Slider

പറയാൻ ബാക്കിവെച്ചത്...

0

ഇന്നലെയാണവൻ വിളിച്ചത് -
" എടാ ഇത് ഞാനാ..... മനു ..
ബി എഡിന് നിന്റെകൂടെ പഠിച്ച ...."
"മനസ്സിലായടാ മുത്തെ .. നീ ഇപ്പൊ
എവിടാ ..." അവന്റെ വാക്കുകൾ
മുഴുവനാക്കും മുമ്പേയായിരുന്നു
എന്റെ മറുപടി....
പിന്നെ നീണ്ട സംഭാഷണം ...
ഒരു പാട് കാലത്തിനു ശേഷമാണ്
അവന്റെ ശബ്ദം കേൾക്കുന്നത്-
എവിടെനിന്നോ എന്റെ മൊബൈൽ നമ്പർ തരപ്പെടുത്തി വിളിക്ക
യായിരുന്നു -
അവൻ തന്നെ മുൻകൈ എടുത്ത് സംഘടിപ്പിച്ച പഴയ കാല സൗഹൃദങ്ങളുടെ ഒത്തുചേരലിനുള്ള
ക്ഷണം കൂടിയായിരുന്നു അവന്റെ
ഫോൺ വിളി .
പത്തു മാസത്തെ ബി എഡ് കോളജിലെ
കലാലയ അന്തരീക്ഷത്തിൽ നിന്നും യഥാർത്ഥ ജീവിതത്തിലേക്ക് കാലെടുത്ത് വെച്ചപ്പോഴേക്കും കൊഴിഞ്ഞു പോയ
സൗഹൃദത്തിന് പറയാനുണ്ടായിരുന്നു ...
ഒത്തിരി ഓർമ്മകൾ... നൊമ്പരങ്ങൾ ..
തമാശകൾ ... ഇണക്കങ്ങൾ ... പിണക്കങ്ങൾ ...അങ്ങിനെ പലതും...
" നാളെ നീ എന്തായാലും വരണം....
മറക്കല്ലേ... അവളേം വിളിച്ചിട്ടുണ്ട്....
നിന്റെ പഴയ കക്ഷിയെ ... "
അതുകൂടി കേട്ടപ്പോൾ മനസ്സിലൊരു
പിടച്ചിൽ -
ഫോൺ വിളി കഴിഞ്ഞിട്ടും അവന്റെ വാക്കുകൾ എവിടെയൊക്കെയോ കൊളുത്തി വലിക്കുംപോലെ -
കഷ്ടപ്പാടിന്റെ ജീവിത യാഥാർത്ഥ്യങ്ങൾക്കിടയിൽ പറയാൻ മാറ്റിവെച്ച ഇഷ്ടവാക്കുകൾ കേൾക്കാൻ കാത്തു നിൽക്കാതെ കാണാമറയത്തേക്ക് പറന്നകന്നവൾ ...
അവളെ വീണ്ടും കണ്ടുമുട്ടുകയാണ് ...
വർഷങ്ങൾ ഒരുപാട് കഴിഞ്ഞിരിക്കുന്നു.
ഭർത്താവും കുട്ടികളുമായി കുടുംബിനിയായി കഴിയുന്നവൾ -
ഭാര്യയും കുട്ടികളുമായി കുടുംബ ജീവിതം നയിക്കുന്ന ഞാനും ---
ഞങ്ങൾക്കിടയിൽ ഇനി എന്ത്
വാക്കുകൾ... കൗമാരത്തിലെ സ്വപ്നങ്ങളെല്ലാം കരിഞ്ഞമർന്നിരി
ക്കുന്നു - ഇനി ഒന്നുമില്ല.... ഒന്നും ......
മനസ്സിനെ ആശ്വസിപ്പിക്കാൻ വാക്കുകൾ തേടുകയായിരുന്നു ഞാൻ...
............... .............. ..............
രാവിലെ പതിവിലും നേരത്തെ
എഴുന്നേറ്റു -
" ഇന്നെന്താ നേരത്തേ ..
എങ്ങടെങ്കിലും പോവ്വാണ്ടൊ? ... "
ഷേവ് ചെയ്യാനിരിക്കുമ്പോഴാണ്
അവളുടെ ചോദ്യം.
''ഹാ... ഞങ്ങൾ കൂടെ പഠിച്ചോരൊക്കെ
ഒത്തുകൂടലാ... അവിടം വരെ ഒന്നു പോണം.. പഴയ കൂട്ടാകാരേക്കെ കാണാലോ..."
എന്റെ മറുപടി കേട്ടിട്ടാവണം
കുറച്ചു സമയത്തേക്ക് അവളൊന്നും
പറഞ്ഞില്ല -
"ന്നാ ഞാനും മോളും പോരട്ടെ...
നിക്കും പരിചയപ്പെടാലൊ അവരേയൊക്കെ" ..
നരച്ച മുടിയിഴകളിൽ ഡൈ തേച്ച് പിടിപ്പിക്കുന്നതിനിയിൽ എന്തു പറഞ്ഞ് ഇവളെ ഒഴിവാക്കണം എന്നാലോചിക്കയായിരുന്നു ഞാൻ..
" നീ വന്നാ ശരിയാവില്ല... ഞങ്ങളാണുങ്ങള് മാത്രേ ഉള്ളൂ...
അതോണ്ടാ..." ഒരു എൽ പി സ്കൂൾ ടീച്ചറെ പറഞ്ഞു പറ്റിക്കാൻ അധികം
നുണകൾ പറയേണ്ടി വന്നില്ലല്ലോ എന്നാശ്വസിക്കയായിരുന്നു ഞാൻ...
.............. ............ .................
പതിനാറു വർഷങ്ങൾക്കു ശേഷം വീണ്ടും ആപടികൾ കയറുകയായിരുന്നു .. ഓരോ പടികൾ
കയറുമ്പോഴും പഴയകാല
ഓർമ്മകൾഓരോന്നായി പെയ്തിറങ്ങുകയായിരുന്നു .......
പലരും നേരത്തെ എത്തിയിരിക്കുന്നു -
ഇരുപത് പേരിൽ പത്തൊമ്പത് പേരും
ഒത്തുചേർന്ന സംഗമം .... ...........
പരിചയപ്പെടുത്തൽ - ഓർമ്മ പുതു
ക്കൽ ... തമാശകൾ - പൊട്ടിച്ചിരികൾ ...
കുറച്ചു സമയം കൊണ്ട് പഴയ കാല ക്ലാസ്സുമുറിയുടെ അന്തരീക്ഷമായി മാറിയിരിക്കുന്നു -പലരും കൗമാരത്തിലേക്ക് പടിയിറങ്ങിയതു പോലെ:.......
ഇടയ്ക്കെ പ്പോഴെക്കെയോ ഞാനവളെ
ശ്രദ്ധിക്കുന്നുണ്ടായിരുന്നു ...
അന്നത്തേക്കാളും ഒന്നു കൂടി സുന്ദരിയായതുപോലെ ---
പലരും പരസ്പരം കളിതമാശകൾ പറഞ്ഞ് ഓർമ്മകൾ പങ്കുവെയ്ക്കുമ്പോഴും ഞാനവളിൽ നിന്നും മനപ്പൂർവ്വം അകന്നു നിൽക്കയാ
യിരുന്നു - അടുത്തുചെല്ലാനും സംസാരിക്കാനും ആഗ്രഹമുണ്ടായിട്ടും
ആരൊക്കെയോ പിടിച്ചു വലിക്കുന്നതു പോലെ ... ഒരു പക്ഷെ തോന്നലുമാവാം -
............... ............. ..............
ഭക്ഷണം കഴിഞ്ഞ് അല്പസമയം
പടർന്നു നിൽക്കുന്ന കൊന്നമരത്തിന്റെ ചുവട്ടിൽ ഏകനായി ദുരേക്ക് ചിന്തയും
പായിച്ച് നിൽക്കുമ്പോഴാണ് പിന്നിൽ നിന്നും ആ വാക്കുകൾ വന്നു വീണത്...
" എന്താ ഒന്നും മിണ്ടാത്തെ-
മറന്നോ എന്നെ: ..?
തൊട്ടു പിന്നിൽ അവൾ .........
"നിക്ക് ഒരുപാട് ഇഷ്ടായിരുന്നു..... ഇയാളെ ... തിരിച്ചുണ്ടാവുന്നാ വിചാരിച്ചേ........ ഒന്നിച്ചു ജീവിക്കുന്നതൊക്കെ വെറുതെ
സ്വപ്നം കണ്ടു... സാരല്ല്യ.... ഇനിപ്പൊ
ഒന്നും പറഞ്ഞിട്ട് കാര്യല്ല്യാന്നറിയാം...
ന്നാലും... "
എന്ത് പറയണമെന്നറിയാതെ ഇരുട്ടിൽ തപ്പുകയായിരുന്നു ഞാൻ...
ഒരുപാടിഷ്ടമാണെന്നും ഒന്നു കാണാനും
ഒത്തിരി പറയാനും വേണ്ടി മാത്രമാണ് വന്നതെന്നും പറയണമെന്നുണ്ടാ
യിരുന്നു ... പക്ഷെ കഴിയുന്നില്ല -
ആരൊക്കെയോ പിടിച്ചു വലിക്കും പോലെ........
പറയാതെ പറഞ്ഞു വെച്ച കൗമാരത്തിലെ ഈ ഇഷ്ടം ഇനിയും കെടാതെ നെഞ്ചിൽ കത്തിയെരിയുന്നത് എങ്ങിനെയാണ്
പറഞ്ഞു മനസ്സിലാക്കുക-
ഈറൻ മിഴികളോടെ അവൾ നടന്ന
കലുന്നതും നോക്കി നിൽക്കയായി
രുന്നു ഞാൻ.................
ഗെറ്റ് ടുഗദറിലെ യാത്ര പറയലുകൾ
കഴിഞ്ഞ് പടിയിറങ്ങുമ്പോൾ കലങ്ങിയ കണ്ണുകളും പറയാതെ ബാക്കി വെച്ച വാക്കുകളും സാക്ഷിയാക്കി
ഞാൻ യാത്ര പറയുകയായിരുന്നു -
എന്നെ പിടിച്ചുവലിച്ചു കൊണ്ടിരുന്ന
എന്റെ യാഥാർത്ഥ്യലോകത്തേക്ക് -
ഒരു പാട് ഇണക്കങ്ങളും പിണക്കങ്ങളുമുള്ള എന്റെ കൊച്ചു
ജീവിതത്തിലേക്ക് - ജനലഴികളിലൂടെ
എന്റെ നിഴലും പ്രതീക്ഷിച്ചിരിക്കുന്ന
മനവിയുടേയും കൊച്ചു വാവയുടേയും
ലോകത്തേക്ക് - എല്ലാ നഷ്ട സുഗന്ധങ്ങൾക്കുമപ്പുറം പരിമളം പരത്തുന്ന എന്റേതു മാത്രമായ
കൊച്ചു പൂന്തോട്ടത്തിലേക്ക് ---...........
സലാം കെ കുന്നത്ത് -
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo