എന്നു മുതലാണ് എനിക്ക് കഞ്ഞിയോട് വെറുപ്പ് തുടങ്ങിയത് അറിയില്ല.
കുട്ടിക്കാലത്ത് അച്ഛച്ചനോടൊപ്പം പാടത്തു പോകുമ്പോൾ പാടവരമ്പിൽ ചേറിൽ കാലുകളൂന്നി ഇരുന്ന് പണിക്കാരി പെണ്ണുങ്ങൾ കഞ്ഞി കുടിക്കുന്ന കാണാം. വെറ്റില മുറുക്കി ചുവപ്പിച്ച ചുണ്ടു കഞ്ഞിയിൽ തട്ടുമ്പോൾ വെളുത്ത വെള്ളത്തിൽ ചുവപ്പു രാശി വീഴുന്ന കണ്ടിട്ടോ.
വേനലവധിക്ക് മാമന്റെ വീട്ടിൽ പോകുമ്പോൾ പത്തു മണിക്കൊരു കഞ്ഞി പതിവുണ്ട്. നല്ല കുത്തരികഞ്ഞി. ഞാനെന്നും വെറുത്തിരുന്ന ഭരണിയിൽ സൂക്ഷിച്ച വെണ്ണ ആ ചൂടു കഞ്ഞിയിൽ അലിഞ്ഞില്ലാതാകുന്ന കണ്ടിട്ടോ.
പുതുമഴ നനഞ്ഞപ്പോൾ കിട്ടിയ പനിക്കിടക്കയിൽ ചൂടൊടെ നുണയുവാൻ തന്ന കഞ്ഞിയുടെ അരുചിയോ.
കാരണമെന്തെന്നറിയാതെ വെറുത്തതാണ് പലതും.
അതുപോലെയാണ്. ബാഗ്ലൂരിൽ പഠിക്കുന്ന അടുത്ത വീട്ടിലെ പയ്യന്മാർ വന്നപ്പോൾ കുളിച്ചിട്ട് നാലു ദിവസായി പറഞ്ഞപ്പോൾ അറപ്പോടെ നോക്കിയതും അയ്യേ കുളിക്കാതെ ഇത്ര ദിവസം എങ്ങനെ ഇരിക്കുന്നു എന്നു പറഞ്ഞു കളിയാക്കിയതും.
അമ്മേ കുളിക്കാൻ വെള്ളമെടുത്തു വെയ്ക്ക് പറഞ്ഞു ബോംബൈയിൽ പർച്ചയ്സിംഗ് കഴിഞ്ഞു വരുന്ന ഏട്ടനോട് കുളിക്കാതെ അകത്ത് കേറരുതെന്നു ശുണ്ട്ഠി എടുത്തതും
കുളിക്കാതെയും വൃത്തിയായി വസ്ത്രം ധരിക്കാത്തവരോടും എന്തിനാണ് ദേഷ്യമെന്നു ചോദിച്ചാൽ അറിയില്ല
പലതിനും ഉത്തരമില്ല എന്റെ പക്കൽ എന്നാൽ പോയ കാലത്തിലെ ശീലങ്ങളാണ് എല്ലാം... ആ ശീലങ്ങൾ മാറാൻ ഒരു കൊച്ചു പനി ഇഷ്ടം കൂടാൻ വന്നാൽ മതി, ഇഷ്ടക്കേടുകളെല്ലാം ഇഷ്ടങ്ങളായി മാറും
✍കൃഷ്ണ...
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക