Slider

സ്നേഹിക്കപ്പെടേണ്ടവർ

0

"ടാ കള്ളാ നില്ലടാ അവിടെ"
റൂമിന് പുറത്ത് വർത്തമാനവും ചിരിയും ബഹളവും ഒക്കെ കേൾക്കുന്നു...ഒന്ന് മയങ്ങി വന്നപ്പോഴാ ഈ ബഹളം.സമയം നോക്കിയപ്പോ 11.30 ആയി..കതക് തുറന്ന് റൂമിൽ നിന്നും പുറത്തേക്കിറങ്ങിയപ്പോ കണ്ടു അടുക്കളയിൽ
നല്ല വെട്ടം .ചെന്ന് നോക്കിയപ്പോൾ അപ്പൂപ്പനും കൊച്ചുമോനും..അച്ഛൻ അവനെ എടുത്തോണ്ട് നിൽക്കുന്നു.
"അച്ഛനെന്തിനാ ഇവനെ എടുത്തോണ്ട് നിൽക്കണെ..ഏഴ് വയസ്സായില്ലേ ഇവന്.ഇവനെന്താ ഇപ്പഴും കൊച്ച് കുട്ടിയാണോ"
ഞാനത് ചോദിച്ചതൂംഅച്ഛനെന്നെ ഒന്ന് ദേഷ്യത്തിൽ നോക്കി...
"ആ എനിക്കിപ്പഴും എന്റെ മോൻ കൊച്ച് കുട്ടിയാ.
അവനിപ്പോ പാല് കുടിക്കാൻ വേണമെന്ന് പറഞ്ഞു .ഞാൻ പാല് തിളപ്പിച്ചു അവന് കുടിക്കാൻ കൊടുത്തേതു..അവനത് കുടിക്കാൻ മടി ആയത് കൊണ്ടാ ഞാൻ എടുത്തോണ്ട് നിർത്തി കുടിപ്പിക്കുന്നത് .നീ പോയി ഉറങ്ങാൻ നോക്ക്"..
അച്ഛനിതും പറഞ്ഞ് മോനെയും എടുത്തോണ്ട്
അച്ഛന്റെ മുറിയിലേക്ക് നടന്നു..അച്ഛന്റെ കഴുത്തിൽ കൈ രണ്ടും ചേർത്ത് കെട്ടിപ്പിടിച്ച്
കവിളിൽ ഒരുമ്മയും കൊടുത്തിട്ട് മോനെന്നെ
നോക്കി പറഞ്ഞു " പോടീ നീ പോയി കിടന്ന് ഉറങ്ങെടീ"
അവന്റെ ആ പറച്ചിലും പ്രവൃത്തിയും കണ്ടപ്പോൾ ചിരിച്ചെങ്കിലും ഞാനറിയാതെ എന്റെ മിഴികൾ സന്തോഷം കൊണ്ട് നിറഞ്ഞൊഴുകി.. ഈ രാത്രിയിൽ അവനെന്നോടാണ് പാല് കാച്ചി
തരാൻ പറഞ്ഞതെങ്കിൽ ഞാനവനോട് പറഞ്ഞേനെ തല്ക്കാലം നീ വെള്ളം കുടിക്ക്
പാല് ഞാൻ രാവിലെ കാച്ചി തരാമെന്ന്...
പക്ഷേ അവന് അവന്റെ അപ്പൂപ്പൻ ഒരു മടിയും കൂടാതെ അത് ചെയ്തു കൊടുത്തു..
അവനിന്നെല്ലാം അവന്റെ അപ്പൂപ്പനാണ്...
വൈകിട്ട് അച്ഛൻ ഡ്യൂട്ടി കഴിഞ്ഞ് വരുന്നത് വരെ
അവൻ കാത്തിരിക്കും...അപ്പൂപ്പൻ അവനെ കുളിപ്പിക്കണം ഡ്രസ്സ് ഇട്ട് കൊടുക്കണം..മുടി ചീകി കൊടുക്കണം. രാത്രിയിൽ ചോറ് വാരി കൊടുക്കണം..കൂടെ കിടത്തി അവൻ ചോദിക്കുന്നതിനൊക്കെ മറുപടി പറഞ്ഞ് കൊടുത്ത് അവനെ ഉറക്കണം..
ഒരു വിരൽ തുമ്പിൽ ഞങ്ങൾ മക്കളെ ശാസിച്ച് നിർത്തിയ അച്ഛനിന്ന് അവന്റെ ശാഠ്യങ്ങൾക്ക് മുന്നിൽ അനുസരണയോടെ നിൽക്കുന്നത് കാണുമ്പോൾ എനിക്ക് അത്ഭുതമാണ്...
അച്ഛൻ മാത്രമല്ല എന്റെ അമ്മയും അങ്ങനെ തന്നെ .അവന് മുന്നിൽ അവർ രണ്ടാളും അവനേക്കാൾ തീരെ ചെറിയ കുട്ടിയാകുന്നത് പോലെ തോന്നീട്ടുണ്ട് പലപ്പോഴും
ആനയായും ആമയായും പൂച്ചയായും പട്ടിയായുമൊക്കെ പല രൂപവും ഭാവവും കാട്ടി
അവർ രണ്ടാളും അവനെ കളിപ്പിക്കുമ്പോൾ
അവരറിയാതെ ഞാനത് നോക്കി നിന്ന് സന്തോഷിച്ചിട്ടുണ്ട്..അപ്പൂപ്പന്റെ സ്നേഹവും വാത്സല്യവും അനുഭവിക്കാൻ എനിക്കും അനിയത്തിക്കും ഭാഗ്യമുണ്ടായിരുന്നില്ല.
ഞാൻ ജനിക്കുന്നതിന് മുന്നേ അപ്പൂപ്പൻ മരിച്ചു പോയിരുന്നു..കിട്ടാത്ത സ്നേഹത്തിന് എന്നും
ഇരട്ടി മധുരമാണല്ലോ അതിനാലാവാം ഈ സ്നേഹം കാണുമ്പോൾ കണ്ണും മനസ്സും നിറയുന്നത്..
മോന് ചെറുതായൊന്ന് പനിച്ചപ്പോൾ ആ രാത്രി
ഉറങ്ങാതെ അവനേ നോക്കി കണ്ണ് നിറച്ച് അവന്റെ നെറ്റിയിൽ തലോടി ഇരിക്കുന്ന അച്ഛനെ
കണ്ടപ്പോൾ അറിയാതെ എന്റെ കണ്ണും നിറഞ്ഞു.
അച്ഛനമ്മമാരുടെ സ്നേഹത്തേക്കാൾ മക്കളുടെ
മനസ്സ് നിറയുന്നത് അപ്പൂപ്പന്റേയും അമ്മൂമ്മയുടേയും സ്നേഹ വാത്സല്യങ്ങൾ കാണുമ്പോൾ തന്നെയാണ്. മക്കളെ ഒരുപാട് സ്നേഹിക്കുന്ന അച്ഛനമ്മമാർ അവരുടെ കൊച്ചു മക്കളെ അതിലേറെ സ്നേഹിക്കും
അച്ഛനെപ്പോഴും പറയാറുണ്ട് എന്റെ രണ്ട് കണ്ണുകൾ പോലെയാണ് എനിക്കെന്റെ മക്കൾ രണ്ട് പേരുമെന്ന്. അത് പോലെയാണ് ഞങ്ങൾ മക്കൾക്കും .അവർ രണ്ടാളും ഞങ്ങടെ രണ്ട് കണ്ണുകൾ തന്നെയാണ്.സ്നേഹം മാത്രം പകർന്ന്
തന്ന അവരെ എങ്ങനെയാ അതിലേറെ സ്നേഹിക്കാതിരിക്കുക.
സ്കൂളിലെ വിശേഷങ്ങൾ ,അമ്മയായ എന്നോട് പറയുന്നതിൽ കൂടുതൽ മോൻ അവന്റെ അപ്പൂപ്പനോടാണ് പറയാറുള്ളത്.പുരാണ കഥകളും നാടൻ പാട്ടുകളുമൊക്കെയായി അവൻ
ഓരോ രാത്രിയും അപ്പൂപ്പനൊപ്പം ആസ്വദിച്ചാണ്
ഉറങ്ങാറുള്ളത്.. നന്മയുള്ള ഈ സ്നേഹ വാത്സല്യങ്ങൾ കിട്ടുന്ന എന്റെ മോൻ ഭാഗ്യവാനാണ്.അവന്റെ ജീവിതത്തിൽ എന്നെന്നും
ഓർത്ത് വെക്കാനുള്ള മധുരമായ ഓർമ്മകൾ തന്നെയാണിതൊക്കെയും .അപ്പൂപ്പന്റെയും അമ്മൂമ്മയുടേയും സ്നേഹ വാത്സല്യങ്ങൾ അറിഞ്ഞ് വേണം കുട്ടികൾ വളരാൻ.ഒരു സ്മാർട്ട് ഫോണോ വില കൂടിയ കളിപ്പാട്ടങ്ങളോ
ആ സ്നേഹത്തിന് പകരമാവില്ല ഒരിക്കലും..
ഓരോ വൃദ്ധ മനസ്സുകളുടെയും മക്കളോടുള്ള അതിലേറെ കൊച്ചു മക്കളോടുള്ള സ്നേഹത്തിന്റെ ആഴം അത് കണ്ടറിഞ്ഞാൽ അനുഭവിച്ചറിഞ്ഞാൽ അവരെ ഒരിക്കലും വൃദ്ധസദനങ്ങളിലേക്ക് തള്ളി വിടാൻ മനസ്സനുവദിക്കുമോ മക്കൾക്ക്. ആ സ്നേഹ വാത്സല്യങ്ങൾ നന്മയുടെ , നല്ല മനസ്സിന്റെ
ഉറവിടങ്ങളായി മാറും കുഞ്ഞുങ്ങളുടെയുള്ളിൽ.
നമ്മൾ നമ്മുടെ മക്കൾക്ക് നൽകാൻ കഴിയുന്ന
ഏറ്റവും വിലപിടിച്ച സമ്മാനം അപ്പൂപ്പന്റേയും അമ്മൂമ്മയുടേയും സ്നേഹം തന്നെയാണ്..
(ഈ ഒരു തിരിച്ചറിവുണ്ടായാൽ പൂട്ടിക്കെട്ടാവുന്നതേയുള്ളൂ ഓരോ വൃദ്ധ സദനങ്ങളും.)
By..RemyaRajesh..
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo