കുറെ വർഷങ്ങൾക്ക് മുമ്പാണ് അതുവരെ പെൺകുട്ടികൾ മാത്രം പഠിച്ച സ്ക്കൂളിൽ നിന്നും കോളേജിൽ നിന്നും ഡിഗ്രി പഠനത്തിനായി എത്തിയത് മിക്സഡ് കോളേജിൽ പതിവ് പോലെ ഹോസ്റ്റലിൽ തന്നെ. സ്ക്കൂൾ കാലം മുതലങ്ങനെയായത് കൊണ്ട് അതൊരു സങ്കടമേയല്ല. പക്ഷെ ഈ ആൺകുട്ടികളെ എങ്ങനെയാണ് ഡീൽ '' ചെയ്യുക!നിത്യവും സമരങ്ങൾ തന്നെ. ഫസ്റ്റ് പീരീഡ് കഴിയുമ്പോൾ കൂട്ടുകാരികൾ കൊണ്ടുവരുംന്ന പൊതിച്ചോറുകളുമായി ഹോസ്റ്റലിലേക്കൊരോട്ടമാണ്. അന്ന് മെസ്സിലെ മത്തി തല കറിക്കും പാവയ്ക്കാ തോരനും അവധി.പ്രീഡിഗ്രിക് കണക്ക് പഠിച്ചിരുന്നില്ല. ഡിഗ്രിക്ക് ഫിസിക്സ് മെയിൻ എടുത്തപ്പോ ദാ വരുന്നു കണക്ക് ഒരു സബ്ജക്ട് .ഒറ്റ വക മനസിലാവുന്നില്ല. അങ്ങനെ ട്യൂഷൻ പോയി: ഒരു ദിവസം " തന്റെ ബുക്കൊന്ന് തന്നേ, ഞാനിന്നലെ ഇല്ലായിരുന് .കലങ്ങിയ കണ്ണുകളും മുറുക്കി ചുവപ്പിച്ച ചുണ്ടുകളുമായി ഒരു മുഖം സത്യത്തിൽ പേടിച്ചിട്ടെന്റെ കയ്യും കാലും വിറച്ചു. 'എന്റെ ബുക്കിലൊക്കെ തെറ്റാ... വേറെ ആരുടെയെങ്കിലും...' മുഴുമിപ്പിക്കാനൊന്നും സമ്മതിച്ചില്ല.' തെറ്റ് ഞാൻ തിരുത്തിക്കൊളാം' ബുക്ക് വലിച്ചെടുത്തു കൊണ്ട് പോയി. പിന്നെ കുറച്ച് ദിവസം ആളെ കണ്ടില്ല.ഞാൻ മറ്റൊരു കുട്ടിയോട് ചോദിച്ചു.' ആ ഷാപ്പിലെങ്ങാനും കാണും, അയാൾ അലസമായി പറഞ്ഞു. അടുത്താഴ്ച പരീക്ഷയാണ്: എന്ത് ചെയ്യും'ഭാഗ്യം പിറ്റേ ദിവസം ആൾ വന്നു. ബുക്ക് തന്നു. പറഞ്ഞത് പോലെ എന്റെ തെറ്റുകൾ ഒക്കെ തിരുത്തിയിട്ടുണ്ട്. മനോഹരമായ കൈ അക്ഷരം - അവസാന പേജിൽ ഒരു ചിത്രം വരച്ചിരിക്കുന്നു. രക്തത്തിൽ മുങ്ങിയ ഒരു ഹൃദയം താഴെ ഒപ്പിട്ടിരിക്കുന്നു. ഈശ്വരാ! പിന്നെ കാണുമ്പോൾ ഒഴിഞ്ഞുമാറി നടക്കും. പിന്നെയൊരു കനത്ത മഴ പെയ്ത പകൽ .കണക്കിന്റെ മാഷ് കണക്കിന് പരിഹസിച്ച ദിവസം.ഞാൻ കരച്ചിലോട് കരച്ചിൽ. എല്ലാവരും ചുറ്റും നിന്ന് ആശ്വസിപ്പിക്കുന്നുണ്ട്.' താനിങ്ങ് വന്നേ 'ഒരു കൈ വന്നെന്റെ കൈയിൽ പിടിച്ചു ഞെട്ടിപകച്ച് നോക്കിയപ്പോൾ 'വന്നേ ടോ' പിന്നെ ദിവസവും രാവിലെ ക്ലാസ് തുടങ്ങും മുന്നെ അര മണിക്കൂർ പഠനം. എന്തായാലും രണ്ടാം വർഷം 185/200 വാങ്ങി ഞാൻ പരീക്ഷ പാസായി... ഇന്നത്തെ പോലൊന്നുമല്ല ഇഷ്ടം പറയാനുള്ള ധൈര്യമൊന്നുമില്ല. കൺകോണിലൊരു ചിരി ഒന്ന് രണ്ട് വാക്കുകൾ, ഏതാൾ കൂട്ടത്തിലും നമ്മളിൽ അവസാനിക്കുന്ന നോട്ടം.അത്രയേ ഉള്ളു. അവസാന വർഷം ടൂർ ഉണ്ട്. പെൺകുട്ടികളും ആൺകുട്ടികളും ഒന്നിച്ചിരിക്കുകയാന്നുമില്ല. എന്നാലും പുറകിലെ സീറ്റിലുണ്ടാവും അതൊരു സുഖമുള്ള അനുഭവമാണ്. മഴത്തുള്ളിയിലേക്ക് കൈ നീട്ടുമ്പോൾ ചിലപ്പോൾ വിരൽ തുമ്പിലൊന്ന് തൊട്ടേയക്കാം. അത്ര തന്നെ. തിരികെ വരുമ്പോൾ ആളുടെവീടെത്താറായി വഴിയരികിൽ ഒരു സബ്ബ് രജിസ്ട്രാർ ഓഫീസ് കണ്ട് എന്നോട് പറഞ്ഞു 'നമ്മുടെ കല്യാണം ഇവിടെ വെച്ചായിരിക്കും, ഓപ്പൺ പ്രപ്പോസൽ: പരീക്ഷ കഴിഞ്ഞു. പല വഴിക്ക് തിരിഞ്ഞു. ഞാനാ കോളേജിൽ തന്നെ PG ചെയ്തു. പിറന്നാളാശംസകാർഡുകൾ വരും കൃത്യമായി .ഒന്നിക്കാനൊന്നുമാവില്ല എന്ന് രണ്ട് പേർക്കുമറിയാം. അത് കൊണ്ട് കൂടി കാഴ്ചകളൊന്നുമില്ല.അച്ഛൻ മരിച്ചു. എന്റെ വിവാഹം കഴിഞ്ഞു. ആൾ അമേരിക്കയിലാണ്. അറിയുന്നുണ്ട് പരസ്പരം വിശേഷങ്ങൾ. തമ്മിൽ മിണ്ടാറില്ല വാട്സ് അപ്പിൽ പഴയ കൂട്ടുകാരുടെ ഗ്രൂപ്പ് തുടങ്ങി .വ്യക്തിപരമായ ചോദ്യങ്ങളൊന്നുമില്ല. രണ്ട് മാലാഖ കുഞ്ഞുങ്ങളുടെ അച്ഛനാണ്. സന്തോഷം. എനിക്കും സന്തോഷം തന്നെ.ഞങ്ങൾ രണ്ടു പേർ സമാന്തരപാതകളിലാണ്. അറിയാം. അതങ്ങനെയാവുന്നതാണ് എന്റെ സന്തോഷവും നന്നായിരിക്കണമെന്നാണ് എന്നും പ്രാർഥന. എന്നെ സ്നേഹിച്ചു തുടങ്ങിയ കാലത്ത് ഉപേക്ഷിച്ച ലഹരികളൊന്നും ഞാനില്ലാതായപ്പോൾ തൊട്ടില്ല എന്നുള്ളതാണ് ഏറ്റവും വലിയ സന്തോഷം. സ്നേഹത്തിന് കാലഭേദങ്ങളില്ല, കാഴ്ചകൾ വേണ്ടാ കേൾവികളോ സ്പർശമോ വേണ്ട ഒരു ഉള്ളറിവ് മതി എവിടെയായാലും ഉള്ളിൽ അവരുണ്ട്.നന്മ നിറഞ്ഞ പ്രാർഥനയോടെ- സ്നേഹത്തിന്റെ ഒരു മെഴുകുതിരി By Ammu Santhu
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക