Slider

ഭാഗം-2 --എങ്ങനെ പുതുമകൾ കണ്ടെത്താം

0
പുതിയ എഴുത്തുകാരുടെ നന്മയ്ക്കു വേണ്ടി.
ഭാഗം-2
--എങ്ങനെ പുതുമകൾ കണ്ടെത്താം
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
പ്രശസ്ത സംഗീത സംവിധായകൻ ഔസേപ്പച്ചൻ ഈയിടെ ഒരു അഭിമുഖത്തിൽ പറഞ്ഞ രണ്ടു വരികൾ ഇവിടെ കുറിക്കുന്നു.
--ഇന്നലെ കേട്ട സംഗീതം ഇന്ന് കേൾക്കാൻ എനിക്കു താല്പര്യം ഇല്ല. ഇന്ന് എന്തെങ്കിലും പുതുമ ഉണ്ടാകണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. ഇന്നലെ ആസ്വദിച്ച സംഗീതം ഒരു വട്ടം കൂടി ആസ്വദിക്കണമെന്നു തോന്നിയാൽ തീർച്ചയായും ഞാൻ ആസ്വദിക്കും. പക്ഷെ ഒരിക്കലും അതു പോലെ തന്നെ ഉള്ള ഒന്ന് ഇന്ന് ഞാൻ വീണ്ടും സൃഷ്ടിക്കുകയില്ല.
ഇത് നമ്മൾ എഴുത്തുകാർക്കും ഉപകാരപ്പെടുന്ന ഒരു ആശയമാണ്. ഈ വരികളിൽ നിന്ന് നമുക്ക് പ്രചോദനം ഉൾക്കൊള്ളാം. പുതുമകൾക്കു വേണ്ടിയുള്ള
അനേഷണം നമുക്ക് ആരംഭിക്കാം. പുതിയ ആശയങ്ങൾക്ക് വേണ്ടി നമുക്ക് കാത്തിരിക്കാം.
പുതിയ ആശയങ്ങൾ ലഭിക്കാനുള്ള ചില മാർഗ്ഗങ്ങൾ ഇവിടെ ചേർക്കുന്നു.
ചുറ്റുപാടും ഉള്ള ജീവിതങ്ങളെ നോക്കിക്കാണുക.
പുതിയ ആളുകളെ പരിചയപ്പെടുക. അവരുടെ ജീവിതത്തിലേക്കും ജീവിതപ്രശ്നങ്ങളിലേക്കും ഇറങ്ങിച്ചെല്ലുക. ഹൃദയം നിറയെ സഹാനുഭൂതിയോടെ.
പ്രകൃതിയുടെ വിവിധ ഭാവങ്ങളും കാഴ്ചകളും അനുഭവിച്ചറിയുക. ഒടുങ്ങാത്ത അറിവുകളുടെയും പ്രചോദനങ്ങളുടെയും ഒരു വിസ്മയച്ചെപ്പാണ് പ്രകൃതി. പ്രകൃതിയിലേക്ക് ഇറങ്ങിച്ചെല്ലുക. അതിനായി യാത്രകൾ ഒരു ശീലമാക്കുക.
ദിവസവും ഒരു മണിക്കൂറെങ്കിലും സംഗീതം ആസ്വദിക്കുക. സംഗീതം അഭൗമ തലങ്ങളിലേക്ക് നമ്മെ ഉയർത്തുന്നു. മനസ്സിനെ ഏകാഗ്രമാക്കുവാനും ശാന്തമാക്കുവാനും സംഗീതത്തിന് കഴിയും.ശാന്തമായ ഒരു മനസ്സാണ് ശ്രേഷ്ഠമായ സൃഷ്ടികളുടെ രഹസ്യങ്ങളിൽ ഒന്ന്.
വലിയ എഴുത്തുകാരുമായുള്ള അഭിമുഖങ്ങൾ ശ്രദ്ധിച്ചു വായിക്കുക. സ്വന്തം എഴുത്തിനെക്കുറിച്ചും അവ രൂപപ്പെട്ടു വരുന്ന രീതികളെകുറിച്ചും അവർ തുറന്നു പറയാറുണ്ട്. അവരുടെ രചനകൾക്ക് പ്രചോദനം ലഭിച്ച അനുഭവങ്ങളെ കുറിച്ചും അവർ എഴുതാറുണ്ട്. ഒരു വിദ്യാർത്ഥിയുടെ മനസ്സോടെ അതെല്ലാം ശ്രദ്ധിക്കുന്നത് നമ്മുടെ കഴിവുകൾ കൂടുതൽ മെച്ചപ്പെടുത്താൻ സഹായകമായേക്കും
പുതിയ ആശയങ്ങൾ ലഭിക്കുവാനും, കൂടുതൽ മനോഹരമായ രചനകൾ നിങ്ങളുടെ തൂലികയിൽ നിന്ന് പിറവികൊള്ളുവാനും,എഴുത്തിന്റെ ലോകത്തു സ്വന്തമായ ഒരു ശൈലി രൂപപ്പെടുത്തിയെടുക്കുവാനും ഇതെല്ലാം നിങ്ങളെ സഹായിക്കും, തീർച്ചയായും. പുതുമകൾ നിങ്ങളെ തേടി വരിക തന്നെ ചെയ്യും.ആത്മ വിശ്വാസത്തോടെ കാത്തിരിക്കുക.,എല്ലായ്പ്പോഴും.
°°°°°°°°°°°°°°°°°°°°°°°°°°°
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
സായ് ശങ്കർ,തൃശ്ശൂർ. 
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo