Slider

സമ്മാനം (കഥ):

0

കടലിൽ തിരകൾ ശക്തമായിരുന്നു. സാധാരണ ഈ തീരത്ത് ശക്തി കുറഞ്ഞ തിരകളാണ് ഉണ്ടാവാറ്. രണ്ട് ദിവസം മുമ്പാണ് കടലിനുളളിലെ ഏതോ പ്രതിഭാസം കാരണം, ഇവിടെ നിന്നും ഒരു കിലോമീറ്ററോളം അകലെ മത്സ്യത്തൊഴിലാളികൾ കുടിൽ കെട്ടിത്താമസിക്കുന്ന ഭാഗത്ത് ഒരു മുന്നറിയിപ്പുമില്ലാതെ കടൽകയറി വന്ന് ഏതാനും കൂരകളൊക്കെ മുക്കിക്കളഞ്ഞത്.അതിൽ പിന്നെയാണ് ഈ തീരത്ത് തിരകൾശക്തമായത്.
"രവീട്ടാ...എന്ത് രസാല്ലേ...ഈ തിരകൾ. എത്ര ആസ്വദിച്ചാലും കൊതി തീരില്ല... ല്ലേ.. ഈ കടലിനെ? രവീട്ടാ...ദേ നോക്ക് ആകാശം എത്ര സുന്ദരാ... എന്ത് നല്ല വർണ്ണചിത്രം...നിമിഷങ്ങൾ കൊണ്ട് ഈ ആകാശം എത്ര വർണ്ണചിത്രങ്ങളാ വരയ്ക്കുന്നത്... ഏറ്റവും വലിയ കലാകാരനും സൗന്ദര്യാസ്വാദകനും പ്രകൃതി തന്നെയാല്ലേ...രവീട്ടാ....ദേ.. കടലിപ്പം ഉപ്പിലിടും നമ്മുടെ സൂര്യനെ.. കടലിങ്ങനെ ദിവസവും ഉപ്പിലിടുന്നത് കൊണ്ടായിരിക്കും സൂര്യൻ കേടാവാത്തത്.. ല്ലേ..രവീട്ടാ..ഇന്ന് ഞാനൊരു കവിത എഴുതും. തീർച്ച.."
എന്റെ കൈ പിടിച്ച് സാവധാനം മണൽ വിരിപ്പിലൂടെ നടന്നു കൊണ്ട് ,എത്രയോ വട്ടം കണ്ടിട്ടും ആദ്യമായി കാണുന്നത് പോലെ ഈ കടലിനെ കുറിച്ചും ആകാശത്തെക്കുറിച്ചും ഒരു കവിത ഒഴുകും പോലെ സംസാരിക്കുന്ന ഈ പെൺകുട്ടി എന്റെ മുറപ്പെണ്ണാണ്.കവിത എഴുതും എന്നിവൾ പറഞ്ഞത് വെറുതെയല്ല. ഫേയ്സ്ബുക്കിലെ സാഹിത്യ ഗ്രൂപ്പുകളിലൊക്കെ നന്നായി കവിതകളെഴുതാറുണ്ടിവൾ.
ഞങ്ങൾ ചെറുപ്പം മുതലേ ഒന്നിച്ചു കളിച്ചു വളർന്നവരാണ്.മുതിർന്നപ്പോൾ ഞങ്ങളുടെ സൗഹൃദം പ്രണയത്തിലേക്ക് വഴിമാറി. വീട്ടുകാരും ഞങ്ങൾ ഒരുമിക്കുന്നതിൽ സന്തുഷ്ടരായിരുന്നു.അവർ അടുത്തമാസം പതിനെട്ടാം തിയ്യതിയിലേക്ക് ഞങ്ങളുടെ വിവാഹം ഉറപ്പിച്ചിരിക്കുകയാണ്.
പക്ഷേ ഞങ്ങളുടെ വിവാഹം നടക്കില്ല. അഥവാ നടക്കാൻ പാടില്ല. എനിക്ക് മാത്രം അറിയാൻ പാടുള്ള ഒരു പരമരഹസ്യമാണ് അത്.
ഇടക്കിടെ നാട്ടിൽ വരാറുണ്ടെങ്കിലും കഴിഞ്ഞ മൂന്ന് വർഷത്തോളമായി ഞാൻ ഡൽഹിയിലായിരുന്നു. ഒരു പ്രശസ്ത ട്രാവൽ കമ്പനിയുടെ ടൂറിസ്റ്റ് ഗൈഡായിട്ട്. ഒട്ടേറെ വിനോദയാത്രികർക്ക് വഴികാട്ടിയായി ഞാൻ പ്രവർത്തിച്ചിട്ടുണ്ട്.
വിദേശ ടൂറിസ്റ്റുകളുടെ ഒരു സംഘത്തിലാണ് ഒരിക്കൽ, താനൊരു ജർമ്മൻകാരിയാണെന്നു സ്വയം പരിചയപ്പെടുത്തിയ 'ഇലോന ബർക്കി'നെ ആദ്യമായി കണ്ടത്.ചുവന്നു തുടുത്ത നിറവും സ്വർണ്ണത്തലമുടിയും ചാരനിറത്തിലുള്ള കണ്ണുകളുമുള്ള ഒരു സുന്ദരി.
അവൾ താൻ താമസിക്കുന്ന ഹോട്ടലിലേക്കെന്നെയൊരിക്കൽ ക്ഷണിച്ചു. അതൊരു പ്രലോഭനമായിരുന്നെന്ന് അന്നെനിക്കു മനസ്സിലായില്ല.മാതകത്വം തുളുമ്പുന്ന വടിവൊത്ത ശരീരവുമായി ഒരു പെണ്ണ് കെ കുമ്പിളിൽ എന്നപോലെ... ഏത് പുരുഷനും വീണു പോകും അതേ എനിക്കും സംഭവിച്ചുള്ളൂ.
ഒരിടവേളയിൽ, മുറിയുടെ ചുവരിലെ സ്റ്റാന്റിൽ തൂക്കിയിട്ടിരുന്ന എന്റെ ജീൻസ് സ്വാതന്ത്രത്തോടെ അവൾ എടുത്തു. അവളുടെ ഓരോ ചലനവും കൗതുകത്തോടെ നോക്കിക്കാണാൻ എനിക്കു താൽപര്യം തോന്നി. ജീൻസിന്റെ പോക്കറ്റിൽ നിന്നും അവളെന്റെ പെഴ്സ് തപ്പിയെടുത്തു.
പെഴ്സിൽ നിന്നും പണമൊന്നുമെടുക്കാൻ അവൾ ശ്രമിച്ചില്ല. എന്റെ അഡ്രസ് കാർഡെടുത്ത് പേരും വിലാസവും ഫോൺ നമ്പറും വായിച്ചു.പിന്നെ അതവൾ അവളുടെ ടെച്ച് ഫോണിലേക്ക് ടൈപ്പ് ചെയ്തു.
വിളിക്കാം കാണാം എന്ന് പറഞ്ഞ് പോയ അവളെ പിന്നീടൊരിക്കലും ഞാൻ കണ്ടിട്ടില്ല. വിളിയും വന്നില്ല... ആഗ്രഹിച്ചതുമില്ല.
ആ ഒരു ദിവസത്തെ വീഴ്ച ഓർത്ത് പിന്നീട് മനസ്സെത്രയോ കരഞ്ഞിട്ടുണ്ട്. തന്നെ ജീവനെക്കാളേറെ സ്നേഹിക്കുന്ന
നന്ദിനിക്കുട്ടിയെ വഞ്ചിച്ചെന്ന കുറ്റബോധം.
ഇനിയൊരിക്കലും ഇതേ പോലുള്ള തെറ്റുകൾ ആവർത്തിക്കില്ലെന്ന് ഉറപ്പിച്ച് നന്ദിനിക്കുട്ടിയോട് പതിവിലും കൂടുതൽ ഫോണിൽ സംസാരിക്കാനും ചാറ്റ് ചെയ്യാനും അവളുടെ കവിതകളെ പുകയ്ത്താനും സമയം കണ്ടെത്തി വീഴ്ച മറക്കാൻ ശ്രമിച്ചുകൊണ്ടേയിരുന്നു.
വിവാഹത്തിനായി നാട്ടിലേക്ക് തിരിക്കാനിരുന്നതിന്റെ പത്ത് ദിവസം മുമ്പ് ഫോണിലെ മെസേജ് ബോക്സിൽ കുറെ മെസേജുകൾക്കിടയിൽ ഒരു മെസേജ് എന്റെ ശ്രദ്ധയിൽപ്പെട്ടു.
തിടുക്കത്തിൽ ഞാനാ മെസേജ് വായിച്ചു.
"WELCOM TO OUR AIDS CLOB"
ഒരു വല്ലാത്ത നടുക്കത്തോടെ ഞാനാ വാക്കുകൾ ഒരാവർത്തികൂടി വായിച്ചു.
പേടിപ്പിക്കുന്ന ആ സന്ദേശത്തിനു താഴെ 'എന്ന് ഇലോന ബർക്ക് ' എന്നും എഴുതിയിരുന്നു. ആ ദുർബല നിമിഷത്തിൽ ഒരു മുൻകരുതലിനെ കുറിച്ച് പോലും ചിന്തിച്ചില്ലല്ലോ എന്ന് ഞാനപ്പോൾ സങ്കടപ്പെട്ടു.
അപ്രതീക്ഷിതമായി എന്നെത്തേടിയെത്തിയ ആ സന്ദേശം ഒരു മരണ ദൂത് പോലെ എനിക്കു തോന്നി. അതെന്റെ സ്വസ്ഥതയാകെ മരവിപ്പിച്ചു കളഞ്ഞു. വല്ലാത്തൊരു പരിഭ്രമം എന്നെ കീഴടക്കി. ഞെട്ടലുളവാക്കുന്ന ഒരു ഭീതി എന്നിൽ പടർന്നു കയറി.
വളരെ രഹസ്യമായാണ് ഞാനെന്റെ രക്ത പരിശോദന നടത്തിയത്.ആ ബ്ലഡ് റിസൾട്ട് എന്നെ ആകെ തളർത്തിക്കളഞ്ഞു.
'എച്ച്.ഐ.വി.പോസിറ്റീവ് '
നാട്ടിലേക്ക് വരാതെ ഡൽഹിയിൽ നിന്നു തന്നെ ജീവിതം അവസാനിപ്പിക്കാമെന്നുറപ്പിച്ചു.
പക്ഷേ നന്ദിനിക്കുട്ടിയുടെ സ്നേഹാന്വേഷണങ്ങളും ഉള്ളിലവളോടുള്ള സ്നേഹവും എന്റ നന്ദിനിക്കുട്ടിയെ അവസാനമായി ഒന്നു കാണണമെന്നുള്ള
അതിയായ ആഗ്രഹവും എന്നെ നാട്ടിലെത്തിച്ചു.
"ഈ രവീട്ടനെന്താ... ഒന്നും മിണ്ടാത്തത്. പഴയ മൂഡൊക്കെ എവിടെ ? ഈ കടപ്പുറത്ത് നമ്മൾ പലവട്ടം വന്നതല്ലേ... രവീട്ടന്നല്ലായിരുന്നോ എന്നെക്കാൾ കൂടുതൽ സംസാരിക്കാറ്. പിന്നെ എന്താ ഇന്ന് ...... എന്നാപ്പിന്നെ എന്തിനായിരുന്നു കൂട്ടിപ്പോന്നത്...? എനിക്ക് മുഷിയുന്നു.. "
അവൾ മുഖം വീർപ്പിച്ചു.
എന്തിനെങ്കിലും പിണങ്ങി മുഖം വീർപ്പിക്കുമ്പോൾ അവളെ പിടിച്ച് തന്നിലേക്കടുപ്പിച്ച്, കുതറുമ്പോൾ ബലം പ്രയോഗിച്ച് ആ കണ്ണാടിക്കവിളിൽ ഒരുമ്മ കൊടുക്കും. അതോടെ പിണക്കവും തീരും.
ഒരുമിച്ച് നടന്നാലോ കെട്ടിപ്പിടിച്ചാലോ ചുംബനത്തിലൂടെയോ ഒന്നും ഇത് പകരില്ലെന്നറിയാമായിരുന്നിട്ടും അവളുമായി കൂടുതൽ അടുത്തിടപഴകാൻ എന്തോ മനസ്സിലൊരു പേടി.
"കല്ല്യാണം അടുത്തതിന്റെ ടെൻഷനാണോ ? ഡൽഹീന്ന് വന്നപ്പഴേ ഞാൻ ശ്രദ്ധിക്കുന്നു രവീട്ടന് പഴയ ഒരു ഉഷാറുംല്ല...ഇതാ ഇനി ഇരുപത് ദിവസേ ഉള്ളൂട്ടോ... ന്നിട്ട് ശെര്യാക്കിത്തരാം ഞാൻ രവീട്ടിനെ..."
എന്താണ് ഞാനിവളോട് പറയുക. നമ്മുടെ അവസാന കൂടിക്കാഴ്ചയാണിതെന്നോ ? ഒരിക്കലും എന്റെയും നിന്റെയും വിവാഹം നടക്കില്ലെന്നോ ? നടക്കാൻ പാടില്ലെന്നോ ?.....
അവസാനമായി അൽപ നേരം ഇവളോടൊപ്പം ചിലവയിക്കുക എന്ന ഒരു ആഗ്രഹം മാത്രമാണ് ഇങ്ങോട്ട് അവളെയും കൂട്ടി പോന്നത്.
"വാ.. മതി... നമുക്ക് പോകാം എനിക്കൊരു തലവേദന "
ഞാനൊരു നുണ പറഞ്ഞു.
"തലവേദന ഉണ്ടായിരുന്നേൽ എന്തിനായിരുന്നു പോന്നത്.. ഈ വെയിലും കടൽക്കാറ്റുമെല്ലാം കൊണ്ടാൽ അധികമാവില്ലേ..."
അവളുടെ സ്നേഹവും കരുതലും.
"വരുമ്പോൾ ഇല്ലായിരുന്നു.. ഇപ്പോ തുടങ്ങിയതാ..."
"എന്നാൽ നമുക്ക് വേഗം പോകാം വീട്ടിൽ പോയി കിടന്നോളൂ... വാ..."
അവൾ കൈ പിടിച്ച് മുന്നേ നടന്നു കഴിഞ്ഞു.
ടൂ വീലർ അവളുടെ വീടിനു മുന്നിൽ നിർത്തി അവളെ ഇറക്കിവിട്ടു. അപ്പോൾ മനസ്സ് ഇപ്പോൾ പൊട്ടിപ്പോകും എന്ന മട്ടിൽവിങ്ങുന്നുണ്ടായിരുന്നു .
"രവീട്ടൻ വീട്ടിലേക്ക് കയറുന്നില്ലേ.... "
"ഇപ്പോഴില്ല .നാളെ വെരാം..."
ടൂ വീലർ ഓടിച്ചു മുന്നോട് നീങ്ങി.
ഇപ്പോൾ എനിക്കൊരു കടുംബമുണ്ട്. ബന്ധുക്കളുണ്ട് സുഹൃത്തുക്കളുണ്ട് സ്നേഹിക്കാനാളുകളുണ്ട്. എല്ലാത്തിലുമുപരി നന്ദിനിക്കുട്ടിയുണ്ട്. 'ഇലോന ബർക്ക് ' എന്ന വഞ്ചകി എനിക്കു സമ്മാനിച്ച ദുരന്തം അതികകാലം രഹസ്യമാക്കി വെക്കാൻ എനിക്കു കഴിഞ്ഞെന്നു വരില്ല. മാത്രമല്ല എന്റെയും നന്ദിനിക്കുട്ടിയുടെയും വിവാഹം നടക്കാനും പാടില്ല. ഞാൻ കാരണം ഒരു പാവം പെണ്ണുകൂടി.....
എന്റെ ദുരന്തം പുറം ലോകമറിഞ്ഞാൽ എല്ലാം തകരും വീട്ടുകാരെയും ബന്ധുക്കളെയും സുഹൃത്തുക്കളെയും നഷ്ടമാവും. എല്ലാവരുമെന്നെ വെറുക്കും. നന്ദിനിക്കുട്ടി പോലും.... അത് സഹിക്കാൻ കഴിയില്ല .അത് പാടില്ല. അതിനൊറ്റ വഴിയേ ഉള്ളൂ ആത്മഹത്യ. ആത്മഹത്യയാണെന്ന് ആരും അറിയാൻ പോകുന്നില്ല. ഒരപകട മരണം. റോഡപകടം... രവിചന്ദ്രന്റെ മരണം ലോകം അങ്ങിനെ അറിയട്ടെ.
അതാ മുന്നിൽ നിന്നും ഒരു ടാങ്കർ ലോറി കുതിച്ചു വരുന്നുണ്ട്. ഞാനും നല്ല സ്പീഡിലാണ്. പെട്ടെന്നിതാ ഞാൻ വണ്ടി വെട്ടിച്ച് ലോറിക്കു നേരെ പിടിച്ചു കഴിഞ്ഞു.നിമിഷങ്ങൾക്കകം പൊട്ടിപ്പിളർന്നതല ,നുറുങ്ങിയ എല്ലുകൾ, രക്തത്തിൽ കുതിർന്ന ചലനമറ്റ ഒരു
'ശവം '.
"""""""""""""""""”"""""""""""""""""
ഡിസംബർ - 1 - ലോക എയ്ഡ്സ് ദിനം.
(വർഷങ്ങൾക്ക് മുമ്പ് എവിടെയോ വായിച്ച (മാതൃഭൂമിയാണെന്ന് സംശയം) ഒരു ലേഖനത്തെ ആസ്പദമാക്കി എഴുതിയത് .)
ഷാനവാസ്.എൻ, കൊളത്തൂർ.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo