Slider

... ഒരു പഴയ ഗാനം...

0
... ഒരു പഴയ ഗാനം...
മുഖം മുഴുവൻ ചോരയിൽ കുതിർന്നപ്പോൾ തല കറങ്ങുന്നതായി തോന്നി. എഴുന്നേറ്റു നിൽക്കുവാനാവുന്നില്ല.ആരൊക്കെയോ ഓടി വന്നു പിടിച്ചെഴുന്നേൽപ്പിക്കുമ്പോഴും എന്താണ് സംഭവിച്ചതെന്നു വ്യക്തതയുണ്ടായിരുന്നില്ല.
മോഹനേട്ടാ... ഇങ്ങോട്ടു നോക്കൂ..
ദേവൻ വെളുത്ത തുണി മുഖത്തമർത്തിയപ്പോഴേയ്ക്കും അതു ചോരയിൽ കുതിർന്നു ചുവന്നിരുന്നു.
മരവിച്ചതിനാൽ വേദന തോന്നിയില്ല . നെറ്റിയിലും ചുണ്ടിലും വലിയ മുറിവുതന്നെയാവണം വീഴ്ചയിൽ സംഭവിച്ചത്..
കസേര മറിഞ്ഞതാ.. ഭാഗ്യത്തിനാണ് കല്ലിൽ തലയടിക്കാഞ്ഞത്.
രക്തം കുതിർന്ന തുണിയിൽ മുഖം പൊത്തി കാറിൽ ഇരിക്കുമ്പോൾ എന്നെ ആശ്വസിപ്പിക്കാനെന്നവണ്ണം ദേവൻ പറഞ്ഞു..
സാരമില്ല മോഹനേട്ടാ.. ചെറിയ മുറിവാണ്.. നമുക്ക് ഡ്രസ്സു ചെയ്തു ഇപ്പോൾ തന്നെ മടങ്ങാം.
എന്തു പറ്റിയതാ അച്ഛാ.. ചെറുപ്പക്കാരിയായ ഡോക്ടറുടെ ചോദ്യത്തിനു മറുപടി പറഞ്ഞതു ദേവൻ ആയിരുന്നു. ആഹാരം കഴിച്ചു എഴുന്നേറ്റപ്പോൾ കസേരയിൽ തട്ടി........
ദേവന്റെ മകളുടെ കല്യാണത്തിന്റെ തലേ ദിവസം വിരുന്നിനു പോകാൻ നിർബന്ധിച്ചതു പ്രീത തന്നെയായിരുന്നു. കിടക്കയിൽ കിടന്നു കൊണ്ടവൾ പറയുമ്പോൾ ആ കണ്ണുകൾ നിറയുന്നത് കണ്ടില്ലെന്നു നടിച്ചു.
ദേവനോട് ഞാൻ പറഞ്ഞോളാം. നമ്മളെ അറിയാത്ത ആളൊന്നുമല്ലല്ലോ അവൻ. നീ ഇല്ലാതെ ഞാനൊറ്റയ്ക്ക്...
പറഞ്ഞു തീരും മുൻപ് അവൾ എന്റെ കൈയ്യിൽ പിടിച്ചു..
പോയി വരൂ.. മോഹനേട്ടാ.. ഒരു ദിവസം എന്നെ നോക്കാൻ ഇവിടെ സരോജനിയില്ലേ. പോകണം. ദേവൻ നമ്മളെ പ്രതീക്ഷിക്കും.
മുറിവ് ഇത്തിരി വലുതായിരുന്നു.മരവിച്ചതിനാൽ സ്റ്റിച്ചിടുമ്പോൾ വേദന തോന്നിയില്ല. കാലിന്റെ വേദനയുടെ കാര്യം പറഞ്ഞപ്പോൾ ഡോക്ടർ ഒന്നു ചിരിച്ചു.. നമുക്ക് എക്സ് റേ എടുക്കാം. കുറച്ചു നേരം ഇവിടെ റെസ്റ്റ് എടുക്കൂ..
എന്തോ പറയുവാൻ ശ്രമിച്ചു ഞാൻ. മരവിച്ച ചുണ്ടുകൾ അനങ്ങാതെ നിന്നു.
വരാന്തയിലൂടെ ദേവന്റെ കൈയ്യിൽ പിടിച്ചു നടക്കുമ്പോൾ വല്ലാത്ത ആശ്വാസം തോന്നി. എന്നെ നോക്കി ചിരിച്ചു കൊണ്ടു ദേവൻ പറഞ്ഞു.
കുഴപ്പമൊന്നുമില്ല മോഹനേട്ടാ.. നീണ്ട വരാന്തയിലൂടെ ഡോക്ടറോടു പറഞ്ഞു പുറത്തു കടക്കുമ്പോൾ മുകളിലെ നിലയിൽ ഉറക്കെയാരോ കരയുന്നതു കേട്ടു. ഞാൻ ഞെട്ടലോടെ പുറകിലേയ്ക്കു നോക്കി..
ആരോ.....?
തലയടിക്കാത്തതു ഭാഗ്യാണ്.. ആരുടെയോ പ്രാർത്ഥനകൾ...
അകലെ കട്ടിലിൽ കിടക്കുന്ന പ്രീതയുടെ മുഖം ഓടിയെത്തി.
കാത്തിരിക്കുന്ന ആ കണ്ണുകൾ..
ഇരുട്ടിൽ തലയാട്ടി നിൽക്കുന്ന വ്യക്ഷക്കൊമ്പുകൾ. ഇരുണ്ട ആകാശത്തു കാർമേഘങ്ങൾക്കിടയിലേക്കു മറയുന്ന ചന്ദ്രൻ. തണുത്ത കാറ്റ് ദേഹത്തടിച്ചപ്പോൾ സ്വയം പറഞ്ഞു.
എനിക്കൊന്നും സംഭവിച്ചിട്ടില്ല..
കാറിൽ കൂടുവിട്ടു പോകരുതേയെന്നു പറയുന്ന കുഞ്ഞാറ്റക്കിളിയുടെ പഴയൊരു ഗാനം.. എല്ലാവരും പറന്നകലുമ്പോൾ ഒറ്റപ്പെടുത്തലിൽ നെഞ്ചു നീറി കരയുന്ന പക്ഷിയുടെ പ്രണയ വിലാപം..
കൈയ്യിൽ പൊങ്ങി നിന്ന ദുർബലമായ ഞരമ്പുകൾ നോക്കിയിരിക്കവേ ദേവൻ ചോദിച്ചു
എന്താ ആലോചിക്കുന്നത് മോഹനേട്ടാ..
മരവിച്ച ചുണ്ടുകൾക്കിടയിൽ വാക്കുകൾ ആദ്യം ഇടറി നിന്നു.പിന്നെ പറഞ്ഞു.
ഞാനില്ലാതെയാവുമ്പോൾ.....
തേങ്ങലടക്കി ഞാൻ പുറത്തേക്കു തല തിരിച്ചു വീണ്ടും പറഞ്ഞു.
..ഭാഗ്യാണ്...
... പ്രേം...
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo