നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

::ചെമ്പൻക്കുന്നിലെ യക്ഷി:: ഭാഗം 3

::ചെമ്പൻക്കുന്നിലെ യക്ഷി::
~ ~ ~ ~ ~ ~ ~ ~ ~ ~ ~ ~ ~
(തുടർച്ച)
ഭാഗം 3
ആ വിളി കേൾക്കാൻ ചെവി കൊടുക്കാതെ അവന്റെ കാലുകൾ ശരവേഗത്തിൽ ദൂരങ്ങൾ പിന്നിട്ടിരുന്നു.
'' അവനെവിടെ പോയതാടി കൊച്ചേ?"
പ്രകാശന്റെ അമ്മയുടെ ചോദ്യത്തിന് മുന്നിൽ രേണു ഒന്നു ചൂളി.
" ആ എനിക്കറിയില്ലമ്മേ" എന്നും പറഞ്ഞവൾ വീട്ടിലേക്കോടി.
പിന്നീടുള്ള അവന്റെ ജീവിതം കൈവിട്ട പട്ടം കണക്കെയായിരുന്നു. തലപെരുപ്പിന് ശമനം കിട്ടാൻ മദ്യവും പുകവലിയും കൂടപ്പിറപ്പുകളായി മാറി. അവന്റെ മാറ്റം വീട്ടിനുള്ളിലും കലഹത്തിന് വഴിത്തുറന്നു.
കൂടെ പിറന്നില്ലെങ്കിലും കൂടപ്പിറപ്പുകളായി ജീവിച്ച രേണുവിന് പ്രകാശന്റെ തകർച്ച സഹിക്കാൻ കഴിയുമായിരുന്നില്ല. എല്ലാവരും കുറ്റപ്പെടുത്തിയപ്പോഴും ചീത്ത വിളിച്ചപ്പോഴും അവൾ മാത്രം അവനെ ചേർത്തു പിടിച്ചു. അവന്റെ സങ്കടങ്ങൾക്ക് കേൾവിക്കാരിയായി. പതിയെ പതിയെ രാജനുമായി പ്രകാശനു നല്ലൊരു സൗഹൃദം ഉണ്ടാക്കിയെടുക്കാൻ അവൾക്ക് കഴിഞ്ഞു. രാജനോടൊപ്പം വർക്ക്ഷോപ്പിൽ ജോലിയ്ക്കും കൂടി.
ആ സൗഹൃദം പ്രകാശനിൽ വളർന്നു വന്ന വിഷാദ രോഗിയെ പാടെ മുറിച്ചുമാറ്റി. കുടിയും വലിയുമെല്ലാം ഉപേക്ഷിച്ചു. വീട്ടിലേക്ക് ചിലവിന് കാശും കൊടുത്ത് തുടങ്ങി. ഇതിനിടയിൽ രേണുവും പ്രകാശനുമായുള്ള വിവാഹ ചർച്ചകൾ കുടുംബങ്ങളിൽ തകൃതിയായി നടക്കുന്നുണ്ടായിരുന്നു.
അന്നൊരു ശനിയാഴ്ച്ച ദിവസം. സതിയുടെ ഫോൺ ശബ്ദിക്കാൻ തുടങ്ങി. രേണുകയുടെ വീട്ടിൽ ഫോൺ കിട്ടിയതിൽ പിന്നെ രേണുകയ്ക്ക് വേണ്ടി ആ ഫോൺ അന്ന് വീണ്ടും ചിലച്ചു.
" രേണുകേ നിനക്കാടി ഫോൺ " സതി വിളിച്ചു പറഞ്ഞു.
"ങ്ങേ എനിക്കോ എന്നെയാരാ അവിടെ വിളിയ്ക്കാൻ അതും ഇത്ര രാവിലെ."
" നിന്റെ പഴയ കാമുകൻമാർ വല്ലതും ആകുമെടി നിനക്ക് ഫോൺ കിട്ടിയതറിയാതെ വിളിക്കുകയായിരിക്കും വേഗം ചെന്ന് എടുക്ക്."
പത്രത്തിൽ നിന്നും മുഖമുയർത്താതെ പ്രകാശൻ പറഞ്ഞു തീർത്തു.
" നീ പോടാ."
എന്നും പറഞ്ഞവൾ സതിയുടെ വീട്ടിനുള്ളിലേക്ക് ഓടിക്കയറി.
റിസീവർ ചെവിയോട് ചേർത്ത് വച്ചു.
"ഹലോ "
" രേണുകേച്ചി ഇത് ഞാനാ എന്റെ കോഴ്സെല്ലാം കഴിഞ്ഞു. നാളെ എനിക്ക് തിരുവസ്ത്രം കിട്ടും ഇവിടുത്തെ പള്ളിയിൽ വച്ച്. ഞാനിന്ന് കോളേജിൽ വരുന്നുണ്ട്. ഒന്ന് കാണാൻ പറ്റുമോ? പ്രകാശേട്ടനെയും കൂടി ഒന്നു വരുമോ. തിരുവസ്ത്രാരോഹണം കഴിഞ്ഞാൽ ഞാൻ ജോർദ്ദനിലേക്ക് പോകുവാണ്. പിന്നെ നമുക്ക് കാണാൻ പറ്റിയെന്നു വരില്ല. അതാ, പ്ലിസ് ചേച്ചി.
ഹലോ രേണുകേച്ചി എന്താ മിണ്ടാത്തത്, ഹലോ?"
" വരാം നീ എപ്പോ എത്തും?"
"ഒരു 11 മണി. "
''ഓക്കെ "
രേണുക പഴയ പോലെ തന്നെ അവന്റെ അരികിൽ പടിയിൽ ഭിത്തിയും ചാരിയിരുന്നു. പണ്ടൊരിക്കാൻ ഇതുപോലൊരു രാവിലെ വന്ന ഫോൺ കോൾ. ഇതു പോലെ അടുത്തു വന്നിരുന്ന് പറഞ്ഞതാണ് പ്രകാശന്റെ ജീവിതം തകർത്തത്. ഇത് ഇനി എന്തിനാക്കുമോ എന്തോ?
"എന്താടി, ആരാരുന്നു? നിന്റെ ഈ ഇരുപ്പ് അത്ര പന്തിയല്ലല്ലോ?"
" പ്രകാശാ അവൾ വന്നു. അവൾക്ക് നമ്മളെയൊന്ന് കാണണമെന്ന്. നാളെ അവളുടെ തിരുവസ്ത്രാരോഹണം ആണെന്ന്. നീ പോകുന്നുണ്ടോ കാണാൻ.?''
പ്രകാശൻ രേണുകയെ ഒന്നു നോക്കി. അവന്റെ കണ്ണുകളിൽ എന്തു വേണമെന്നറിയാത്തയൊരു ആശങ്ക നിഴലിക്കുന്നത് അവൾ കണ്ടു.
" നീ പോകണം കൂടെ ഞാനും കാണും നിന്റെ മനസിലുള്ളത് തുറന്നു പറയണം. അവൾക്ക് സമ്മതം അല്ലെങ്കിൽ മറന്നേക്കണം. അവളു പോയ്ക്കൊട്ടെ. ഇനി ഒരുപക്ഷേ സമ്മതമാണെങ്കിൽ ഒരിക്കൽ നീ വലിച്ചെറിഞ്ഞൊരു ജീവിതമുണ്ട് നിന്റെ മുന്നിൽ. പക്ഷെ ഒരു കാര്യം ഒരിക്കലും പഴയത് പോലെയാവില്ലെന്ന് എനിക്കുറപ്പു വേണം."
ആ ഒരു ഉറപ്പിന്റെ ബലത്തിൽ അവർ കോളേജിലേക്ക് പോകാൻ തീരുമാനിച്ചു. രേണുക നേരത്തെ തന്നെ പോയി.
അത് രാജന്റെ പ്ലാൻ ആയിരുന്നു. നേരത്തെ ചെന്ന് അവളോട് കാര്യങ്ങൾ എല്ലാം രേണുക അവതരിപ്പിച്ചതിന് ശേഷം മാത്രം പ്രകാശൻ രംഗപ്രവേശം ചെയ്താൽ മതിയെന്നുള്ളത്. പ്ലാനിംഗ് എല്ലാം പറഞ്ഞതുപ്പോലെ നടന്നു. രേണുക അവളോട് കാര്യങ്ങളെല്ലാം പറഞ്ഞു. ഒരക്ഷരം മിണ്ടാതെയവൾ കേട്ടിരുന്നു. പറഞ്ഞു കഴിഞ്ഞപ്പോൾ നിറഞ്ഞ നിശബ്ദതയെ കീറിമുറിച്ചു കൊണ്ട് രാജന്റെ സ്കൂട്ടർ വന്ന് നിന്നു. പിറകിൽ നിന്നും പ്രകാശനിറങ്ങി അവരുടെ അടുത്തേക്ക് നടന്നു. പ്രകാശനെയും അവന്റെ വെള്ളാരം കണ്ണുകാരിയെയും തനിച്ച് നിർത്തി രേണുക രാജന്റെയടുത്തേക്ക് വന്നു.
അവളുടെ കണ്ണുകളിലെ തിളക്കം അവന്റെയുള്ളിൽ കത്തിപ്പടർന്നു.
"എടോ എനിക്ക് തന്നെ വേണം ഒരു വാക്കു പോലും പറയാതെ എന്നെ ഉപേക്ഷിച്ച് പോയപ്പോൾ ഞാനനുഭവിച്ചത് നിനക്കറിയില്ല. ഇനി എന്റെ ജീവിതാവസാനം വരെയും നീ എന്റെ കൂടെ വേണം."
അവളുടെ മുഖത്ത് നോക്കാതെ അവൻ ഒറ്റ ശ്വാസത്തിൽ പറഞ്ഞു നിർത്തി.
" പ്രകാശേട്ടാ ഈ വാക്കുകൾ കേൾക്കാൻ ഞാനൊരുപാടാഗ്രഹിച്ച നാളുകൾ ഉണ്ടായിരുന്നു. രേണുകേച്ചി ഇപ്പോ എന്നോടെല്ലാം പറഞ്ഞു. അന്നൊക്കെ ഒരായിരം തവണ മനസ്സുകൊണ്ട് ഞാൻ പ്രകാശേട്ടനോട് പറഞ്ഞിരുന്നു എനിക്കിഷ്ടമാണെന്ന്. പ്രകാശേട്ടനൊന്നുമറിഞ്ഞില്ല. ഇന്നിപ്പോ ഞാൻ ആ പഴയ വെള്ളാരംകണ്ണിയല്ല. ബന്ധങ്ങളും ബന്ധനങ്ങളുമെല്ലാം വേണ്ടെന്ന് വെച്ച് ദൈവത്തിന്റെ വഴിയിലേക്കിറങ്ങിയവളാണ്. നാളത്തെ തിരുവസ്ത്രാവരോഹണം കൂടി കഴിഞ്ഞാൽ പിന്നെ ഞാൻ ദൈവത്തിന്റെ മണവാട്ടിയാണ്."
"ചേന."
പ്രകാശന്റെ ഉള്ളിലെ അഗ്നി ആളിപ്പടർന്നു.
"നീയാരുടെയും മണവാട്ടിയാകാൻ പോകുന്നില്ല. മണവാട്ടിയാകുന്നെങ്കിൽ അത് ഈ പ്രകാശന്റെ മാത്രമായിരിക്കും. പ്രകാശന്റെ മാത്രം."
പ്രകാശന്റെ സംസാരം ഒരലർച്ച പോലെ മുഴങ്ങി.
പ്രകാശന്റെ ഭാവവ്യത്യാസം രേണുകയേയും രാജനേയും തെല്ലൊന്ന് ഭയപ്പെടുത്താതെയിരുന്നില്ല.
"കുട്ടി, ഒരാളുടെ ജീവിതം നശിപ്പിച്ചു കൊണ്ട് ദൈവത്തിന്റെ മണവാട്ടിയായാൽ ദൈവം നിന്നെ സ്വീകരിക്കുമെന്നാണോ? നിനക്ക് ഇവനെയും ഇവനു നിന്നെയും ഇഷ്ടമാണ് പിന്നെയെന്തിനാണ് ഈ ഒഴിഞ്ഞുമാറൽ "
രാജനാണ് ഇടയ്ക്ക് കയറി ഇടപ്പെടത്.
" പക്ഷേ ഒരുപാട് വൈകിപ്പോയി. നാളെ എല്ലാം അവസാനിക്കുകയാണ്. ഞാൻ ഈ അവസാന അവസരത്തിൽ എന്ത് ചെയ്യാനാണ് "
"നാളെയല്ലേ അവസാനിക്കൂ. ഇന്ന് എന്നൊരു ദിവസമുണ്ടല്ലോ? നീ തയ്യാറാണെങ്കിൽ പ്രകാശൻ ഇന്ന് നിന്നെ കൊണ്ടു പോകും. അല്ലേടാ പ്രകാശാ..?"
ഇന്നോ പ്രകാശനൊന്നു ഞെട്ടി ഞാനിവളെ എവിടെ കൊണ്ടുപോകും?
പ്രകാശന്റെ കണ്ണുകളിൽ നിന്ന് മനസു വായിക്കാനുള്ള കഴിവ് രേണുകയ്ക്ക് മാത്രമേയുള്ളൂ. ആ ചോദ്യത്തിനുത്തരം അവനു കഴിയില്ലെന്ന് അറിയാവുന്നത് കൊണ്ട് അവൾ തന്നെ മറുപടി പറഞ്ഞു.
" അതേ തൽക്കാലം വീട്ടിലേക്ക് പോകുന്നു. സമ്മതം കിട്ടുമെന്ന് ഒരുറപ്പും ഇല്ല. അതുകൊണ്ട് ആദ്യം ഇവൾക്ക് ഇടാൻ കുറച്ച് ഡ്രസ്സും അത്യവശ്യത്തിനുള്ള സാധാനങ്ങളും വാങ്ങണം. വീട്ടിൽ കയറ്റിയിലേൽ വേണ്ട. ഇവിടെ അടുത്ത് എനിക്കറിയാവുന്ന ഒരു ലേഡീസ് ഹോസ്റ്റൽ ഉണ്ട് തൽക്കാലം ഇവൾ അവിടെ നിൽക്കട്ടെ. എന്നിട്ട് നാളെ ഇവരുടെ കല്യാണത്തിനുള്ള കാര്യങ്ങൾ നോക്കാം. ബാക്കി വഴിയേ ശരിയാക്കാം. എന്തേ."
"കാര്യങ്ങളെല്ലാം സമ്മതിച്ചു. അതിനു ഇവൾ ഒന്നും പറഞ്ഞില്ലല്ലോ?"
''ഞാൻ എന്ത് പറയാനാ, ഞാനായിട്ട് ആരുടെയും ജീവിതം നശിപ്പിക്കുന്നില്ല."
അത്രേയും തന്നെ അധികമായിരുന്നു പ്രകാശനു സന്തോഷിക്കാൻ. ഇനിയാരു തടഞ്ഞാലും എന്ത് സംഭവിച്ചാലും അവനതൊരു പ്രശ്നമേ ആയിരുന്നില്ല.
അവൾക്ക് ഡ്രസ്സും സാധനങ്ങളും വാങ്ങനുള്ള കാശ് കൊടുത്തത് രാജനാണ്. സാധനങ്ങളുമായി നേരെ രേണുകയുടെ വീട്ടിലേക്ക് പോയ്ക്കൊള്ളാൻ പറഞ്ഞു.
അവിടെ നിന്ന് ഫോൺ വിളിച്ചാൽ മതിയെന്ന്. തീരുമാനങ്ങളെല്ലാം പറഞ്ഞപോലെ നടന്നു. വീട്ടിലെത്തിയ രേണു കാര്യങ്ങൾ ചെറുതായി അച്ഛൻ രാഘവനെ അറിയിച്ചു. രാഘവൻ അത് ചൂടാറാതെ പ്രകാശന്റെ അച്ഛൻ ദാമുവിനെയും. ദാമു പ്രകാശന്റെ വരവിനായി ഉമ്മറപ്പടിയിൽ കാത്തിരുന്നു.
രാജന്റെ സ്കൂട്ടറിൽ പ്രകാശൻ വീടിന്റെ മുറ്റത്ത് വന്നിറങ്ങി.
"തനിച്ചാണ് വന്നതെങ്കിൽ എന്റെ മകനു വീട്ടിലേക്ക് കയറാം. കൂടെ കൊണ്ടു വന്നവരെ ആരെയും ഈ പടിയ്ക്കപ്പുറം വേണ്ട."
''അച്ഛാ, അവൾ എന്നെ മാത്രം വിശ്വസിച്ച് ഇറങ്ങി വന്നതാണ് "
"നിന്നെ വിശ്വസിച്ചെങ്കിൽ നീ നോക്കിക്കോ അത് ഇതിനകത്ത് വേണ്ട. അവളെ എവിടെയാണോ കൊണ്ട് വിടേണ്ടതെന്ന് വെച്ചാൽ കൊണ്ട് വിട്ടിട് വാ."
"ഇല്ലച്ഛാ അവളെന്റെ പെണ്ണാ എന്റെ കൂടെ ജീവിയ്ക്കാൻ ഞാൻ കൊണ്ട് വന്ന പെണ്ണ്. "
"അത് നീ മാത്രം തീരുമാനിച്ച മതിയോ? ഞാൻ പിന്നെ എന്തിനാടാ?"
"അച്ഛനെന്തിനായാലും എന്റെ കാര്യം ഞാനാ തീരുമാനിയ്ക്കുന്നേ."
''ഫ്ഭാ പന്നാ നായേ ഇറങ്ങടാ പുറത്ത്. ഈ വീട്ടിൽ നടക്കില്ല നിന്റെ തലവഴിതരം. പോടാ എന്റെ കൺമുന്നിന്.''
ദാമു കതകുകൾ വലിച്ചടച്ചു.
sഫ്...
* * * * *
"അയ്യോ.........."
വലിയൊരു നിലവിളിയോടെ ശ്രീക്കുട്ടൻ കാർ സഡൻ ബ്രേക്കിട്ടു. കാറിന്റെ പിൻചക്രങ്ങൾ ചെറുതായി മുകളിലേക്ക് പൊങ്ങി താഴേക്ക് പതിച്ചു.
(തുടരും)

Sumitha

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot