" എന്ത് രസമാണല്ലേ ആകാശം കാണാൻ.... ഈ ചുവന്ന ആകാശം... അന്തരീക്ഷത്തിലൂടെ കൂടണയാൻ വേണ്ടി ധൃതി പിടിച്ചു പറന്നു പോകുന്ന പക്ഷികൾ.... രാത്രിക്ക് വഴിയൊരുക്കുവാൻ വേണ്ടി ഈ പകലിനെ ഊതി പറത്തി വിടുന്ന കാറ്റ്..."
അശ്വതി ആദ്യമായി കാണുന്ന കുട്ടിയെ പോലെ ആകാശത്തേക്ക് നോക്കി പറഞ്ഞു നിറുത്തി.
എന്നിട്ട് തല തിരിച്ചു നോക്കി. ഭർത്താവ് റാം ദൂരേക്ക് നോക്കി ഇരിക്കുന്നു.
"രാമേട്ടാ...." അശ്വതി വിളിച്ചു... " ഞാൻ പറഞ്ഞത് വല്ലതും കേട്ടോ "
" ഉം " റാം ഒന്ന് മൂളി....
അപ്പോഴും ലക്ഷ്യമില്ലാതെ യാത്ര പൊയ്കൊണ്ടിരുന്ന തന്റെ മിഴികൾ അയാൾ പിൻ വലിച്ചില്ല.
" ഈ രാമേട്ടൻ ഇതെന്താ ഈ
ആലോചിക്കുന്നെ "
ആലോചിക്കുന്നെ "
" അച്ചു പ്ലീസ്.... " അത് പറഞ്ഞപ്പോളേക്കും റാമിന്റെ കണ്ണ് നിറഞ്ഞു....
" അയ്യേ കരയേ... എന്താ ഇത് കൊച്ചു കുട്ടികളെ പോലെ .... രാമേട്ടൻ കരഞ്ഞാ പിന്നെ അച്ചുവിനും കരച്ചിൽ വരില്ലേ ..... കരയരുതെന്ന് രാമേട്ടൻ തന്നെയല്ലേ പറഞ്ഞത്..."
റാം മറുപടി ഒന്നും പറഞ്ഞില്ല. പകരം അശ്വതിയുടെ തോളിലൂടെ കയ്യിട്ട് തന്റെ തോളിലേക്ക് ചായ്ച്ചു.
അശ്വതിയും പിന്നെ ഒന്നും മിണ്ടിയില്ല.... രണ്ടാളും ഏതോ ചിന്തകളിൽ മുഴുകി....
കുറച്ചു നേരത്തെ നിശ്ശബ്ദതക്കു ശേഷം അശ്വതി തന്നെ വീണ്ടും ചോദിച്ചു
" ഇനിയെന്നാ രാമേട്ടാ ഇതുപോലെ ഒന്നിരിക്കാൻ പറ്റുക "
റാം മറുപടി ഒന്നും പറഞ്ഞില്ല പകരം അശ്വതിയെ ചേർത്ത് പിടിച്ചിരുന്ന കൈ ഒന്ന് കൂടി മുറുക്കി ...
അല്ലെങ്കിൽ തന്നെ ഒന്നും പറയാൻ പറ്റിയ മാനസികാവസ്ഥയിൽ ആയിരുന്നില്ല റാം...
മനസ്സിൽ ചിന്തകൾ തന്നെയായിരുന്നല്ലോ
നാളെയാണ് ഫ്ലൈറ്റ്...
നാട്ടിലെ പ്രാരാബ്ദങ്ങൾക്ക് മുകളിൽ പണം കൊണ്ട് വല വിരിക്കുവാൻ വേണ്ടി മറുനാട്ടിലേക്ക് പോകാനുള്ള ഫ്ലൈറ്റ്....
ഒരു മാസം മുമ്പ് സമയവും തീയതിയും കുറിച്ചിട്ടുള്ള അറിയിപ്പ് കിട്ടിയതാണ്....
അതാദ്യം അറിഞ്ഞപ്പോൾ ആശ്വാസമാണ് തോന്നിയത്......
എല്ലാവർക്കും അങ്ങിനെ തന്നെ ആയിരുന്നു....
പക്ഷേ ദിവസങ്ങൾ അടുത്ത് വന്നതോട് കൂടിയാണ് ചങ്കിടിപ്പ് കൂടി വന്നത്...
അച്ചുവിനും അങ്ങിനെ തന്നെ ആയിരുന്നു എന്ന് മനസ്സിലായി .....
ചിരിയും കളിയുമായിരുന്നവൾ ഇടയ്ക്കിടക്ക് മൗനിയാകുന്നത് അറിയാഞ്ഞിട്ടല്ല പക്ഷേ അറിയാത്തത് പോലെ നടിച്ചു.......
പാവം....
എന്റെ എല്ലാ ഇല്ലായ്മകളിലും തോളോട് തോൾ ചേർന്ന് നിന്നവൾ .......
രാമേട്ടാ എന്നൊരു വിളി മതി എല്ലാ വിഷമവും മറക്കാൻ....
അവളുടെ മുഖം ഒന്ന് വാടിയാൽ അത് മറ്റാരേക്കാളും മുമ്പ് തനിക്ക് മനസ്സിലാകുമായിരുന്നു .......
അത് അവൾക്കും അറിയാം അതാണ് ആ പാവം പലപ്പോഴും പാളി പോയിട്ടും ഒന്നുമില്ലാത്തത് പോലെ അഭിനയിച്ചു കൊണ്ടിരുന്നത് ....
ഒടുവിൽ ഇന്നാണ് അവൾ മനസ്സ് തുറന്നത് .... അല്ല തുറപ്പിച്ചത്....
എന്തോ മറന്നത് പോലെ കൊണ്ട് പോകാനുള്ള ബാഗ് തുറക്കുകയും അടക്കുകയും തനിക്ക് മുഖം തരാതെ തിരക്ക് കാട്ടി അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നതിന്റെ ഇടയിലാണ് ബലമായി തോളിൽ പിടിച്ചു നിറുത്തിയത്
അച്ചു എന്നൊന്ന് വിളിച്ചതെ ഉള്ളൂ..
ഏങ്ങിയേങ്ങി കരഞ്ഞു കൊണ്ടാണ് അവൾ തന്റെ നെഞ്ചിലേക്ക് ചാഞ്ഞത്....
ഇനിയെന്നാ രാമേട്ടാ ഒന്ന് കാണാൻ പറ്റുക എന്നാണ് ഒരുമിച്ചൊന്നു പുറത്തു പോകാൻ പറ്റുക എന്നിങ്ങനെയുള്ള ചോദിക്കാത്ത ചോദ്യങ്ങൾ പലതും അടങ്ങിയ നിലവിളി .....
അല്ലെങ്കിലും എല്ലാ കരച്ചിലുകളും പുറത്തേക്ക് വരാത്ത ഒരുപാട് ചോദ്യങ്ങൾ അടങ്ങിയതാണല്ലോ....
ആ കരച്ചിലിൽ തന്നെ തന്റെ നിഷ്ഫലമായ ബലം പിടുത്തവും അലിഞ്ഞു പോയി....
ചെയ്തു കൊണ്ടിരുന്ന എല്ലാ ജോലികളും നിർത്തിച്ചു അവളെയും കൊണ്ട് പുറത്തേക്കിറങ്ങിയതാണ് ....
ആഗ്രഹ പൂർത്തീകരണം ആവില്ല എന്നറിയാം ഇതൊന്നും ആസ്വദിക്കാൻ പറ്റില്ല എന്നും അറിയാം... പക്ഷേ....
ചില നേട്ടങ്ങൾക്ക് ചില സന്തോഷങ്ങൾ ബലി നൽകിയല്ലേ പറ്റൂ......
റാം ദീർഘമായ ഒരു നിശ്വാസത്തോടെ ഓർമ്മകളിൽ നിന്ന് മടങ്ങിയെത്തി....
എന്നിട്ട് തോളിൽ തല ചായ്ച്ചിരിക്കുന്ന അശ്വതിയെ നോക്കി ചോദിച്ചു
" പോയാലോ അച്ചൂ "
" ഉം " അശ്വതി മൂളി.....
അവർ രണ്ടാളും എഴുന്നേറ്റു നടന്നു...
നടക്കുമ്പോൾ അശ്വതിയുടെ കയ്യും റാമിന്റെ കയ്യും തമ്മിൽ മുറുകി ചേർന്നിട്ടുണ്ടായിരുന്നു ...
ഒരിക്കലും വിട്ടു പിരിയാൻ മനസ്സില്ലാത്ത പോലെ....
അവിടെ അപ്പോൾ വീശിയ ആ കാറ്റ് ചെറുതായി ഒന്ന് മന്ത്രിച്ചോ എല്ലാ പ്രവാസത്തിന്റെയും തലേ നാൾ വേദനയുടെ ആണെന്ന്....
അറിയില്ല ചിലപ്പോ തോന്നിയതാകും....
എന്തായാലും അപ്പോളേക്കും സൂര്യൻ പൂർണ്ണമായും കടലിൽ താഴ്ന്നിരുന്നു.... നാളെകളിൽ നല്ല പുലരികൾ സമ്മാനമായി നൽകുവാൻ വേണ്ടി........
ജയ്‌സൺ ജോർജ്ജ്
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക