വിളിച്ചു കൊണ്ട് ലാസർ അകത്തേയ്ക്ക് കയറി.
അപ്പോൾ ഏലിക്കുട്ടി 'ഹൈ 'യിലായിരുന്ന കരച്ചിൽ 'ലോ ' -യിലാക്കി കൊണ്ട് ഭർത്താവിന്റെ മുഖത്തേയ്ക്ക് നോക്കി .
ടീ... ഗേറ്റിൽ കറുത്ത കൊടി എങ്ങനെ വന്നെടീ..?
അതോ ... മരിച്ചാൽ പിന്നെ ചുവന്ന കൊടിയാണോ മനുഷ്യാ കെട്ടുക?
അതിനിപ്പം ഞാൻ ചത്തട്ടില്ലല്ലോടീ... ങ്ഹേ..
ദിവസവും പത്തു മുപ്പതു ലിറ്റർ പാല് തരുന്ന, നമ്മുടെ കുടുബാംഗത്തേപ്പോലെ കരുതുന്ന 'അമ്മിണി' ചത്തുപോയാൽ പിന്നെ കറുത്ത കൊടി കെട്ടെണ്ടേ..? എത്ര പാടുപെട്ടാ പഴയ പെട്ടിയിൽ നിന്നും കറുത്ത തുണി കണ്ടുകിട്ടിയത് എന്നറിയാമോ? എന്തു നല്ല പശുവാ യിരുന്നു. എന്നിട്ട് വന്നവരെ നോക്കിക്കൊണ്ടു പറഞ്ഞു,
'പുല്ലു തിന്നുകൊണ്ടിരിക്കുന്നതിനിടയിൽ പാമ്പു കടിച്ചതായിരുന്നു'. ലോണെടുത്തും, എന്റെ കൈയ്യേൽ കിടന്ന വളകളെല്ലാം പണയം വച്ചും വാങ്ങിയ പശുവായിരുന്നു. ഇനി അതുപോലൊരു പശുവിനെ എങ്ങനെ വാങ്ങും..? അതു പറഞ്ഞിട്ടു.. ഒന്നു കൂടെ ഏങ്ങലടിച്ചു കരഞ്ഞ ഏലിക്കുട്ടി , കണ്ണീരും , മൂക്കിൽ നിന്നും വന്ന വെള്ളവും സാരിയുടെ മുന്താണി ഉപയോഗിച്ച് തുടച്ചു.
ഛെ... വെറുമൊരു പശുവിനു വേണ്ടിയായിരുന്നോ തങ്ങളീ കരച്ചിലെല്ലാം കരഞ്ഞത് എന്നോർത്ത ലളിതയും, സരളയും , ചിന്നമ്മയും , ശോശന്നയും കൂടി ഏലിക്കുട്ടിയോട് പറഞ്ഞു,
എന്നാലും എന്റെ ഏലിക്കുട്ടീ... ഇത് വേണ്ടായിരുന്നു. ഞങ്ങളുടെ എനർജി കളയണ്ടായിരുന്നു.
അതു പിന്നെ ... പുതിയ പശുവിനെ എങ്ങനെയെങ്കിലും വാങ്ങുന്നതു വരെ പാല് നിങ്ങളുടെ വീടുകളിൽ വിതരണം ചെയ്യാൻ പറ്റില്ലല്ലോ. മാത്രമല്ല ഇനി എല്ലാ വീടുകളിലും കയറി പാലു രണ്ടു മൂന്നു ദിവസം ഉണ്ടാവില്ല എന്നു പറയാൻ ബുദ്ധിമുട്ടുള്ളതുകൊണ്ട് , ഒരു എളുപ്പത്തിന് ഞാൻ ചെയ്ത പണിയാ. കറുത്ത കൊടിയാകുമ്പം നിങ്ങൾ വിവരം തിരക്കി വരും. ഞങ്ങൾ ഉദ്ദേശിച്ചകാര്യം നടക്കുകയും ചെയ്യും ... കരച്ചിലിനിടയിൽ ഏലിക്കുട്ടി പറഞ്ഞൊപ്പിച്ചു.
' എന്നാലും എന്റെ ഏലിക്കുട്ടീ....' ഇത്തവണ വിളിച്ചത് ഏലിക്കുട്ടിയുടെ ലാസറു ചേട്ടനായിരുന്നു.
സുമി ആൽഫസ്
*****************

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot