നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

സ്‌നേഹം

സ്‌നേഹം
ഇന്ന് വെള്ളിയാഴ്ചയാണ് ജോലി തിരക്ക് കാരണം വീട്ടിലേക്ക് വിളിച്ചിട്ട് രണ്ടു ദിവസമായി.
രാവിലെ പത്ത് മണി കഴിഞ്ഞപ്പോൾ തന്റെ ലാപ് ടോപ്പുമായി ഫ്ലാറ്റിന് പുറത്തേക്കിറങ്ങുമ്പോൾ
''ഫ്രഡിയങ്കിൾ രാവിലെ എവിടേക്കാണ്...."
റൂമിയുടെ മോൾ ഏഞ്ചലീനയെ പോലെയുള്ള അടുത്ത ഫ്ലാറ്റിലെ നാല് വയസ്സ്കാരി ചോദിച്ച് കൊണ്ട് ചെറിയ സൈക്കിളിൽ ബെല്ലും അടിച്ച് മറുപടിയ്ക്ക് കാക്കാതെ മുന്നോട്ട് പോയി.
ചൂടുമാറി തണുപ്പാകുന്നതിന്റെ മുന്നറിയിപ്പാകും തലേന്ന് പെയ്ത മഴയിൽ ഫ്ലാറ്റിന് മുന്നിലെ ചെറിയ പാർക്കിലെ പുൽത്തകിടിയിലെല്ലാം നാട്ടിൽ പുലരിയിൽ മഞ്ഞ് കണങ്ങൾ പുല്ലുകളിൽ പറ്റിപ്പിടിച്ചിരിക്കുന്നതു പോലെയുള്ള കാഴ്ചയായിരുന്നു.
ഒരു കൈയ്യിൽ ഒരു ബോട്ടിൽ ബിയറും ലാപ്പുമായി രണ്ട് ഈന്തപ്പനകളുടെ നടുവിലായി പണിതിട്ടിരിക്കുന്ന പച്ച പെയിന്റടിച്ച സിമന്റ് ബെഞ്ചിൽ ചെന്നിരുന്ന് ലാപ്പ് ഓണാക്കി.
തൊട്ടടുത്ത ഗ്രൗണ്ടിൽ പാക്കിസ്ഥാനികൾ ക്രിക്കറ്റ് കളിക്കുന്നതിന്റെ ബഹളം കേൾക്കുന്നുണ്ട്.
നെറ്റ് കണക്ട് ആയി രണ്ടു ദിവസത്തെ മെസേജുകൾ വന്നു കയറാൻ മത്സരിക്കുന്നത് ക്ഷമയോടെ നോക്കി കൊണ്ടിരുന്ന ഞാൻ ബിയർ പൊട്ടിച്ച് ഒരു കവിളിറക്കി.
തൊണ്ടയിൽ കൂടി ആ തണുത്ത കയ്പുനീർ അരിച്ച് അകത്തേക്കിറങ്ങുമ്പോൾ
പോകുന്ന വഴിയിലെ തണുപ്പും ഒരു ഇളം കാറ്റിന്റെ തഴുകലും കൂടെ ആയപ്പോൾ ദേഹമൊന്ന് കുളിര് കോരി
കൈയ്യിലെ രോമങ്ങളെല്ലാം എഴുന്നേറ്റ് നിന്നത് നോക്കി
ഒരു കവിൾ കൂടെ കുടിച്ചിറക്കി.
തൊട്ടടുത്ത ബെഞ്ചുകളിലൊന്നിൽ മാനത്ത് നോക്കി റൂമി മലർന്ന് കിടക്കുന്നത് അപ്പോഴാണ് കണ്ടത്.
"ഹേയ് റൂമി... എന്താ അവിടെ..."
ഞാൻ വിളിച്ചു അവന് ഒരനക്കവും കാണുന്നില്ല.
"എന്താടോ... നാട് സ്വപ്നം കണ്ട് കിടക്കുവാണോ.... "
വീണ്ടും ഞാൻ വിളിച്ചു ചോദിച്ചു.
മുഖത്തിന് കുറുകെയായി വച്ചിരുന്ന കൈ മാറ്റിയ വൻ തലചരിച്ച് എന്നെ നോക്കി.
"എന്താടോ കഴിക്കുന്നോ....."
കൈയ്യിലിരുന്ന ബിയർ ഞാൻ ഉയർത്തിക്കാണിച്ചു.
അവൻ എഴുന്നേറ്റ് എന്റെ അടുക്കൽ വന്നിരുന്നു ബിയർ വാങ്ങി ഒറ്റ വലിക്ക് അകത്താക്കി ആ ടിൻ ഞെരിച്ചമർത്തി.
അവന്റെ മുഖത്തെ വിഷാദ ഭാവം കണ്ട് ഞാൻ ചോദിച്ചു.
"എന്തു പറ്റി നിനക്ക് ഒരു വിഷമം പോലെ... വീട്ടിലെന്തെങ്കിലും...
അച്ഛൻ... അമ്മ...
നാൻസിയേം മോളേം വിളിച്ചില്ലേ നീ.... "
അവൻ മുഖത്തേയ്ക്ക് നോക്കിയിട്ട് കുനിഞ്ഞ് മൗനമായിരുന്നതേയുള്ളു
ഞാൻ ബർമുഡയിലെ സൈഡ് പോക്കറ്റിൽ നിന്ന് ഒരു ബിയർ കൂടി എടുത്ത് പൊട്ടിച്ച സൗണ്ട് കേട്ടപ്പോൾ അവൻ നിവർന്ന് കൈയ്യിലേക്ക് തന്നെ നോക്കി
"എന്താടാ വേണോ...."
എന്ന ചോദ്യത്തിന് ഉത്തരമൊന്നും വന്നില്ല പക്ഷേ ആ മുഖം പറയുന്നുണ്ടായിരുന്നു വേണമെന്ന്
ഞാനത് അവന് നീട്ടിയപ്പോൾ അത് വാങ്ങിയവൻ ഒറ്റ വലിക്ക് അകത്താക്കിയിട്ട് എനിക്ക് മിച്ചം തന്നതിൽ പതയോടു കൂടിയ ഒരു കവിൾ ഇറക്കാനുള്ളതേ ഉണ്ടായിരുന്നുള്ളു.
"അവൾ പോയെടാ....
അവൾ പോയി..... "
എന്നു പറഞ്ഞവൻ മുഖം പൊത്തി പൊട്ടി കരയാൻ തുടങ്ങി.
"എന്താടാ... ആര് പോയി
നാൻസിക്ക് എന്തു പറ്റി...."
അവന്റെ ഭാര്യ നാൻസിക്ക് എന്തോ പറ്റിയിട്ടുണ്ട് ഞാൻ മനസ്സിലുറപ്പിച്ചു.
"അവളല്ലെടാ എന്റെ ഗേളി....
അവൾ എന്നോട് പറഞ്ഞു
ഇനി ഈ ബന്ധം തുടരണ്ടെന്നും നമുക്ക് പിരിയാമെന്നും
ഞാനവൾക്ക് എന്തെല്ലാം നൽകി അവൾ ആവശ്യപ്പെട്ടതെല്ലാം വാങ്ങി നൽകി
അവൾക്ക് വേണ്ടി മരിക്കുമായിരുന്നു ഞാൻ പക്ഷേ അവൾ പോയി
എനിക്കവൾ ജീവനായിരുന്നെടാ....."
ഇരു കൈകൾ കൊണ്ടും തല മാന്തി പറിക്കുവാണവൻ
അപ്പോഴാണ് അവന്റെ മുഖം ഞാൻ ശ്രദ്ധിക്കുന്നത്
താടി ഒക്കെ വളർന്ന് ഷേവ് ചെയ്തിട്ട് ദിവസങ്ങളായ മുഖം.
ഇങ്ങനെ ഇവനെ കാണുന്നത് ആദ്യമായിട്ടാണ് കഴിഞ്ഞ മാസം കണ്ടപ്പോൾ അവൻ പറഞ്ഞത് എന്റെ ഓർമ്മയിലേക്കെത്തി.
ഓൺലൈൻ സൗഹൃദമായി ഗേളി എന്നൊരു സുഹൃത്തിനെ കിട്ടിയെന്നും
നാട്ടിൽ പോകുമ്പോൾ കാണണമെന്നും ഊട്ടിയിൽ ഒരുമിച്ച് താമസിക്കാൻ വില്ല വാങ്ങാനായി പണം അയച്ചു എന്നൊക്കെയും
"എടാ അപ്പൊ നാൻസിയും മകളുമോ...
അവർ പാവമല്ലേടാ...."
ഞാനന്ന് ചോദിച്ചതാ അവനോട്
അതിന് അവൻ പറഞ്ഞ മറുപടി
"നാൻസിയുമായി വേർപിരിയാൻ പോകുവാണ് ഞാൻ ഇപ്പൊ വിളിച്ചിട്ട് തന്നെ ഒരു മാസത്തിലേറെ ആകുന്നു.
"നാൻസിയെ പോലെ അല്ല എന്റെ ഗേളി അവൾക്ക് ഞാൻ ജീവനാണ്...
അവൾക്കും അതുപോലെ തന്നെയാണ്
മരണം പോലും ഇനി നമ്മളെ തമ്മിൽ പിരിക്കാനാകില്ലെടാ അത്രയ്ക്ക് പ്രണയിക്കുവാണ് നമ്മൾ തമ്മിൽ...."
അവന്റെ അന്നത്തെ വാക്കുകൾ ചെവിയിലേക്കെത്തിയതോടൊപ്പം
ഇപ്പൊ കരച്ചിലിന്റെ ശീലുകളും കേൾക്കുന്നു.
"ങേ അപ്പൊ ഗേളിക്ക് എന്തു പറ്റി...
എവിടെ പോയവൾ....?"
എന്റെ ചിന്തയ്ക്ക് കിട്ടിയ മറുപടി
കരച്ചിലിനിടയിലൂടെ അവന്റെ വാക്കുകൾ ഞാൻ ശ്രദ്ധിച്ചു.
"അവൾ പോയി....
ഇപ്പൊ ഓൺലൈനിലും ഇല്ല....
ഫോൺ നമ്പറും ഇല്ല.. അങ്ങനെ ഒരാൾ ഉണ്ടായിരുന്നോന്നും അറിയില്ല..... "
അവന്റെ തേങ്ങലിനൊരാശ്വാസമായി ഞാനവന്റെ തോളിൽ തട്ടി
"സാരമില്ലെടാ.... പോട്ടെ നമുക്ക് കണ്ടു പിടിക്കാം നീയവളെ ഫോട്ടോയെങ്കിലും കണ്ടിട്ടുണ്ടോ.... "
"ഇല്ല പക്ഷേ അവളുടെ ശബ്ദം എനിക്കറിയാം അതുമതി ഞാനവളെ കണ്ടുപിടിക്കും... "
ആ മറുപടിയിൽ അവന്റെ പല്ലുകൾ ഞെരിഞ്ഞമരുന്ന ശബ്ദത്തോടൊപ്പം SKYPE ലെ വീഡിയോ കാളിന്റെ നാദം ലാപ്പിലേക്ക് വന്ന് ഞാനാ കാൾ എടുത്തു.
എന്റെ പ്രിയതമ സാറയുടെ ചിരിക്കുന്ന മുഖമായിരുന്നു ആദ്യമെ ഞാനും വെളുക്കെ പല്ലുകൾ കാട്ടിയൊന്നു ചിരിച്ചു.
അടുത്തിരുന്ന് കരയുന്ന അവനെ കാണാതിരിക്കാൻ ഞാൻ ലാപ് അൽപ്പം ചരിച്ച് പിടിച്ചിരുന്നു.
"എന്നതാ ഇച്ചായാ രാവിലെ തന്നെ പരിപാടി വെള്ളമടിയാണോ...... "
അവളുടെ ശബ്ദം അവൻ കേട്ടു കാണും കാരണം കരച്ചിൽ അവൻ നിർത്തി ഞെട്ടലോടെ കാതോർക്കുന്നത് കണ്ടു.
"ഒന്നു പോടീ സാറാമേ...
ഒരു ബിയർ അത്രേ ഉള്ളു... "
ഞാൻ മറുപടി കൊടുത്തു
"രണ്ടു ദിവസം ജോലി തിരക്കായിരുന്നല്ലേ വീഡിയോ കാൾ വിളിച്ചില്ലല്ലോ...
ഇച്ചായന്റെ പുത്രൻ ഇവിടെ ഉണ്ടാക്കുന്ന പുകിൽ വല്ലോം അറിയുന്നുണ്ടോ....."
"എന്താടി എന്തു പറ്റി..."
"ദാ നോക്ക് എന്നിട്ട് ഇച്ചായൻ തന്നെ ചോദിക്ക്.. "
അവൾ ലാപ് കൊണ്ട് വച്ചത് കട്ടിലിലാണ്
മോനു അവിടെ എന്റെ ഒരു പഴയ ഷർട്ടും ഇട്ട് കിടക്കുന്നുണ്ട്.
മുഖം ക്യാമറയിലേക്ക് നോക്കിയപ്പോഴവന്റെ കണ്ണും മൂക്കും ഒക്കെ കരഞ്ഞ് ചുവന്നിരിക്കുന്നു.
''എന്താടാ മോനു... എന്തു പറ്റി...."
എന്നു ഞാൻ ചോദിച്ചതും അവൻ ചുണ്ടൊക്കെ വക്രിച്ച് ഒറ്റ കരച്ചിലായിരുന്നു.
അതിനിടയിലും അവൻ പറയുന്നുണ്ടായിരുന്നു
"അച്ചായി ഈ ഉടുപ്പ് ഞാൻ കൊടുക്കൂല്ല...
ഞാൻ കൊടുക്കൂല്ല..... "
കണ്ണിൽ നിന്നും മൂക്കിൽ നിന്നുമൊക്കെ വെള്ളം ഒഴുകുവാണ്
"എന്താടാ മോനെ എന്തു പറ്റി എന്തിനാടി അവൻ കരയുന്നെ.... "
എന്റെ ചോദ്യം കേട്ട് കട്ടിലിൽ അവന്റെ അടുത്തേയ്ക്ക് സാറയും ഇരുന്നപ്പോൾ അടുത്തിരുന്ന റൂമിയുടെ കണ്ണുകളും ശ്രദ്ധയോടെ അവളെ വീക്ഷിക്കുന്നതും ഞാൻ കണ്ടു.
''ഒന്നും പറയണ്ട ഇച്ചായാ....
ചെറുക്കന് നിങ്ങൾ എന്നു വച്ചാൽ വട്ടാണ്....
അമ്മച്ചി രാവിലെ വന്നായിരുന്നു
പോകാൻ നേരം ഇച്ചായന്റെ പഴയ രണ്ട് ഷർട്ട് എടുത്ത് വച്ചു കൊണ്ട് പോകാൻ.
അവിടെ ആർക്കോ കൊടുക്കാനെന്നോ അമ്മച്ചിയ്ക്ക് തണുപ്പത്ത് ഇടാനെന്നൊക്കെ പറയുന്നുണ്ടായിരുന്നു.
അന്നേരം മുതൽ ആ ഷർട്ടും എടുത്തിട്ട് അച്ചായിടെ ആണെന്നും ആർക്കും കൊടുക്കില്ലെന്നും പറഞ്ഞ് ചെറുക്കൻ തുടങ്ങിയ നെലവിളി ആണ്...."
അവൾ പറഞ്ഞ് നിർത്തിയപ്പോൾ
എനിക്ക് ചിരിയാണ് വന്നത്
പക്ഷേ മൂന്നു വയസ്സായ അവന്റെ മുഖത്തെ നിഷ്കളങ്കമായ ഭാവം എന്നെ ചിരിപ്പിച്ചില്ല.
"എന്താടാ മോനു അച്ചാമ്മച്ചി അല്ലേടാ... എടുത്തോട്ടെ അതു സാരമില്ല.... "
എന്നു പറഞ്ഞവനെ ആശ്വസിപ്പിക്കാൻ നോക്കിയതാണ്.
"വേണ്ട ഞാൻ കൊടുക്കൂല്ല....
അച്ചായി കഴിഞ്ഞ പ്രാവശ്യം വന്നപ്പൊ നമ്മളെല്ലാരും കൂടെ പള്ളി പോയപ്പൊ
അച്ചായി ഇട്ട ഉടുപ്പല്ലേ ഇത്..... " പറച്ചിലിനോടൊപ്പം കരച്ചിലും ഉണ്ട്
എന്നിട്ടും അതിനിടയിലൂടെ ആണ് സംസാരം "അച്ചായീടെ പേയുടെ മണം ഉണ്ടല്ലോ ഈ ഉടുപ്പിൽ ഇപ്പൊയും... "
ഉടുപ്പിലെ കോളർ അവൻ പിടിച്ച് മണപ്പിക്കുന്നതും കണ്ടു.
ഇനി വരുമ്പോഴും പള്ളി പോകുമ്പോ അച്ചായിക്ക് ഇടാനുള്ളതാണ് ഞാൻ കൊടുക്കൂല്ല..."
അവന്റെ സങ്കടം കണ്ടിട്ട് എന്റെയും കണ്ണുകൾ നിറഞ്ഞത് അവൾ കണ്ടുകാണും അതല്ലേ അവളും കണ്ണുകൾ തുടച്ചത്.
"ശരി മോൻ ആർക്കും കൊടുക്കണ്ട കേട്ടോ.... മോൻ എടുത്തോ..... "
അത് പറഞ്ഞപ്പോൾ കൈ കൊണ്ട് കണ്ണും മൂക്കും തുടച്ചവൻ സമ്മതത്തോടെ മുഖം ചലിപ്പിച്ചെങ്കിലും അപ്പൊഴും ഒരു ചിരി ആ മുഖത്ത് വന്നില്ല.
"എന്താടാ മോനെ നീ ചിരിക്കാത്തെ... അച്ചായിക്ക് ഒരു ഉമ്മതന്നെ... "
ലാപ്പിലെ സ്ക്രീനിൽ പതിഞ്ഞ അവന്റെ ചുണ്ടുകളിലെ മധുരം എന്റെ ചുണ്ടിൽ വന്ന് തട്ടിയത് പോലെയെനിക്ക് തോന്നി....
"മോൻ പോയി കളിച്ചോ കേട്ടോ....
ഇങ്ങനെ കിടക്കാതെ... "
എന്ന് പറഞ്ഞ എന്നെ ശബ്ദം അടഞ്ഞു പോയിരുന്നു.
തറയിൽ ഇഴയുന്ന എന്റെ വലിയ ഷർട്ടുമിട്ടവൻ കൈയ്യിൽ റോബോട്ടിന്റെ പാവയുമായി എഴുന്നേറ്റ്
ഉമ്മ അച്ചായി.... എന്നു പറഞ്ഞ് ആ സ്ക്രീനിൽ നിന്ന് മറഞ്ഞു സാറയുടെ നിറകണ്ണുകളോടെയുള്ള മുഖം മാത്രമായി.
" അച്ചായി എന്ന് പറഞ്ഞാൽ അവന് ജീവനാണ് കേട്ടോ...
ഇന്നലെ അപ്പച്ചൻ വന്നപ്പോൾ ഇച്ചായി വിളിച്ചില്ലെന്ന് അറിഞ്ഞ് വഴക്ക് പറഞ്ഞപ്പോൾ എന്റെ അച്ചായീനെ വയക്ക് പറയണ്ടെന്ന് പറഞ്ഞിവിടെ ബഹളം ആയിരുന്നു.....
ഇച്ചായീടെ മോന്റെ സ്നേഹം കണ്ട് എനിക്ക് തന്നെ അസൂയ തുടങ്ങി കേട്ടോ.... "
"മം... ഞാൻ അടുത്ത മാസം വരുമെടി സാറാമേ..
ലീവ് ശരിയായിട്ടുണ്ട്
അന്റെ മുഖത്തെന്താ ഒരു വല്ലായ്മ പോലെ നിനക്ക് സുഖമില്ലേ..... "
"ഏയ് എനിക്കൊന്നുമില്ലിച്ചായാ
ഇവിടെ തണുപ്പല്ലേ ജലദോഷം പിടിച്ചതാ.... "
നീ ഒരു പൊട്ടെടുത്ത് വച്ചേടി അച്ചായത്തി എനിക്കങ്ങനെ കാണുന്നതാണ് ഇഷ്ടമെന്ന് നിനക്കറിയത്തില്ലയോ..."
സാറ ലാപ്പിൽ നിന്ന് തന്നെന്ന് തോന്നുന്നു ഒരു ചുവന്ന കുഞ്ഞ് പൊട്ടെടുത്ത് നെറ്റിയിൽ ഒട്ടിച്ച കണ്ടപ്പോൾ ഞാന്നൊന്നു ചിരിച്ചു.
അവൾക്കത് അറിയാം എന്നാലും പറഞ്ഞാലേ ചെയ്യു മനസ്സിലോർത്തു
"ഇച്ചായൻ എന്താ കഴിച്ചേ....
''ഒന്നും കഴിച്ചില്ലെടി സാറാമേ....
കഴിക്കാൻ പോണം
നീ കഴിച്ചായിരുന്നോ.... "
"ഞാൻ കഴിച്ചു...
ശരി എന്നാൽ ഇച്ചായൻ പോയി കഴിച്ചിട്ട് വാ എന്നിട്ട് വിളിച്ചാൽ മതി വിശന്നിരിക്കണ്ട.... രാവിലെ കള്ളും കുടിച്ചിരിക്കും
കൊരങ്ങൻ "
"കുറച്ച് നേരം കൂടെ നിന്നെ കണ്ടോണ്ടിരിക്കട്ടെ... രണ്ടു ദിവസമായില്ലേ വിളിച്ചിട്ട്..
കവിളിൽ എന്തോ പൊടിപറ്റിയിരിക്കുന്നല്ലോ തുടച്ചു കളഞ്ഞേ സാറാമേ "
''അയ്യട കൊഞ്ചല്ലേ....എന്റെ മോൻ പോയി കഴിച്ചിട്ട് വാ എന്നിട്ട് കണ്ടോണ്ടിരിക്കാട്ടാ... പോ....പോ... പൊയ്ക്കോ..."
"ഉം ശരി എന്നാൽ മോനു തന്നതു പോലെ ഒരു സ്നേഹം തന്നേടി...."
''പോ അവിടെന്ന്...അപ്പച്ചൻ ഇവിടുണ്ട്... "
ആഹാ നിന്റെ അപ്പൻ താറാവ് അവറാൻ കൂടെ സമ്മതിച്ചല്ലേ നിന്നെ കെട്ടിയത് ഒര് ഉമ്മ ഒക്കെ തരാം പെട്ടെന്ന് ആകട്ടെ എനിക്ക് വിശക്കുന്നു... "
ചുവന്ന ആ ചുണ്ടുകൾ അടുത്തേയ്ക്ക് വന്നു അതിലെ കുഞ്ഞു വരകൾ വരെ ദൃശ്യമായി
മോനു ആ സ്ക്രീനിൽ വച്ചിട്ടു പോയ മധുരം ആ ചുണ്ടിലും പറ്റിയിട്ടുണ്ടാകും.
"ശരി ചക്കര ഉമ്മ കുറച്ച് കഴിഞ്ഞ് വിളിക്കാമേ.. "
എന്ന് ഞാനും
ആ ദൃശ്യങ്ങൾ മറഞ്ഞു.
സ്ക്രീനിൽ ഞാനും അവളും മോനുവും പള്ളിയുടെ മുന്നിൽ നിൽക്കുന്ന ഫോട്ടോ വന്നു.
അതിലെ ഞാനിട്ടിരുന്ന ഷർട്ട് തന്നെയാണ് മോനു ഇപ്പൊ ഇട്ടിരുന്നതെന്ന് റൂമിയും കണ്ടു കാണും
അവൻ ആ ഫോട്ടോയിലേക്ക് തന്നെ നോക്കി ഇരിപ്പുണ്ട്.
"ആ ലാപ്പൊന്ന് തരാമോ...
വീട്ടിലേക്കൊന്ന് വിളിക്കണം നാൻസിയേം മോളേം കാണണമെടാ....."
അവന്റെ ചോദ്യത്തിലെ ശബ്ദത്തിന്റെ വ്യത്യാസം കേട്ട് എന്റെ മുഖത്തൊരു പുഞ്ചിരി പടർന്നിരുന്നു.
കുറച്ച് നേരമായി ഭാര്യയോടും മോളോടുമായി മാപ്പ് പറച്ചിലും കണ്ണീരും കൊഞ്ചലും ഉമ്മവയ്പുമായി അടുത്ത ബഞ്ചിൽ അവൻ എന്റെ ലാപ്പുമായി ഇരിക്കാൻ തുടങ്ങിയിട്ട്.
സുഹ്ർ വിളിക്കാറായി പാകിസ്ഥാനികൾ കളി നിർത്തി നമാസിനായും പോയി തുടങ്ങി.
ഞാനൊരു ചെറുപുഞ്ചിരിയോടെ സാറയെയും മോനെയും കൃത്യ സമയത്തെത്തിച്ചത് ആരായിരിക്കും
എന്ന ചിന്തയോടെ ആ
ദൈവത്തിന് നന്ദി പറഞ്ഞു കൊണ്ടാ കൽബെഞ്ചിൽ മാനം നോക്കി കിടന്നു....
ജെ...

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot