Slider

സൂര്യന്റെ ദുഃഖം വാങ്കുവിന്റെയും

0

പുലരിയിൽ പല്ലക്കിലേറി ഗുൽമോഹറിൻ വർണ്ണങ്ങൾ വിതറി
വാനിലുയർന്നു കതിരവൻ പ്രിയ പത്നിയെ പുണരുവാൻ
കാണുന്ന നേരം തൻ മനസ്സിന്റെ സന്തോഷം
കുളിരായ്നിറച്ചു കൊണ്ടെത്തുന്നുവല്ലോ മാരുതനും
ഖിന്നയായ് കാണുന്ന അവനി തൻ വദനത്തിൻ
ഹേതുവറിഞ്ഞപ്പോൾ കോപത്താൽ ജ്വലിച്ചു നീ
ഉയർന്നുവല്ലോ വാനിൽ നടുവിലേയ്ക്ക് താഴേയ്ക്ക് നോക്കുവാൻ
കാണുന്നു മക്കൾ തൻ ക്രൂരമാം അട്ടഹാസങ്ങൾ
തൻ പ്രേമ സമ്മാനമാം ഹരിത വസ്ത്രത്തിനെ വെട്ടിമുറിവേൽപ്പിക്കുന്നതും
താൻ നൽകിയ മരതക പുടവയിൽ ചിതലരിപ്പിക്കുന്നതും
മനുഷ്യ രക്തത്തിലത് ചിലർ മുക്കി പിഴിയുന്നതും
ചിലമക്കളോ ചിരിച്ചുകൊണ്ടന്യോന്യം കഴുത്തറക്കുന്നതും
വേറൊരിടത്തൊ അഹിംസ തൻ കാവലാളായവർ
ഹിംസയാൽ മതത്തിനു കളങ്കം വരുത്തുന്നതും
അവിടെയൊഴുകുന്ന വാങ്കുവിൽ പോലും
ചുടുനിണം ചുഴികുത്തിയൊഴുക്കുന്നതും
ഖണ്ഡ വനം ദഹിപ്പിച്ച അഗ്നിദേവൻ പോലും
ജരുതയ്ക്കും മക്കൾക്കും പ്രാണനേകീലോ
ഗദ്ഗദ മൊതുക്കി നീ ഉരുകുമ്പോൾ കാണുന്നു
ഗൗതമ ബുദ്ധന്റെ പൊട്ടിക്കരച്ചിൽ
ഹീനയാനൻമാരും മഹായാനൻമാരും കാട്ടുന്ന ക്രൂരതയിൽ
വാങ്കുവിൻ തിരകൾ പോലെ പെരുകുന്നു മൃത്യുവിന്നട്ടഹാസം
സ്ഫടിക പാത്രങ്ങൾ പോലെ ചിതറി തെറിക്കുന്നു
മനുഷ്യശിരസ്സുകൾക്കൊപ്പം ദേഹങ്ങളും
പീതവർണ്ണത്തിൻ മേലങ്കികൾക്കുള്ളിൽ
അജവേഷം ധരിക്കുന്ന ചെന്നായ്ക്കളോ
മൃതദേഹങ്ങൾ തൻ മുകളിൽ ധ്യാനത്തിലമർന്നു
കൊണ്ടമ്പെയ്യുന്നുവല്ലോ ഗൗതമ ശിഷ്യർ
വീഴുന്ന ദേഹങ്ങളെ വെട്ടിയരിഞ്ഞു മത്സ്യത്തിനന്നം കൊടുക്കുന്നു
മുലകുടി മാറാത്ത പിഞ്ചു പൈതങ്ങളെ ചുട്ടു കൊല്ലുന്നു
പാൽ ചുരത്തുന്ന മാറിടങ്ങൾ വാളിനാലരിഞ്ഞെടുക്കുന്നു
മക്കളെ ജനിപ്പിച്ച കാരണത്താൽ പിതാക്കൻമാരുടെ വരിയുടയ്ക്കുന്നു
കൈയ് കാലുകൾ മൃഗങ്ങളെ പോലെ ബന്ധിച്ച്
ജലസമാധി നടപ്പിലാക്കുന്നു
ഹോ..... എത്ര ഭയങ്കരമീകാഴ്ച ഹാ.. കഷ്ടം
നാലാം വേദത്തെ പഴിപറയുന്നവർ
നാലാം വേദത്തിൻ ദുഃഖങ്ങൾ കാണുമാേ
എങ്ങുപോയ് എങ്ങു പോയി ലോക മനസാക്ഷി .....
എങ്ങുപോയി ശാന്തി തൻ വെള്ളരിപ്രാവുകൾ
എങ്ങനെ ചിരിയ്ക്കുമെൻ പത്നിയിത് കണ്ട്
എങ്ങനെ പുണരുമെൻ പ്രിയ പത്നിയ ഞാൻ
ദു:ഖങ്ങൾ സഹിയ്ക്കുവാനാവാതെ ദിനകരൻ
വരുണന്റെ മടിയിൽ തളർന്നുവീണു
വീണ്ടും പുലരിയിൽ ഗുൽമോഹറിൻ വർണ്ണങ്ങൾ വിതറി
തൻ പ്രാണപ്രിയയുടെ പുഞ്ചിരി കണ്ടു പുണരുവാൻ
എത്തും കതിരവൻ എന്നും
എന്നു കാണും എന്നു കാണും
കാത്തിരിക്കുന്നു ഈ ഞാനും
ബെന്നി ടി ജെ
18/12/2016
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo