Slider

മഴയുടെ തോഴി (ചെറുകഥ)

0

ടിക്കറ്റിൽ ഉള്ള നമ്പർ തപ്പിപിടിച്ച് പതിയെ സീറ്റിലേക്ക് ചാഞ്ഞു.മനസിൽ വല്ലാത്തൊരാകാംഷ പെയ്യാറായി നിൽക്കുന്നു. കാരണവുമുണ്ടല്ലോ! വല്ലപ്പോഴുള്ള ഈ ട്രെയിൻ യാത്രയിൽ അദ്ഭുതങ്ങൾ പതിവാണ്.. എന്റെ നേരെയുള്ള സീറ്റ് ഒഴിഞ്ഞു കിടക്കുന്നു.. അതിൽ തന്നെ പ്രായം മുടിയിൽ വിളിച്ചോതുന്ന ഒരു മുത്തശ്ശനും കാതിൽ വിളിച്ചോതുന്ന മുത്തശ്ശിയും.. ടെയിനിന്റെ ചാഞ്ചാട്ടത്തിനനുസരിച്ച് മുത്തശ്ശിയുടെ കാതുകൾ ഊഞ്ഞാലാടുന്നു.
അതിനിടയിൽ എതിരെയുള്ള സീറ്റിൽ ആളെത്തി..
ആദ്യ നടുക്കം വേദനയിലേക്ക് വഴിമാറി.ഒരു കാലത്ത് നെഞ്ചിലേറ്റി നടന്നവൾ... പുലരിക്കും സന്ധ്യക്കും ആ മുഖമായിരിരുന്നു.. അതെല്ലാം ഒരു കാലം."എന്തെങ്കിലും ഒന്നു പറയാമോ?".. കുറേ കഴിഞ്ഞ് അവൾതന്നെ എന്റെ ചിന്തകൾക്ക് അപായ ചങ്ങലവലിച്ചു.. ''ഒരു മാറ്റവുമില്ലല്ലോ നിനക്ക്, പണ്ടത്തെ അതേ തന്റെടം
ചുറുചുറുക്ക്.. ആ വാചാലത എല്ലാം അതുപോലെ തന്നെ.. ഇതിനിടയിൽ എങ്ങോട്ടാണ് യാത്രയെന്നും ഞാൻ സ്ഥലം പറഞ്ഞപ്പോൾ ഹാവൂ എന്നൊരു ഭാവം മുഖത്ത് വിരിഞ്ഞെത് കണ്ടില്ലെന്ന് നടിച്ചു..
പുറകിലേക്ക് മറയുന്ന കാഴ്ചകളേക്കാൾ വേഗത്തിൽ ഓർമകൾ പിന്നിലേക്ക് പാഞ്ഞു.. പരിചയപ്പെട്ട ആ ദിനത്തിനും ഉണ്ടായിരുന്നു പ്രത്യേകത ആ വർഷത്തെ മഴയും അവളും ഒരേദിവസത്തിലാണ് ജീവിതത്തിലേക്ക് വന്നത്..
ഇടക്കിടെ പുറത്തു നോക്കുന്നതിനിടയിൽ പാളിയ ചില നോട്ടങ്ങൾ കണ്ണിലേക്ക് പതിക്കും.ആ കണ്ണിലെ ഭാവം തിരിച്ചറിവാൻ ഇന്നും എനിക്കു കഴിയുന്നില്ല.പിടി തരാത്ത ഒരു ജൻമം എന്നു മനസ്സിൽ പറഞ്ഞു. അതുകേട്ടാലെന്നപ്പോലെ അവളുടെ മുഖം ഒന്നു മുറുകി...
"ഭാര്യ എന്തു ചെയ്യുന്നു?കുട്ടികൾ?" പിന്നെയും അവളുടെ ചോദ്യശരങ്ങൾ കാതിൽ തറച്ചുകൊണ്ടിരുന്നു."ഞാൻ കല്യാണം കഴിച്ചിട്ടില്ല." ഒരൽപ്പം ശബ്ദം ഉയർന്നിട്ടാവണം എതിരെ ഇരുന്ന മുത്തശ്ശനും മുത്തശ്ശിയും അവരുടെ സംസാരം നിർത്തി ഞങ്ങളെ ഒന്നുനോക്കി. ദേഷ്യത്തിനു മാത്രം ഒരു കുറവുമില്ല എന്നു പറഞ്ഞ് തലവെട്ടിച്ച് അവൾ കാഴ്ചകളിൽ മുഴുകി.പിന്നെയും പോയകാലത്തിലേക്ക്.ഒരിക്കൽ അവളുടെ കൈപ്പടയിൽ എഴുതിയ ഒരു കത്ത് എന്നെ തേടിയെത്തി.. ഒരു പെൺകുട്ടി ആരേയോ കാത്തിരിക്കുന്ന കഥയായിരുന്നു അത്. പിന്നീടുള്ള കണ്ടുമുട്ടലിൽ ഞാനാവിഷയം എടുത്തിട്ടു." ആർക്കെങ്കിലും വേണ്ടി കാത്തിരിക്കുന്നുണ്ടോ " എന്റെ ചോദ്യത്തിനു ഇല്ലെന്നായിരുന്നു മറുപടി.
കാറ്റിനേക്കാൾ വേഗത്തിൽ കാലം പോയ്കൊണ്ടിരുന്നു. അപ്പോഴേക്കും മാനസികമായി എന്തോ ഒരടുപ്പം പരസ്പരം തോന്നിയിരുന്നു.എനിക്കെന്തെങ്കിലും അസുഖമാണെന്നറിഞ്ഞാൽ ഉച്ചവരെ ഉറങ്ങുന്ന മടിച്ചി നേരത്തെ എണീറ്റ് അമ്പലത്തിൽ പോയത് തെല്ലൊന്നുമല്ല എന്റെ മനസ്സിനെ അമ്പരപ്പിച്ചത്.. താമസിയാതെ പ്രണയം തോന്നി തുടങ്ങി അവളോട്. എങ്ങനെ പറയും ആദിവസങ്ങളിൽ ഉറക്കം കളഞ്ഞ ചിന്തയായിരുന്നു അതെന്ന് ഇന്നും ഓർക്കുന്നു...
"ചായ വേണോ, അവളാണ് ഒരു ഗ്ലാസ് എനിക്ക് നേരെ പിടിച്ചാണ് ചോദ്യം, സാധാരണ ട്രയിനിൽ നിന്നും കഴിക്കാറില്ല എങ്കിലും അതുവാങ്ങി ഗ്ലാസിന്റെ വക്കിൽ ചുണ്ടമർത്തി മൊത്തി കുടിച്ചു.
നേരം സന്ധ്യയായിരിക്കുന്നു. നിരയായ് പറക്കുന്ന കൊറ്റികൾ വയലുകൾക്കുമുകളിൽ ചിത്രം വരച്ചു. അസ്തമയ സൂര്യൻ അവക്ക് ചായം നൽകി. അതു നോക്കി നിൽക്കേ മനസ്സ് ഓർമകളിൽ മുങ്ങാംകുഴിയിട്ടു.അപ്പോഴേക്കും നന്നായി പരിചയപ്പെട്ടിരുന്നു അവളെ, അച്ഛനും ചേട്ടനും പഠനത്തിനും ജോലിക്കുമായി പുറത്താണ്.. അതിനാൽ തന്നെ ഒറ്റക്കുവളർന്നതിന്റെ പക്വത പ്രകടമായിരുന്നു.. ഒരിക്കൽ വീണ്ടും ആ ചോദ്യം എടുത്തിട്ടു " കാത്തിരിക്കാൻ ഇതുവരെ ആളായില്ലെങ്കിൽ ആ ഒഴിവിലേക്ക് ഞാനൊരു അപേക്ഷ അയച്ചോട്ടെ അമ്മു എന്ന് " എന്തിനധികം പറയുന്നു അതിൽ അവൾ സമ്മതമറിയിച്ചു. അച്ഛൻ അമ്മ ചേട്ടൻ ഇവർ സമ്മതിച്ചാൽ സമ്മതമാണ് നൂറുവട്ടമെന്ന്.. അതിൽ പിന്നെ ജീവിതം സന്തോഷം തിരതല്ലി.
"കുറേ നേരമായല്ലോ അലോചന", ഉവ്വ് ഓർക്കാൻ ഒരുപാടുണ്ടല്ലോ എന്ന എന്റെ മറുപടി അവളുടെ വായടപ്പിച്ചു.. കാന്താരിയെ ശുണ്ടി പിടിപ്പിക്കാൻ പണ്ടേ ഇഷ്ടമാണല്ലോ എനിക്ക്..ചിലപ്പോഴോക്കെ എനിക്ക് തോന്നാറുണ്ട് എന്നെക്കാൾ വട്ടുണ്ടോ ഇവൾക്കെന്ന്.. ഒരിക്കൽ പറയുകയുകയുണ്ടായി എന്നെ കെട്ടിയാൽ ആ രാത്രി മഴ പെയ്യണം, ബൈക്കുമെടുത്ത് രണ്ടും കൂടി ആ നനയണം, ആ രാത്രി മഴക്കായ് നൽകണം,വെളുപ്പിനു കേറിവരുമ്പോൾ അമ്മയുടെ വഴക്ക് കേൾക്കണം, അന്നുതന്നെ പനി പിടിക്കണം.ആ പനിചൂടിലും ഏട്ടന്റെ നെഞ്ചിൽ കിടക്കണം. ഇതെല്ലം ഓർത്തപ്പോൾ അറിയാതെ കണ്ണുനിറയുന്നുണ്ടായിരുന്നുപെട്ടെന്ന് കാര്യങ്ങൾ മാറി മറഞ്ഞു.അന്നത്തെ വഴക്ക് അൽപ്പം കൂടുതലായി പോയിരിക്കാം. ഇനി എന്നെ കാണില്ല അന്വേഷിക്കരുതെന്നായിരുന്നു അവസാനമായി ലഭിച്ച text.. അന്വേഷിച്ചപ്പോൾ വീടുമാറി എന്നറിഞ്ഞു... വിരഹമെന്തെന്നറിഞ്ഞ നാളുകൾ.. ജോലിയിലോ ഒരു കാര്യത്തിലും ശ്രദ്ധിക്കാൻ കഴിയാത്ത അവസ്ഥ.. എല്ലാം കീഴിൻമേൽ മറിഞ്ഞു. വേദന കൂട്ടുകിടക്കാൻ വന്നെത്തിയ രാവുകൾ..
വർഷങ്ങൾക്ക് ശേഷം ഈശ്വരൻ വീണ്ടുമെന്റെ മുന്നിൽ അവളെ എത്തിച്ചിരിക്കുന്നു.. അവളും ചിന്തയിലാണെന്നു തോന്നി, പിന്നെ അധികം സംസാരിച്ചില്ല. ബെർത്ത് നേരെയാക്കി കിടന്നു ..
'"ഗുഡ് നൈറ്റ്", "ഗുഡ്‌ നൈറ്റ് "
പിറ്റേന്ന് ഇറങ്ങാനുള്ള സ്റ്റേഷൻ എത്താറായി അവളും ഞാനും സാധാനങ്ങളെല്ലാം അടുക്കിവച്ചു. അവളുടെ ലഗേജ് കൂടുതലുള്ളതുകൊണ്ട് ഞാൻ കൂടി സഹായിച്ചു..വീണ്ടും വിടപറയാനുള്ള വേദി.അതു സുഹൃത്തായാലും സ്നേഹിച്ച ആരായാലും വേദന തന്നെയാണ്.നുരഞ്ഞു പൊന്തിയ സങ്കടകടലിനു മേൽ പ്രസന്നതയുടെ മുഖംമൂടി അണിഞ്ഞ് "പിന്നെ കാണാം.. " എന്നുള്ള വാക്കിൽ എല്ലാം ഞാൻ ഒതുക്കി.. മൗനമായൊരു തലയാട്ടലായിരുന്നു മറുപടി.
നടക്കാൻ തുടങ്ങിയപ്പോൾ ഒരു പിൻവിളി
" എട്ടാ! അന്നു തന്ന അപേക്ഷ സൂക്ഷിച്ചുവച്ചിട്ടുണ്ട്.. ഇതുവരെ മറ്റൊരു ജോലി ആയില്ലെങ്കിൽ വേറെയാർക്കും അപേക്ഷ കൊടുത്തിട്ടില്ലെങ്കിൽ ഒരിക്കൽ വീട്ടിലേക്ക് വന്ന് ഇന്റർവ്യൂ അറ്റന്റ് ചെയ്യാം.. ഞാനിതുവരെ വേറെ അപേക്ഷകൾ സ്വീകരിച്ചിട്ടില്ല"
ആദ്യം പറഞ്ഞതുപോലെ ഈ ട്രെയിൻ യാത്രയും ഒരദ്ഭുതം സമ്മാനിക്കുന്നതായി തോന്നി..
ശുഭം
അരുൺ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo