Slider

എന്റെ പത്തു വർഷക്കാലം.ഫസീലയുടെയും.( ഭാഗം മൂന്ന്)

0

വീട്ടിൽ നിന്നും പുറത്തിറങ്ങിയ എന്നെ വീട്ടു കാർ ശ്രദ്ധിച്ചിരുന്നു. അടുക്കളയിൽ സംസാരിച്ചുകൊണ്ടിരുന്ന അവരാരോ "പുതിയാപ്പിള" പുറത്തിറങ്ങി എന്നൊരു പരിഹാസവും നടത്തിയിരുന്നു. ഇത് പ്രകോപത്തിന് കൂടുതൽ കാരണമായി.
മടലുമായി ഫസീലയുടെ അടുത്തേക്ക് നീങ്ങിയ എന്നെ ജ്യേഷ്ഠൻ പിറകിലൂടെ വന്ന് പിടിച്ചു.ഓലമെടൽ വാങ്ങാനുള്ള ശ്രമത്തിൽ ഞങ്ങൾ തമ്മിൽ പിടിവലിയായി. അപ്പോഴേക്കും അവളെ അവിടെ കാണാതായിരുന്നു - ദേഷ്യം മുഴുവൻ ഞാൻ ജ്യേഷ്ഠന്റെ നേരെ തീർത്തു - മറ്റൊരു ഓലമടലെടുത്ത് ജ്യേഷ്ഠനെ പൊതിരെ തല്ലി.. തല്ല് കൊണ്ട അവൻ കാൽ തെറ്റി താഴെ വീണിരുന്നു.ബാപ്പയും ഉമ്മയും ആ സമയത്താണ് അവിടെ എത്തിയത്. ഓലമടലുമായി ജ്യേഷ്ഠനെ തല്ലുന്ന എന്നെ തടയുവാനാവണം ബാപ്പ അടുത്തേക്ക് വന്നു. എന്നാൽ ഓലമടൽ ഞാൻ ബാപ്പാന്റെ നേർക്ക് എറിയുകയാണ് ചെയ്തത്. ഓലമടൽ ചീന്താൻ ഉപയോഗിച്ചിരുന്ന അരിവാ കത്തി കൈയ്യിലെടുത്ത് ഞാൻ വീശി. ആരും അടുത്ത് പോകരുതെന്നും അടുത്താൽ അരിയുമെന്നും ഞാനാക്രോഷിച്ചു.അതിൽ എല്ലാവരും ഒന്ന് പതറി.
അരി വാ കത്തിയുമായി വിറച്ചു നിൽക്കുന്ന എന്റെ അടുത്തേക്ക് ധൈര്യസമേതം ഒരാൾ കടന്ന് വന്നു - റഷീദായിരുന്നു അത് -പിന്നാലെ അവന്റെ ഉമ്മയും. എന്റെ കൈയിലെ അരിവാകത്തി വാങ്ങി അവർ എന്റെ തലയിൽ തലോടി.. പിന്നെ ബാപ്പാ നോടായി പറഞ്ഞു -
° കുട്ടികളെ ഉണ്ടാക്കാൻ പഠിച്ചാ പോര.. വളർത്താനും പഠിക്കണം" അത് മതിയായിരുന്നു എനിക്ക്. എന്റെ കൈ അടിച്ചു മുറിച്ച ബാപ്പാനോടുള്ള പ്രതികാരം ആ വാക്കുകളിൽ തന്നെ ധാരാളമാണെന്ന് ഞാൻ മനസ്സിലാക്കി.ഒരു ഉമ്മാന്റെ സ്നേഹവും ആ തലോടലിൽ ഉണ്ടായിരുന്നു.
വീട്ടിൽ പിന്നെ കുറച്ച് ദിവസത്തേക്ക് വലിയ മൂകതയായിരുന്നു. എന്റെ കാര്യത്തിൽ എന്ത് ചെയ്യണമെന്ന് അവർക്ക് ഒരെത്തും പിടിയും ഇല്ല. എന്നെ എങ്ങനെ ആശ്വസിപ്പിക്കണം എന്നും അവർക്കറിയില്ലായിരുന്നു.ഉമ്മയുടെ സാധാരണ സംസാരങ്ങൾ കൊണ്ടൊന്നും എന്റെ മനസിന്റെ മുറിവ് ഉണക്കാൻ കഴിയുമായിരുന്നില്ല. അബദ്ധം സംഭവിച്ചത് തിരുത്താൻ ബാപ്പാന്റെ സ്നേഹം പ്രകടിപ്പിക്കാൻ ഒരു ജോഡി ഡ്രസ് കൊണ്ട് വന്നു തന്നു. പിന്നെ പിന്നെ സാവധാനം സാധാരണ ജീവിതത്തിലേക്ക് കടന്ന് വരുമ്പോഴാണ് അവളുടെ നിഴലാട്ടം അടുക്കളയിൽ കണ്ടത്. ഞാൻ അടുക്കളയിൽ എത്തിയപ്പോഴേക്കും അവൾ അവിടം വിട്ടിരുന്നു.
ഒരു മാസം കഴിഞ്ഞതിന് ശേഷം കയ്യിലെ പ്ളാസ്റ്റർ വെട്ടി. കൈ സാധാരണ പോലെയായി. ഒരു ദിവസം ഉമ്മ ഒരു പാത്രം നിറയെ ഭക്ഷണ സാധനങ്ങളുമായി എന്നെ വിളിച്ചു.ഇത് ഫസിയുടെ വീട്ടിൽ കൊണ്ടുപോയി കൊടുക്കണം എന്ന് പറഞ്ഞു. ഫസി എന്ന് കേട്ടപ്പോഴെഎനിക്കെന്തൊ ഒരു മാതിരിയായിരുന്നു. കലികയറിയ ഞാൻ നിറയെ ഭക്ഷണമുള്ള പാത്രം തെങ്ങിൻ കഴിയിലേക്ക് വലിച്ചെറിഞ്ഞു. അത് കണ്ട ഉമ്മാക്കും കലികയറി. എന്നെ അടിക്കാൻ വന്നില്ലെങ്കിലും വായിൽ വന്നതൊക്കെ വിളിച്ചു പറഞ്ഞു കൊണ്ടിരുന്നു.
ഫസീലയുടെ കുടുംബത്തിൽ പട്ടിണി തുടങ്ങിക്കഴിഞ്ഞിരുന്നു .അവളുടെ ബാപ്പ ഒരു ഹാർട്ട് രോഗിയായിരുന്നു.അത് കൊണ്ട് തന്നെ കാര്യമായ ജോലിയൊന്നും ചെയ്യാൻ കഴിയാറില്ല. ഗൾഫിലുള്ള രണ്ട് എളാപ്പമാരായിരുന്നു അവളുടെ കുടുംബത്തെ സമ്പന്നമാക്കിയിരുന്നത്. അവർ ജോലി ചെയ്ത സ്ഥാപനത്തിലെ ചില സാമ്പത്തിക തിരിമറിയുമായി ബന്ധപ്പെട്ട് ജയിലിലായതോടെയാണ് ഇവർക്കിവിടെ ദാരിദ്ര്യം തുടങ്ങിയത്.
എന്റെ വീട്ടുകാരും അവളുടെ വീട്ടുകാരും തമ്മിലുള്ള അടുത്ത ബന്ധം എന്റെ ഒരു വിഷയം കാരണം മുറിഞ്ഞുപോവാതിരിക്കാൻ വീട്ടുകാർ ശ്രദ്ധിച്ചിരുന്നു.
ഗൾഫ് വരുമാനം നിലച്ചതോടെ പട്ടിണിയിലായ ഫസീലയുടെ കുടുംബത്തിൽ നിന്ന് എളീമമാർ അവരുടെ വീടുകളിലേക്ക് താമസം മാറ്റി. പല ദിവസങ്ങളും ഫസീലയുടെ വീട്ടുകാർ പട്ടിണിയിലായി. ഇവിടെ നിന്നും കൊണ്ടുപോയിരുന്ന ഭക്ഷണമായിരുന്നു പല ദിവസങ്ങളിലും അവർക്ക് ആശ്വാസമായത്.
അവർക്ക് സംഭവിച്ച പരാജയം എനിക്ക് വളരെയധികം സന്തോഷമാണ് നൽകിയത്‌.എന്റെ വീട്ടുകാർക്ക് അവരോടുള്ള അനുകമ്പയിൽ നീരസമുണ്ടായിരുന്നത് കൊണ്ട് തന്നെ പല സന്ദർഭങ്ങളിലും ഞാൻ പ്രതിഷേധ മറിയിച്ചിരുന്നു.അങ്ങനെ അടുക്കളയിലെ പൊട്ടുന്ന പാത്രങ്ങളെല്ലാം ഇടക്കിടക്ക് പൊട്ടിച്ചിതറി. നല്ല വിലക്ക് വാങ്ങിയ അലൂമിനിയം പാത്രങ്ങൾ കിട്ടിയ വിലക്ക് തൂക്കി വിൽക്കേണ്ടിന്നു - ഓടിട്ട വീടിന്റെ മൂലോട് വരെ ഇടക്കിടക്ക് മാറ്റേണ്ടി വന്നിരുന്നു.
അങ്ങിനെയാണ് ഒരു ദിവസം ഫസീലാന്റെ വീട്ടുകാർ ഇവിടെ നിന്ന് താമസം മാറ്റുന്ന വിവരം അറിഞ്ഞത്. എനിക്ക് സന്തോഷം തോന്നിയെങ്കിലും അവളോട് പ്രതികാരം ചെയ്യാൻ പറ്റാത്തതിലെ നിരാശഎന്നെ കൂടുതൽ വൈരാഗിയാക്കി.
അവർ ഫസീലയുടെ ഉമ്മാന്റെ വീട്ടിലേക്കാണ് പോകാൻ തീരുമാനിച്ചത്.സ്കൂൾ പൂട്ടാൻ വേണ്ടി കാത്തിരുന്നതായിരുന്നു ഇത്രയും ദിവസം. അവൾ പോകുന്ന സമയത്ത് അഭിമാനത്തോട് കൂടി അവളുടെ മുന്നിലൂടെ നടക്കണമെന്ന് ഞാൻ ആഗ്രഹിച്ചു. എന്നാൽ ജീപ്പിലിരുന്നു കരയുന്ന അവളുടെ ഉമ്മയാണ് എന്റെ ശ്രദ്ധയിൽ പെട്ടത്. അതോടെ എന്റെ സകല മൂഡും പോയി. നെഞ്ചു വിരിച്ചു നടക്കാൻ തീരുമാനിച്ച എന്റെ ആവേശം ആ കണ്ണീരിനു മുന്നിൽ തണുത്തു പോയി.
അങ്ങിനെ ആറ് വർഷങ്ങൾ കഴിഞ്ഞതിന് ശേഷമായിരുന്നു അവരുടെ തിരിച്ചുവരവ്. അതിനിടയിൽ കല്യാണം പോലുള്ള പല പല ചടങ്ങുകൾക്കും സഹോദരിയുടെ കൂടെ അവളെ കാണാറുണ്ട്.ഒരു നിഴലാട്ടം മാത്രം കാണുമായിരുന്ന അവളിൽ നിന്ന് ഞാൻ ഒഴിഞ്ഞ് മാറി നടന്നു.
വീട്ടുകാരുമായി ശീതസമരത്തിലായിരുന്ന ഞാൻ സ്വന്തം ആവശ്യങ്ങൾക്ക് വേണ്ടി പഠനത്തോടൊപ്പം സ്വയം തൊഴിൽ കണ്ടെത്തി .ഒ ഴിവു സമയങ്ങളിൽ കടകളിലെ സെയിൽസ് മാനായി ജോലി ചെയ്തു. അങ്ങിനെയിരിക്കെയാണ് കടയുടെ മുതലാളി കട എന്നെ ഏൽപിച്ച് ഗൾഫിലേക്ക് പോയത്. അതോടുകൂടി പഠനവും മുടങ്ങി.
അവളുടെ ഉപ്പാക്ക് ഓഹരിയായി കിട്ടിയ ആറ് സെന്റ് ഭൂമിയിൽ അവർ ഒരു വീടുണ്ടാക്കിയിരുന്നു. അതിൽ അവർ താമസം തുടങ്ങിയതോട് കൂടിയാണ് വീണ്ടും എന്റെ വൈരാഗ്യചിന്ത ഉണർന്ന് തുടങ്ങിയത്. വളർന്ന് വലുതായിരുന്ന അവളിൽ യൗവ്വനത്തിന്റെ തീക്ഷ്ണഭാവങ്ങളൊന്നും തന്നെ കാണാൻ കഴിഞ്ഞില്ല. ഒരു കോലം മാത്രം. കരഞ്ഞു കരഞ്ഞു കണ്ണുനീർ വറ്റിയ കൺതടങ്ങൾ. മെലിഞ്ഞൊട്ടി നടുവൊടിഞ്ഞ ശരീരം. മ്ളാനത നിറഞ്ഞ മുഖത്തെ പ്രതീക്ഷ വറ്റിയ കണ്ണുകൾ എന്റെ പൗരുഷത്തിലെ വൈരാഗ്യത്തെ പതിയിരിക്കുന്നതിൽ നിന്ന് തടയുകയായിരുന്നു.
തന്റെ വീട്ടുകാരുടെ അവഗണനയും അവളോടുള്ള വൈരാഗ്യവും തന്നെ ജീവിതം പഠിപ്പിക്കുകയായിരുന്നു. ദൈവം തനിക്ക് നല്ലൊരു വരുമാനമാർഗവും നൽകി. ഇനിയെന്തിന് ഞാൻ പ്രതികാരം ചെയ്യണം.
അങ്ങിനെയിരിക്കെയാണ് ഒരു ദിവസം വീട്ടിൽ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോൾ മൂത്തച്ചി വന്ന് ഒരാവശ്യം ഉന്നയിച്ചത്." ഒരു വരുമാനമൊക്കെ ആയീലെ ഒരു കല്യാണമൊക്കെ കഴിച്ചൂടെ " എന്ന്. മൂത്തച്ചിയുടെ ആ ചോദ്യത്തിന് എനിക്ക് മറുപടി ഒന്നും കൊടുക്കാൻ കഴിഞ്ഞില്ല. ഇരുപത്തിരണ്ട് വയസ്സേ എനിക്കായിട്ടുള്ളു - അപ്പോേഴേക്കും കല്യാണം കഴിക്കുകയോ .തന്റെ മുത്തവനായ റഷീദ് പോലും കല്യാണം കഴിച്ചിട്ടില്ല - പിന്നല്ലെ ഞാൻ .
മൂത്തച്ചിയുടെ ചോദ്യത്തിന് മറുപടിയൊന്നും കൊടുത്തില്ല. കടയിൽ നിന്ന് വരുമാനമൊക്കെയുണ്ടെങ്കിലും അതിന്റെ ഉടമസ്ഥൻ ഗൾഫിൽ നിന്ന് വരുമ്പോൾ തിരിച്ചേൽപിക്കണം.
അങ്ങിനെ കല്യാണക്കാര്യം റഷീദുമായി പങ്കുവച്ചു.കല്യാണം ശരിയാവുകയും കട കൈമാറേണ്ടി വരികയും ചെയ്താൽ ഒരു പിൻബലത്തിന് വേണ്ടിയാണ് റഷീദിന്റ സഹായം തേടിയത്. അവൻ അടുത്തയാഴ്ച വരുന്നുണ്ടെന്നും അതിനു ശേഷം മൂത്തച്ചിക്ക് മറുപടി കൊടുത്താൽ മതിയെന്നും അവൻ പറഞ്ഞപ്പോൾ മാനസികമായി ഞാനും തയ്യാറെടുപ്പുകൾ തുടങ്ങിയിരുന്നു. തനിക്ക് കിട്ടാതെ പോയ സ്നേഹം ഒരു ഭാര്യയിൽ നിന്ന് കിട്ടുമെന്ന് ഞാൻ പ്രതീക്ഷിച്ചു. തന്റെ വിഷമങ്ങളും ഭാരങ്ങളുമെല്ലാം ഇറക്കി വെക്കാൻ ഒരു അത്താണി. അങ്ങനെ വിവാഹത്തിന്റെ സങ്കൽപ ലോകത്തെ മനോഹര കാഴ്ചകളിലായിരുന്നു ഞാൻ.
ഒരാഴ്ച കഴിഞ്ഞതിന് ശേഷം റഷീദ് വന്നു. വീട്ടുകാരുമായി സംസാരിച്ച റഷീദ് ആദ്യം എന്നോട് സംസാരിച്ചത് വിസയെ കുറിച്ചായിരുന്നു - കല്യാണം ഒന്ന് പോയി വന്നിട്ടാകാം എന്നാണ് അവൻ പറഞ്ഞത്.വീണ്ടും വീണ്ടും കുത്തികുത്തി ചോദിച്ചപ്പോഴാണ് ഫസീലയെയാണ് അവർ എനിക്ക് കണ്ട് വച്ചിരിക്കുന്നത് എന്ന്. അതോട് കൂടി എന്റെ സ്വപ്നങ്ങളെല്ലാം തകർന്ന് തരിപ്പണമായി.മനസിൽ വീണ്ടും വൈരാഗ്യം മുളപൊട്ടി. പകയുടെ തീക്കനൽ പുകയുകയാണ്.
"നിനക്ക് അവളോട് താൽപര്യമില്ലെങ്കിൽ, വെറുപ്പാണെങ്കിൽ നീ അവളെ കല്യാണം കഴിക്കണ്ട. പക്ഷെ നിന്നെ കല്യാണം കഴിക്കണമെന്ന താൽപര്യത്തിലാണ് അവൾ. നിന്റെ ജ്യേഷ്ഠനുമായി അവളെ കല്യാണം ആലോചിച്ചപ്പോൾ അവൾ ശക്തമായി എതിർത്തു. അവൾക്ക് നിന്നെ മാത്രമെ പറ്റുകയുള്ളുവത്രെ".
അതു കൊണ്ട് നിന്റെ കട നീ തിരിച്ചേൽ പിച്ചേക്ക്.കടയിൽ നിന്ന് കിട്ടുന്നതിനേക്കാൾ മെച്ചമുള്ള ജോലിയാണ് ഞാൻ നിനക്കായ് ശരിയാക്കിയിട്ടുള്ളത്. ഒരു മൂന്ന് വർഷം അവിടെ നിൽക്കുക. അപ്പോഴേക്കും അവൾ നിന്നെ മറന്നുകൊള്ളും. അവളുടെ കല്യാണവും നടന്നുകൊള്ളും.''
റഷീദിന്റെ ആ അഭിപ്രായത്തോട് എനിക്ക് പൂർണമായും യോജിപ്പായിരുന്നു.പിന്നെയധികം താമസിച്ചില്ല. കട തിരിച്ചേൽപിച്ച് ഞാൻ പോകുവാനുള്ള ഒരുക്കങ്ങളൊക്കെ പൂർത്തിയാക്കി.
അങ്ങനെ മൂന്ന് വർഷങ്ങൾക്ക് മുമ്പ് താൻ വീട്ടിൽ നിന്ന് പുറപ്പെടുമ്പോൾ കരഞ്ഞ് കലങ്ങിയ കണ്ണുകളുമായി അവൾ അവിടെ എവിടെയോ തന്നെത്തന്നെ നോക്കി നിന്നിരുന്നുവത്രെ.
..........................................................................
ആരവമൊഴിഞ്ഞകല്യാണ വീട്ടിൽ എന്നെയും കാത്തിരിക്കുകയായിരുന്നു റഷീദ്. ഓരോന്നാലോചിച്ച് കിടന്നപ്പോ എപ്പഴാ ഉറങ്ങിയതെന്നറിഞ്ഞില്ല. ഇനി ഉറക്കം തന്നെ കേവലം ശരീരത്തിന്റെ ക്ഷീണ പ്രകടനം മാത്രം. ആസ്വാദനം എന്നും ഒരു മരീചികയാണല്ലൊ.
"വാ മോനെ.. റഷീദിന്റെ ഉമ്മാന്റെ വിളിയാണ്. പാവത്തിന് വയസ്സായിരിക്കുന്നു. തറവാട്ടിൽ തന്റെ കൂടെ നിൽക്കേണ്ട തന്നെ നോക്കേണ്ട മരുമകൾ വന്ന സന്തോഷത്തിലാണ്.
അകത്തേക്ക് കയറിയപ്പോഴാണ് തീൻമേശക്ക് മുന്നിൽ ആളുകൾ തന്നെ കാത്തിരിക്കുന്നത് കാണുന്നത് - റഷീദിന്റെ മാനേജറെ എയർപോർട്ടിൽ കൊണ്ടുപോയി വിടണം. മാനേജർ ഒരു അച്ചായനാണ്. ഡൽഹിയിൽ സ്ഥിരതാമസം.. ഇപ്പോൾ കുടുംബ സമേതം ഗൾഫിൽ. ലീവെടുത്ത് വന്നിരിക്കുകയാണ്. തിരിച്ച് ഡൽഹിയിലേക്ക് തന്നെയാണ് പോവുന്നത്.
ഭക്ഷണം കഴിച്ചതിന് ശേഷം റഷീദ് അവന്റെ അടുത്തേക്ക് വിളിച്ചു. 'എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ?.. ഡ്രൈവിങ്ങിന്റെ കാര്യമാണ് അവൻ ചോദിക്കുന്നത്. ഞാൻ ഇന്നലെ ഉറങ്ങിയിട്ടുണ്ടാവില്ല എന്നവനറിയാമായിരുന്നു അത്കൊണ്ട് തന്നെയാണ് അവന് ഭയവുമുണ്ടായിരുന്നത്.
റഷീദ് ആലോചിക്കുകയായിരുന്നു: എത്ര എത്ര പ്രതീക്ഷകളോടെയാണ് ആദ്യ രാത്രിയെ അഭിമുഖീകരിക്കാൻ ആഗ്രഹിച്ചിരുന്നത്. മനസിൽ നിറയെ സ്വപ്നങ്ങൾ, ആസ്വപ്നങ്ങളുടെ സാക്ഷാത്കാരത്തിനു അൽപം മുമ്പെയാണ് എല്ലാം തച്ചുതകർക്കുമായിരുന്ന ഒരു അവിവേകം തന്റെ ആത്മസുഹൃത്തിൽ നിന്നുണ്ടാകുമായിരുന്നത്. പരമകാരുണികനായ ദൈവം തന്നെ അപ്പോഴവിടെ എത്തിച്ചില്ലായിരുന്നെങ്കിൽ അവൻ അവിവേകം പ്രവർത്തിക്കുമായിരുന്നു. നിസഹായയായി പൊട്ടിക്കരയുന്ന ഒരു പാവം പെൺകുട്ടി.കോപാകുലനായി നിൽക്കുന്ന തന്റെ ആത്മസുഹൃത്ത് - ആളുകൾ കൂടുമായിരുന്നു.ഇരു ചേരിയാകുമായിരുന്നു പിന്നെ കല്യാണമൊക്കെ ആകെ കൊളമാകുമായിരുന്നു .ഒരു പക്ഷെ ഇതങ്ങനെ വിട്ടാൽ ഒരു കൊലപാതകം വരെ നടന്നേക്കും.ഇതിന് ഒരു പരിഹാരം കാണണം.അതിന് താൻ തന്നെ മുൻകൈ എടുക്കണം.മണിയറയിലെ ആദ്യരാത്രിയിലെ തന്റെ മൂഡില്ലായ്മക്ക് പരിഹാരം കാണാൻ ഭാര്യ തയ്യാറാണെന്ന് പറഞ്ഞ് തന്നെ ആശ്വസിപ്പിച്ചതിന് ശേഷമാണ് ആദ്യരാത്രിയിലെ മധുരം തനിക്ക് തിരിച്ചുകിട്ടിയത്.
.......................................................
മാനേജരെയും കുടുംബത്തെയും വിട്ട് തിരിച്ചു വീട്ടിലെത്തിയപ്പോഴേക്കും വൈകുന്നേരം അഞ്ച് മണി കഴിഞ്ഞിരുന്നു. ഇടക്കിടക്ക് റഷീദ് ഫോൺ വിളിച്ച് അന്വോ ഷിച്ചിരുന്നു. ഒറ്റക്കുള്ള യാത്രയും ഉറക്കക്ഷീണവും വല്ല അപകടവും വരുത്തുമോ എന്നായിരുന്നു അവന്റെ പേടി.
അവന്റെ വീട്ടിൽ നല്ല വിഭവങ്ങളുണ്ടാക്കിയിട്ടുണ്ട്. ഭക്ഷണം കഴിച്ച് കഴിഞ്ഞ തിന് ശേഷം അവൻ എന്നോട് വണ്ടിയുടെ ചാവി ആവശ്യപ്പെട്ടു.എന്നിട്ട് എന്നോട് വണ്ടിയിൽ കയറാനും. ഒന്നുറങ്ങണം എന്ന താൽപര്യത്തിൽ നിൽക്കുകയായിരുന്ന എന്നെ കാത്തു നിൽക്കാതെ അവൻ ഡ്രൈവിങ്ങ് സീറ്റിൽ ഇരിപ്പുറപ്പിച്ചു. വണ്ടിയിൽ ഇരുന്നെങ്കിലും ഉറങ്ങാ മല്ലൊ എന്ന ആശ്വാസത്തിൽ ഞാനും വണ്ടിയിൽ കയറി.
തലേക്ക് ഉച്ചക്ക് കണ്ട സ്വപ്നം മനസിൽ തെളിഞ്ഞ് വരാൻ തുടങ്ങിയപ്പോഴാണ് റഷീദ് വണ്ടി ഒരു കടയുടെ മുന്നിൽ നിർത്തിയത്.രണ്ട് പെട്ടി ഐസ് ക്രിം തന്നെ അവൻ വാങ്ങിയിരിക്കുന്നു. ആരുടെ വീട്ടിലേക്കാണ് ഇവൻ ഈ ഐസ് ക്രീമുമായി പോകുന്നത്.?
വീണ്ടും മയക്കത്തിന്റെ മാസ്മരികതയിലേക്ക് കണ്ണുകൾ ആണ്ട് പോയപ്പോഴാണ് അവൻ വണ്ടി ഒരു അരുകിലേക്ക് മാറ്റിനിർത്തിയത്. നോക്കുമ്പോൾ പുഴവക്കത്താണ് വണ്ടി നിർത്തിയിരിക്കുന്നത്- ഗൾഫിലെ പൊള്ളുന്ന മണലിൽ വിയർക്കുന്ന നേരത്ത് ഒരു പാട് ആഗ്രഹിച്ചതാണ് നാട്ടിൽ വന്നാൽ പുഴയിൽ ഒരു പാട് മുങ്ങിക്കുളിക്കണമെന്ന് .
പുഴവക്കിലെ മണൽ പരപ്പിൽ ഞങ്ങൾ രണ്ട് പേരും കൂടി ഇരുന്നു. ഐസ് ക്രീമിന്റെ രണ്ട് പെട്ടികളിൽ ഒന്ന് എനിക്ക് നീട്ടി.
" ഇത് മുഴുവൻ എനിക്കെന്തിനാ" ഞാൻ... ചോദിച്ചു -
"ഇത് കഴിക്ക്.... നിന്നോട് ചില കാര്യങ്ങൾ സംസാരിക്കാനുണ്ട്.
ഞാൻ ആശ്ചര്യത്തോടെ അവനെ നോക്കി.
അവൻ പറഞ്ഞു തുടങ്ങി..
''നീ കല്യാണം കഴിക്കണം.. എന്റെ ഒരാഗ്രഹമാണ്‌.. എന്റെ ഉമ്മാന്റെയും.
നിന്റെ വീട്ടുകാരെ കാത്തിരുന്നിട്ടു കാര്യമില്ല. അവരൊക്കെ അന്തം കമ്മി ക ളാ .
എന്റെ നോട്ടത്തിൽ നിന്ന് തന്നെ എന്റെ ഭാവങ്ങൾ അവൻ മനസിലാക്കിയിരുന്നു.
"ഫസീലയാണ് നിന്റെ കല്യാണത്തിനുള്ള പ്രധാന തടസ്സം.... അവളെ കണ്ട് ഞാൻ സംസാരിച്ചിരുന്നു. അവൾ നിന്നെ ഒരു പാട് സ്നേഹിക്കുന്നുണ്ടെന്നും...
അവൻ പറഞ്ഞ് തീർന്നില്ല അതിനു മുമ്പേ എന്റെ ശബ്ദം ഉയർന്നു കഴിഞ്ഞിരുന്നു.
"എനിക്ക് കേൾക്കണ്ട അവളുടെ സ്നേഹം "
" നീ വയലന്റാവാതെ.... ഞാൻ പറയുന്നത് മുഴുവൻ കേൾക്ക് 'നിനക്കും വേണ്ടിയാണ് ഞാനിതൊക്കെ പറയുന്നത്." റഷീദും അൽപം സൗമ്യത വിട്ട് തന്നെയാണ് സംസാരിക്കുന്നത്.
"നിന്നെ ബുദ്ധിമുട്ടിക്കാൻ അവൾ ആഗ്രഹിക്കുന്നില്ല - സ്നേഹം എന്നത് പിടിച്ചു വാങ്ങാൻ കഴിയില്ലാ എന്ന് അവൾക്കറിയാം. നിന്റെ സന്തോഷത്തിന് വേണ്ടി അവൾ വഴി മാറിത്തരാൻ തയ്യാറാണ്. അവൾ കാരണം നിന്റെ കൈ മുറിഞ്ഞ സങ്കടമാണ് അവൾക്ക്. കുറ്റബോധം കൊണ്ട് നീറി നീറിക്കഴിയുകയാണ് അവൾ. അവളുടെ ബാപ്പ മരിക്കുന്നതിന് മുമ്പ് നിന്റെ വീട്ടുകാർ ഒരു വാക്ക് കൊടുത്തിരുന്നു.ഫസീലയെ നിന്നെ കൊണ്ട് കെട്ടിക്കാൻ. ആ വാക്ക് പാലിക്കാൻ നടക്കുകയാണ് അവർ.. അവളെ മറ്റൊരു കല്യാണത്തിന് അനുവദിക്കാതെ മോഹിപ്പിച്ചു നിർത്തുകയാണ് നിന്റെ വീട്ടുകാർ ചെയ്യുന്നത്."
റഷീദ് പറഞ്ഞു നിർത്തി.
"ഞാനിനി എന്തു ചെയ്യണം...? എന്റെ ചോദ്യം.
"നീ അവൾക്ക് മാപ്പ് കൊടുക്കണം.. നിന്നെ വേദനിപ്പിച്ചതിനുള്ള ശിക്ഷ അവൾ അനുഭവിച്ചു കഴിഞ്ഞു. അവളെ കാണുമ്പോൾ ഇനി നീ ചൂടാകരുത്. അവളുടെ കല്യാണം കഴിഞ്ഞ് അവൾ എവിടെയെങ്കിലും പോയി ജീവിച്ചോട്ടെ. എന്താ തയ്യാറാണോ?
"തയ്യാറാണ്" ....:ഞാൻ പറഞ്ഞു.
"എന്നാൽ അവൾ തന്നെ നിന്റെ വീട്ടുകാരെ സമ്മതിപ്പിച്ചു കൊള്ളും. അവൾ പിന്നെ നിന്റെ ജീവിതത്തിലേക്ക് കടന്നു വരികയേയില്ല.
" പക്ഷെ.. ഒരു കാര്യമുണ്ട്"
"എന്ത് കാര്യം"...... ഞാൻ ചോദിച്ചു.
അവൾക്ക് നിന്നോട് നേരിട്ട് ഒന്ന് സംസാരിക്കണമെന്ന്.. നിന്നോട് മാപ്പു പറയണമെന്ന്... എന്നാലെ അവളുടെ കുറ്റബോധം പോവുകയുള്ളു എന്ന്...
"എന്താ സമ്മതമാണോ...?
അതും ചോദിച്ച് അവൻ എഴുന്നേറ്റു കഴിഞ്ഞിരുന്നു.
"വാ പോകാം: "
അവൻ എന്നെ വിളിച്ചു.
കാറിൽ കയറുന്നതിന് മുമ്പേ അവൻ പറഞ്ഞു.
"വീട്ടിലെത്തുന്നത് വരെ ആലോചിച്ചോ.. അപ്പോഴേക്കും മറുപടി തന്നാൽ മതി" '
വീട്ടിലെത്തുന്നത് വരെ ആലോചിക്കുകയായിരുന്നു.എന്ത് ചെയ്യണം എന്ന്. അവളെ അഭിമുഖീകരിക്കുന്നത് ഒരു പരാജയമാകുമോ..? അവന്റെ വാക്കിന് വില കൽപ്പിച്ചില്ലെങ്കിൽ പിന്നെ വിവാഹവുമായി ബന്ധപ്പെട്ട വിഷയത്തിൽ അവൻ ഇടപെടാൻ സാദ്ധ്യതയില്ല. ഏതായാലും ഒരു കൂടിക്കാഴ്ച... അതോടെ ശല്യം ഒഴിഞ്ഞ് പോവുമല്ലൊ"
ഞാൻ അവന്റെ വാക്കുകൾ വളരെ ശ്രദ്ധിച്ചിരുന്നു. എന്റെ വീട്ടുകാർ അവളുടെ ഉപ്പാക്ക് വാക്ക് കൊടുത്ത ത്രെ... അവളെ മോഹിപ്പിച്ചു നിർത്തുകയാണത്രെ.. അപ്പോൾ അവൾക്ക് പറയാനുള്ളത് കേട്ടാൽ അവൾ പിൻമാറിക്കൊള്ളും. വീട്ടിലെത്തുന്നതിന് മുമ്പെ ഞാൻ അവന് സമ്മതം കൊടുത്തു.
ഇതിനിടയിൽ മഗ് രിബ് നമസ്കാരത്തിനായി ഒരു പള്ളിക്കരികിൽ വണ്ടി നിർത്തി.നമസ്കാരം കഴിഞ്ഞ് ഞാൻ വണ്ടിയിൽ കയറിയപ്പോഴും അവൻ അവന്റെ പുതുമണവാട്ടിയുമായി ഫോണിൽ സംസാരിച്ചു നിൽക്കുകയാണ്. ഫോൺ വിളി നിർത്തി വണ്ടി സ്റ്റാർട്ട് ചെയ്തു അവൻ പറഞ്ഞു.
" അവൾ ഇപ്പോൾ അവിടെയുണ്ട്."
"ആര്" ..... ഞാൻ ചോദിച്ചു.
"ഫസീല "...
" ഇന്ന് തന്നെ വേണോ"
"വേണം, ഇനിയും നീണ്ടാൽ പിന്നെ കഴിഞ്ഞെന്നു വരില്ല."
ഞാനൊന്നു ദീർഘമായി നിശ്വസിച്ചു - അവളെ കാണുമ്പോൾ പഴയ കാര്യങ്ങളൊക്കെ ഓർമ്മ വരുമൊ.? മിനിഞ്ഞാന്ന് രാത്രിയിലേതുപോലെ പ്രകോപിതനാവുമോ.?
"ഇറങ്ങ് "
റഷീദിന്റെ വീടെത്തിയിരിക്കുന്നു.
വണ്ടിയുടെ ശബ്ദം കേട്ടിട്ടാവണം അവന്റെ ഉമ്മയും ഭാര്യയും ഒരേ സമയം വാതിൽക്കലെത്തി.
പൂമുഖത്തെ സോഫയിൽ ഞാൻ ചാരിയിരിക്കുകയാണ്. റഷീദ് അകത്തേക്ക് കയറിപ്പോയിരിക്കുന്നു. അവന്റെ ഉമ്മ എന്നെ അകത്തേക്ക് ക്ഷണിച്ചെങ്കിലും ഞാൻ അവിടെത്തന്നെ ഇരുന്നു.
"വാ".......... റഷീദ് എന്നെ അകത്തേക്ക് ക്ഷണിച്ചു.
മനസില്ലാ മനസോടെ ഞാൻ അകത്തേക്ക് കയറി. അവന്റെ റൂമിന്റെ വാതിലിനടുത്ത് എന്നെ നിർത്തി വാതിൽ തുറന്നു. ആ സമയം റഷീദിന്റെ ഭാര്യ ഒരു അർത്ഥം വച്ചുള്ള ചിരി ചിരിച്ച് റൂമിൽ നിന്ന് പുറത്തിറങ്ങി.
പുഷ്പങ്ങളാൽ അലങ്കരിച്ചിരിക്കുകയാണ് റൂമും മണിയറക്കട്ടിലും.മുറിയിലെ വെളിച്ചം മുഴുവൻ പ്രകാശിപ്പിച്ചിരിക്കുന്നു.
"കടക്ക് ".... റൂമിലേക്ക് കടക്കാൻ റഷീദിന്റെ നിർദ്ദേശം.
"നീ പോവല്ലെ "...... ഞാൻ റഷീദിനോട് പറഞ്ഞു - എനിക്ക് ഒരു അങ്കലാപ്പ് ബാധിച്ചിരിക്കുന്നു. പെട്ടെന്ന് റഷീദ് വന്ന് മുറിയുടെ വാതിൽ തുറന്നു. അവനെന്നെ അകത്തേക്ക് തള്ളി.
അകത്തേക്ക് കയറിയ ഞാൻ അവളുടെ നേരെ മുന്നിൽ തന്നെയാണ് വന്നു നിന്നത്. തന്റെ മുന്നിൽ നിൽക്കുന്നത് കരിനീല മിഴിയുള്ള കടക്കണ്ണെറിയുന്ന കാമിനിയായിരുന്നില്ല. പതിനാലാം രാവിലെ പൂർണ നിലാവിലുദിച്ച മനോഹരാംഗിയായിരുന്നില്ല. നക്ഷത്രങ്ങളെ നോക്കിസുമധുര ഗീതം പാടുന്ന പ്രണയിനിയായിരുന്നില്ല. കേവലം ഒരു കോലം.... അല്ല പേക്കോലം...
ഇത്രയും കാലം ,പത്ത് വർഷക്കാലം താൻ തേടി നടന്ന തന്റെ ശത്രു ഇതാ നിരായുധയായി നിസഹായയായി തന്റെ മുന്നിൽ നിൽക്കുന്നു. ഈ ഒരു സന്ദർഭത്തിന് വേണ്ടിയായിരുന്നു തന്റെ മനസ് വേപഥു പൂണ്ടു നടന്നിരുന്നത്. ഞാൻ അവളെ വീക്ഷിക്കുകയായിരുന്നു..... അവജ്ഞയോടെയുള്ള വീക്ഷണം -
അവളുടെ തലയിലിട്ട തട്ടം വിറകൊള്ളുന്നുണ്ടോ.... അതോ ഫാനിന്റെ കാറ്റിൽ ഇളകുകയാണോ? അവളുടെ കൈ ഒന്നാകെ വിറക്കുന്നുണ്ട്. കൈ മാത്രമല്ല കാൽമുട്ടുകളും.. ഞാൻ അവളുടെ മുഖത്തേക്ക് നോക്കി. അവളെന്നെ ദയനീയമായി നോക്കുകയാണ്.
" എനിക്ക്..... എനിക്ക്" അവളെന്തോ പറയാൻ തുടങ്ങുകയാണ്.
പെട്ടെന്ന് അവൾ നിന്നിടത്ത് നിന്ന് കുഴഞ്ഞ് പോകുന്നത് പോലെ തോന്നി.
"റഷീദെ.... റഷീ ദെ... പിന്തിരിഞ്ഞ് നിന്ന് ഞാൻ റഷീദിനെ വിളിച്ചപ്പോഴേക്കും അവൾ അലങ്കരിച്ച മണിയറക്കട്ടിലിലേക്ക് വീണു കഴിഞ്ഞിരുന്നു.
............................തുടരും
ഹുസൈൻ എം കെ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo