Slider

വിഷു നാളിൽ, ഒരു അമ്മ

0
വിഷു നാളിൽ, ഒരു അമ്മ
°°°°°°°°°°°°°°°°°°°°°°°°°°°
എട്ടും പൊട്ടും തിരിയാത്ത പ്രായത്തിൽ
കെട്ടു താലിക്കായി കുനിച്ച ശിരസ്സ്
അമ്മ,
നാളിതേവരെ നിവർത്തിയിട്ടില്ല.
കഴുത്തിൽ വീണ മംഗല്യ സൂത്രത്തിനൊപ്പം
ശിരസ്സിലേറിയ
ഉത്തരവാദിത്തങ്ങളുടെ
കനത്ത ചുമടുകൾ
അമ്മ,
നാളിതേവരെ ഇറക്കി വച്ചിട്ടില്ല.
കഞ്ഞി കുടിക്കുവാൻ,
മക്കളെ പോറ്റുവാൻ
എന്നും
എല്ലു മുറിയെ പണിയെടുത്തു.
എങ്കിലും,
അമ്മയ്ക്ക്
നാളിതേവരെ ഒന്നും കൂട്ടി വക്കാനായില്ല,
സമ്പാദ്യമായി.
അമ്മ കറുത്തതായിരുന്നു.
എങ്കിലും
സത്യത്തിനാണ് ഏറ്റവും വെളുപ്പെന്നും
നന്മകൾക്കാണ്
ഏറ്റവും സൌന്ദര്യമെന്നും
ഞങ്ങളെ ചൊല്ലിപ്പഠിപ്പിച്ചു.
നാളിതേവരെ,
ഞങ്ങളെ നയിച്ചത്
ആ വാക്കുകളായിരുന്നു.
കുടുംബം വലുതായി, കുട്ടികൾ വലുതായി..
കടമകളും കടവും അവയ്ക്കൊപ്പം വളർന്നു.
പിന്നെ,
കടം വീട്ടാൻ നെട്ടോട്ടമായി.
ആ ഓട്ടം
അമ്മ,
നാളിതേവരെ തുടരുകയായിരുന്നു.
യൗവനം അമ്മയോട് വിടചൊല്ലിയിട്ട്
കാലം ഏറെ കടന്നു പോയി.
ഇപ്പോൾ,
നിവർന്നൊന്നു നിൽക്കുവാൻ പോലും വയ്യാത്ത
ജീവിതത്തിന്റെ സായാഹ്നനമായി.
പ്രാണ നാഥൻ പണ്ടേ പിരിഞ്ഞു പോയ
അമ്മയ്ക്കിന്നു കൂട്ട്
രോഗങ്ങളും, വേദനകളും മാത്രം,
വീടാത്ത കടങ്ങളും, ഭയങ്ങളും മാത്രം.
നാളിതേ വരെ,
അമ്മയുടെ വിശ്വസ്ത സഹചാരി
ഒരൂന്നുവടി മാത്രമായിരുന്നു.
വർഷങ്ങൾക്കു മുൻപൊരിക്കൽ
ഏതോ പണയ സ്ഥാപനത്തിൽ
അഴിച്ചു കൊടുത്ത
കെട്ടു താലി,
നാളിതേവരെ അമ്മ കണ്ടിട്ടില്ല.
അതൊന്നു വീണ്ടെടുക്കണം...
ജീവിത സ്വപ്‌നങ്ങൾ മറന്നു പോയ
അമ്മയുടെ ഏക സ്വപ്നം
അതു മാത്രമാണ്.
അമ്മേ,
നമ്മുടെ നാളേകൾ എങ്ങനെയായിരിക്കും ?
അറിയില്ല മകനേ..
എങ്കിലും ഒന്നറിയാം.
നാളിതേവരെ കാത്ത ദൈവം
അമ്മയെ കൈവിടില്ല...
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
സായ് ശങ്കർ,മുതുവറ
°°°°°°°°°°°°°°°°°°°°°°°°°
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo