Slider

ഓർമ്മകൾ

0

നാളെ ഡിസംബർ അഞ്ച് . ഒരുപാട് ഓർമ്മകൾ മനസ്സിലേക്കോടിയെത്തുന്ന ദിനം . പലപ്പോഴായി പലയിടത്തും പറഞ്ഞിട്ടുള്ള കാര്യങ്ങൾ .എങ്കിലും ഇപ്പോൾ വീണ്ടും അതൊന്നും ഓർക്കാതിരിക്കാൻ കഴിയുന്നില്ല .
ജനിച്ച വീടും പരിസരവും അയൽപക്കങ്ങളും നാടും സ്കൂളും കൂട്ടുകാരുമെല്ലാം വരിവരിയായി കൺമുൻപിൽ .
അപ്പച്ചനും ,അമ്മയും ,ചേച്ചിയും ,ചേട്ടനുമടങ്ങുന്ന സാധാരണ കുടുംബം .വീട്ടിലെ ഇളയ കുട്ടിയായതുകൊണ്ടാവും പേരിനു പകരം കൊച്ചേ എന്ന വിളിയായിരുന്നു അന്നധികവും ഞാൻ കേട്ടിരുന്നത് .ചേച്ചിയുമായി 14 വയസ്സിനും ,ചേട്ടനുമായി 10 വയസ്സിനും ഇളപ്പമായിരുന്നതും ഒരു കാരണമായിരുന്നിരിക്കാം .
അപ്പച്ചൻ അദ്ധ്യാപകനായിരുന്നതുകൊണ്ട് കുട്ടികളുടെ വിദ്യാഭ്യാസത്തിന് ഏറ്റവും പ്രാധാന്യവും കൊടുത്തിരുന്നു . അമ്മയാകട്ടെ വാത്സല്യവും സ്നേഹവും ഒരുപാടു നൽകിയിരുന്ന സാധ്വി .ജീവിതത്തിൽ ഇന്നത്തെ സുഖസൗകര്യങ്ങളൊന്നും അനുഭവിച്ചിട്ടില്ലാത്ത എല്ലാവരേയും സ്നേഹിക്കാൻ മാത്രമറിയാമായിരുന്ന പാവം .ആരെക്കുറിച്ചും ഒരു പരാതിയും അമ്മ പറഞ്ഞ് കേട്ടിട്ടുള്ള ഓർമ്മ എനിക്കില്ല . ഞങ്ങൾക്കാകട്ടെ ആ സ്നേഹത്തിന് തിരികെയൊന്നും കൊടുക്കുവാനാകാത്ത നിർഭാഗ്യം വഹിക്കേണ്ടിയും വന്നു .
തട്ടുതട്ടായി പല മാടികളായി കിടക്കുന്ന പറമ്പിന്റെ നടുഭാഗത്ത് വീട് .നിരന്നു നീണ്ടു കിടക്കുന്ന പാടങ്ങളും നെൽകൃഷികളും താഴെ .വയൽ വരമ്പിനും പുരയിടത്തിന്റെ അതിരിനുമിടയിൽ ഒഴുകുന്ന ഒരിടത്തരം തോട് .തോട് കുറുകെ കടക്കാൻ തെങ്ങുംതടി ചേർത്തിട്ടിരിക്കുന്ന പാലം . തോട്ടിലൂടെ മിന്നായം വേഗത്തിൽ ഓടിക്കളിക്കുന്ന പരൽമീനുകൾ . വേനൽക്കാലത്ത് മുറ്റത്തെ കിണറ്റിൽ വെള്ളം കുറയുമ്പോൾ നനയ്ക്കാനും കുളിക്കാനും മറ്റും ഉപയോഗിക്കാനായി പാടത്തിനരികിലെ തട്ടിൽ കുത്തിയിരിക്കുന്ന ധാരാളം വെള്ളം എക്കാലവും തരുന്ന കിണർ . വേനലിൽ പാടത്ത് കളികൾ , പശുക്കളെ തീറ്റൽ , ഒക്കെയായി നാട്ടിലെ കുട്ടികളുടെ സംഗമവും . അയൽപക്കങ്ങളാകട്ടെ വിളിപ്പാടകലത്തിനു വെളിയിലും . പറമ്പിൽ അധികവും പലതരം കശുമാവിൻ കൂട്ടങ്ങൾ .......ധാരാളം വെട്ടി മരങ്ങളും ....... കൂറ്റൻ ആഞ്ഞിലിമരങ്ങൾ ,വിവിധയിനം പ്ലാവുകൾ , കുടംപുളി, വട്ട ,മരുതി ,മുരിക്ക് എന്നിവയും ഇരുമ്പൻപുളി , അമ്പഴം ഇത്യാദി ചെറു മരങ്ങളും ദാ മനസ്സിൽ തെളിഞ്ഞു നിൽക്കുന്നു . കൈതക്കാടുകളും കൈതച്ചക്കയും സുലഭം .മറ്റു ചെറുമരങ്ങളിൽ വളർത്തിയിരുന്ന കുരുമുളകു ചെടികളും ധാരാളം .കൃഷിക്കായി തിരിച്ചിട്ടിരിക്കുന്ന സ്ഥലങ്ങളിലാകട്ടെ പ്രധാന കൃഷിയായ കപ്പയും ,ചേമ്പ് ,ചേന , ചെറുകിഴങ്ങ് , വാഴകളും . അക്കാലത്തെ പ്രഭാത ഭക്ഷണമാകട്ടെ കപ്പ വേവിച്ചത് മീൻകറി ,ചെണ്ടമുറിയൻ കപ്പ കാന്താരിച്ചമ്മന്തി , ചക്കപ്പുഴുക്ക് , ചൂടൻ ചേമ്പ് കാച്ചിൽ ചേന പുഴുങ്ങിയത് etc etc. . ഹാവൂ ഇന്നും ഇതൊക്കെ കണ്ടാൽ ഏതു മോഡേൺ ഭക്ഷണവും ഞാൻ മാറ്റിവയ്ക്കും . പിന്നെ കപ്പ ,ശീമച്ചേമ്പ് ,ഏത്തയ്ക്ക ഇത്യാദി സാധനങ്ങൾ ചുട്ടെടുത്ത് ചൂടോടെ മുളകു ചമ്മന്തിയിൽ പച്ചവെളിച്ചെണ്ണ ചേർത്തതും കൂട്ടി കഴിക്കുന്ന രുചി ഇന്നത്തെ ഏതു ഭക്ഷണത്തിനാണു കിട്ടുക ?
അന്നൊക്കെ ഫ്രിഡ്ജ്, മിക്സി, വാഷിംഗ് മെഷീൻ , ഗ്യാസ് ,എന്തിന് പൈപ്പ് ,കറന്റ് കണക്ഷനുകളോ ഇല്ലെന്നോർക്കണം .
അതുകൊണ്ടുതന്നെ ചെയ്യേണ്ടുന്ന ജോലികളുടെ ലിസ്റ്റ് നീണ്ടതാണ് .പശുവിനെക്കറക്കലും ചാണകം വാരലും അതു വേറെ . വെളുപ്പിനെ എണീറ്റ് അടുക്കള ജോലി തുടങ്ങുന്ന അമ്മയുടെ ദിവസം അവസാനിക്കുന്നത് രാത്രി അത്താഴവും വിളമ്പി പാത്രങ്ങളും കഴുകി ,കതകടച്ച് വിളക്കൂതിക്കിടക്കുമ്പോളാണ് .ഇടയ്ക്ക് ആകെയൊരു വിശ്രമം കിട്ടുന്നതും ഉച്ചയൂണു കഴിഞ്ഞ് ഒരു മണിക്കൂറോ മറ്റോ . ഞായറാഴ്ച പള്ളിയിൽ പോകുമ്പോളാണ് മറ്റൊരു ആശ്വാസം .അതിനും മുന്നൊരുക്കങ്ങൾ നടത്തണം . ശനിയാഴ്ച തന്നെ പിറ്റെ ദിവസത്തേക്കുള്ള കറികളൊക്കെ തയ്യാറാക്കി റെഡിയാവും .അങ്ങനെ 40 വർഷങ്ങൾക്കു മുൻപ് ഒരു ഡിസംബർ 4 ശനിയാഴ്ച പിറ്റെ ദിവസം പള്ളിയിൽ പോകാനുള്ള ഒരുക്കങ്ങളെല്ലാം നടത്തി ഉറങ്ങാൻ കിടന്നു എന്റെ പ്രിയപ്പെട്ട അമ്മ . അമ്മയെക്കുറിച്ചോർക്കുമ്പോൾ എന്നെ ഏറ്റവും സ്വാധീനിച്ചിട്ടുള്ളതും ഓർമ്മയിൽ തങ്ങിനിൽക്കുന്നതും അമ്മയുടെ പാവങ്ങളോടുള്ള സഹാനുഭൂതിയും ദാനശീലവുമാണ് . നാട്ടിലുള്ള ധാരാളം പാവപ്പെട്ടവരായ സ്ത്രീകളും മറ്റും അമ്മയുടെ ഈ സ്നേഹം ഒരുപാടനുഭവിച്ചിട്ടുണ്ട് . " താണ നിലത്തേ നീരോടൂ അവിടേ ദൈവം തുണ ചെയ്യൂ "എന്റെ കുഞ്ഞു മനസ്സിൽ അന്നു പതിഞ്ഞതും ഇന്നും മറക്കാനാവത്തതുമായ ഒരു പാഠം . മറ്റൊന്ന് സ്നേഹത്തോടെ അമ്മ ഉണ്ടാക്കിത്തന്നിരുന്ന അച്ചപ്പത്തിന്റെ രുചിയാണ് .
ഇനി പറയാൻ വന്ന കാര്യത്തിലേക്കു കടക്കട്ടെ .ഡിസംബർ 2 വ്യാഴാഴ്ച അർദ്ധരാത്രിയിൽ അമ്മയ്ക്കു കടുത്ത നെഞ്ചുവേദന . ഇന്നത്തെ പോലെ ഉടനെ ആശുപത്രിയിൽ പോകാനുള്ള ചിന്താഗതിയോ സാഹചര്യമോ ഇല്ലായിരുന്നിട്ടായിരിക്കാം രാവിലെ ആസ്പത്രിയിൽ പോകാം എന്നു കരുതി എങ്ങനെയോ നേരം വെളുപ്പിച്ചു . എന്നാൽ നേരം വെളുത്തപ്പോൾ സ്വാഭാവികമായും വേദന ശമിച്ചതുകൊണ്ട് ആസ്പത്രി പോക്ക് ഉപേക്ഷിച്ചു.വെള്ളിയും ശനിയും അമ്മയ്ക്കാദ്യമായി സമ്പൂർണവിശ്രമം.ശനിയാഴ്ച സ്കൂളവധിയായിരുന്നതിനാൽ ഞാനമ്മയുടെ കൂടെത്തന്നെ മുഴുവൻ സമയവും .അപ്പോൾ വ്യാഴാഴ്ചയുണ്ടായ വേദന അമ്മ എന്നോട് പങ്കുവച്ചത് ഇന്നും മായാതെ മനസ്സിൽ . " ഞാനന്ന് മരിക്കാൻ പോകുകയാണെന്ന് കരുതിയത് . അപ്പോ മരിച്ചിരുന്നെങ്കിൽ എന്റെ സങ്കടം ഇക്കാര്യങ്ങളോർത്തായിരുന്നു .ഒന്ന് കുഞ്ഞൂഞ്ഞമ്മയെ ഒന്നു കൂടി കാണാൻ സാധിച്ചില്ലല്ലോ എന്നത് .രണ്ട് എന്റെ കൊച്ച് പത്താം ക്ലാസ്സ് പാസ്സാകുന്നതു പോലും കാണാനാവില്ലല്ലോയെന്നതും, പിന്നെ കൊച്ചിന്റെ കല്യാണം .......... " .കുഞ്ഞൂഞ്ഞമ്മ എന്നു പറഞ്ഞത് അന്ന് മാർത്തോമ്മാ കോളജിൽ പഠിപ്പിച്ചിരുന്ന എന്റെ ചേച്ചി ............. ചേച്ചി അന്ന് വിവാഹിതയായി പത്തനംതിട്ടയിൽ ഭർതൃഗൃഹത്തിൽ .
ഡിസംബർ 4 രാത്രി അത്യാവശ്യ ജോലിയും തീർത്ത് അമ്മ ചേട്ടനു കൊടുക്കാനായി ഒരു ഗ്ലാസ്സ് പാൽ എന്റെ കയ്യിൽ തന്നു വിട്ടു .
എന്നിട്ട് ഉറങ്ങാൻ കിടന്നിരുന്ന അമ്മയുടെ അരികിൽ ഈ ഞാനും .............ഞായറാഴ്ച രാവിലെ പള്ളിയിൽ പോകാൻ തയ്യാറായി കിടന്ന അമ്മ ............ അറ്റാച്ച്ഡ് റ്റോയ് ലറ്റൊന്നും ഇല്ലാത്ത അക്കാലത്ത് വെളുപ്പിന് മൂത്രമൊഴിക്കാനായി ഉണർന്ന ഞാൻ കൂട്ടിനു വരാനായി പോയി വിളിച്ചതാണ് അമ്മയെ .പള്ളിയിലേക്കു തന്നെ കൊണ്ടുപോയി അമ്മയെ .......... ഞായറാഴ്ച തന്നെ ........... പക്ഷേ അമ്മ അതറിഞ്ഞില്ലെന്നു മാത്രം ............ അന്നു വെളുപ്പിന് എന്റെ കയ്യിലേക്കു അമ്മയുടെ നിർജ്ജീവമായ ശരീരത്തിൽ നിന്നും പകർന്ന തണുപ്പിന്റെ അസ്വാഭിവകതയിൽ ഞെട്ടിത്തരിച്ച ആ നിമിഷത്തിന് നാളെ വെളുപ്പാകുമ്പോൾ 40 വയസ്സ് .............. ഇനിയെഴുതാൻ വയ്യ ....:..കണ്ണു നിറയുന്നു .............
4/12/16
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo