വാർത്തിങ്കൾ വാനിലുദിച്ചത് നിൻ തിരുനെറ്റിയ്ക്കഴകായോ
വീശിയെത്തും തെക്കൻകാറ്റും നിൻ കൂന്തൽ തഴുകാനോ
മൂവന്തിയിലരുണിമവന്നത് നിൻ കവിളിണകൾ കണ്ടിട്ടോ
ആമ്പൽപൂ വിരിഞ്ഞു വന്നത് നിൻ മിഴികൾക്കിണയായി
മുല്ലമൊട്ടു വിരിഞ്ഞു ചിരിച്ചത് നിൻ പുഞ്ചിരി തൻ ഭംഗിയിലോ

പൂങ്കുയിലിൻ മണി നാദം നിൻ മൊഴിയായ് മാറിയോ
മന്ദം മന്ദം നീ വരുമ്പോൾ അരമണികൾ നാണിയ്ക്കും
നിൻ മേനിഗന്ധമറിഞ്ഞാൽ പാരിജാതം മിഴിപൂട്ടും
എന്റെ മോഹ സ്വപ്നങ്ങളിൽ നീയെന്നുമപ്സരസ്സ്
മോഹിനി നീയെൻ ജീവരാഗമായ് പ്രണയഗീതമായ്

പ്രാണസഖി നിന്നെയന്ന് ഒരുനോക്കു കാണുവാനായ്
കളിയോടം തുഴഞ്ഞു വന്നു നിലാവുള്ള രാത്രിയിൽ
ഞാൻ പാടിയ രാഗത്തിൻ അനുപല്ലവി നീയും പാടി
വാനവും ഭൂമിയും ഏറ്റു പാടി രാഗം ചേർന്നു പാടി
സപ്തസ്വരങ്ങൾ തൻ കല്യാണിയായ്

വിടപറയും നേരത്തെങ്ങോ നീ നല്കിയ ചുംബനത്തിൽ
പ്രണയ രാഗ സാഫല്യത്തിൻ കണ്ണുനീരും പുഞ്ചിരിയും
മേലേ വാനിൽ പൂത്തുവിടർന്ന തുമ്പപ്പൂമൊട്ടുകളും
നീയും ചേർന്നെന്നേ യാത്രയാക്കി എന്നേ യാത്രയാക്കി

ബെന്നി ടി ജെ
10/12/2016
10/12/2016
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക