Slider

ദൈവം സാക്ഷിയായി.

0

ദൈവം സാക്ഷിയായി.....
കോടതി മുൻപാകെ.
കോടതി മുൻപാകെ.....
സത്യം മാത്രം ബോധിപ്പിച്ചു കൊള്ളാം.
സത്യം മാത്രം ബോധിപ്പിച്ചു കൊള്ളാം.....
പ്രതിഭാഗം വക്കീൽ സമർപ്പിച്ച തെളിവുകളും സാക്ഷിമൊഴികളും എതിരായി നിൽക്കുന്ന സാഹചര്യത്തിൽ അവസാനമായി താങ്കൾക്കെന്തെങ്കിലും കോടതിയെ ബോധ്യപ്പെടുത്താനുണ്ടോ ?
ഉണ്ട് , ബഹുമാനപ്പെട്ട കോടതിയോട് എനിക്ക് പറയാനുള്ളത് കൂടി കേൾക്കാനുള്ള മനസ്സുണ്ടാവണം....
ശരി , എന്താണ് താങ്കൾക്ക് കോടതിയെ ബോധിപ്പിക്കാനുള്ളത് ?
പ്രതിഭാഗം വക്കീലിന്റെ തെളിവുകളെക്കാളും സാക്ഷിമൊഴികളെക്കാളും പ്രധാന്യമർഹിക്കുന്നതാണ് പ്രതി തന്നെ സ്വയം കുറ്റമേറ്റ് പറയുകയെന്നത്. ഒരു തരിമ്പ് പോലും സങ്കടമോ കുറ്റബോധമോ മനസ്സിലില്ലാതെ തന്നെ പറഞ്ഞു കൊള്ളട്ടെ , എന്റെ സ്വന്തം മോളെപ്പോലെ താലോലിച്ചു കൊണ്ടു നടന്ന വെറും അഞ്ച് വയസ്സ് മാത്രം പ്രായമുള്ള ഒരു പിഞ്ചു കുഞ്ഞിനെ ഒരു ദയയുമില്ലാതെ പിച്ചിച്ചീന്തിയ നാല് പേരെയും അവരർഹിക്കുന്ന ശിക്ഷ നൽകി മൃഗീയമായി കൊലപ്പെടുത്തിയത് ഞാൻ തന്നെയാണ്. അതും ഒരുകൂട്ടം ജനങ്ങളുടെ കണ്മുന്നിൽ വച്ച്. ഇപ്പൊൾ കോടതിക്ക് മുന്നിൽ ഞാനൊരു കുറ്റവാളിയാണ് , നിയമം അനുശാസിക്കുന്ന ഏത് ശിക്ഷയും സ്വീകരിക്കാൻ തയ്യാറുമാണ് പക്ഷേ അതിന് മുന്നേ ബഹുമാനപ്പെട്ട നീതിപീഠത്തോട് ഒന്ന് ചോദിച്ചോട്ടെ ....
നമ്മുടെ നാട്ടിലെ നിയമവ്യവസ്ഥകൾ ശരിയായിരുന്നെങ്കിൽ ഇന്ന് ഞാനൊരു കൊലപാതകി ആകുമായിരുന്നോ ?
ഇനിയുമെത്രയോ വർഷങ്ങൾ ജീവിതം ബാക്കിയുണ്ടായിരുന്ന ആ കുരുന്നിന് ഇങ്ങനൊരു ദുർവിധി ഉണ്ടാകുമായിരുന്നോ ? ഒരിക്കലും ഉണ്ടാകില്ല സർ. എന്തുകൊണ്ട് നമ്മുടെ രാജ്യത്തെ അപേക്ഷിച്ചു വിദേശ രാജ്യങ്ങളിൽ കുറ്റകൃത്യങ്ങളുടെ എണ്ണം കുറയുന്നു ? ഭയമാണ് സർ , പെണ്ണിന്റെ നേരെ കൈ ഓങ്ങിയാൽ പിന്നെയൊന്നിനും ആ കൈ തന്റെ ശരീരത്തിലുണ്ടാകില്ലന്നുള്ള ഭയം അല്ലെങ്കിൽ തിരിച്ചറിവ്. എന്തുകൊണ്ട് കുറ്റകൃത്യങ്ങൾക്കുള്ള ശിക്ഷ അന്യനാടുകളിൽ പരസ്യമായി തന്നെ നൽകുന്നു ? ഭയക്കണം സർ , ഓരോ കുറ്റവാളിയും ശക്തമായ നിയമങ്ങളെ ഭയക്കുക തന്നെ വേണം. ശിക്ഷയെന്നത് മറ്റുള്ളവർക്കുള്ള ഒരു താക്കീത് കൂടിയായിരിക്കണം. തെറ്റിനായി ഒരുവന്റെ കൈ ഉയരുമ്പോൾ അവനോർക്കണം അതിനുള്ള ശിക്ഷ എത്ര ഭീകരമായിരിക്കുമെന്ന്. ഭയന്ന് പിന്മാറണം അവനാ തെറ്റിൽ നിന്ന്. പക്ഷേ നിർഭാഗ്യവശാൽ നമ്മുടെ നാട്ടിൽ ഇല്ലാതെ പോയതും അതേ ഭയം തന്നെയാണ് സർ. ഒരു മനസാക്ഷിയുമില്ലാതെ കൊള്ളയും കൊലയും ബലാത്സംഗവും ചെയ്തവരെ വർഷങ്ങൾക്കിപ്പുറവും തീറ്റിപ്പോറ്റുന്ന രാജ്യത്ത് ആർക്ക് എന്തിനോടാണ് സർ ഭയം. ബഹുമാനപ്പെട്ട നീതിപീഠത്തോട് എനിക്കൊന്നേ പറയാനുള്ളു , നിയമവ്യവസ്ഥയിലുള്ള വിശ്വാസം നഷ്ടപ്പെട്ടു തുടങ്ങുമ്പോൾ ഓരോ പൗരനും സ്വയം ന്യായാധിപന്മാരാകും. ജനങ്ങൾ സ്വയം ശിക്ഷ നടപ്പാക്കി തുടങ്ങും. അങ്ങനെയൊരു കാലം വിദൂരമല്ലെന്നോർക്കുക...
എന്തൊക്കെ ന്യായങ്ങൾ നിരത്തിയാലും കുറ്റം കുറ്റമല്ലാതാകുന്നില്ല. സ്വമേധയാ കുറ്റം സമ്മതിച്ച സാഹചര്യത്തിലും തെളിവുകളുടെയും സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തിലും പ്രതി കുറ്റക്കാരനെന്ന് കോടതിക്ക് ബോധ്യപ്പെട്ടിരിക്കുന്നു. ആയതിനാൽ നിയമം അനുശാസിക്കുന്ന ശിക്ഷ അനുസരിച്ച് പ്രതിയെ ജീവപര്യന്തം കഠിന തടവിന് ഈ കോടതി ശിക്ഷിച്ചിരിക്കുന്നു...
കൈയ്യാമം വച്ച് കോടതിയിൽ നിന്നിറങ്ങുമ്പോഴും പുതിയൊരു ഹോട്ട് ന്യൂസിന് വേണ്ടി ചാനലുകാർ ഓടിയടുക്കുമ്പോഴും യാതൊന്നും സംഭവിക്കാത്ത മട്ടിൽ അയാൾ തലയുയർത്തിത്തന്നെ പിടിച്ചിരുന്നു. ആർക്കും മറുപടി നൽകാതെ നടന്നു നീങ്ങുമ്പോഴും ആൾക്കൂട്ടത്തിനിടയിൽ തന്റെ പ്രിയപ്പെട്ട പാതിയുടെ മുഖം മാത്രം അയാൾ തിരയുന്നുണ്ടായിരുന്നു. തന്റെ വിധി കേട്ട് ഇനിയെന്തെന്നറിയാതെ കരഞ്ഞു തളർന്ന മുഖവുമായി നിൽക്കുന്ന അവളെ കാണേണ്ടി വന്നാൽ പറയാൻ കുറച്ചു വാക്കുകൾ അയാൾ മനസ്സിൽ സൂക്ഷിച്ചിരുന്നു.
" സ്വന്തം നാടിനെ നശിപ്പിക്കാൻ ശ്രമിക്കുന്ന ശത്രുക്കളെ കൊന്നൊടുക്കുന്ന പട്ടാളക്കാരെ ആരും കൊലപാതകികളായി കാണാറില്ല, മറിച്ച് ആരാധിക്കാറേയുള്ളൂ. മകളെപ്പോലെ ഞാൻ സ്നേഹിച്ച ഒരു കുരുന്നിന് വേണ്ടി , ഇനിയും പിറക്കാനിരിക്കുന്ന ഓരോ കുഞ്ഞുങ്ങൾക്കും വേണ്ടി , നീതിന്യായ വ്യവസ്ഥകളിൽ വിശ്വാസം നഷ്ടപ്പെട്ട എന്നെപ്പോലുള്ള ഓരോ പൗരൻമാർക്കും മാതൃകയാവാൻ വേണ്ടി , എല്ലാത്തിലുമുപരിയായി എന്റെ നാടിന് വേണ്ടി എനിക്കും കൊല്ലേണ്ടി വന്നു. നിയമത്തിനും സമൂഹത്തിനും മുന്നിൽ ഞാൻ തെറ്റുകാരനായേക്കാം പക്ഷേ എന്റെ മനസാക്ഷിയുടെ മുന്നിൽ ഞാൻ തെറ്റുകാരനല്ല.
അല്ല ഞാൻ തന്നെയാണ് ശരി......."
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo