ഇന്ന് അലക്ഷ്യമായി പത്ര താളുകൾ ഇങ്ങനെ മറിച്ച് നോക്കുമ്പോഴാണ് ആ വാർത്ത കണ്ണിൽ പെട്ടത്.. മദീനയിൽ വാഹനപകടത്തിൽ മരിച്ച മലയാളിയുടെ മൃതദേഹം സംസ്കരിച്ചു. സാധാരണ ഇങ്ങനത്തെ വാർത്തകളൊക്കെ അവഗണിക്കാറാണ് പതിവ്.പക്ഷെ എന്തോ ഇന്ന് ഞാൻ വാർത്ത മുഴുവനും വായിച്ചു. കാരണമുണ്ട്.അറിയുന്ന ആളായിരുന്നു....
വർഷങ്ങൾക്ക് മുമ്പ് റിയാദിൽ ജോലി നോക്കിയിരുന്ന കാലത്ത് റുമിലുണ്ടായിരുന്ന കോഴിക്കോട്ടുകാരൻ മൊയ്തീൻക്ക...
മൂന്നാല് വർഷം മുമ്പാണ് ഞങ്ങളുടെ റൂമിലേക്ക് അയാൾ വന്നത്.ഞങ്ങളുടെ സ്പോൺസറുടെ തന്നെ ഹൗസ് ഡ്രൈവർ ആയിട്ട്.അയാൾക്ക് ഒരു അമ്പത് വയസ്സിന് മുകളിൽ പ്രായമുണ്ട്.പക്ഷെ കണ്ടാൽ അതിലും കൂടുതൽ തോന്നും.... തീക്ഷ്ണമായ ജീവിതാനുഭവങ്ങളാണെന്ന് തോന്നുന്നു അയാളെ ആ കോലത്തിലെത്തിച്ചത്.തലമുടിയും താടിയും എല്ലാം നരച്ച്....
,,എന്തിനാ ഇയാൾ ഈ വയസ് കാലത്ത് ഇങ്ങോട്ട് പണ്ടാരമടങ്ങി പോന്നിരിക്കുന്നത് ... നാട്ടിലെങ്ങാനും കൂടിയാൽ പോരെ,,. എന്നൊക്കെയായിരുന്നു സഹമുറിയന്മാരുടെ കമന്റ്....
അയാൾ ഒരു പ്രത്യേക സ്വഭാവക്കാരനായിരുന്നു. എപ്പോഴും ഏതോ ചിന്തയിലായിരിക്കും. ആരോടും അധികം സംസാരിക്കില്ല.പക്ഷെ ആരെങ്കിലും നാട്ടിലേക്ക് ഫോൺ ചെയ്യുകയാണെങ്കിൽ അതങ്ങനെ ചെവി കൂർപ്പിച്ച് ശ്രദ്ധിക്കും.ഞാൻ ഫോൺ ചെയ്യുമ്പോഴും അങ്ങനെ തന്നെ.പ്രത്യേകിച്ച് നമ്മൾ കുട്ടികളോടൊക്കെ സംസാരിക്കുമ്പോൾ... റൂമിൽ ആകെ അയാൾ എന്തെങ്കിലുമൊക്കെ സംസാരിക്കുന്നത് എന്നോട് മാത്രം. എന്നോട് എന്തോ ഒരു പ്രത്യേക താൽപര്യം.എന്റെ ഫോണിലുള്ള മോളുടെ ഫോട്ടോ അങ്ങനെ കുറെ നേരം നോക്കി നിൽക്കുന്നത് കാണാം...
ദിവസങ്ങളും മാസങ്ങളും അങ്ങനെ കഴിഞ്ഞ് പോയി.. ഇപ്പോൾ അയാൾ എന്നോട് കൂടുൽ അടുത്തിരിക്കുന്നു.. ഞാൻ മോളോട് സംസാരിക്കുമ്പോഴൊക്കെ അയാൾ ഫോൺ വാങ്ങി അവളോട് സംസാരിക്കം... കുട്ടികളെ പോലെ കൊഞ്ചി കുഴഞ്ഞ്....
ഒരു ദിവസം പുലർച്ചെ റൂമിലുള്ള മനാഫിന്റെ അലർച്ച കേട്ടാണ് ഞാൻ ഉണർന്നത്. ഇയാളെന്താ ഈ കിടന്ന് മോങ്ങുന്നത് രാവിലെ മനുഷ്യനെ ഉറങ്ങാനും സമ്മതിക്കില്ലേ,, ഞാൻ ഉണർന്ന് നോക്കുമ്പോൾ മൊയ്തീൻക്ക കിടന്ന് കരയുന്നു.. തേങ്ങി.. തേങ്ങിക്കരയുകയാണ്.,, അയാളുടെ ഒരു മാപ്പും കോപ്പും.. ഓരോ സാധനങ്ങൾ വണ്ടി കയറി വന്നാളും മനുഷ്യനെ ശല്യം ചെയ്യാൻ,, അവൻ അതും പറഞ്ഞ് കൊണ്ടു റൂമിൽ നിന്ന് ഇറങ്ങിപ്പോയി.ഞാൻ എണീറ്റ് ആളുടെ ബെഡിൽ പോയി ഇരുന്നു... ,,എന്താ പ്രശ്നം എന്തു പറ്റി,, എന്തൊക്കെ പ്രശ്നങ്ങൾ ആൾക്കുണ്ടെന്ന് തോന്നിയിട്ടുണ്ട്.പക്ഷെ അയാൾ ഒന്നും പറഞ്ഞിരുന്നില്ല.അവസാനം എന്റെ നിർബന്ധത്തിന് വഴങ്ങിട്ടാണോ അതോ ആരോടെങ്കിലും പറഞ്ഞാലെങ്കിലും മനസ്സിന് ഒരാശ്വാസം കിട്ടുമെന്ന് കരുതീട്ടാണോ എന്നറിയില്ല... അയാൾ പറയാൻ തുടങ്ങിയത്.. |
അയാളു ഭാര്യയും ഉമ്മയുമടങ്ങുന്ന കുടുംബം വിവാഹം കഴിഞ്ഞ് വർഷങ്ങൾ കഴിഞ്ഞിടും ഒരു കുഞ്ഞിക്കാല് കാണാനുള്ള ഭാഗ്യം അവർക്കുണ്ടായില്ല. നടത്താത്ത ചികിൽസകളില്ല... നേരാത്ത നേർച്ചകളില്ല.... ആദ്യമൊന്നും വലിയ പ്രശ്നങ്ങളുണ്ടായിരുന്നില്ല. പിന്നീട് ഉമ്മയുടെ സ്വഭാവത്തിൽ ചെറിയ മാറ്റങ്ങൾ.. എപ്പോഴു അവളെ കുറ്റപ്പെടുത്തൽ... ദേഷ്യപ്പെടൽ.. അന്ന് ആദ്യമായി ഉമ്മ തന്നെയാണ് അവൾക്ക് ആ പേര് ചാർത്തി നൽകിയത്..,, ഈ മച്ചി വന്ന് കയറിയത് കാരണം എന്റെ തറവാട് മുടിയുമല്ലോ പടച്ചവനെ,, അത് കേട്ട അവൾ എന്നെ നോക്കിയ നിസഹായതയുടെ നോട്ടം... ഇപ്പോഴും മാസ്റ്റിൽ നിന്ന് പോകുന്നില്ല.പിന്നിട് ആ പേര് ഒളിഞ്ഞും തെളിഞ്ഞും അവളെ പലരും വിളിക്കുന്നത് എനിക്ക് കാണേണ്ടി വന്നു.. എന്റെ പെങ്ങൻമാർ.. ബന്ധുക്കൾ.. കുടുംബക്കാർ അങ്ങനെ പലരും..
ഞങ്ങൾ ജീവിതത്തിൽ തീർത്തും ഒറ്റപ്പെടുകയായിരുന്നു.അവൾക്കായിരുന്നു കൂടുതൽ പ്രശ്നങ്ങൾ പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥ.. ആളുകളുടെ അടക്കം പറച്ചിലുകൾ ,സഹതാപ ത്തോടെയുള്ള നോട്ടം ,ഉപദേശങ്ങൾ.... പിന്നീടുള്ള നാളുകളിൽ അവൾ പതുക്കെ ഉൾവലിയുകയായിരുന്നു:. വീടിന് പുറത്തിറങ്ങാതെയായി...
ഈയിടെയായി ഉമ്മയുടെ അവളോടുള്ള സമീപനം വളരെ മോശമായിരിക്കുന്നു.കുറെ ദിവസമായി എന്നോട് പറയുന്നു... വേറെ കല്യാണം കഴിക്കാൻ ഈ മച്ചിയെയും കൊണ്ട് നടന്നാൽ നീ ഒരു കാലത്തും ഗുണം പിടിക്കില്ല. ആദ്യമൊക്കെ ഉപദേശത്തിന്റെ രൂപത്തിലായിരുന്നു ഉമ്മ. പിന്നെ അത് ഭിഷണികളായി മാറി.... ഒരു ദിവസം ഉമ്മ ഇവളെ ഒഴിവാക്കുന്നില്ലെങ്കിൽ ഇനി എനിക്ക് ജി വിക്കേണ്ട എന്ന് പറഞ്ഞ് ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. ഭാഗ്യം കൊണ്ടാണന്ന് രക്ഷപ്പെട്ടത്....
അവസാനം എനിക്ക് ഉമ്മയുടെയും പെങ്ങൻമാരുടെയും നിർബന്ധത്തിന് വഴങ്ങി അവളെ ഒഴിവാക്കേണ്ടി വന്നു. ഞാൻ മറ്റൊരു വിവാഹം കഴിച്ചു.... എന്റെ വിവാഹത്തിന്റെ അന്നു തന്നെയായിരുന്നു.. റംലയുടെയും വിവാഹം.. റംല അതായിരുന്നു എന്റെ ആദ്യ ഭാര്യയുടെ പേര്... അത് അവളുടെ കുടുംബക്കാരുടെ ഒരു വാശിയായിരുന്നു..
എന്റെ രണ്ടാം വിവാഹം കഴിഞ്ഞ് വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു.പ്രത്യേകിച്ച് വിശേഷങ്ങളൊന്നുമില്ലാതെ. പക്ഷെ മറ്റൊരു സംഭവം ഉണ്ടായി. മച്ചി എന്ന് മുദ്ര കുത്തപ്പെട്ട് ഞാൻ ഒഴിവാക്കിയ എന്റെ റംല പ്രസവിച്ചു... ഒരു ആൺകുഞ്ഞിനെ...പക്ഷ കുഞ്ഞിനെ കാണനുള്ള ഭാഗ്യം അവൾക്കുണ്ടായില്ല.... പ്രസവിച്ച ഉടനെ അവൾ ഈ ലോകം വിട്ട് പോയി... ഡോക്ടർ പറഞ്ഞിരുന്നത്രെ... റിസ്കാണ്.. അബോർഷനാണ് നല്ലത്.. അവളുടെ ജീവൻ അപകടത്തിലാവുമെന്ന്. പക്ഷെ അവൾ സമ്മതിച്ചില്ല.. ഒരു പക്ഷെ എന്നോടുള്ള ഒരു പ്രതികാരമായിരിക്കാം....
ഈ സംഭവത്തോട് കൂടി ഞാൻ കൂടുതൽ ഒറ്റപ്പെട്ടു.. നാട്ടിലിറങ്ങാൻ പറ്റാത്ത അവസ്ഥ...
ഇപ്പോൾ ഉമ്മയും ഒരുപാട് മാറിയിരിക്കുന്നു.. ഏത് നേരവും നിസ്കാരവും പ്രാർഥനയുമായി റൂമിൽ തന്നെ പുറത്തിറങ്ങാറെ ഇല്ല.... റംലയോട് ചെയ്ത ദ്രോഹങ്ങൾ പൊറുത്ത് കിട്ടാൻ വേണ്ടി പ്രാർഥിക്കുകയായിരിക്കാം. ആരോടും സംസാരിക്കാറില്ല.അല്ലെങ്കിലും ഇവളെ ജമീലയെ പേടിയാണ് (എന്റെ രണ്ടാം ഭാര്യ).ഉമ്മ ഒന്ന് പറഞ്ഞാൽ അവൾ നാല് പറയും... പടച്ചവൻ അറിഞ്ഞ് നൽകിയ മരുമകൾ. അവളോടു ഒന്നും മിണ്ടാറെ ഇല്ല..
ഒരു നാളിൽ ,, ഈ ആണും പെണ്ണും കെട്ട നിങ്ങളുടെ കൂടെ ജീവിക്കാൻ എനിക്ക് വയ്യ ,, എണ് പറഞ്ഞ് കൊണ്ട് ജമീലയും എന്നെ വിട്ട് പോയി.... അതോട് കൂടി ഞാൻ തീർത്തും ഒറ്റപ്പെട്ടു.. ആളുകളുടെ പരിഹാസവും കൂടി വന്നു.' പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥ... ഇതെല്ലാം കണ്ടിട്ടാണെന്ന് തോന്നുന്നു ഉമ്മയും..... എന്നെ വിട്ട് പോയത്...
അങ്ങനെ നാട്ടിൽ നിന്നുള്ള ഒരു ഒളിച്ചോട്ടമായിരുന്നു എന്റെ ഈ പ്രവാസം... നാട്ടിൽ നിന്ന് മാത്രമല്ല. ജീവിതത്തിൽ നിന്ന് കൂടി.. പക്ഷെ ഇവിടെ വന്നിട്ടും എന്റെ നശിച്ച ഓർമ്മകൾ എന്നെ വിട്ട് പോകുന്നില്ല.ഒരു നിഴല് പോലെ എന്നെ പിന്തുടരുന്നു.. എപ്പോഴും റംലയുടെ മുഖം കൺമുന്നിൽ. അവൾ എന്നെ നോക്കി ചിറി കോട്ടുന്നു. ഇപ്പോൾ എങ്ങനെയുണ്ട് എന്ന ഭാവത്തിൽ.. ഇന്നലെയും ഞാൻ അവളെ സ്വപ്നം കണ്ടു. അവൾ കുട്ടിയെ കളിപ്പിക്കുന്നു... കുട്ടിയോട് എന്നെ നോക്കി എന്തോ പരിഹാസത്തോടെ പറയുന്നു.... ഞാൻ പൊട്ടിക്കരഞ്ഞ് കൊണ്ട് അവളുടെ കാലിൽ വീണ് മാപ്പിരക്കുകയായിരുന്നു. അതാണ് മനാഫ് കേട്ടത്....
ഇപ്പോൾ ഞാൻ ഓരോ നിമിഷവും മരണം കാത്ത് കഴിയുകയാണ് എനിക്ക് എന്റെ റംലയുടെ അടുത്ത് എത്തണം.. അവളോട് മാപ്പ് പറയണം. എന്നതാണ് മാത്രമാണ് എന്റെ ലക്ഷ്യം.. അയാൾ പറഞ്ഞ് നിർത്തി...
പിന്നിട് കുറച്ച് മാസങ്ങൾ കഴിഞ്ഞ് സ്പോൺസർ മദീനയിയിലേക്ക് ട്രാൻസ്ഫർ ആയി പോയപ്പോൾ അയാളും കൂടെ മദിനയിലേക്ക് പോയി. ആദ്യമൊക്കെ ഞാൻ വിളിച്ചിരുന്നു.. പിന്നെ അങ്ങനെ ആ ബന്ധവും മുറിഞ്ഞു...
പിന്നെ ഇന്നാണ് ഈ വാർത്ത കാണുന്നത്.... എന്തായാലും നന്നായി.. ആദ്യമായിട്ടാണ് ഒരാള് മരിച്ചപ്പോൾ വിഷമം തോന്നാതിരിക്കുന്നത്.. അത്രയ്ക്ക് ഈ ദുനിയാവിൽ അനുഭവിച്ചു... അയാൾ....
അയാൾക്ക് റംലയെ കാണാനും മാപ്പ് ചോദിക്കാനും ഒക്കെ കഴിയട്ടെ എന്ന് ആശിക്കുന്നു...
മൻസൂർ...

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക