Slider

മേലൂര്‍

0
മേലൂര്‍
(എന്റെ സ്വത്വാന്വേഷണ പരീക്ഷണങ്ങള്‍)
എന്റെ നാടിനെ പറ്റിയാണ് ഞാന്‍ എഴുതാന്‍ തുടങ്ങിയത്.
മേലൂരെന്നൊരുചെറിയ ഗ്രാമം.
അവിടെഞാനെന്നൊരു ചെറിയ മേലൂക്കാരന്‍
മേലൂര് ദേശം ചാലക്കൂടി എന്ന വലിയ ദേശത്തിന്റെ ഭാഗമാണ്.
അതോണ്ട് ഞാന്‍ ചാലക്കുടിക്കാരനാണ്.
വലിയ അഹങ്കാരികളാണ് ചാലക്കുടീക്കാാര്.
ഓണത്തിന് ഏറ്റവുമധികം കള്ളു വില്‍ക്കുന്ന ദേശമാണല്ലോ അത് !
നിങ്ങള്‍ പറയുന്നതു ശരിയാണ്.അതെ, അതെ,ചാലക്കുടി തൃശ്ശൂര്‍ ജില്ലയില്‍തന്നെ. മ്മ്ടെ തൃശ്ശൂര് ന്നൊക്കെ പറയുമ്പോ എനിക്ക് കുളിരു കോരും. എനിക്ക് ഒരുപാടിഷ്ടാ, തൃശ്ശൂര്.
ഞാന്‍ ഒരു തൃശ്വൂക്കാരന്‍ന്നൊക്കെ പറയുമ്പോ ഒരഹങ്കാരാ.
തൃശ്ശൂരിനെ പറ്റി എത്ര പറഞ്ഞാലും തീരില്യ.കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമല്ലെ അത് ?
ങ്ആ, കേരളം, കേളികൊട്ടുയരുന്ന കേരളം. കേരളത്തിന്റെ കേളി ആരാ കേക്കാത്തത് ?
ഞാന്‍ കേരളീയന്‍ , അതു പറയണത് ഒരഭിമാനാ.
അഭിമാനപൂരിതമാകുന്നു എന്നന്തരംഗം !
. ഞാന്‍ ഒരു കേരളീയനാണ്..
ഇന്ത്യാമഹാരാജ്യത്തിന്റെ തെക്കെ അറ്റത്ത്
കടലില്‍നിന്ന് പൊന്തിവന്ന നാട്.
മഴുകൊണ്ട് ഭൂമിയെ ഉര്‍വ്വരയാക്കിയവരുടെ പരമ്പരവാഴുന്ന നാട്.
ഇന്ത്യാരാജ്യത്തിനഭിമാനം.
ഇന്ത്യ എന്ന അഭിമാനം ചോരയില്‍ തിളക്കുന്നവരുടെനാട്.
ഗര്‍വ്വത്തോടെ പറയൂ, ഞാന്‍ ഇന്ത്യക്കാരന്‍.
ഹിമാലയത്തിനപ്പുറത്ത് ചീനയില്‍ നിന്നും
ഏഴുകടലിനപ്പുറത്ത് അറേബിയയില്‍ നിന്നും
യൂറോപ്പില്‍ നിന്നും
കച്ചവടത്തിനെത്തിയവര്‍ ഇന്ത്യക്കാരായി.
അവര്‍ ഞങ്ങളായി,
ഞങ്ങള്‍ അവരായി.
മേലൂരിലെ കണ്ണിമാങ്ങകള്‍ ചീനഭരണികളില്‍
കടുമാങ്ങയായി വിളഞ്ഞു.
മേലൂരിന്റെ കിഴക്കെ അതിര്‍ത്തിയില്‍ പള്ളി.
പടിഞ്ഞാറ് ശിവക്ഷേത്രം.
പള്ളിയിലും ക്ഷേത്രത്തിലും
പുലര്‍ച്ചക്ക് അഞ്ചുമണിക്ക്
മണിയടിക്കുന്നു.
കിഴക്കോട്ട് കുര്‍ബാനയ്ക്കു പോകുന്നവര്‍
പടിഞ്ഞാറ് ശിവനെ തൊഴാന്‍ പോവുന്നവരോട്
തലെ രാത്രിയിലെ പേറ് -മരണവാര്‍ത്തകള്‍ പങ്കുവെയ്ക്കുന്നു.
അന്തോണീടെ പെണ്ണു പെറ്റു, ആണ്‍കുട്ടി,
കെഴക്കെ മനയ്ക്കലെ വല്യ തിരുമേനി മരിച്ചു.
ദേവകിഅമ്മെടെ പശു പെറ്റു.
ചാലക്കുടിപട്ടണത്തില്‍
കണ്ണമ്പുഴ അമ്പലത്തിലും
അപ്പുറത്തെ പള്ളിയിലും
പുലര്‍ച്ചക്ക് അഞ്ചുമണിക്ക് മണിയടിക്കുന്നു.
പള്ളിക്കു പോവുന്നവരും
കണ്ണമ്പുഴ പോവുന്നവരും
ഉച്ചയ്ക്ക് ചാലക്കുടി ചന്തയില്‍
അടയ്ക്കക്ക് വില പേശുന്നു.
തൃശ്ശൂര്‍ പട്ടണത്തില്‍
പുത്തന്‍പള്ളിയും വടക്കുന്നാഥന്‍ ക്ഷേത്രവും
പുലര്‍ച്ചക്ക് ഒന്നിച്ചുണരുന്നു.
ഉച്ചയ്ക്ക്
പള്ളിക്കാരും അമ്പലക്കാരും
തൃശ്വൂര്‍ പൂരം അടിച്ചുപൊളിക്കാന്‍ ദേവസ്വം കച്ചേരിയില്‍ യോഗം കൂടുന്നു.
തിരുവനന്തപുത്ത് മേത്തന്‍ മണി അടിക്കുന്നതും
പത്മനാഭസ്വാമിയുണരുന്നതും ഒപ്പം.
ശബരിമലയില്‍ അയ്യപ്പനു കെെയ്കോര്‍ത്ത് വാവരുസ്വാമി.
അയോദ്ധ്യയില് രാമന്റെ നല്ല അയല്‍ക്കാരന്‍ റഹിം.
സിലിക്കോണ്‍ സിറ്റിയിലും സൗദീയിലും മേലൂക്കാരുണ്ട്,
മേലൂരുണ്ട്.
മുഖപുസ്കത്തിലെ എന്റെ കഥ സിലിക്കോണ്‍ സിറ്റിയിലെ സര്‍വറിലുണ്ട്
അവരൊക്കെ മേലൂരിലുണ്ട്,
അവര് ഞങ്ങളുടെ ഒപ്പമുണ്ട്.
മേലൂര്
ഭൂഗോളത്തിലെ അതിരടയാളങ്ങള്‍
മാച്ചുമാച്ച് വലുതായി വലുതായി ആഗോളമാകുന്നു.
അതോ മറിച്ചോ ?
ഭൂഗോളം ചുരുങ്ങി ചുരുങ്ങി
മേലൂരെന്ന കടുകുമണിയിലേയ്ക്ക് ചുരുങ്ങുകയാവാം.
കടുകിലെണ്ണപോലെ
മേലൂരും ഭൂഗോളവും
സ്നേഹമയമാവുന്നു.
പിന്നെന്തിനാ,
ഈ പോര്‍വിളി ?
പിന്നെന്തിനാ നിങ്ങളൊക്ക
മുഖംമൂടിയിട്ടു ഉലാത്തുന്നത് ?
എന്തിനാ ഞങ്ങളുടെ നേരെ
തോക്കു ചൂണ്ടുന്നത് ?

Rajan
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo