
രാത്രി എഴുമണി ആയപ്പോൾ ഞാൻ ഹോട്ടൽ ജോയ്സിലെത്തി. നല്ല ഹോട്ടലാണ് ജോയ്സ്. നല്ല രാശിയുള്ള സ്ഥലം. അത് കൊണ്ട് തന്നെ വർക്കിനു പോവുമ്പോൾ പലപ്പോഴും ഞാൻ ഇവിടെ വന്നു ഭക്ഷണം കഴിക്കും. തൊട്ട് അടുത്തു തന്നെ ഇന്ത്യൻ കോഫി ഹൗസുണ്ട്. പക്ഷേ അവിടെ ഞാൻ കയറാറില്ല. രാശിയല്ല പ്രശ്നം ഇത്ര വെറെറ്റി ഇല്ല. ചുവന്ന ബീറ്റ്റൂട്ട് കറിയും ചപ്പാത്തിയും വേണമെന്നു തോന്നുമ്പോൾ അവിടെ കയറും.
ജോയ്സിലെ ഏസി ഹാളിൽ കയറി ഗ്രിൽഡ് ചിക്കന്റെ ക്വാർട്ടറും ഓർഡർ ചെയ്തു. കുഞ്ഞുങ്ങളുടെ ശബ്ദം മാത്രം കേൾക്കാം. മുതിർന്നവർ മൊബൈലിൽ കുത്തിക്കൊണ്ടിരിക്കുകയാണ്.
എനിക്ക് ഇത്തരം കാര്യങ്ങളോടു താൽപര്യമില്ല. ഇവർക്ക് പരസ്പരം സംസാരിച്ചു കൂടെ?നമ്മുടെ നാട്ടിൽ മൊബൈലിന്റെ ഉപയോഗം വളരെ കൂടുതലാണ്.
ഞാൻ ഇരുന്നതിന്റെ അരികിൽ രണ്ടു സ്ത്രീകൾ ,ഏകദേശം നാൽപത് വയസ്സ് പ്രായം വരും. പരസ്പരം ശബ്ദം താഴ്ത്തി സംസാരിച്ചു കൊണ്ടിരുന്നു. ഞാൻ അവരറിയാതെ അവരെ ശ്രദ്ധിച്ചു കൊണ്ടിരുന്നു.
ഞാൻ ഭക്ഷണം കഴിച്ചു തീർന്നിട്ടും അവർ തീർന്നില്ല. സ്ത്രീകൾ അങ്ങനെയാണ്. ദേ വിൽ ടേക്ക് മോർ ടൈം.
അവർ കഴിച്ചു തീരുന്നത് വരെ കാത്തിരിക്കാൻ ഞാൻ ഒരു മൊസംമ്പി ജ്യൂസും വെളളരിക്കാ സാലഡും ഓർഡർ ചെയ്തു.വിന്നാഗിരി ചേർത്ത സവാള അരിഞ്ഞതും മാർദ്ദവമേറിയ വെളളരിക്കാ കഷണങ്ങളും. ഇതു കഴിക്കുന്നതിനൊപ്പം ഒരു കവിൾ മൊസംമ്പി ജ്യൂസ് കുടിക്കണം.ഈ സമ്മിശ്രമായ മനോഹര രുചി സ്ക്കൂൾ കാലത്ത് ഓണ പരീക്ഷയിലെ ഏറ്റവും അവസാന പരീക്ഷ എഴുതിയതിന് ശേഷം അവധി ദിവസങ്ങൾ നുകരുവാൻ വീട്ടിലേക്ക് ഓടുന്ന കുട്ടിയെ പോലെ നമ്മളെ സന്തോഷ ചിത്തരാക്കും.
ഭാഗ്യവശാൽ ആ സ്ത്രീകൾ ഭക്ഷണം കഴിച്ചു തീർന്നു. അവർ വിലയേറിയ ആഭരണങ്ങളും ഏറ്റവും പുതിയ ഡിസൈൻ വസ്ത്രങ്ങളുമാണ് ധരിച്ചിരിക്കുന്നത്. ഭക്ഷണം കഴിച്ചു തീർന്നപ്പോൾ വെയ്റ്റർ ഒരു കറുത്ത ബുക്കിൽ അവരുടെ ബിൽ കൊടുത്തു.കൂട്ടത്തിൽ ചുവന്ന സാരി ധരിച്ച സ്ത്രീ അവരുടെ പ്യൂമാ എന്ന ബ്രാണ്ടഡ് ബാഗ് തുറന്നു ഒരു ചെറിയ പഴ്സ് എടുത്തു അതിൽ നിന്ന് പണം കൊടുക്കുന്നത് ഞാൻ കണ്ടു. അവരുടെ കൈയ്യിൽ മൂന്ന് ബാഗുകൾ ഉണ്ടായിരുന്നു.
ചിലപ്പോഴൊക്കെ രണ്ടു സുഹൃത്തുക്കൾ ഭക്ഷണം കഴിച്ചു കഴിയുമ്പോൾ ബില്ല് കൊടുക്കുന്ന കാര്യത്തിൽ ഒരു മത്സരം കാണാറുള്ളതാണ്. എന്നാൽ ഇവിടെ അതുണ്ടായില്ല എന്ന് ഞാൻ ശ്രദ്ധിച്ചു.കൂട്ടത്തിൽ മുതിർന്നു എന്ന് തോന്നിക്കുന്ന ചുവന്ന ഗാഗ്ര ചോളി ധരിച്ച സ്ത്രീയാണ് ബിൽ പേ ചെയ്തത്. മെറൂണ്‍ കളര്‍ ചുരിദാര്‍ ധരിച്ച മറ്റേ സ്ത്രീ ആ സമയവും ഫോണിൽ കുത്തിക്കൊണ്ടിരിക്കുകയാണ്.
ഞാൻ ആ രംഗം ഒന്നു കൂടി ശ്രദ്ധിച്ചു.ഇവർ തമ്മിൽ ഏതു ബന്ധം ആയിരിക്കും ഉണ്ടാവുക?താഴെ പറയുന്ന ഉത്തരങ്ങള്‍ മനസ്സ് നിരത്തി.
A. സുഹ്യത്തുക്കൾ
B. ബന്ധുക്കൾ
C. ബിസിസ് പങ്കാളികൾ
B. ബന്ധുക്കൾ
C. ബിസിസ് പങ്കാളികൾ
ലക്ഷണം കണ്ടിട്ട് ഞാൻ എൻട്രൻസ് പരീക്ഷയിലെ പോലെ രണ്ട് ഓപ്ഷൻ കൂട്ടി ചേർത്തു.
D.A and C
E.none of the above
E.none of the above
വെയ്റ്റർ ബിൽ കൊണ്ടു വന്നപ്പോൾ ഞാനത് വാങ്ങി .
'കൗണ്ടറിൽ കൊടുത്തോളാം .കുറച്ചു ബേക്കറി കൂടി വാങ്ങണം."ഞാൻ പറഞ്ഞു.
ഞാൻ അയാൾക്ക് അൻപത് രൂപ ടിപ്പ് കൊടുത്തു. അയാളുടെ മുഖം പ്രകാശിച്ചു.
പുറത്ത് മഴ ചാറ്റൽ ഉണ്ട്. നല്ല ലക്ഷണമാണ് മഴ.ഹൃദയഹാരിയായ ഒരു കവിത പോലെ ഞാൻ മഴയെ ഇഷ്ടപെടുന്നു. ട്രെയിനിന് ഇനിയും മുക്കാൽ മണിക്കൂർ കൂടിയുണ്ട്. അൽപ്പനേരം കൂടി മഴ കണ്ടു നിൽക്കാം.
ശ്രദ്ധാലുവായ ഒരു വായനക്കാരന് ഞാൻ ഒരു പക്ഷേ ബിൽ കൊടുത്തോ എന്ന് ചിന്തിച്ചേക്കാം. നിങ്ങൾ മാന്യനായ വായനക്കാരനെങ്കിൽ ഞാൻ കാശ് കൊടുത്തു എന്ന് ധരിക്കാൻ ഇഷ്ടപെടുന്നു.എങ്കിലും നല്ല തിരക്കേറിയ കൗണ്ടറിൽ നിങ്ങൾ നിൽക്കുകയും, നിങ്ങളെ ആരും ശ്രദ്ധിക്കാൻ ഇല്ലാതെ വരികയും, കൗണ്ടറിൽ ഇരിക്കുന്ന ചതുര മുഖമുള്ള ക്രൂരതയുടെ കറുപ്പു കലർന്ന മുഖമുള്ള തമിഴൻ മുതലാളി ,പാവം വെയ്റ്ററെ ഉറക്കെ ചീത്ത വിളിക്കുകയും ചെയ്യുന്നത് നിങ്ങൾ കാണുകയും അപ്പോൾ നിങ്ങൾ റോബിൻഹുഡ് എന്ന ഇംഗ്ലീഷ് സിനിമ ഓർക്കുകയും ചെയ്യുകയാണെങ്കിൽ നിങ്ങൾ എന്ത് തീരുമാനം എടുക്കും എന്ന് എനിക്ക് സംശയമുണ്ട്.
ഞാൻ ഇടക്കിടെ കാണുന്ന ഇംഗ്ലീഷ് സിനിമയാണ് റോബിൻ ഹുഡ്. ഇംഗ്ലീഷ് കാട്ടു കൊള്ളക്കാരന്റെ സിനിമ. നല്ല രാശിയുളള പടം.
"At the end of the day i fight for those who cannot fight for themselves.' അതിൽ റോബിൻ ഹുഡായി ഹോളിവുഡ് നായകൻ റസൽ ക്രോവ് പറയുന്ന പ്രശസ്ത ഡയലോഗ് നിങ്ങളെ കോരിത്തരിപ്പിക്കും.
ആ സ്ത്രീകൾ ഓട്ടോ പിടിച്ച് പോകുന്നത് കണ്ടു. കുറച്ചു കഴിഞ്ഞ് ഞാൻ റെയിൽവേ സ്റ്റേഷനിലേക്ക് എത്തി. മുൻപു കണ്ട സ്ത്രീകൾ പ്ളാറ്റ്ഫോമിൽ ട്രെയിൻ വരാൻ കാത്തിരിക്കുന്നു. അവർ ഇപ്പോഴും പരസ്പരം സംസാരിച്ചു കൊണ്ടിരുന്നു.
തിരക്ക് കുറവാണ്. എനിക്ക് റെയിൽവേ സ്റ്റേഷനുകൾ വളരെ ഇഷ്ടമാണ്. ഒഴിവു സമയങ്ങളിൽ ഞാൻ സ്റേറഷനുകളിൽ പോയിരിക്കും. വരികയും പോവുകയും ചെയ്യുന്ന ട്രെയിനുകൾ നോക്കിയിരിക്കും. വ്യത്യസ്ത മുഖങ്ങൾ, വ്യത്യസ്ത ഭാവമുള്ളവ മുന്നിലൂടെ കടന്നു പോയി ക്കൊണ്ടിരിക്കും.എനിക്ക് ചിലപ്പോൾ തോന്നും ബീച്ചും റെയിൽവേ സ്റേറഷനുകളും ഒരു പോലെയാണ്.തിരകൾ പോലെ ട്രെയിനുകൾ സ്റേറഷനിൽ എത്തുന്നു. അതിൽ നിന്ന് കക്കകൾ പോലെ മനുഷ്യ മുഖങ്ങൾ പുറത്തു വരുന്നു. കുറെ നേരെ അത് നോക്കിയിരിക്കുമ്പോള്‍ ,ആ തിരക്ക് മാറിയിരുന്നു ആസ്വദിക്കുമ്പോള്‍ മനസ്സ്, ശാന്തമാകും.
എന്നാൽ ഇപ്പോൾ ഞാൻ ജോലിയിലാണ്. വെറുതെ റിലാക്ക്സ് ചെയ്യാൻ പാടില്ല.
ഞാൻ ബാഗ് തുറന്നു അതിൽ നിന്ന് unsolved problems in calculus എന്ന ചെറിയ ബുക്ക് എടുത്തു.കണക്കിന്റെ പുസ്തകം.കഴിഞ്ഞ തവണ വർക്കിന് പോയപ്പോൾ തീർത്ത പാർഷ്യൽ ഡിഫറൻഷ്യൽ ഇക്കുവേഷൻസ് എന്ന ഭാഗം എടുത്ത് കട്ടിയുള്ള അഞ്ചാം ഡിഗ്രി പോളി നോമിയലിന്റെ ഒരു കണക്ക് പരിഹരിക്കാൻ തുടങ്ങി.മനസ്സിനെ ഏകാഗ്രമാക്കാൻ ഇതിലും നല്ല വ്യായാമം ഇല്ല.
മനസ്സ് ഒരു വിജനമായ സ്റേറഷൻ പോലെ ശൂന്യമാകുന്നു. ഉള്ളിലെ പാളങ്ങളിൽ ആർക്കും ലക്ഷ്യമറിയില്ലാത്ത ഒരു ട്രെയിൻ പായുന്നു.
X-ദി ഫസ്റ്റ് അൺനോൺ വേരിയബിൾ.അതാണ് ആ ട്രെയിന്‍.
ആ ട്രെയിൻ പിടിക്കാൻ പായുകയാണ് ആർക്കും ഊരും പേരും അറിയാത്ത ഒരു യാത്രക്കാരൻ.
Y-ദി സെക്കൻഡ് അൺനോൺ വേരിയബിൾ.അതാണ് ആ യാത്രക്കാരൻ.
പൊടുന്നനെ ഒരു ചൂളം വിളി കേട്ടു. ദൂരെ നിന്നും ട്രെയിൻ വരികയാണ്.
ഞാൻ ഡയറി ബാഗിൽ വച്ച് കാത്തുനിന്നു. പിന്നെ ട്രെയിൻ അടുത്തു വന്ന് നിന്നപ്പോൾ മെല്ലെ ഏസി കോച്ചിലെ കമ്പാർട്ട്മെന്റിലേക്ക് നടന്നു. തിടുക്കം കൂട്ടുന്നത് എനിക്ക് ഇഷ്ടമല്ല.ചില ആളുകളുണ്ട്.ബസ്സും ട്രെയിനും വന്നു നിർത്തുന്നതിന് മുൻപ് കയറാൻ തിടുക്കം കൂട്ടും. ബസ് സ്റ്റോപ്പിൽ നിർത്തുന്നതിന് വളരെ മുൻപേ അവർ ഡോറിന് മുൻപിൽ കാത്തു നിൽക്കാൻ തുടങ്ങും. ലോകം ഉടൻ അവസാനിക്കും എന്ന ആകുലത അവരുടെ ചെയ്തികളിൽ നിഴലിക്കും.
നമ്മൾ ധൃതി വയ്ക്കണ്ട ഒരു കാര്യവുമില്ല. മെല്ലെ സമയമെടുത്ത് ചുറ്റും നടക്കുന്നത് ശ്രദ്ധിച്ച് മുന്നോട്ടു പോയാൽ മതി. നമ്മൾ കയറിയ ശേഷമേ വാഹനം പോവൂ.
ഞാൻ ഏറ്റവും മുകളിലെ ഒഴിഞ്ഞ ബർത്തിൽ എന്റെ ബാഗ് വച്ചു.പിന്നെ കണക്ക് ഡയറിയുമായി ലോവർ ബർത്തിൽ കയറി കിടന്നു.
" എക്ക്സ്ക്യൂസ് മീ, ഈ ബാഗ് നിങ്ങളുടെയാണോ..?"
ശബ്ദം കേട്ട് ഞാന്‍ തല ഉയർത്തി നോക്കി.മുന്പ് ഹോട്ടലില്‍ വച്ച് കണ്ട അതേ സ്ത്രീകള്‍.
കോയിന്സി്ഡന്സ്.
പക്ഷെ ഞാന്‍ കോയിന്സിഡന്സുകളില്‍ വിശ്വസിക്കുന്നില്ല.കാറ്റില്‍ പൊഴിഞ്ഞു വീഴുന്ന പഴുത്ത ഇലകള്ക്ക് കാവ്യഭംഗി ഉള്ളതിനോടൊപ്പം അതിന്റെ ഗതി നിയന്ത്രിക്കുന്നത് ഒരു മാത്തമാറ്റിക്കല്‍ ഫോർമുല ആണെന്ന് എനിക്കറിയാം.
"സോറി ,അത് എന്റെയാണ്.എടുത്ത് മാറ്റാം.നിങ്ങളുടെ ബർത്ത് ആണോ അത് ?" ഞാന്‍ ചോദിച്ചു.
"അതെ.സാരമില്ല.കിടക്കാന്‍ നേരം മാറ്റിയാല്‍ മതി."ചുവന്ന സാരിയുടുത്ത സ്ത്രീ പറഞ്ഞു.അവരുടെ മുക്കുത്തി മിന്നി.
ആ സ്ത്രീ തന്നെ അവരുടെ ബാഗുകള്‍ ഞാന്‍ വച്ച ബാഗിനോട് അടുത്ത് വച്ചു.ട്രെയിന്‍ പതിയെ നീങ്ങാന്‍ തുടങ്ങി.അവര്‍ ഹോട്ടലില്‍ വച്ച് പണം എടുത്തു കൊടുത്ത ബാഗ്,എന്റെ ബാഗിനോട് ഉരുമ്മിയിരുന്നു.ട്രെയിന്‍ മുന്നോട്ട് നീങ്ങി.
ഞാന്‍ വീണ്ടും ഡയറിയുമായി ഗണിതസാഗരത്തിലേക്ക് ഊളിയിട്ടു.എങ്കിലും എന്റെ അരികില്‍ ഇരുന്നു അവര്‍ സംസാരിക്കുന്നത് ഞാന്‍ ഇടയ്ക്കിടെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.
രണ്ടു പേരും ആഴത്തില്‍ ഉള്ള ചർച്ച നടത്തുകയാണ്.അവരുടെ കയ്യില്‍ ഒന്ന് രണ്ടു ജുവലറി ഡിസൈന്‍ ബ്രോഷറുകള്‍ ഉണ്ട്.അത് നോക്കിയാണ് ചർച്ച.
"എന്തൊക്കെ പറഞ്ഞാലും കമ്മല്‍ , അമ്രപാലി ഡിസൈനു തന്നെയാണ് മാർക്കറ്റ്.നോക്കിക്കേ എന്ത് ഭംഗിയാ..അല്ലെ..?"
"നല്ല ഭംഗിയാ..പക്ഷെ എണ്ണായിരം രൂപ കൊടുത്തു ആളുകള്‍ വാങ്ങുമോ...?"
"കഴിഞ്ഞ തവണ ചേച്ചി പറഞ്ഞില്ലേ..ഗരിമ ഡിസൈന്‍ ഐവറി ബീഡ് വിറ്റ് പോവില്ലയെന്ന്?" എന്നിട്ട് ഒറ്റ പീസ് പോലും മിച്ചം വന്നില്ലല്ലോ..ഇപ്പോഴും എന്ക്വയറി വരുന്നുണ്ട്..അത് കൊണ്ട് കാശിന്റെ കാര്യം അവിടെ നില്ക്കട്ടെ.നമ്മുക്ക് ഏറ്റവും പുതിയ ഡിസൈന്‍ തന്നെ കൊണ്ടുവരണം."
"ഇവരുടെ ഫെയ്സ്ബുക്ക് പേജില്‍ ചുവന്ന മുത്ത് പിടിപ്പിച്ച സിൽവർ ഇയർ റിങ്ങ്സ് കണ്ടായിരുന്നു.അത് പക്ഷെ ഈ ബ്രോഷറില്‍ കാണുന്നില്ല.ഇറ്റ് വാസ് സൊ ബ്യൂട്ടിഫുള്‍."
എക്സിനും വൈക്കും പുറകെ ഓടുന്നതിനിടയില്‍ തലച്ചോറിന്റെ ഒരു ഭാഗത്തിലേക്ക് ഞാന്‍ എതിർ സീറ്റില്‍ നിന്ന് കേൾക്കുന്ന സംഭാഷണങ്ങളെ കയറ്റി വിടുന്നുണ്ടായിരുന്നു.ഒരു ജ്യൂസ് മേക്കറിലേക്ക് പൈനാപ്പിള്‍ കഷണങ്ങള്‍ ഇടുന്നത് പോലെ ആ സ്ത്രീസ്വരങ്ങള്‍ തലച്ചോര്‍ കൈകാര്യം ചെയ്തു.അതില്‍ നിന്ന് ഞാന്‍ ആദ്യം ആലോചിച്ച മൾട്ടിപ്പിള്‍ ചോദ്യത്തിന്റെ പുതിയ ഉത്തരം ഒഴുകിവന്നു.
ആ സ്ത്രീകള്‍ ഒരേ സമയം സുഹൃത്തുക്കളും ബിസിനസ് പങ്കാളികളുമാണ്.നാട്ടില്‍ അവര്‍ രണ്ടു പേരും ഒരുമിച്ചു ഹാന്ഡ് മേഡ് ജ്യൂവലറി നടത്തുന്നു.കടയിലേക്ക് വേണ്ടുന്ന ജ്യൂവലറി വാങ്ങാനാണ് ഈ യാത്ര.
സോ ആൻസർ ഈസ് ഓപ്ഷന്‍ സി.
ഞാന്‍ ചെയ്തു കൊണ്ടിരുന്ന ഗണിത പ്രശ്നം രണ്ടു ചെറിയ സമവാക്ക്യങ്ങളിലേക്ക് ഞാന്‍ ചുരുക്കി.ഒന്നാമത്തെ സമവാക്ക്യം ഇതാണ്.
x^3-3x^2+4 =0.
ഈ സമവാക്ക്യം ശരിയാകുന്ന എക്സിന്റെ വിലകള്‍ കണ്ടുപിടിക്കണം.
ഞാന്‍ നിവർന്നിരുന്നു.പുറത്തു രാത്രി ഒരു കള്ളിയെ പോലെ കറുത്തമുടി കൊണ്ട് ഭൂമിയുടെ കണ്ണുകള്‍ പൊത്തുന്നു. നിലാവില്‍ മുങ്ങിക്കിടക്കുന്ന കമുകിന്‍ തോപ്പുകൾക്കി ടയിലൂടെ ട്രെയിന്‍ കുതിച്ചു പായുകയാണ്.
വർക്ക് തുടങ്ങാന്‍ സമയമായിരിക്കുന്നു.ഞാന്‍ വേഗം ഇയർഫോണ്‍ മൊബൈലില്‍ കുത്തി മൈക്കല്‍ ജാക്സന്റെ ഫോൾഡര്‍ സെലെക്റ്റ് ചെയ്തു.
"ഡേയ്ഞ്ചറസ്...ദി ഗേള്‍ ഈസ് സൊ ഡേയ്ഞ്ചറസ്" ആദ്യഗാനം ചെവിയില്‍ മുഴങ്ങി.രാശിയുള്ള ഗാനം.ഇത് കേട്ടിട്ടേ ഞാന്‍ വർക്ക് തുടങ്ങു.
അവര്‍ രണ്ടുപേരും ഇപ്പോഴും സംഭാഷണത്തില്‍ മുഴുകി ഇരിക്കുകയാണ്.
ഞാന്‍ എഴുന്നേറ്റ് എന്റെ ബാഗ് എടുക്കുന്ന മട്ടില്‍ അവരുടെ പ്യൂമയുടെ ബാഗ് എടുത്തു.അതുമായി വേഗം ബാത്ത്റൂമിലേക്ക് നടന്നു.ഞാന്‍ ബാഗ് എടുത്തതും പോയതും ഒന്നും ജയ്‌പ്പൂര്‍ സിൽവർ ജുവലറിയെ കുറിച്ചുള്ള ചർച്ചയിൽ അവര്‍ അറിയുന്നില്ല.
ഞാന്‍ വേഗം ടോയിലറ്റ് തുറന്നു അതില്‍ കയറി.പായുന്ന പുലിയുടെ ചിഹ്നമുള്ള ചെറിയ അറയില്‍ നിന്നാണ് അവര്‍ ഹോട്ടലില്‍ കൊടുക്കാന്‍ പഴ്സ് എടുത്തത്.ഞാന്‍ വേഗം അത് തുറന്നു.പഴ്സ് എടുത്തു തുറന്നു.നിരാശയായിരുന്നു ഫലം..അതില്‍ കാര്യമായി ഒന്നുമില്ല.കുറച്ചു നോട്ടുകള്‍.പിന്നെ ഒരു ലോക്കറ്റ് ഉള്ള ഒരു വലിയ ഡയമണ്ട് നെക്ലേസ്..ഞാന്‍ വെറുതെ ലോക്കറ്റ് തുറന്നു നോക്കി.സുമുഖനായ ഒരു പുരുഷന്റെ ഫോട്ടോ.ആ ചുവന്ന സാരിയുടുത്ത സ്ത്രീയുടെ ഭർത്താവ് ആയിരിക്കണം.ഞാന്‍ ആ മാല ഷൂസിനുള്ളിലെ ചെറിയ അറയിലേക്ക് തിരുകി.
ബാഗിനു നല്ല കനം.സമയം കളയാനില്ല.ഈ വർക്കിനു ഒരു യോഗിയുടെ സൂക്ഷ്മത വേണം.ശ്വസിക്കുന്ന ശ്വാസത്തിന് കണക്ക് വേണം.അതിനു സ്വന്തം പ്രാണനെ അറിയണം.കള്ളത്താക്കോല്‍ ഇട്ടു ഞാന്‍ സിബ്ബിന്റെ പൂട്ട് തുക്കാന്‍ തുടങ്ങി.
മൈക്കല്‍ ജാക്സന്‍ അപ്പോഴേക്കും രണ്ടാമത്തെ പാട്ടിലേക്ക് കടന്നു.അതും എനിക്ക് ഇഷ്ടമുള്ള പാട്ടാണ്...
ഞാന്‍ സിബ് വലിച്ചു തുറന്നു.ബാഗിനുള്ളില്‍ രക്തപങ്കിലമായ ഒരു പുരുഷന്റെ ശിരസ്സ് തുറിച്ച കണ്ണുകള്‍ കൊണ്ട് എന്നെ നോക്കി.അത് ലോക്കറ്റിലെ ആ സുമുഖനായ പുരുഷന്റെ മുഖം തന്നെയാണ്.
പെട്ടെന്ന് ഒരു വെളിപാട് പോലെ ഉള്ളില്‍ ആ സമവാക്യത്തിന്റെ പരിഹാരം തെളിഞ്ഞു.
എക്സിന്റെ വില രണ്ട്.
x=2. രണ്ട് എന്ന വിലയിൽ സമവാക്ക്യം ശൂന്യമാവുന്നു.
അയാളുടെ ചോര പുരണ്ട കണ്ണുകളിലെ നോട്ടം എന്റെ ആത്മാവിലേക്കാണ്.ചെവിയില്‍ മൈക്കല്‍ ജാക്സന്‍ പാടുന്നു.
"ബ്ലഡ് ഈസ് ഓണ്‍ ദ ഡാൻസ് ഫ്ലോര്‍..
ബ്ലഡ് ഈസ് ഓണ്‍ ദ നൈറ്റ്..."
ബ്ലഡ് ഈസ് ഓണ്‍ ദ നൈറ്റ്..."
ഞാന്‍ മൂന്നു പ്രാവശ്യം ആഴത്തില്‍ ശ്വാസം എടുത്തു.പിന്നെ ബാഗ് പഴയ സ്ഥിതിയിലാക്കി. ബാഗുമായി ടോയിലറ്റിൽ കയറിയതു മുതൽ ഇത്രയും ചെയ്യാന്‍ എനിക്ക് അഞ്ചു മിനിറ്റിലെ താഴെയേ സമയം വേണ്ടി വന്നുള്ളൂ.അതാണ് യോഗയുടെ ഗുണം.സ്ഥിരമായി നിങ്ങള്‍ യോഗ പരിശീലിച്ചാല്‍ മാറ്റം ബോധ്യമാകും.ബി.കെ.എസ് അയ്യങ്കാരുടെ "ലൈറ്റ് ഓണ്‍ യോഗ" എന്ന പുസ്തകം എനിക്ക് ബൈബിള്‍ പോലെയാണ്.തുടക്കക്കാർക്ക് യോഗ പരിശീലിക്കാന്‍ ഇത്ര നല്ല പുസ്തകമില്ല.
എസി കോച്ചിലെ ലൈറ്റുകള്‍ മിക്കതും അണഞ്ഞു.ഞാന്‍ ഇരുന്ന കമ്പാര്ട്ട്മെന്റില്‍ വെളിച്ചം ഉണ്ട്.രണ്ടാമത്തെ ബർത്തിൽ പ്രായം കുറഞ്ഞ സ്ത്രീ ഉറങ്ങാന്‍ കിടന്നു കഴിഞ്ഞു.പക്ഷെ എങ്കിലും അവര്‍ മൊബൈലില്‍ കുത്തിക്കൊണ്ടിരിക്കുകയാണ്. അവരുടെ മുഖത്ത് എന്തോ അക്ഷമ ഉളളതു പോലെ. അവരുടെ മെസേജുകൾക്ക് മറുപടി ലഭിക്കുന്നില്ലാത്തത് പോലെ.
ഞാന്‍ ബാഗ് വീണ്ടും പഴയ സ്ഥാനത്ത് വച്ചു.
ചുവന്ന സാരിയുടുത്ത മുക്കുത്തി അണിഞ്ഞ സ്ത്രീ എന്റെ കണക്ക് ഡയറി വായിച്ചു കൊണ്ടിരിക്കുകയാണ്.ഞാന്‍ അവരുടെ ബാഗ് എടുത്തു മുകളില്‍ വയ്ക്കുന്നത് അവര്‍ കണ്ടു.
"ഡ്രെസ് മാറാന്‍ പോയതാ.പക്ഷെ ബാഗ് മാറിപ്പോയി.സോറി." ഞാന്‍ അവരോടു ക്ഷമാപണം നടത്തി.
"അത് സാരമില്ല."മുഴക്കമുള്ള സ്വരത്തില്‍ പുഞ്ചിരിച്ചു കൊണ്ട് അവര്‍ പറഞ്ഞു.അപ്പോള്‍ അവരുടെ കണ്ണുകളും മുക്കുത്തിയും ഒരു പോലെ തിളങ്ങി.
ഞങ്ങള്‍ കുറെ നേരം മിണ്ടാതെ ഇരുന്നു.ഞാന്‍ എന്റെ ബാഗ് എടുത്തു കൊണ്ട് പോയി ഡ്രസ് മാറി .ഈ സമയം ഈ പ്രശ്നത്തിലെ ഉണ്ടാവാന്‍ സാധ്യതയുള്ള കാര്യങ്ങള്‍ അതിവേഗം ഞാന്‍ കണക്കു കൂട്ടി കൊണ്ടിരുന്നു.അത് ഒരു ചെസ് കളി പോലെ രസകരവും.
കോച്ചിലെ എല്ലാവരും ഇപ്പോള്‍ നല്ല ഉറക്കത്തിലാണ്.ഞാന്‍ തിരികെ വന്നപ്പോള്‍ ആ സ്ത്രീ ഞാന്‍ മുൻപ് എടുത്ത ബാഗ് മടിയില്‍ വച്ച് ചുരിദാരുകാരിയെ എഴുന്നേല്പ്പിച്ചു ചെറിയ സ്വരത്തില്‍ എന്തോ സംസാരിക്കുകയാണ്.എന്നെ കണ്ടതോടെ അവര്‍ സംസാരം നിർത്തി.
"എന്ത് പറ്റി..?" ഞാന്‍ ചോദിച്ചു.
"ഹേയ് ഒന്നുമില്ല,നത്തിംഗ് ടൂ വറി..എനിക്കും പോയി ഡ്രെസ് മാറണം.ഇത്രക്ക് ലേറ്റായത് കൊണ്ട് ഒറ്റക്ക് ബാത്ത്റൂമില്‍ പോകാന്‍ ഒരു പേടി.ഒരു കൂട്ടിനു ഇവളെയും വിളിച്ചതാ."
മുക്കുത്തിക്കാരി ചിരിച്ചു കൊണ്ട് പറഞ്ഞു.
അവര്‍ ഉറങ്ങാന്‍ കിടന്ന ചുരിദാറുകാരിയെയും കൂട്ടി ആ ബാഗും എടുത്തു ടോയിലറ്റിനു സമീപത്തേക്ക് പോവുകയാണ്.
കാതടപ്പിക്കുന്ന സ്വരത്തില്‍ തൊട്ടു അടുത്ത പാളത്തിലൂടെ മറ്റൊരു ട്രെയിന്‍ കടന്നു പോകുന്നത് കണ്ടു.അല്പം കഴിഞ്ഞു മുക്കുത്തിക്കാരി തിരികെ വന്നു.
അവരുടെ കയ്യില്‍ ആ ബാഗില്ലായിരുന്നു.ഒപ്പം മറ്റേ യുവതിയും.
അവര്‍ വന്നയുടനെ ബർത്തില്‍ ഇരുന്ന കണക്ക് ബുക്ക് വീണ്ടും നോക്കാന്‍ തുടങ്ങി.
"എവിടെ മറ്റയാള്‍ ?" ഞാന്‍ ചോദിച്ചു.
അവര്‍ അതിനു മറുപടി ഒന്നും പറഞ്ഞില്ല.പകരം മറ്റൊരു ചോദ്യം ഇങ്ങോട്ട് ചോദിച്ചു.
"ഈ കണക്കില്‍ എക്സിനു വില കിട്ടിയോ ?"
"ഉവ്വ്.രണ്ട്." ഞാന്‍ പറഞ്ഞു.
"അത് ശരിയാണ്.പക്ഷെ "മൈനസ് ഒന്ന് "എന്ന വിലയും ശരിയല്ലേ..?
ഞാന്‍ കണക്ക് കൂട്ടി.അവര്‍ പറഞ്ഞ ഉത്തരവും ശരിയാണ്.
"കണക്ക് ചിലപ്പോള്‍ വളരെ വിചിത്രമാണ്.ജീവിതം പോലെ.പ്രശ്നങ്ങള്ക്ക് ഉത്തരം ഇല്ലെന്നു നമ്മുക്ക് തോന്നും.പക്ഷെ ഒന്നില്‍ കൂടുതല്‍ ഉത്തരം ചിലപ്പോള്‍ അതിനു കാണും."
പിന്നെ ഒരു നിമിഷത്തെ നിശബ്ദതക്ക് ശേഷം അവര്‍ ശാന്തമായി പറഞ്ഞു.
"നിങ്ങള്‍ ബാഗില്‍ കണ്ട ശിരസ്സ് എന്റെ ഭര്ത്താ വിന്റെയാണ്..എന്റെ കൂടെ യാത്ര ചെയ്തിരുന്ന ബിസിനസ് പങ്കാളിയുമായി രഹസ്യമായി അയാള്‍ ജീവിതം പങ്കുവച്ചു.രണ്ടുപേരും ചേർന്ന് സ്വത്തുക്കള്‍ അടിച്ചു മാറ്റിയ ശേഷം എന്നെ കൊല്ലാന്‍ പ്ലാന്‍ ചെയ്തു.അത് കൊണ്ട് ഞാന്‍ അയാളെ ആദ്യം കൊന്നു കഷണങ്ങള്‍ ആക്കി.ശിരസ്സ് ഒഴിച്ചു ബാക്കി ഭാഗങ്ങള്‍ പല സ്ഥലങ്ങളില്‍ കളഞ്ഞു.ഇപ്പോള്‍ ആ ശിരസ്സും അയാളുടെ കാമുകിയുടെ ജഡവും ട്രാക്കിനരികില്‍ ചിതറി വീണു കിടക്കുകയാവും."
ഞാന്‍ ഷൂസില്‍ ഒളിപ്പിച്ച മാല അവർക്ക് തിരിച്ചു കൊടുത്തു.
"ഇനി നമ്മള്‍ തമ്മില്‍ ഉള്ള പ്രശ്നം പരിഹരിക്കണം.നിങ്ങളെ എനിക്ക് ഇഷ്ടമായി.നിങ്ങള്‍ ബുദ്ധിയുള്ള കള്ളനാണ് എന്ന് എനിക്കറിയാം..."
അവര്‍ അവരുടെ കയ്യിലെ ബാഗ് തുറന്നു അതില്‍ നിന്ന് രണ്ടായിരത്തിന്റെ കുറെ നോട്ടുകെട്ടുകള്‍ വേറെ ഒരു ചെറിയ ബാഗിലേക്ക് അടുക്കിവച്ചു.ലോക്കറ്റ് അഴിച്ചു മാറ്റിയതിനു ശേഷം ആ ഡയമണ്ട് നെക്ലേസും അവര്‍ ആ ബാഗില്‍ വച്ചു.പിന്നെ അത് എന്നെ ഏല്പിച്ചു.
"ഇനി നമ്മള്‍ പരസ്പരം അൺനോൺ വേരിയബിൾസാണ്.വീ ആര്‍ എക്സ് ആണ്ട് വൈ.ഡോണ്ട് കം ആഫ്ടര്‍ മീ."
അവര്‍ ഒരു ചിരിയോടെ പറഞ്ഞു.അത് പറയുമ്പോഴും ആ മുക്കുത്തി അവരുടെ ചിരിക്കൊപ്പം തിളങ്ങി.
ഞാൻ മറ്റൊരു സ്റേറഷനിൽ ഇറങ്ങുകയാണ്.
ആ സ്ത്രീയുമായി ട്രെയിൻ സ്റേറഷൻ വിടുകയാണ്.ഈ യാത്ര അവസാനിക്കുമ്പോൾ ഞങ്ങൾ വിപരീത ദിശകളിൽ വേർപിരിയുകയാണ്. അവരെ ഞാൻ ഇനി ഒരു പക്ഷേ ഒരിക്കലും കാണുകയില്ലായിരിക്കും.ചില കൂടിക്കാഴ്ചകൾ അങ്ങനെയാണ്. ഒക്കെ വർക്കിന്റെ ഭാഗമാണ്.
ആ സ്ത്രീയുമായി ട്രെയിൻ സ്റേറഷൻ വിടുകയാണ്.ഈ യാത്ര അവസാനിക്കുമ്പോൾ ഞങ്ങൾ വിപരീത ദിശകളിൽ വേർപിരിയുകയാണ്. അവരെ ഞാൻ ഇനി ഒരു പക്ഷേ ഒരിക്കലും കാണുകയില്ലായിരിക്കും.ചില കൂടിക്കാഴ്ചകൾ അങ്ങനെയാണ്. ഒക്കെ വർക്കിന്റെ ഭാഗമാണ്.
ഇപ്പോൾ ഞാൻ ആലോചിക്കുന്നത് ആ സ്ത്രീകളെ കണ്ടപ്പോൾ മനസ്സിൽ ഉയർന്ന മൾട്ടിപ്പിൾ ചോയിസ് ചോദ്യത്തിന്റെ ഉത്തരമായിരുന്നു.ഞാൻ ശരിയെന്നു കരുതിയ ഓപ്ഷൻ സി തെറ്റായിരുന്നു. ഒരിക്കലും പ്രതീക്ഷിക്കാത്ത ,അവസാനത്തെ ചോയിസ് "നൺ ഓഫ് ദി എബൗവ്"ആയിരുന്നു ശരി.
തിരക്കേറിയ റെയിൽവേ സ്റേറഷനുകളിൽ, മാളുകളിൽ, ഹോട്ടലുകളിൽ, എവിടെയെങ്കിലും വച്ച് തിളങ്ങുന്ന മുക്കുത്തിയണിഞ്ഞ അതിനേക്കാൾ നിഗൂഡതയുടെ തിളക്കമുള്ള കണ്ണുകൾ ഉളള ഒരു സ്ത്രീയെ നിങ്ങൾ കാണാനിടയായാൽ നിങ്ങൾ തിരഞ്ഞെടുക്കുന്ന ഉത്തരം ശരിയായിരിക്കട്ടെ.
(അവസാനിച്ചു)
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക