Slider

ചോദ്യങ്ങൾ....

0
ചോദ്യങ്ങൾ....
വീടിനുള്ളിലെ ലൈറ്റുകൾ എല്ലാം അണഞ്ഞു കട്ടിലിലെ മെത്തമേൽ തല വഴി മൂടിയ പുതപ്പിനുള്ളിൽ നൂണ്ട് കയറിയ അവളുടെ കൈകളിലെ പച്ചവെളിച്ചങ്ങളപ്പോൾ ഉണരുകയായിരുന്നു.
അരികിലെ മേശപ്പുറത്തിരിക്കുന്ന വധൂവരൻമാരുടെ ചിത്രത്തിലെ വരനത് ഉറ്റുനോക്കാനായി പുതപ്പിനുള്ളിലേക്ക് ആ കണ്ണുകൾ ഊളിയിട്ടിറങ്ങി.
പതിവ് പോലെ ചോദ്യങ്ങളും ഉത്തരങ്ങളുമായവിടെ അക്ഷരാസ്ത്രങ്ങൾ പറന്നു കളിക്കുവാൻ തുടങ്ങിയിരുന്നു.
"കിടന്നുവോ പൊന്നേ നീ.....?
എന്ന ചോദ്യത്തിനു ശരിയുത്തരം
കിട്ടി കഴിഞ്ഞപ്പോൾ
"ഞാനന്ന് വാങ്ങി തന്ന വെള്ള നിറത്തിൽ മയിൽപ്പീലിയുള്ള നൈറ്റിയല്ലേ മോളെ അണിഞ്ഞിരിക്കുന്നെ.....?
ആ ചോദ്യത്തിനുത്തരമപ്പോൾ ശാസനയായി പറന്നു.
"ഇട്ടിരിക്കുന്നത് അതൊക്കെ തന്നെ പക്ഷേ അത്രത്തോളം മതി കേട്ടോ...
എന്റെ പൊന്ന് ഇനി കൂടുതൽ അന്വേഷിക്കണ്ടേ...."
മുഖം ചുവന്ന ചിരിക്കുന്ന മഞ്ഞമുഖത്തിന് മറുപടിയായി പിന്നെ അവളുടെ ചോദ്യങ്ങൾ ആയിരുന്നു.
"കഴിച്ചായിരുന്നോടാ നീ....?
എന്നാ വരുന്നത് എന്നെ കാണുവാൻ....?
"കഴിച്ചു മോളെ...
എനിക്കും കൊതിയായി തുടങ്ങി
നിന്നെ കാണുവാനും ആ പുതപ്പിനുള്ളിൽ നിന്നെ കെട്ടിപ്പിടിച്ച് കിടക്കുവാനും.."
ആ മറുപടിയിൽ അവൾ കുറച്ച് നേരം മൗനമായി പിന്നെ വീണ്ടും തുടർന്നു.
"നിന്റെ അക്ഷരങ്ങൾ നിന്റെ വിരൽത്തുമ്പുകൾ പോലെ എന്നെ സ്പർശിക്കുവാണ് കൊച്ചേ.... എന്നെ വിഷമിപ്പിക്കല്ലേ നീ...
പെട്ടെന്ന് വരാൻ നോക്ക്.... "
''ആണോടി കള്ളിപ്പെണ്ണേ....
എന്നിട്ടന്നാദ്യമായി നിന്നെ ഒന്നുമ്മ വച്ചപ്പോൾ നീയെന്തിനാ എന്നെ തല്ലിയത്....? വീണ്ടും ചോദ്യം
"അയ്യട അതു പിന്നെ വീട്ടിൽ എല്ലാപേരും ഉള്ളപ്പോഴാണോ കുസൃതി കാണിക്കുന്നത്...
ഞാൻ പേടിച്ചു പോയില്ലേ..."
നാണമടയാളം കലർന്ന ഉത്തരവും വന്നു.
"അന്ന് നിന്റെ പിറന്നാളായത് കൊണ്ട് ഞാൻ നിനക്ക് എന്റെ സമ്മാനം തന്നതല്ലായിരുന്നോ... പിന്നെ നിനക്കൊരു കാര്യം കേൾക്കണോ....? അവന്റെ ചോദ്യം
"മം പറയ്..... "എന്ന സമ്മതത്തിലവളുടെ
ഒരുപാട് അക്ഷരങ്ങൾ ഉത്തരങ്ങളായി കേൾക്കുവാനുള്ള മോഹമുദിക്കുവായിരുന്നു.
"അതേയ് നിന്റെ ചുണ്ടുകൾക്കന്ന് ചോക്ലേറ്റിന്റെ മധുരവും മണവുമായിരുന്നു... "
അവന്റെ ഒരുത്തരത്തിൽ തന്നെയവളുടെ വിയർപ്പിന്റെ ഗന്ധം പുതപ്പിനുള്ളിൽ അവൾ തന്നെ അറിഞ്ഞ് തുടങ്ങുവായിരുന്നു.
കൂടെ പിറന്നാളിന് കഴിച്ച ചോക്ലേറ്റിന്റെ മധുരം ഉമിനീരിൽ കലരുവാണോ എന്നൊരു തോന്നലുമുദിച്ചു.
"നിനക്കെന്നെ അത്രയ്ക്ക് ഇഷ്ടമാണോ....?
കൊതിയൂറും മറുപടികൾക്കായവൾ ചോദ്യങ്ങൾ തുടർന്നു.
"പിന്നല്ലേ....
നീ ഇല്ലാതെ ഞാനില്ലല്ലോ കൊച്ചേ...
എന്റെ ഓരോ ഹൃദയമിടിപ്പിലും നീയുണ്ട് കേട്ടോ....''
"ഒന്നാകാൻ കഴിയാതെ പോയിരുന്നെങ്കിൽ നീ എന്നെ തട്ടികൊണ്ട് പോകുമായിരുന്നോ....? വീണ്ടും ചോദ്യം തന്നെ
"പിന്നില്ലേ....
എങ്കിൽ ഞാൻ നിന്നെ രാവണനെ പോലെ വന്ന് തട്ടികൊണ്ട് പോയേനെ....."
കണ്ണീരോടെ ഉത്തരമായി ചെന്ന മഞ്ഞ മുഖത്തിനോടൊപ്പം ചോദ്യങ്ങളുടെ പ്രവാഹമായിരുന്നു.
"ഇത്രയും നിനക്കെന്നെ ഇഷ്ടമായിരുന്നെങ്കിൽ എന്തേയ് നീയെന്നെ ഒറ്റയ്ക്കാക്കി ഈ ലോകത്തിൽ നിന്ന് പൊയ്ക്കളഞ്ഞു....?
പതിവ് പോലെ ആ ചോദ്യത്തിനുത്തരമില്ലായിരുന്നു.
അത് ശീലമായതിനാലാവും അവൾ ചോദ്യങ്ങൾ തുടർന്നു കൊണ്ടേയിരുന്നു.
"പറയ്.....?
എന്നെങ്കിലും നീയിതിനെനിക്ക് ഉത്തരം നൽകുമോ.....?
എന്തിന് നീ തിരഞ്ഞെടുത്തു അവസാന പിടിപ്പിനും ജീവന്റെ ഭാരം താങ്ങാൻ നമ്മുടെ എല്ലാ മോഹങ്ങളുടെയും പൂർണ്ണതയ്ക്ക് സാക്ഷിയായ എന്റെ തന്നെ പുടവ....?
നിറവയറിനുള്ളിൽ നിന്റെ ഉത്തരത്തിനായൊരാളും ഇവിടെ കാതോർക്കുന്നത് നീ അറിയുന്നില്ലേ....? എന്തിനായിരുന്നു.....?
എന്തിനായിരുന്നു നീ...... "?
ചോദ്യങ്ങൾ നിർത്തിയവളത് താഴെ വച്ച് തനിക്കറിയാത്ത താൻ വായിച്ചിട്ടില്ലാത്ത ഉത്തരം അടുത്തതിൽ എഴുതാൻ അറിയാതെ
ഉണർന്നിരിക്കുന്നയാ പച്ചവെളിച്ചമെടുത്ത്
തലയ്ക്ക് മുകളിൽ നിന്ന് പുതപ്പ് മാറ്റിയവൾ മേശമേൽ തന്റെയടുത്ത് ചേർന്നിരിക്കുന്നവന്റെ ചിത്രത്തിന്റെ മുൻപിലേക്കത് വച്ചു കൊടുക്കുമ്പോൾ
നാളെ ഉണരുമ്പോഴെങ്കിലും നീയായിട്ടിതിൽ ഒരു ഉത്തരമെങ്കിലും എഴുതുമോയെന്ന
ഉന്മാദ മനസ്സിന്റെ ലോകത്തിലവൾ പുതപ്പിനുള്ളിൽ വീണ്ടും അവൻ നൽകിപോയ അക്ഷരങ്ങളുടെ ഓർമ്മകളെ പുൽകി കണ്ണുകളടച്ചു.
ജെ.....
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo