നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

എന്നാലും എന്റെ ഭാര്യേ.....

എന്നാലും എന്റെ ഭാര്യേ.....
എന്റെ ഭാര്യക്ക് എന്തിനും ഏതിനും സംശയം ആണ്. കല്യാണം കഴിഞ്ഞ നാൾ മുതൽ ആ ചോദ്യങ്ങൾ കൊണ്ട് ജീവിതം മടുത്തു പോയ ഒരു പാവം ഭർത്താവ് ആണ് ഞാൻ.
കല്യാണം കഴിഞ്ഞു ആദ്യരാത്രിയിൽ ആദ്യമായി അവളെന്നോട് ചോദിച്ച ചോദ്യത്തിന് ഇതു വരെ ഉത്തരം കിട്ടിയിട്ടില്ല. അതിതു ആണ്
"ആദ്യരാത്രിയിൽ എല്ലാവരും എന്തിനാ ചേട്ടാ പാല് കുടിക്കുന്നെ? ജ്യൂസ്‌, നാരങ്ങാവെള്ളം അത് വല്ലോം പോരെ?? "
പലരോടും ചോദിച്ചു ആർക്കും അറിയില്ല. നിങ്ങൾക്ക് അറിയാമെങ്കിൽ പറഞ്ഞു തരണം പ്ലീസ്.
പിന്നെത്തെ ചോദ്യം ആയിരുന്നു ആദ്യരാത്രിയുടെ ക്ലൈമാക്സ്‌
"ചേട്ടന് പത്താം ക്ലാസ്സിൽ മാത്സിന് എത്ര മാർക്ക്‌ ഉണ്ടായിരുന്നു? "
മറക്കാനാഗ്രഹിക്കുന്നതെല്ലാം താലിയുടെ രൂപത്തിൽ കെട്ടിയെടുത്ത് വന്നത് കണ്ടു പകച്ചു പോയി ഞാൻ. ചോദ്യങ്ങൾ പേടിച്ചാ സ്കൂളിൽ പോക്ക് നിർത്തിയത് അപ്പോൾ ആണ് ഭാര്യയുടെ രൂപത്തിൽ വന്നിരിക്കുന്നത്. ഈശ്വര ഞാൻ എങ്ങോട്ട് ഓടും? ഉറക്കം നടിച്ചു പുതപ്പ് വലിച്ചു മൂടി കിടന്ന് അല്ല പിന്നെ. കണക്കിന് മാർക്ക്‌ ഒറ്റ സംഖ്യ ആയിരുന്നത് മിണ്ടിയാൽ തീർന്നില്ലേ
എന്റെ ബന്ധുക്കളെയും അവൾ വെറുതെ വിട്ടില്ല
വിരുന്നു പോയപ്പോളായിരുന്നു അടുത്തത്. അതുമെന്റെ പോക്കിരി അമ്മായിയോട്
"ഈ മീനിന് എത്ര വയസ്സുണ്ട്? "
മീൻ അമ്മായിയുടെ കുളത്തിലെയാണെന്നു വീമ്പിളക്കിയപ്പോളാണ് വാണം വിട്ട പോലെ ചോദ്യം വന്നത്. അമ്മായി കറിച്ചട്ടി എടുത്തു തലയ്ക്കടിച്ചില്ലെന്നേയുള്ളു
"ഈ നിറങ്ങൾക്കാര ചേട്ടാ പേര് കൊടുത്തത്? നമ്മളെന്താ പച്ചയെ നീല എന്ന് പറയാത്തത്?
ഇതൊക്കെ അറിയാവരുന്നേൽ ഞാൻ കേരളത്തിൽ ജീവിക്കുമോടീ @$%&എന്ന് ചോദിക്കണമെന്നുണ്ടായിരുന്നു
എന്റെ കസിൻ വിനോദു വന്നപ്പോൾ ഞാൻ താത്കാലികമായി ചോദ്യങ്ങളിൽ നിന്ന് രക്ഷപെട്ടു. അവൻ സയന്റിസ്റ് ആണ്. അവളുടെ മിക്ക ചോദ്യങ്ങൾക്കു അവന്റെ കയ്യിൽ മൂന്നു ഉത്തരമെങ്കിലും ഉണ്ടാവും. അവനവളോട് ഒരാരാധനയും ഇഷ്ടവും ഒക്കെ തോന്നിയോ എന്നൊരു ഡൌട്ട്
"നിങ്ങള്ക്ക് കിട്ടേണ്ടതല്ല കേട്ടോ ഇതിനെ "
ഞാൻ തലയാട്ടി സമ്മതിച്ചു കൊടുത്തു. വേണ്ടായിരുന്നു ഇത്രേം ബുദ്ധിയുള്ള ഒന്നിനെ.
അവൾ പക്ഷെ അവനെ തെല്ലും വകവെച്ചു കൊടുക്കുന്നുണ്ടായിരുന്നില്ല ചോദ്യങ്ങൾ ചോദ്യങ്ങൾ.
വീട് കൈരളി ചാനൽ പോലെയായി എപ്പോളും അശ്വമേധം പരിപാടി തന്നെ.
ഒരു ദിവസം ചോദ്യം ചോദിച്ചു ഇവളും ഉത്തരങ്ങൾ (മൂന്നെണ്ണം )പറഞ്ഞു അവനും മുന്നേറുന്നു. ദേ വരുന്നു അവളുടെ റോക്കറ്റ് ചോദ്യം
"ലാസ്റ്റ് ചോദ്യമാണ്?"
"നിങ്ങൾ ചോദിക്ക് മൂന്നു ഉത്തരം എങ്കിലും ഞാൻ പറയും "ആത്മവിശ്വാസത്തോടെ അവൻ
അവൾ ഒന്ന് നിർത്തി എന്നെ ഒന്ന് നോക്കി അവനോടു
"നിങ്ങളുടെ അച്ഛന്റെ പേരെന്താ? "
അവനന്ന് പോയതാ പിന്നെ വന്നിട്ടില്ല. മൂന്നു ഉത്തരം കൊടുക്കാൻ പറ്റുന്ന ചോദ്യമാണോ അത്?
അവളെന്നെ നോക്കി ഒരു കള്ള ചിരി.
"പഹയന്റെ ശല്യം ഒഴിവാക്കാൻ ചോദിച്ചതാ.. അതെ ഒരു ഡൌട്ട്...ചോദിക്കട്ടെ "
ഞാൻ തൊഴുതു.
"എന്റെ പൊന്നു മുത്തേ സത്യായിട്ടും ചോദ്യങ്ങൾ ചോദിച്ചതിന്റെ പേരിൽ ഭാര്യയെ ഡിവോഴ്സ് ചെയ്ത ആദ്യ ഭർത്താവ് ആക്കരുത് നീ എന്നെ പ്ലീസ്. "
ചോദ്യങ്ങൾ നിർത്തിയിട്ടില്ല.ഇടവേള ആണ്. ഇപ്പോൾ അവൾക്കു ടൈം ഇല്ല. ഗർഭിണി ആണ്. ശര്ദില് കഴിഞ്ഞിട്ടു വേണമല്ലോ ചോദ്യങ്ങൾ ചോദിക്കാൻ.

Ammu

1 comment:

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot