Slider

മലയന്റെ വേളി

0

പാട്ടോന്നു പാടും ഞാൻ നാടൻപാട്ട്
കാടിന്റെ മക്കൾ തൻ വേളിപാട്ട്
തമ്പ്രാൻമാർ മൂളും തുടി കൊട്ടും പാട്ട്
മലയത്തിപെണ്ണിന്റെ വേളി പ്പാട്ട്
പാട്ടോന്ന് പാടും ഞാൻ ഊരിൻപാട്ട്
മാമലകൾ പാടുന്ന കാടിൻ പാട്ട്
കല്യാണ കുറിമാനം പാടും പാട്ട്
കബനീടെ തീരങ്ങൾ പാടും പാട്ട്
അച്ഛനാം കബനിയ്ക്കും
അമ്മയാം കാളിയ്ക്കും
ഇലഞ്ഞിപ്പൂ, പാലപ്പൂ, ചെമ്പകപ്പൂ.......
തേനും കിഴങ്ങും
എള്ളും പൂവും
കരിങ്കോഴി പൂവന്റെ കട്ടച്ചോരേം.........
എല്ലാം കൊടുത്തൊരു കുരുതി വേണം
എന്നാലെ കുറിമാനം കൈയ്മാറാവൂ....
കല്യാണ പെണ്ണിന്റെ
പുടവയ്ക്കൊപ്പം
കൊമ്പുകൾ ഒരു ജോഡി
തോലുകൾ രണ്ട്
ജീരകം മൂന്നും
തേനുകൾ നാലും
അത്തികൾ അഞ്ചും
അരികൾ ആറും
ഇലകൾ ഏഴും
പൂവുകൾ ഏഴും
എല്ലാമെടുത്തൊരു താലം ചുമന്നേ
കബനീടെ തീരത്ത് ചെക്കനെത്തും
മലദൈവങ്ങൾക്കായിട്ടു
പെണ്ണും ചുമക്കണം
മാൻതോലും മാൻകൊമ്പും
ഒരു കുപ്പി കള്ളും
പട്ടുകൾ രണ്ടും
വേരുകൾ ഏഴും
ഇഞ്ചിയും മഞ്ഞളും ചന്ദനവും
പുലിനഖമാലയും വീരാളിപ്പട്ടും.....
കല്യാണ ചെക്കന്റെ അരയിൽ ചുറ്റാൻ
മാൻതോലും പുലിത്തോലും അങ്കവാലും
പെണ്ണിന്റെയപ്പൻ ചുമന്നീടണം
അമ്പും വില്ലും ചുമലിലേന്തിക്കൊണ്ടേ
കാട്ടിലെ മൂപ്പന്റെ ആഗമനം
കല്ല്യാണ പെണ്ണിനെ കബനിയിൽ മുക്കി
ഈറനുടുപ്പിച്ച് കുമ്പിട്ടു നിർത്തീട്ട്
കാൽകൾക്കിടയിലൂടമ്പെയ്ത് വീഴ്ത്തുവാൻ
താംബൂല പാത്രങ്ങൾ മുൻപിൽ വെയ്ക്കും
താംബൂലപാത്രത്തിൽ
എടനയില,വട്ടയില, തൂശനില
വെറ്റില,ടക്കയും
പുകലയും നൂറും
ഒത്ത നടുക്കായി ചുട്ടമീനും
മൂപ്പന്റെനുഗ്രഹം കിട്ടിയാൽ ചെക്കൻ
കല്യാണ പെണ്ണിനെ മൂന്നു വലംവെച്ച്
പിൻഭാഗം തന്നിൽ വന്നു നിൽക്കും
വള്ളിയൂർകാവിലെ ദേവിയെ ധ്യാനിച്ച്
ചിട്ടയോടമ്പെയ്ത് താംബൂലം വീഴ്തിയാൽ
കാവിലെ കോമരം ചെല്ലുന്ന നാൾവരെ
തമ്മിലകന്നു കഴിഞ്ഞിടേണം
എന്നാലെ കല്യാണം പൂർണ്ണമാവൂ
പാട്ടോന്നു പാടും ഞാൻ നാടൻപാട്ട്
കാടിന്റെ മക്കൾ തൻ വേളിപാട്ട്
തമ്പ്രാൻമാർ മൂളും തുടി കോട്ടും പാട്ട്
മലയത്തിപെണ്ണിന്റെ വേളി പ്പാട്ട്
പാട്ടേന്നു പാടും ഞാൻ നാടൻ പാട്ട്
കാടിന്റെ മക്കൾ തൻവേളിപ്പാട്ട്
മാമലകൾ പാടുന്ന കാടിൻ പാട്ട്
കബനീടെ തീരങ്ങൾ പാടുംപാട്ട്
ബെന്നി ടി ജെ
11/12 / 2016
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo