Slider

മുഖപുസ്തകത്തിലെ ബന്ധങ്ങൾ

0

ഈഴവ യുവാവ്, 28 വയസ്സ്, 5.9, ഇരു നിറം, MBA, UKയിൽ ജോലിയുള്ളതോ, UKയിലേക്ക് പോകുവാൻ താത്പര്യമുള്ളതോ ആയ അഭ്യസ്തവിദ്യരായ ഹിന്ദു യുവതികളിൽ നിന്ന് വിവാഹാലോചനകൾ ക്ഷണിക്കുന്നു. ജാതി ബാധകമല്ല.**
അതായിരുന്നു പത്രത്തിലെ മാട്രിമോണിയൽ കോളത്തിൽ കൊടുത്തിരുന്ന വിനോദിന്റെ പ്രൊഫൈൽ . പ്രതീക്ഷിച്ചിരുന്ന പോലെ തന്നെ ധാരാളം മറുപടികൾ ലഭിച്ചു. ബയോഡാറ്റ മുഴുവൻ വായിച്ചു ആദ്യത്തെ ഫിൽറ്ററിങ്ങ് നടത്തി തിരഞ്ഞെടുത്ത പതിനഞ്ചു പെൺകുട്ടികളുടെ അടുത്ത കടമ്പ സ്ഥലത്തെ പ്രധാന ജോത്സ്യനായിരുന്നു.
പിന്നീട് ജാതകം ചേരുന്ന എട്ട് കുട്ടികളുടെ ഫോട്ടോ വാട്ട്സപ്പ് വഴി വിനോദിനയച്ച് കൊടുത്തു. അതിൽ നിന്ന് അയാൾ തിരഞ്ഞെടുത്ത നാല് പെൺകുട്ടികളുടെ വീട്ടിലേക്ക് അയാളുടെ വിശദമായ ബയോഡാറ്റയും ഗ്രഹനിലയും അയച്ചുകൊടുത്തു. ഇനി കാത്തിരിപ്പിന്റെ സമയം .
വിനോദിനെ കുറിച്ച് പറയാം. അച്ഛനും അമ്മയും അനുജത്തി വർഷയുമടങ്ങുന്ന സന്തുഷ്ട കുടുംബം. വർഷയുടെ വിവാഹം കഴിഞ്ഞു. നാട് മുഴുവൻ അറിഞ്ഞ ഒരു ദുരന്ത പ്രണയകഥയിലെ നായകനാണെന്നൊഴിച്ചാൽ മറ്റൊരു കുറ്റം പറയാനില്ല. കാമുകിയുടെ അപകട മരണം നടന്ന സമയത്ത് കുറച്ച് നാൾ കണക്കില്ലാതെ മദ്യപിച്ചു എന്നതൊഴിച്ചാൽ മറ്റു ദുശ്ശീലങ്ങളുമില്ല. മദ്യത്തിനും തന്റെ വേദന കുറയ്ക്കാനാകില്ലെന്ന് മനസ്സിലായപ്പോൾ അതും നിറുത്തി.
ദുബായിൽ സ്വന്തമായി ബിസിനസ്സുള്ള അമ്മാവൻ സഹായത്തിന് വിളിച്ചപ്പോഴെല്ലാം ഒഴിഞ്ഞു മാറിയിരുന്ന വിനോദ് പിന്നീട് ആ മാർഗ്ഗം തന്നെ സ്വീകരിച്ചു. ഒഴിവു സമയങ്ങളിൽ ഓൺലൈനായി പഠിച്ചു MBA നേടി. പിന്നീട് പഠിച്ച സ്ഥാപനം തന്നെ നിർദ്ദേശിച്ച ദുബായിലുള്ള ഒരു ഇംഗ്ലീഷ് സ്ഥാപനത്തിൽ ഇന്റൺഷിപ്പ്. തുടർന്ന് അവരുടെ തന്നെ ലിവർപൂളിലെ ഓഫീസിലേക്ക് നിയമനം. അപ്പോഴാണ് അവനെ പിടിച്ചു പെണ്ണ് കെട്ടിക്കാൻ വീട്ടുകാർ തീരുമാനിച്ചതും പത്രത്തിൽ പരസ്യം കൊടുക്കുന്നതും.
അധികം കാത്തിരിക്കേണ്ടി വന്നില്ല. ഇംഗ്ലണ്ടിൽ നഴ്‌സായി ജോലി ചെയ്യുന്ന പെൺ കുട്ടിയുടെ വീട്ടിൽ നിന്ന് താത്പര്യമില്ലെന്ന വാർത്ത പിറ്റേ ദിവസം തന്നെ കിട്ടി. അടുത്ത രണ്ട് ദിവസങ്ങളിലായി മറ്റു രണ്ടു ആലോചനകളും അതേ വഴിയേ പോയി.
ശേഷിച്ചത് നിഷ എന്ന കുട്ടി മാത്രമാണ്. ഒന്നാലോചിച്ചിട്ട് അറിയിക്കാം എന്ന മറുപടി കിട്ടി. രണ്ട് ദിവസത്തിനകം അവരും പിന്മാറി.
പഴയ പ്രണയ ബന്ധമാണോ എല്ലാവരും പിന്മാറാൻ കാരണമെന്നറിയാനാണ് അച്ഛൻ നിഷയുടെ വീട്ടിലേക്ക് വിളിച്ചത്. ഞങ്ങൾക്കും ഫേസ്ബുക്കൊക്കെയുണ്ടെന്നുള്ള മറുപടിയാണ് അവിടെ നിന്ന് കിട്ടിയത്.
അതോടെ പെങ്ങളും അളിയനും വിനോദിന്റെ ഫേസ്ബുക്ക് പേജ് അരിച്ചു പെറുക്കി. പ്രണയകാലത്തെ ഫോട്ടോസും വിരഹ കാലത്ത് തുടർച്ചയായി ഷെയർ ചെയ്തു കൊണ്ടിരുന്ന ചിത്രങ്ങളും എല്ലാം മാറ്റി ആ അകൗണ്ട് ക്ലീനാക്കിയെടുത്തതും അവരായിരുന്നല്ലോ.
പ്രശ്നം കണ്ടു പിടിക്കാൻ അവരെ കൊണ്ട് കഴിയാതെ വന്നപ്പോഴാണ് ടൗണിൽ പ്രവർത്തിക്കുന്ന ഒരു സോഷ്യൽ മീഡിയ / പ്രൊപ്പോസൽ കൺസൾട്ടിന്റെ സഹായം തേടിയത്. അയ്യായിരം രൂപ രജിസ്ട്രേഷൻ ഫീസും വാങ്ങി തോമാച്ചൻ പണിതുടങ്ങി.
വിനോദിന്റെ പേജ് തുറന്നതേ അയാൾക്ക് ഒരു കണ്ടു പരിചയം.
" ഈ പ്രൊഫൈൽ ഞാൻ തന്നെയാണ് രണ്ട് ദിവസം മുമ്പ് നോക്കിയത്. ഒരു മാഷിന്റെ മകൾക്ക് വേണ്ടി."
"നിഷയെന്നാണോ കുട്ടിയുടെ പേര്?" വർഷ ചോദിച്ചു.
" കുട്ടിയുടെ പേരറിയില്ല. മാഷാണ് ഇവിടെ വന്നത്. ഈ പയ്യൻ വേണ്ടന്ന് ഞാൻ തന്നെയാണ് അവരോട് പറഞ്ഞത് ."
" ഞങ്ങളുടെ വിനുവിന്റെ കല്യാണം മുടക്കിയത് നീയാണല്ലെ "
വർഷ തടഞ്ഞില്ലെങ്കിൽ അവളുടെ ഭർത്താവിന്റെ കൈ അയാളുടെ മേലെ വീഴുമായിരുന്നു.
" ചേട്ടൻ ചൂടാവാതെ. എനിക്കിയാളെ അറിയില്ല. എന്റെ മുമ്പിൽ ആകെയുള്ളത് ഈ ഫേസ്ബുക്ക് പേജാണ്. ഇതിൽ അയാളുടെ റിലേഷൻഷിപ് സ്റ്റാറ്റസ് '' In an open relationShip " എന്നാണ് കണ്ടത്. അതാണ് ഇയാൾ ശരിയല്ലയെന്ന് മാഷിനോട് ഞാൻ പറഞ്ഞത്. "
"അതിനെന്താ കുഴപ്പം. വിനോദിനൊന്നും മറച്ച് വയ്ക്കേണ്ട കാര്യമില്ല. നേരെ വാ നേരെ പോ അതാണ് അവന്റെ രീതി. തകർന്ന് പോയ പ്രേമം പോലും വെളിപ്പെടുത്തിയേ വിവാഹത്തിന് തയാറാവൂ എന്നാണവൻ പറഞ്ഞത്. അതാണ് സ്റ്റാറ്റസ് അങ്ങനെ കൊടുത്തത്. അല്ലെങ്കിലും അവന്റെ പ്രണയകഥ നാട്ടിലും വീട്ടിലും ഒരു തുറന്ന പുസ്തകം പോലെ എല്ലാവർക്കുമറിയാം."
അളിയന്റെ വിശദീകരണം കേട്ട് തോമാച്ചൻ ചിരിക്കണോ ചിരിയടക്കണോ എന്ന സംശയത്തിലായി. തല്ല് കിട്ടുമോ എന്ന് പറയാൻ പറ്റില്ലല്ലോ.
"ചേട്ടാ, ആ പറഞ്ഞതല്ല അതിന്റെ അർത്ഥം. സൂക്കർബർഗ് ഉദ്ദേശിച്ച ഓപ്പൺ റിലേഷൻഷിപ്പ് സംഭവം വേറെയാണ്. ഒന്നിരുന്നാൽ പറഞ്ഞു തരാം ."
അടുത്തുള്ള കൂൾബാറിൽ നിന്ന് മൂന്ന് ഗ്രേപ്പ് ജ്യൂസും ഓർഡർ ചെയ്ത് തോമാച്ചൻ വിശദീകരണം തുടങ്ങി.
" റിലേഷൻഷിപ്പ് സ്റ്റാറ്റസ് എന്ന് പറഞ്ഞാൽ മലയാളത്തിലെ ജീവിതാവസ്ഥ എന്ന് പറയുന്നതാണ്.
സിമ്പിളായിട്ടുള്ളത് ആദ്യം പറയാം.
Single, Engaged, Married, Divorced, Seperated and widow. ഇതിന്റെ എല്ലാം അർത്ഥം പറയാതെ തന്നെ അറിയാമല്ലൊ.
മൂന്നെണ്ണം കൂടെയുണ്ട്.
In a relationship എന്ന് പറഞ്ഞാൽ ഒരു പ്രണയബന്ധമുണ്ടെന്നും എന്നാൽ ഒന്നും ഓഫീഷ്യലല്ലെന്നും അർത്ഥം.നമ്മുടെ നാട്ടിൽ വിവാഹം ഉറപ്പിച്ച് നിശ്ചയ മോ മനസ്സമ്മതമോ നടക്കുന്നതു വരെയുള്ള കാലത്ത് ഈ സ്റ്റാറ്റസ് ഇടുന്ന കണ്ടിട്ടുണ്ട്.
It's Complicated എന്ന് വച്ചാൽ ഒരു പ്രണയമുണ്ടെന്നോ വിവാഹിതരാണെന്നോ ആവാം. കയ്യാല പുറത്തെ തേങ്ങ പോലെയാവാം ആ ബന്ധം. അല്ലെങ്കിൽ അതിനെ കുറിച്ച് സംസാരിക്കാൻ താത്പര്യമില്ലെന്നുമാവാം ഉദ്ദേശിക്കുന്നത്. ആകെ ഒരവ്യക്തത.
ഇനി അവസാനത്തെയാണ് In an open relationship എന്നുള്ളത്. നമ്മുടെ നാട്ടിൽ വളരെ വളരെ അപൂർവ്വമായി മാത്രം കാണുന്ന കാര്യമാണ്. നിങ്ങളുടെ പയ്യൻ നാട്ടിലായിരുന്നെങ്കിൽ അയാളോടും കൂടെ സംസാരിച്ചേ മാഷിന് ഞാൻ നെഗറ്റീവ് റിപ്പോർട്ട് കൊടുക്കുമായിരുന്നുള്ളൂ. ഇതിപ്പോൾ ദുബായ്, ലിവർപൂൾ എന്നൊക്കെ കണ്ടപ്പോൾ ഇതറിയാവുന്ന ആളായിരിക്കുമെന്ന് കരുതി...
" താൻ ചുറ്റിക്കളിക്കാതെ കാര്യം പറയുന്നുണ്ടോ " തോമാച്ചന്റെ സങ്കോചം കണ്ട് അളിയന് വീണ്ടും ദേഷ്യം വന്ന് തുടങ്ങി.
" സൂകറണ്ണൻ എന്ന് വിളിക്കുന്ന മാർക്ക് സൂക്കർബർഗ് ഈ ഫേസ്ബുക്ക് തുടങ്ങിയ ശേഷം അത് ഉപയോഗിക്കുന്നവരുടെ ആവശ്യപ്രകാരം പല മാറ്റങ്ങൾ വരുത്തിയതിലൊന്നാണിത്.
ഭാര്യയോ ഭർത്താവോ അല്ലെങ്കിൽ രണ്ടു പേരും പരസ്പര അനുവാദത്തോടെ മറ്റ് ബന്ധങ്ങൾ ഉണ്ടാക്കുന്നതാണ് ഈ സംഭവം. അതായത് ദമ്പതികളുടെ ഇടയിലേക്ക് മറ്റുള്ളവർക്കും കടന്നുവരാമെന്ന് അർത്ഥം. ഓപ്പൺ മാര്യേജ്. ഇത് പ്രണയബന്ധത്തിലുള്ളവർക്കും ബാധകമാണ്. അമേരിക്ക യൂറോപ്പ് ആസ്ട്രേലിയ എന്നിവടങ്ങളിലൊക്കെയുണ്ട്. ബന്ധങ്ങൾക്ക് വളരെയധികം വില കൽപ്പിക്കുന്ന നമ്മുടെ കൊച്ചു കേരളത്തിലും വളരെ വിരളമായി കണ്ടു തുടങ്ങിയിരിക്കുന്നു. പക്ഷെ അതാരും മുഖപുസ്തകത്തിൽ വിളിച്ച് പറയാറില്ല.
പിന്നെ ഒന്ന് രണ്ടെണ്ണം കൂടെയുണ്ട് അത് നമ്മുടെ നാട്ടുകാർക്ക് ദഹിക്കാറായിട്ടില്ല."
ഇതെല്ലാം കേട്ട് അന്തം വിട്ടിരുന്ന വർഷ പെട്ടെന്ന് എന്തോ ഓർത്ത പോലെ ഭർത്താവിനെ ഒന്ന് നോക്കി. പിന്നെ ഒരു കൊടുങ്കാറ്റായി പുറത്തേക്ക് പോയി.
"എന്തായാലും തോമാച്ചൻ തന്നെ മാഷിനെ വിളിച്ച് ഇതൊന്ന് ക്ലിയറാക്കണം. ഞാൻ പിന്നെ വരാം." അളിയനും പോകാനൊരുങ്ങി.
"അല്ല. ചേട്ടാ ജ്യൂസ് ......"
പക്ഷെ അത് കേൾക്കാൻ അയാൾ നിന്നില്ല. പോകുന്ന പോക്കിൽ കയ്യാലയെന്നോ തേങ്ങയെന്നോ അവ്യക്തമായി പറയുന്നുണ്ടായിരുന്നു.
വിനോദിന്റെ റിലേഷൻഷിപ് സ്റ്റാറ്റസ് അധികം താമസിക്കാതെ Engaged എന്നും പിന്നീട് Married എന്നുമായി മാറി. ഒപ്പം നിഷയുടേയും.
ഹഡി റോസ്.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo