ദൈവമേ, എനിക്ക് കളിക്കാൻ കൂട്ടിനായി അപ്പൂസിനെ എത്രയും പെട്ടെന്ന് അമ്മയുടെ വയറ്റിൽ നിന്നും പുറത്തു കൊണ്ട് വരണേ...
കിടക്കുന്നതിന് മുൻപ് അപ്പുവിന്റെ പ്രാർത്ഥന ഇങ്ങനെ ആയിരുന്നു.
അപ്പു നാലാം ക്ലാസ്സിൽ പഠിക്കുകയാണ്. സ്കൂളിലേക്ക് പോകുന്നത് അച്ഛന്റെ സൈക്കിളിൽ ആണെങ്കിലും തിരിച്ചു വരുന്നത് സ്വന്തം വണ്ടിയിലാണ്. വണ്ടിയുടെ വളയങ്ങൾ അപ്പുവിന്റെ കൈകളും ചക്രങ്ങൾ അവന്റെ തന്നെ കാലുകളും ആണ്. വയൽ വരമ്പിലൂടെയുള്ള യാത്രയിൽ ഒരിക്കൽ പോലും വണ്ടി ചെളിയിൽ പുതഞ്ഞിരുന്നില്ല. തോടിനു മുന്നിൽ എത്തിയാൽ വണ്ടി വെള്ളത്തിലേക്ക് ഒരു ചാട്ടമാണ് അടുത്ത ചാട്ടത്തിനു മറുകരയിലും എത്തും. എന്നാൽ അപ്പുവിന്റെ വണ്ടിയെ വെറുക്കുന്നവരും അവിടെയുണ്ട്. തോട്ടിലെ മീനുകളും വഴിയരികിലെ തെറ്റിയും ചെമ്പരത്തിയും ഒക്കെ ആയിരുന്നു അവർ. അതിനു കാരണവും ഉണ്ട്, അവരൊക്കെ അപ്പുവിന്റെ കാലിൽ ഒന്ന് ചുംബിക്കാനും ശരീരത്തിൽ ഒന്ന് തലോടാനും കാത്തിരിക്കുന്നവരാണ്. പക്ഷെ അപ്പുവിന്റെ വണ്ടി അവരെയൊക്കെ നിരാശരാക്കി കടന്നുപോകും.
ദിനങ്ങൾ കടന്നുപോയി, അപ്പുവിന്റെ പ്രാർഥന ദൈവം കേട്ടു. അപ്പൂസ് വന്നിരിക്കുന്നു. ഇന്ന് അപ്പൂസിനെയും കൊണ്ട് അമ്മ ആസ്പത്രിയിൽ നിന്ന് വീട്ടിലെത്തും. ആദ്യമായി അപ്പു അവന്റെ സ്വപ്നങ്ങളിലെ അപ്പൂസിനെ കാണാൻ പോകുന്നു അതിനാൽ അപ്പുവിന്റെ വണ്ടിക്കിന്നു വേഗത കൂടുതലായിരുന്നു. എല്ലാരേയും നിരാശരാക്കി അപ്പുവിന്റെ വണ്ടി മുറ്റവും കടന്നു മുറിക്കു മുന്നിലെത്തി. അവിടെ അതാ തൊട്ടിലിൽ അപ്പൂസ് കിടക്കുന്നു. അപ്പു മുന്നോട്ട് നീങ്ങി അപ്പൂസേ എന്ന് വിളിച്ചു. എന്നാൽ അപ്പുവിനെ സ്തബ്ധനാക്കി അമ്മൂമ്മയുടെ ചുണ്ടിൽ നിന്നും മറുപടി വന്നു അത് അപ്പൂസ് അല്ല അമ്മു ആണെന്ന്. അപ്പുവിന്റെ എല്ലാ സ്വപ്നങ്ങളും തകർന്ന നിമിഷം. അവൻ ആരോടും ഒന്നും പറയാതെ തൊട്ടിലിൽ നിന്നും കണ്ണുകൾ വലിച്ചെടുത്തു മുറിയിൽ നിന്ന് പുറത്തേക്കു പോയി. അന്നത്തെ ദിവസം അപ്പു ദൈവത്തോട് ഒന്നും പ്രാർത്ഥിക്കാതെ കണ്ണുകളടച്ചു.
സ്കൂൾ വിട്ടു നിരാശയോടാണെങ്കിലും അപ്പു വണ്ടിയിൽ വീട്ടിലേക്കു യാത്രയായി. വയൽ കടന്നു തോടിനു മുൻ വശത്തെത്തിയതും അപ്പുവിന്റെ വണ്ടി ആദ്യമായി അവിടെ നിന്നു. വീടിനു മുൻവശത്തും വഴിയിലും ആയി നിറയെ ആളുകൾ. ചെറിയൊരു കരച്ചിലും അപ്പുവിന്റെ ചെവിയിൽ എത്തി. ഒന്ന് ശ്രദ്ധിച്ചപ്പോൾ അത് അമ്മയുടെ കരച്ചിലാണെന്നു മനസിലായി. അപ്പു തോട്ടിലേക്ക് ഇറങ്ങി. കണ്ണീർ തോട്ടിലേക്ക് ഇറ്റിറ്റു വീണു അതേസമയം മീനുകൾ മതിയാവോളം അപ്പുവിന്റെ കാലുകളിൽ ഉമ്മവെയ്ക്കുകയായിരുന്നു. അപ്പു മുന്നോട്ടു നീങ്ങി. അവന്റെ ദേഹത്തിൽ തലോടാൻ തെറ്റിക്കും ചെമ്പരത്തിക്കും ഒക്കെ അവസരം കിട്ടി. മുറ്റത്തേക്ക് പ്രവേശിച്ചതും അപ്പു ഞെട്ടി അവിടെ അമ്മുവിനെ വെള്ളത്തുണിയിൽ പുതച്ചു കിടത്തിയിരിക്കുന്നു. അമ്മയും അമ്മൂമ്മയും ഒക്കെ ചുറ്റുമിരുന്നു കരയുന്നു. അപ്പു തന്റെ കണ്ണുകൾ ഇറുക്കെ അടച്ചു. കരച്ചിലിന്റെ ശബ്ദം കുറഞ്ഞുവരുന്നു. അവൻ അമ്മൂ എന്ന് ഉറക്കെ വിളിച്ചു കണ്ണുകൾ തുറന്നു. ചുറ്റും ഇരുട്ടായിരുന്നു. പെട്ടെന്ന് പ്രകാശം വന്നു.
കട്ടിലിനു ചുറ്റുമായി അമ്മയും അച്ഛനും നിൽക്കുന്നു. അമ്മു എവിടെ എന്ന് അവൻ അച്ഛനോട് ചോദിച്ചു. അമ്മുവൊക്കെ ഇവിടെയുണ്ട് പ്രാർത്ഥിച്ചിട്ടു കിടന്നുറങ്ങടാ എന്ന് പറഞ്ഞു അച്ഛൻ വിളക്കണച്ചു.
കൈകൾ മുകളിലോട്ടു കൂപ്പി എത്രയും പെട്ടെന്ന് നേരം വെളുക്കണേ എന്ന് പ്രാർത്ഥിച്ചിട്ടു അവൻ കണ്ണുകളടച്ചു. പക്ഷെ അവൻ ഉറങ്ങാൻ തയ്യാറായിരുന്നില്ല. കാരണം നാളെ അമ്മുവിനോടൊപ്പം കളിക്കാനുള്ള കളികളെ കുറിച്ച് ആലോചിക്കണമായിയുന്നു അവന്.
By: sreejith chandran

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക