Slider

'സ്റ്റാറ്റസ്'- സജി വർഗീസ് **********

0
'സ്റ്റാറ്റസ്'- സജി വർഗീസ്
**********
വയലിലെ ചേറുംവിയർപ്പും ഇഷ്ടമായിരുന്നു,
കാണുമ്പോഴേ മടിയിൽക്കയറി ഇരിക്കും;
വിയർപ്പൊട്ടിയ അച്ഛന്റെ തോളത്തു കയറി കുളക്കടവിലേക്ക്,
അമ്മയുണ്ടാക്കിയ കഞ്ഞി അമൃതായിരുന്നു,
അമ്മ തരുന്ന ചൂടുപാൽ ഒറ്റവലിക്കു കുടിക്കും;
പുകക്കുഴലിലൂടെയടുപ്പിലെ തീയൂതുവാനിഷ്ടം,
അടുപ്പിൻ ചോട്ടിലിരുന്ന് തീ കായുവാനിഷ്ടം,
കരിഞ്ഞ ദോശ തിന്നുമ്പോളമ്മയ്ക്കുമ്മനൽകും,
നാട്ടുമാവിൻചോട്ടിലെ മാമ്പഴം കടിച്ചു മുറിച്ചു തിന്നും,
മുറ്റത്തെ ചെളിയിൽക്കൂടി പാളവണ്ടി വലിച്ചും നടന്നു,
പുഴയിലെ കലക്കവെളളത്തിൽ
തല കുത്തിമറിഞ്ഞുകളിച്ചു,
ഇന്ന്, മോനേ അച്ഛച്ചന്റെ ചെളി പറ്റിയാൽ കുളിക്കേണ്ടി വരും,
അടുപ്പിനോടു പുച്ഛം,
നാട്ടു മാമ്പഴം അഴുക്കാണത്രേ;
'ഷവറി'ല്ലെങ്കിൽ കുളിയില്ല,
അമ്മയുടെ കരിഞ്ഞ ദോശയുടെ മണം കേൾക്കുമ്പോൾ ഓക്കാനം,
വന്നവഴികൾ മറന്നു,
നിഷ്കളങ്കതയെക്കുറിച്ചറിയില്ല,
വിശുദ്ധി നഷ്ടപ്പെട്ട 'സ്റ്റാറ്റസാണ് '
പദവികൾ കിട്ടിയപ്പോൾ
സഹപാഠികളെ മറന്നു,
ഒരിലയിൽവാരിത്തിന്നവനെ കാണുന്നത്
സമയനഷ്ടമാണത്രെ,
പദവികൾ അന്ധനാക്കിയവൻ,
നിഷ്കളങ്ക മനസ്സുകളെ പറ്റിച്ചതോർത്തൂറിച്ചിരിച്ചു;
കാലം കാത്തു വച്ചതിനെക്കുറിച്ചറിയാത്ത ചിരി.
സജി വർഗീസ്
Copyright protected.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo