നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

:ചെമ്പൻക്കുന്നിലെ യക്ഷി::ഭാഗം 4

::ചെമ്പൻക്കുന്നിലെ യക്ഷി::
~ ~ ~ ~ ~ ~ ~ ~ ~ ~ ~ ~ ~
(തുടർച്ച)
ഭാഗം 4
"എന്താടാ, എന്തുപ്പറ്റി?"
"വേഗം ഇറങ്ങ് നമ്മുടെ മുന്നേ പോയ കാർ ആ ബൈക്കിനെ ഇടിച്ചു തെറിപ്പിച്ചു. "
"അയ്യോ."
രണ്ടുപേരും കാറിൽ നിന്നിറങ്ങി ആക്സിഡന്റ് നടന്നിടത്തേക്ക് ഓടി.
" അയാൾ മാത്രമേ ഉണ്ടായിരുന്നുള്ളോടാ."
റോഡിൽ കിടന്ന് പിടയുന്ന മനുഷ്യനെ ചൂണ്ടി പ്രകാശൻ തിരക്കി.
"അല്ല ഒരു കുട്ടിയും ഉണ്ടായിരുന്നു. അത് തെറിച്ചു പോയി. "
"നീ വണ്ടിയിങ്ങോട്ട് കൊണ്ട് വാ.പോ ചെല്ല്."
ശ്രീക്കുട്ടൻ കാറെടുക്കാൻ പോയ സമയം കൊണ്ട് പ്രകാശൻ റോഡിൽ കിടന്നയാളെ പൊക്കിയെടുത്തു. എന്റെ മോൾ, എന്റെ മോൾ എന്നയാൾ പിറുപിറുക്കുന്നുണ്ടായിരുന്നു.
റോഡിനോട് ചേർന്ന ഇലക്ട്രിക് പോസ്റ്റിന്റെ അടിയിൽ ബോധരഹിതയായി കിടന്ന ആ കുഞ്ഞിന്റെ തലയിൽ നിന്നും രക്തം അണപൊട്ടി ഒഴുകുകയായിരുന്നു. കണ്ടാൽ 10 വയസ് പ്രായം തോന്നിയ്ക്കും.
അവരെക്കോരിയെടുത്ത് അടുത്ത ജില്ല ആശുപത്രിയിൽ എത്തിയ്ക്കും വരെ ഉള്ളിൽ തീയായിരുന്നു.
ഹോസ്പ്പിറ്റലിനുള്ളിലേക്ക് സ്ട്രക്ച്ചറിൽ കിടത്തി കൊണ്ട് പോയ ആ കൊച്ചു മിടുക്കിയുടെ കാലിലെ ഒരുപാട് മുത്തുകളുള്ള പാദസ്വരം പ്രകാശന്റെ കണ്ണുകളിലുടക്കി.
"സാർ ആക്സിഡൻറ് കേസായത് കൊണ്ട് പോലീസ് വരുന്നത് വരെ നിങ്ങൾ പോകരുത്."
വെള്ളക്കുപ്പായമിട്ട മാലാഖയുടെ വാക്കുകൾക്ക് മുന്നിൽ പ്രകാശനൊന്നു മൂളി.
പറഞ്ഞ് തീരും മുമ്പേ ഹോസ്പിറ്റലിനു മുന്നിൽ പോലീസ് ജീപ്പ് വന്നു നിന്നു.
"ഹോ, നമ്മുടെ പോലീസൊക്കെ ഇപ്പോ സഡൻ ആക്ഷൻ ആയോ പ്രകാശേട്ടാ."
"എന്ത് പോലിസ് നമ്മുടെ പഴയ സ്റ്റീഫൻ മാർക്കോസ് തന്നെയാ."
" എങ്കിൽ പിന്നെ ഈ ജാടയെ കാണുള്ളൂ."
"നീ അങ്ങനെ പറയരുത്. ആ ഒരു കേസ് മാത്രമാണ് അയാൾക്ക് തെളിയിക്കാൻ കഴിയാതെ പോയത്. ബാക്കി കേസുകളിലെല്ലാം അയാൾ പുലിയാണ്."
സ്റ്റീഫൻ റിസപ്പ്ഷനിൽ വന്ന് കാര്യങ്ങൾ അന്വേഷിച്ച് തിരിഞ്ഞു. പ്രകാശനെ കണ്ടതും നിറഞ്ഞൊന്നു ചിരിച്ചു.
"ഹലോ പ്രകാശൻ ഹൗവ് ആർ യൂ? " പുസ്തക പ്രകാശനമൊക്കെ കഴിഞ്ഞല്ലോ അല്ലേ. എനിക്ക് വരാൻ പറ്റിയില്ല. ഒരുപാട് തിരക്കല്ലേ അതാ."
"ഇറ്റ്സ് ഓക്കേ സാർ."
" ഉം അതൊക്കെ വിട് താനെന്താ ഇവിടെ, വേതാളം ഇപ്പോഴും കൂടെ തന്നെയുണ്ടല്ലേ?"
സ്റ്റീഫൻ ശ്രീക്കുട്ടന്റെ തോളിലൊന്നു തട്ടി.
"സാറിപ്പോ തിരക്കി വന്ന ആ ആക്സിഡന്റ് കേസില്ലേ. അവരെ ഇവിടെ കൊണ്ട് വന്നത് ഞങ്ങളാണ്."
"ഹോ അത് നിങ്ങളായിരുന്നോ? എന്തായിരുന്നു സംഭവിച്ചേ? അല്ലേൽ വേണ്ട. ടോ ഇവരുടെ മൊഴിയെടുക്ക്. ഞാനൊന്ന് ഡോക്ടറെ കണ്ടിട്ട് വരട്ടെ."
"സാർ, മൊഴി കൊടുത്തിട്ട് ഞങ്ങൾ പോയ്ക്കൊട്ടെ? വൈഫും കുഞ്ഞും വീട്ടിലൊറ്റയ്ക്കാണ്."
"ഓ ഷുവർ നിങ്ങൾ പോയ്ക്കൊള്ളൂ. ശരി നമുക്ക് ഇനിയും കാണാം."
" ഓക്കേ താങ്ക് യൂ സാർ."
പ്രകാശന്റെയും ശ്രീക്കുട്ടന്റെയും മൊഴിയെടുത്ത് കൊണ്ടിരിക്കുമ്പോഴാണ് ആ മാലാഖ പിന്നെയും വന്നത്.
"സാർ ഇതവരുടെ ഓർണമെൻസ് ആണ്. അവരുടെ വീട്ടിലെ ആരും ഇല്ലാത്ത സ്ഥിതിയ്ക്ക്."
"യെസ് ഞങ്ങൾ സൂക്ഷിച്ചു കൊള്ളാം വീട്ടുകാർ വരുമ്പോൾ പോലീസ് സ്‌റ്റേഷനിൽ നിന്ന് വാങ്ങി കൊള്ളാൻ പറയണം. ഓക്കേ."
പോലിസുകാരൻ സാധാനങ്ങളെല്ലാം കൈയിലേക്ക് വാങ്ങി.അതിൽ നിന്ന് ഒരെണ്ണം താഴേക്കൂർന്ന് വീണു. ഒരുപാട് മുത്തുകൾ ഉള്ള ആ പാദസ്വരം.
മൊഴി കൊടുത്ത് തിരികെ നടക്കുമ്പോൾ പ്രകാശന്റെ മനസ് വല്ലാതെ നീറി പുകഞ്ഞു.
എന്റെ ആർദ്ര മോൾ, അവളൊരുപാട് ആഗ്രഹിച്ചതാണ് ഇതുപോലെയൊന്ന്. വാങ്ങി കൊടുത്തില്ല. അന്നത്തെ പിശുക്ക് അത്രതന്നെ. എന്റെ കുഞ്ഞ്, കുറേനാൾ അവൾ ഒഴിഞ്ഞ കാലുമായി നടന്നു. ഒടുവിൽ ഒരു വെള്ളത്തുണിയിൽ പൊതിഞ്ഞു കൊണ്ട് വരുമ്പോഴും അവളുടെ കുഞ്ഞിക്കാലുകൾ ഒഴിഞ്ഞതായിരുന്നു.
പ്രകാശന്റെ ഹൃദയമിടിപ്പ് നിയന്ത്രണങ്ങൾക്ക് അതീതമായി ഉയർന്നു. ഉള്ളിൽ ഒതുക്കിവെച്ചിരുന്ന സങ്കട തിരമാലകൾ അവിടെ താണ്ഡവനൃത്തംചവിട്ടി.
(തുടരും)

Sumitha

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot