മഴയിൽ നനഞ്ഞ ഓർമകൾ പലപ്പോഴും മഴവിൽ പോലെ വർണാഭമാണെന്ന് തോന്നാറുണ്ട്...
കാലങ്ങൾ കഴിഞ്ഞാലും അതങ്ങനെ മിഴിവോടെ മനസിൽ തങ്ങി നിൽക്കും...
നോർത്ത് റെയിൽവേ സ്റ്റേഷന്റെ തൊട്ടടുത്തുള്ള കടയിൽ ഐസ് ക്രീം കഴിച്ച് കൊണ്ടിരിക്കുമ്പോഴാണ് പതിവില്ലാത്ത വേനൽ മഴ വിരുന്നായെത്തിയത്..
അവളെ നോക്കിയപ്പോൾ ആസ്വദിച്ച് കഴിക്കുകയാണ്... അധികമായിട്ടില്ല പരിചയപ്പെട്ടിട്ട് ...ഈ നഗര ജീവിതത്തിൽ കിട്ടിയ നല്ലൊരു പെൺ സുഹൃത്തായാണ് തോന്നിയത്...
അടിയന്തിരമായി നാട്ടിൽ പോവുന്ന സഹപ്രവർത്തകയെ യാത്ര അയക്കാൻ വന്നതായിരുന്നു ഞങ്ങൾ... തിരിച്ച് പോരുമ്പോഴാണ് ഐസ്ക്രീം കഴിക്കാനുള്ള കലശലായ മോഹം അറിയിച്ചത്...
മഴ ഇപ്പോഴൊന്നും തോരുന്ന ലക്ഷണമില്ല.. നേരമാണെങ്കിൽ ഇരുട്ടി തുടങ്ങിയിരുന്നു.. ചിരിച്ച് കളിച്ച് നിന്ന പെണ്ണിന്റെ മുഖത്ത് ആശങ്കയുടെ കാർമേഘങ്ങൾ കൂട് കൂട്ടാൻ തുടങ്ങി...
ഹോസ്റ്റൽ സമയം കഴിഞ്ഞാൽ പ്രശ്നമാണ്... വാർഡൻ കയറ്റില്ല... അവസാനത്തെ പൈസയും എടുത്താണ് ബിൽ കൊടുത്തത്.. ഇനി കലൂർ എത്തണമെങ്കിൽ നടക്കുക തന്നെ വേണം..
ബാഗിലിരുന്ന കുടയെടുത്ത് അവളെന്നെ പരിഭ്രമത്തോടെ നോക്കി..
.മലപ്പുറത്തെ ഗ്രാമത്തിൽ ജനിച്ച് വളർന്ന പെൺകുട്ടിക്ക് എന്നെയും കൂടെ വിളിക്കാൻ നല്ല ചമ്മലുണ്ടെന്ന് തോന്നി.. ഒറ്റക്ക് പോവാൻ അതിലേറെ ഭയവും...
മുഖം കണ്ടപ്പോൾ കുഞ്ഞനിയത്തിയെയാണ് ഓർമ വന്നത്..
പൊന്നൂസും ഇങ്ങനെ തന്നെയാണ്.. കിലുക്കാം പെട്ടി... എന്നാലോ.. ചെറിയ കാര്യം മതി പേടിച്ച് വിറക്കാൻ...
ഞാൻ തന്നെ കുട വാങ്ങി നിവർത്തി ആ കൈ പിടിച്ച് നടന്നു...
നല്ല മഴ തന്നെ ആയിരുന്നു... റോഡിലൊക്കെ അങ്ങിങ്ങായി വെള്ളം പൊങ്ങുന്നുണ്ടായിരുന്നു... ചെറിയ കുടയുടെ സൈഡിലൂടെ വെള്ളം ഒഴുകി വീണു രണ്ടും പേരും നനഞ്ഞു കുതിർന്നു..
ചീറി വന്ന ഏതോ ഒരു വണ്ടി ഞങ്ങളെ കുളിപ്പിച്ചിട്ടാണ് കടന്ന് പോയത്..
പേടിച്ചു പോയ അവളെ ഞാൻ ചേർത്ത് പിടിച്ചു...
കുറച്ച് കഴിഞ്ഞപ്പോൾ വീണ്ടും പഴയ കിലുക്കാം പെട്ടിയായി പെണ്ണ്...
തമാശകൾ പറഞ്ഞും... കൈ കുമ്പിളിൽ വെള്ളം നിറച്ച് എന്റെ കണ്ണിലേക്കെറിഞ്ഞും...
കാല് കൊണ്ട് വെള്ളം തട്ടിത്തെറിപ്പിച്ചും..
അപ്പോഴാണ് കണ്ടത്.. നിറയെ മണികളുള്ള വെള്ളി പാദസരം... കാലിനെ ഉമ്മ വെച്ച് കിടക്കുന്നു... എനിക്ക് ചിരി വന്നു...
ഹോസ്റ്റൽ എത്തിയത് അറിഞ്ഞില്ല..
തിരിഞ്ഞ് നടക്കുമ്പോൾ മഴ തോർന്ന് തുടങ്ങിയിരുന്നു.. പുതു മഴയിൽ നനഞ്ഞ മണ്ണിനെ പോലെ മനസും നിറഞ്ഞിരുന്നു..
പിറ്റേ ദിവസം സ്വയം വരച്ച ഒരു ചിത്രവുമായിട്ടാണ് എന്നെ കാണാൻ വന്നത്... താഴെ മനോഹരമായ കൈ പടയിൽ എഴുതിയിരുന്നു...
" ഒരു കുടയിൽ ഇത്തിരി നേരം" ......
- യൂനുസ് മുഹമ്മദ്..

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക