Slider

**ജിമ്മും , വയറും പിന്നെ ജീരക വെള്ളവും **

1

**ജിമ്മും , വയറും പിന്നെ ജീരക വെള്ളവും **
By - Subeesh Gopi
Wayanad
പടികൾ തൊട്ടു വന്ദിച്ചു കേറുമ്പോൾ ഒന്നേ മനസ്സിലുണ്ടായിരുന്നുള്ളു ,വിചാരിക്കുന്നത് നടക്കണം . 25 പടികൾ ഉണ്ട് ; എന്ത് കൊണ്ടാണാവോ ഇവർ ലിഫ്റ്റ് വക്കാത്തതു എന്നോർക്കുമ്പോളേക്കും ഞാൻ മുകളിൽ എത്തി . തെറ്റിദ്ധരിക്കണ്ട അമ്പലം അല്ല ജിമ്മാണ് . റിസപ്ഷനിൽ ഒരു ഗഡാഗഡിയൻ ഇരിക്കുന്നു . എന്റെ വയറു കണ്ടപ്പോൾ അങ്ങേർക്കു കാര്യം മനസ്സിലായി ന്യൂ ജോയിനി ആണെന്ന് . ഫോം ഫില്ലു ചെയ്യാൻ പറഞ്ഞു , കൂടെ ഫിംഗർ പ്രിന്റ് എടുക്കാനുള്ള സാധനവും നീക്കി വച്ചു ,എന്റെ മുഖത്തു കണ്ട ചോദ്യചിഹ്നത്തിന് മറുപടി അപ്പോൾ തന്നെ കിട്ടി , അവർ അറ്റന്റൻസ് വരെ മോഡേൺ സ്റ്റൈൽ ആണത്രേ എടുക്കുന്നത് . ആധാർ ലിങ്ക് ചെയ്യേണ്ടി വരുമോ എന്ന് ചോദിച്ചപ്പോൾ അതിപ്പോൾ ആയിട്ടില്ല വൈകാതെ വരുമെന്നാണ് മറുപടി കിട്ടിയത് .അഡ്വാൻസ് 2000 രൂപ പിന്നെ എല്ലാ മാസവും 1000 ഫീസ് .കൂടാതെ രാവിലെ തന്നെ എത്തണമെന്ന കർശന നിർദേശവും .
വയറിന്റെ സ്ഥാനത്തു ഒരു ഗ്ലോബ് രൂപം കൊണ്ട് വരുന്നത് കൂട്ടുകാരും ,വീട്ടുകാരും പറയാൻ തുടങ്ങിയിട്ട് കാലം കുറെ ആയെങ്കിലും അർഹിക്കുന്ന പ്രാധാന്യത്തോടു കൂടി അതിനെ തള്ളി കളയുക ആയിരുന്നു ഇത് വരെ .വയസ്സ് കൂടി വരിക ആണ് , ഇനിയും ഗൗനിച്ചില്ലെങ്കിൽ തിരിച്ചറിയൽ മാർക്ക് ആയി വയറു മാറാൻ അധികകാലം വേണ്ടി വരില്ല ."ആ വയറുള്ള ആൾ "എന്ന പ്രയോഗം ഒരിക്കൽ കേട്ടതോടു കൂടി ജിമ്മു തന്നെ ആശ്രയം എന്ന അവസ്ഥ ആയി .
പോരാത്തതിന് ശിവൻ (മ്മടെ ചങ്ക് ) 6 km ഓടിയിട്ടു ആവശ്യത്തിന് വിയർത്തില്ല എന്ന് പറഞ്ഞു അപ്പാർട്മെന്റിലെ 100 സ്റ്റെപ് പിന്നേം ഓടിക്കേറുന്നതും , ക്രിക്കറ്റ് ഗ്രൗണ്ടിൽ 4 മണിക്കൂർ കളിച്ചതിന് ശേഷം 2 റൌണ്ട് ഓടുന്ന വിഷ്ണുവും (മ്മടെ വേറെ ചങ്ക് ) ഒക്കെ കൂടി ഞാനെന്ന മടിയനെ തൊട്ടുണർത്തി .ആദ്യം വിചാരിച്ചു യോഗ ആവാമെന്ന് ,ഭാര്യ ആണെങ്കിൽ യോഗ എന്നും ചെയ്യുന്നതും ആണ് .പക്ഷെ ഒരു 'കമ്മിയായ' ഭാര്യയിൽ നിന്നും അറിയപ്പെടുന്ന സംഘിയായ ഞാൻ യോഗ പഠിക്കുന്നതിൽ നിന്നും എന്റെ രാഷ്ട്രീയ ബോധം നിരുത്സാഹപ്പെടുത്തി . ഫോം ഫില്ലു ചെയ്തു ഫിംഗർ പ്രിന്റും കൊടുത്തപ്പോൾ തന്നെ ഒരു ID കാർഡ് കിട്ടി . എന്നും പഞ്ചിങ് ചെയ്യണമത്രേ ,കാരണം അറ്റന്റൻസ് നിർബന്ധം ആണ് പോലും.
ജിമ്മിന്റെ ഉള്ളിൽ എല്ലാ ആധുനിക സാമഗ്രഹികളും ഉണ്ട് . വെളിയിൽ ഇരുന്ന ഭീമൻ രഘു എന്നെയും കൊണ്ട് ഉള്ളിൽ കേറി മഞ്ജു എന്ന് വിളിച്ചു പിന്നെയും എന്റെ മുഖത്തു ചോദ്യ ചിഹ്നം വന്നു , കൂട്ടത്തിൽ പഞ്ചാബി ഹൗസിലെ രമണന്റെ ആകാംക്ഷയും ; അതിനുള്ള മറുപടി പോലെ രണ്ടാമത്തെ വിളി മഞ്ജുനാഥ് എന്നാക്കി അയാൾ .ഒരു ജിമ്മൻ ആയ ഇൻസ്ട്രക്ട്ടറെ പ്രതീക്ഷിച്ചു നിന്ന എന്റെ മുന്നിലേക്ക് കുടക്കമ്പി പോലുള്ള , കണ്ടാൽ 20 വയസ്സുള്ള ഒരു ചള്ള് ചെക്കൻ വന്നു നിന്നു . അവന്റെ നിൽപ്പ് കണ്ടാൽ കക്ഷത്തിൽ കുരു ഉണ്ടെന്നു തോന്നും . ഭീമൻ രഘു കന്നടയിൽ എന്റെ വയറു കുറക്കാനുള്ള എക്സർസൈസ് ആണ് വേണ്ടതെന്നൊക്കെ പറഞ്ഞു തിരികെ പോയി .
മഞ്ജു നാഥിന്റെ ക്ലാസ് തുടങ്ങി .' എന്നും എക്സർസൈസ് ചെയ്യണം ,ഫുഡ് അധികം കഴിക്കരുത് അതാണ് തടി കൂടിയേ , കണ്ടില്ലേ അവന്റെ ബോഡി എന്നൊക്കെ ഉള്ള വചനങ്ങൾ കേട്ടപ്പോൾ അവന്റെ പ്രായത്തിൽ ഉള്ളപ്പോഴുള്ള എന്റെ ഫോട്ടോ അവനെ കാണിക്കണം എന്നുറപ്പിച്ചു (വില്ലടിച്ചാൻ പാട്ടിലെ വില്ലിനെ പോലെ മെലിഞ്ഞു വളഞ്ഞു നിൽക്കുന്ന എന്റെ അന്നത്തെ ഫോട്ടോ കണ്ടാൽ അവൻ ഞെട്ടും ) .അവിടെ നിന്നും എന്നെ കൊണ്ട് പോയത് നേരെ weighing മെഷീന്റെ അടുത്തേക്കാണ് ,83kg ൽ തൊട്ടു തൊട്ടില്ല എന്ന് പറഞ്ഞു നിന്നപ്പോൾ മഞ്ജുനാഥ് അതിനെ 85 kg ആക്കി .2 ആഴ്ച കഴിയുമ്പോൾ ഭാരം കുറഞ്ഞു എന്ന് പറയാനുള്ള സൈക്കോളജിക്കൽ അപ്പ്രോച്ച് അപ്പോൾ തന്നെ പിടി കിട്ടി എങ്കിലും ഗുരുവിനോട് മറുത്തൊരക്ഷരം പറഞ്ഞില്ല .ഭാരം നോക്കി ജിമ്മിലെ മെഷീനുകളുടെ നേരെ നടന്ന എന്നെ പുറകിൽ നിന്നും വിളിച്ച മഞ്ജുനാഥ് ജിമ്മിന്റെ നടുത്തളത്തിലേക്കാണ് ആനയിച്ചത്, കൂട്ടത്തിൽ ഒരു ഉപദേശവും ‘മെഷിനുകളിൽ ഒന്നും ചെയ്യാറായിട്ടില്ല ആദ്യം ശാരീരിക കസർത്തു’ എന്ന് പറഞ്ഞതിനെ സാരാംശം 10 മിനിറ്റ് കൊണ്ടെനിക്ക് മനസ്സിലായി .
കൈ പൊക്കി ചാടുക ,സങ്കല്പികമായ സ്റ്റെപ് കയറുക , ചാടി കറങ്ങി കൈ കോട്ടുക (പണ്ട് ഈ കലാപരിപാടി NCC യുടെ പണിഷ്‌മെന്റിന് ചെയ്തിട്ടുള്ളത് കൊണ്ട് എനിക്ക് നൊസ്റ്റാൾജിയ വന്നു ) അങ്ങിനെ 15 മിനിറ്റ് കഴിഞ്ഞപ്പോൾ തന്നെ കഴിഞ്ഞ 5 വര്ഷം ആയി സംഭരിച്ചു വച്ച ഫാറ്റ് ഒക്കെ ഉരുകി പട്ടിയെ പോലെ കിതക്കാൻ തുടങ്ങി . മഞ്ജു വിടുന്ന ലക്ഷണം ഇല്ല . ആശാൻ ഓരോരോ സ്റ്റെപ്പുകൾ കാണിച്ചു തന്നു മാറി നിൽക്കുക ആണ് .10 മിനുട്ടും കൂടി ചെയ്തപ്പോൾ ഏകദേശം തീരുമാനം ആയി ,ഇനി പറ്റില്ല എന്ന് പറഞ്ഞപ്പോൾ മഞ്ജുന്റെ ഭാവം മാറി . കന്നടയിൽ എന്റെ അടുത്ത് നാല് ചാട്ടം . അവനെക്കാൾ 10,15 ഓണം കൂടുതൽ ഉണ്ട എന്നെ ഈ ചള്ള് ചെക്കൻ ചീത്ത പറയുന്നോ . തിളച്ചു നിന്ന എന്റെ ചോര ഒന്ന് കൂടി തിളച്ചു ."പോടാ പുല്ലേ " എന്ന് പറഞ്ഞു അപ്പോൾ തന്നെ അവിടെ നിന്നും ഇറങ്ങി .റിസപ്ഷനിൽ ചെന്ന് 2000 രൂപ തിരിച്ചു തരാൻ പറഞ്ഞെങ്കിലും കൊടുത്ത പൈസ തിരിച്ചു തരില്ലെന്നായി അവർ .എന്നാൽ ഇൻസ്ട്രക്ടറെ മാറ്റണം എന്നായി ഞാൻ .പക്ഷെ മഞ്ജു അവരുടെ മുത്താണത്രേ ,ആകെ പാടെ അവനേയുള്ളു അവിടെ ഇൻസ്ട്രക്ടർ ആയി .അങ്ങിനെ ജിം എന്ന പരിപാടി ഉപേക്ഷിച്ചു . 2000 രൂപേം പോയി , ഒരു ചള്ള് ചെക്കന്റെ മുമ്പിൽ നാണം കെടുകയും ചെയ്തത് മാത്രം മിച്ചം .
എന്താണ് ഇനി അടുത്ത വഴി എന്നാലോചിച്ചിരിക്കുമ്പോളാണ് ഫേസ്ബുക്കിൽ ഒരു പോസ്റ്റ് കണ്ടത് ,രാവിലെ വെറും വയറ്റിൽ ജീരക വെള്ളത്തിൽ നാരങ്ങാ പിഴിഞ്ഞ് കുടിച്ചാൽ 3 ആഴ്ച കൊണ്ട് വയറും തടിയും കുറയുമത്രെ .വൈകിട്ട് വീട്ടിൽ എത്തിയത് ജീരകവും ,നാരങ്ങയും കൊണ്ടാണ് .മേലനങ്ങാതെ വയറും തടിയും കുറക്കാമെന്നു ഓർത്തപ്പോൾ തന്നെ ഒരു ഉൾപ്പുളകം .പിറ്റേന്ന് രാവിലെ തന്നെ തണുത്ത ജീരകവെള്ളത്തിൽ നാരങ്ങാ പിഴിഞ്ഞ് സേവിക്കാൻ തുടങ്ങി .
പറയുന്ന അത്ര എളുപ്പമല്ല രാവിലെ ഈ പുളി വെള്ളം കുടിക്കൽ . ഇറക്കുന്നതിനു മുമ്പേ തിരിച്ചു വരും പക്ഷെ തടി കുറയും എന്നുള്ള ആഗ്രഹം അതിന്റെയും മുകളിൽ ആയിരുന്നു .3 ആഴ്ച നിർത്താതെ കുടിച്ചു .തടി കുറഞ്ഞോ എന്നുള്ള സംശയത്തിൽ അടുത്തുള്ള കടയിൽ പോയി തൂക്കി നോക്കി ഭാരം 87KG. അതായത് 4 KG കൂടി .മെഷീന്റെ തകരാറാണോ എന്നറിയാൻ വേറൊരു ഷോപ്പിൽ പോയി പിന്നേം നോക്കി ,87 കെജി തന്നെ . അപ്പോളാണ് ആയുർവേദ ഡോക്ടറായ മിഥുന്റെ കാര്യം ഓർത്തത് വിളിച്ചു സംഗതി പറഞ്ഞപ്പോൾ അവൻ ചിരി തുടങ്ങി . കാരണം ഞാൻ കുടിച്ച സാധനം വിശപ്പ് കൂട്ടുമത്രേ , ശരിയാണ് മുമ്പ് 3 നേരം ഭക്ഷണം കഴിച്ചിരുന്ന ഞാൻ 5 നേരം ആയി കഴിപ്പ് . ഒരു കാര്യം മനസ്സിലായി മേലങ്ങാതെ തടി കുറയില്ല.....
1
( Hide )
  1. Avasaanam enkilum vayaru kurakkanulla technique velippeduthum enna pratheekshayode muzhuvan blogum vayuchu ... ninte blog ayittu koodi ;) ... pinne vishamam theerkkan jeerika vellathinu pakaram tequila vangichu ..
    Prem

    ReplyDelete

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo