Slider

സ്നേഹ മഴ

0
സ്നേഹ മഴ
........................................
എന്റെ ഉള്ളിലുമൊരു അഗ്നിനാളമെരിയുന്നുണ്ടായിരുന്നു
ആർക്കും കാണാനാവാതെ,
നാളുകളായി കനലായ് നീറിപ്പുകഞ്ഞ്,
ഇടയ്ക്കൊന്നാളി ,
പിന്നെയുമെന്നെ പൊള്ളിച്ചു
കൊണ്ടേയിരുന്നത്.
ഒരു വേള അതെന്നെ
പകുതി പൊള്ളിച്ചെന്റെ
ചിറകുകൾ കരിയ്ക്കാൻ തുടങ്ങി.
എനിക്കെന്റെ ചിറകുകൾ നഷ്ടമാകുകയാണെന്ന് ഞാനറിഞ്ഞു.
ആ ചിറകുകളായിരുന്നു എന്റെ എല്ലാം.
പകുതി വെന്ത ചിറകുകളോടെ ,
തളർന്ന മിഴികളോടെ , പ്രാർത്ഥനകളോടെ
ഞാൻ കാത്തിരുന്നു..
ദൈവമെന്നുള്ളത് സത്യമോ ,മിഥ്യയോ എന്നറിയാൻ..
ഒരു ചാറ്റൽമഴയായി ദൈവം എന്നിലണഞ്ഞു.
എന്റെ ചിറകുകൾ കരിഞ്ഞു തീർന്നിരുന്നില്ല
എന്നെവിഴുങ്ങുന്ന തീക്കനലുകൾ മഴയിൽ കെട്ടടങ്ങി.
ദൈവമെന്ന സ്നേഹമെന്നിൽ
പുതിയ ചിറകുകൾ മുളപ്പിച്ചു.
ഞാൻ കൂടുതൽ മനോഹരിയായ്
എനിക്ക് ജീവിക്കുവാനൊരു കൂട് വേണമായിരുന്നു
പിന്നെയും ഓർമ്മച്ചിതയിലെ
തീ പടർന്നെന്നെ പൊള്ളിച്ചാലോ
എന്ന് ഞാൻ ഭയന്നു..
ദൈവമെനിക്കൊരു വഴികാട്ടിത്തന്നു
അത് നിന്റെ ഹൃദയത്തിലേക്കായിരുന്നു.
നിന്റെ ഹൃദയക്കൂട്ടിൽ ,
ഇനി ഏതൊരഗ്നിക്കും
പൊള്ളിക്കുവാനാകാതെ
ഞാൻ ചേക്കേറുകയാണ്.
ഇനിയെന്നെ ഒരഗ്നിയും തളർത്തില്ല,
ഇനിയെന്റ മിഴികൾ നിറയില്ല
കാരണം ഞാനിന്നെനിക്കേറ്റവും
പ്രിയമുള്ളിടത്താണല്ലോ.

Maya
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo