മത്തായി ഒരു കൂലിപ്പണിക്കാരനായിരുന്നു, കൃഷിപ്പണി, (അന്നൊന്നും കർഷകത്തൊഴിലാളി എന്ന ഒരു പദം ആർക്കും കേട്ടറിവുപോലുമില്ല) പണിയില്ലാത്തപ്പോൾ കൊഴലമന്നത്തൊ വാണിയൻകുളത്തോ ഒക്കെ ചന്തക്കു പോകും, ചിലപ്പോൾ പെരുമ്പിലാവിലും. പലതരത്തിലുള്ള കന്നുകാലികളെ കാണാം . അയാൾക്കു കന്നുകാലികളോട് അത്രയ്ക്ക് ഇഷ്ടമായിരുന്നു. കൊമ്പുകൾക്കിടയിൽ ചെറിയ ശംഖും, കഴുത്തിൽ കല്ലയും കമ്പിളിച്ചരടും ഒക്കെയായി അവയെ കാണാൻ നല്ല രസമായിരുന്നു. ചിലപ്പോൾ മന്ത്രിച്ചു കെട്ടിയ ചരടും ഒലേലെഴുതിയതും ഒക്കെ കാണാറുണ്ട്. കണ്ണ് തട്ടാതിരിക്കാനാണത്രെ!
മുമ്പൊരിക്കൽ ഒരു പോത്ത് നാവു കടിച്ചു കണ്ണ് തുറിച്ചിരിക്കണത് കണ്ടതില്പിന്നെ അറക്കുന്നിടത്തേക്കയാൾ നോക്കാറില്ല.
പുതുമഴ പെയ്തു കഴിഞ്ഞാൽ പിന്നെ എന്തൊരു തിരക്കാണെന്നോ, ചിലപ്പോഴൊക്കെ കച്ചവടം മുറിക്കാൻ ഇടപെടാറുണ്ട്, അതിനെന്തെങ്കിലും ഒക്കെ കിട്ടും, അതൊരു പൊരുത്തുകാശായിയോ, ഒരു മുഖ്യ വരുമാനമായോ മത്തായി കണക്കാക്കിയിരുന്നില്ല
കാളപൂട്ട് അഥവാ കന്നു തെളി ഒരു നേരമ്പോക്കായിരുന്നു അന്ന് കർഷകർക്കിടയിൽ.
അവയെ വെള്ളം തെറിപ്പിച്ചു തല്ലുന്നത് മാത്രം അയാൾക്കിഷ്ടമല്ലായിരുന്നു
അങ്ങനെ, ഒരിക്കൽ മാത്തായിക്കും ഒരു തോന്നൽ , ഒരു ഏറ്* കന്നു* വാങ്ങുവാൻ
കന്നു ചന്തകളിൽ പലപ്പോഴും പോയിട്ടുള്ള മത്തായി അവിടെ വരുന്ന പൊരുത്തു*കാരുടെ വർത്തമാനങ്ങളിൽ ആകൃഷ്ടനായിരുന്നു .
ചന്തയിലെ പതിവ് സന്ദർശകരായിരുന്ന ഐദ്രുവിനോടും ചാത്തക്കുട്ടിയോടും മാടയോടും ഒക്കെ അയാൾ തന്റെ ആഗ്രഹം പറഞ്ഞു,
എണ്ണം പറഞ്ഞ കാളകൾ ദുർലഭമായേ ചന്തയിൽ എത്താറുള്ളൂവത്രെ.
ഏതാണ്ട് അഞ്ചാറു മാസം കഴിഞ്ഞ്, ഒരു ചന്തക്കു വന്നപ്പോൾ ചാത്തക്കുട്ടി ഒരാളെ മത്തായിക്ക് പരിചയപ്പെടുത്തി, പേര് കലന്തർ.
"മൂപ്പരുടെ പരിശക്കാരൻ* ഒരാളുടെ അടുത്തു ഒരു കൂട്ട്* കന്നുണ്ടത്രേ, നല്ല ചൊറുക്കുള്ളതാ. കോലുപോലും വേണ്ട തെളിക്കാൻ, വിളിച്ചാൽ അവടെ കേക്കണ യാദ്യാ "
" നല്ല എണ്ണ കിനിയണ പോലത്തെ ഒടലാ,” കാലന്തർ കാളകളുടെ ബാക്കി ഗുണങ്ങളോരോന്നും പറഞ്ഞു, ഒന്നൊഴിയെ.
അടുത്ത തിങ്കളാഴ്ച തന്നെ അവർ കന്നിനെ കാണാൻ നിശ്ചയിച്ചു .
തകൃതിയായി ഒരുക്കങ്ങളൊക്കെ നടത്തി,
പറഞ്ഞപോലെ കലന്തർ തൃത്താല കടവത്തുണ്ടായിരുന്നു . ചാത്തക്കുട്ടിക്ക് എതാൻ കഴിഞ്ഞില്ല, മരുമകളെ പേറ്റിനു കൊണ്ട് പോകാൻ അവളുടെ വീട്ടുകാര് വരുന്നുണ്ടത്രേ . അതുകൊണ്ട് വരാൻ പറ്റില്ലെന്നു മാട പറഞ്ഞു. മത്തായിക്ക് ചാത്തക്കുട്ടിയെ ആയിരുന്നു കൂടുതൽ വിശ്വാസം.
അക്കരെയുള്ള പട്ടായത്ത് കോന്തുണ്ണിനായരുടെ വീട്ടിലായിരുന്നു കന്നുകൾ.
പുഴയിൽ വെള്ളം കുറവായതിനാൽ പകുതിക്കു ചെല്ലണം തോണി കയറാൻ, മത്തായി ഉത്സാഹിച്ചു നടന്നു, മാടയും ഒപ്പമെത്താൻ വലിഞ്ഞു നടന്നു, കലന്തരൊപ്പമെത്തുന്നില്ലായിരുന്നു.
"തോണിയിൽ ആള് കൊറവാ , തോണിക്കാരൻ കാത്ത് നിക്കും " കലന്തർ പറഞ്ഞു.
നേരത്തെ കലന്തർ പറഞ്ഞതനുസരിച്ചു നായർ കന്നിനെ കഴുകി നിർത്തിയിട്ടുണ്ടായിരുന്നു.
"മിനുസം* എണ്ണ പെരുമാറിയിട്ടുണ്ടോ ന്നൊരു സംശം " കലന്തരോടായി മത്തായി രഹസ്യം പറഞ്ഞു
'ങ്ങക്കെന്തിന്റെ പോഴത്താ ന്റെ ങ്ങളെ, ന്നാ ങ്ങ ളീ മന്ഷ്യകുട്യോള്ടെ മേല ക്കൊന്നു നോക്കിൻ, അതുണ്ടെങ്കിൽ ഇബിറ്റിന്റെ മേലു തേക്കില്ല്യേ" കലന്തർ തീരെ ശബ്ദം കുറച്ചല്ല അങ്ങിനെ പറഞ്ഞത്,
മത്തായിക്ക് 'അയ്യതാടാ' ന്നായി .
“ഊർച്ചക്കു* പോണെന്റെ രണ്ടാഴ്ച മുമ്പ് തൊടങ്ങി ദിവസും അതിരാവിലെ ഇര്ന്നാഴി മുതിരേം ഇരുന്നാഴി നെല്ലും പുഴുങ്ങ്യത് ഇടിച്ചു കൊടുക്കും , ആഴ്ചക്കു ഒരു കോഴി രണ്ടിനും കൂടി, അതില് യ്ക്ക് നാഴി നല്ലെണ്ണ. ദൈവം സഹായിച്ച് അതൊക്കെ പ്പോ വീട്ടില് ണ്ടെ . " അയാൾ തീറ്റ ക്രമം പറഞ്ഞു. "പിന്നെ, ഊർച്ച കഴിഞ്ഞാൽ അരി ഇടിച്ചകഞ്ഞി. തീറ്റെം വെള്ളും ഒക്കെ നന്നായി കൊടുക്കും, കുട്ട്യോള് പഷ്ണി കെടന്നാലും ഇബിറ്റ്ന്റെ കരച്ചില് കേക്കാൻ വയ്യേ "
“ന്നാ പിന്നെ എന്തിനാ പ്പോ കൊടക്കണേ ന്നാവും ല്ലേ ?"
കോന്തുണ്ണ്യരുടെ വർത്തമാനം അബദ്ധമാവുമോ എന്ന് കരുതിയിട്ടാവണം കലന്തർ ഇടക്ക് കയറി. “നായരേ, മ്മടെ കുട്ട്യോള് കോരക്കോട്ടില് പഞ്ഞില്ലേ?"
"പിന്ന ല്ല്യാണ്ടോ , നാല് ചിറ്റാ പോയ്യെ , “
"ആ കണ്ടത്തിലൊക്കെ ഏതു കന്നാ ത്ര പായ്വ ' കലന്തർ .
'കന്ന് പോയിട്ടു മൻഷ്യനെക്കൊണ്ടാവ്വോ നാലു ചിറ്റ് പായാൻ?" നായർ അതിശയതോടെ പറഞ്ഞു "പെട്ടെന്ന് നായരുടെ മുഖത്തൊരു വാട്ടം. അയാൾ തുടർന്ന്, "അവ്ട്ന്ന് നേരത്തില്ക്കു ങ്ങട്ടു കേറുമ്പോ ചമ്പൻപോത്തിന്റെ എടത്തെ പിന്കാലിനു ഒരു കല്ലിട്ട് ചവുട്ടി, അയിന്റെ ഒരു ചെറ്യേ അസ്കിത ണ്ട് ന്നു മാത്രം"
"അത് പ്പോ സാധാരണല്ലെ കല്ല് ട്ടു ചവുട്ടാലൊക്കെ, രണ്ടീസം കഴിഞ്ഞാ മാറും." കലന്തർ മത്തായി കാണാതെ നായരേ ഒന്ന് നോക്കി. നായര് അബദ്ധയിയോ എന്ന മട്ടിൽ ഒന്ന് ചൂളി
നായർ നിർത്തിയേടത്തുനിന്നും മത്തായി തുടർന്നു "പിന്നെ എന്താ നായരേ ങ്ങള് പ്പൊ ഇതുങ്ങളെ വിക്കണേ "
നായർ പെട്ടെന്ന് പരുങ്ങി, നേരത്തെ എന്തോ ഒരു യുക്തി കണ്ടിട്ടായിരുന്നു അങ്ങിനെ പറഞ്ഞിരുന്നത്, പക്ഷെ ഇപ്പോൾ അത് തോന്നുന്നില്ല തലയിൽ . അയാൾ കലന്തരേ നോക്കിയതും കലന്തർ എറ്റ് പിടിച്ചു " അതെയ് , ഇയ്യാൾടെ വീടരക്കും കുട്ട്യോൾക്കും ബല്ല്യേ ഷ്ടല്യ , ഏത്?.. ഈ കിട്ടണതൊക്കെ ഇബ്റ്റ്നു കൊടുക്കണേലെ, "
വീടിന്റെ പിന്നിൽ നിന്ന് ഇതെല്ലാം ശ്രദ്ധിക്കുന്ന നാണിയമ്മക്ക് അപ്പറഞ്ഞതത്ര രസിച്ചില്ല എന്ന് മട്ടിലായിരുന്നു അവരുടെ കലന്തരോടുള്ള നോട്ടം
"ഹേയ്, ന്നു ച് ട്ട് ഇയ്യാള് ഇബ്റ്റ്നേ നോക്കാണ്ടിരിക്യന്നുല്ല്യ ട്ടോ " എന്നിട്ടൊന്നു നാണിയമ്മയെ ശ്രദ്ധിച്ചു, അപ്പോഴും അവർക്കു തൃപ്തി വന്നില്ലെന്ന് മനസിലാക്കിയിട്ടു , "ഇബ് ട് ത്തെ അമ്മക്കും കുട്യോൾക്കും ജീവനാ കന്നിനേന്നു പറഞ്ഞാ”
"കന്ന് ന്ന് മാത്രല്ലാ, നാല്കാല്യോളെ ഒക്കെ”. നായർ കൂട്ടിച്ചേർത്തു
നാണി അമ്മ കേൾക്കുകയില്ല എന്ന മട്ടിൽ ഒന്ന് ചാഞ്ഞും ചെരിഞ്ഞും നോക്കിയിട്ട് "ഇയ്യാളക്കെ ഇപ്പൊ പതിനേഴല്ലാ , അറവതു കടന്നു, ള്ളത് പറയാലോ ങ്ങളോട്, മാട പൊറത്തുള്ളയാളോന്ന്വ ല്ലലോ, മ്മടെ ആളന്നല്ലേ , പിന്നെ, ഇച്ചങ്ങായിങ്ങനെ പോത്തിന്റെ വാലും പിടിച്ചു നടന്നാൽ .. കുട്ട്യോള് രണ്ടെണ്ണം കെട്ടിക്കാരായിത . അപ്പൊ , അമ്മ ന്ന്യാ പറഞ്ഞെ കൊടുത്തോളാൻ, അതാ കാര്യം"
കച്ചവടം മുറിക്കാൻ കലന്തർ തിടുക്കം കൂട്ടി
"ങ്ങക്ക് ബോധിച്ചു ച്ചാ അതങ്ങട്ടു ഉറപ്പിക്കാം" കലന്തർ
“എത്രയാ പറയാണ് ?” മത്തായി
“വച്ചപോറത്തു മുറി* " കലന്തർ
“ത്തിരി കൂടീ ല്ല്യേ ?” മത്തായി
ഒന്നും ല്യാ , ങ്ങക്ക് പ്പോ നെലവാരം ഞാൻ പറഞ്ഞു തരണ്ടല്ലോ?
മാട പിന്നിൽനിന്നൊന്നു തോണ്ടി , മത്തായിയെ കൂട്ടി മാറിനിന്നു സംസാരിച്ചു, മടങ്ങിവന്നു,
"രണ്ടാളും പ്പളേ മ്മക്ക് രണ്ടു ട്ടര ക്കും ഒഴിവാക്കാൻ പറ്റില്യ,.. ങ്ങക്ക്, മത്തായിച്ചാ, കന്ന്നെ പിടിച്ചോ ? "
"നായരേ ഇത് പുൽ പണ്ടാണ്*. കൊടുക്കണം ന്നും ഇടുക്കണം ണ്ടെങ്കിൽ രണ്ടാളും ഒന്നുംകൂടി അടുത്തിട്ടു അതങ്ങട്ടു മുറിക്യന്നെ. അല്ലെങ്കിൽ പിന്നെ, ഇത്യേ വെറുതെ വന്നതാ ന്നു കണക്കാക്കിയ മതി "
ഒന്നും രണ്ടും പറഞ്ഞു. ആയിരത്തിനാനൂറ്റിഅന്പതു ഉറുപ്പികക്ക് അവർ കച്ചവ ടം മുറിച്ചു, .
മത്തായി മടിയിൽനിന്നൊരു പൊതി എടുത്തു,
ഒരു ചെറിയ പൊതി മാറ്റി വച്ച്, മറ്റേ പൊതിയഴിച് അതിൽ നിന്നും അഞ്ചു പത്തിന്റെ നോട്ടു ഇടത്തെ കയ്യിൽ വച്ച് ബാക്കി മാടക്കു നേരെ നീട്ടി,
മാടയാകട്ടെ നേരിട്ടങ്ങു കൊടുത്താൽ മതി എന്നു ആംഗ്യം കാട്ടി ഒരടി പിന്നിലേക്ക് നിന്നു
കോന്തുണ്ണിനായർ അത് വാങ്ങി എണ്ണി നോക്കി, കലന്തരും നായരും തമ്മിൽ തമ്മിൽ നോക്കി
നായർ കന്നിനു മാറ്റുകയറിട്ടു തൊഴുത്തിൽ നിന്നും അഴിച്ചിറക്കി മത്തായിയുടെ കയ്യിലേക്ക് നല്കാൻ തയ്യാറായി,
മത്തായി കയ്യിലെ പൊതിയഴിച്ചുകൊണ്ട് മാട യോട് " ആ കൊമ്പുമ്മലെ ചരടെ അങ്ങട്ട് മാറ്റാം ല്ലേ,"
"അതാവടെ കെടന്നോട്ടെ , തെളിക്കു പോമ്പോ കണ്ണ് തട്ടാണ്ടിരിക്കാൻ ഊതിച്ചതാ ." നായര്
"കൊഴപ്പല്ല്യാ , ഞാൻ കൊണ്ടോന്നുട്ട് ണ്ട് ഒന്നേ, " മത്തായി
നായർ മനസില്ലാമനസ്സോടെ ചരട് അഴിച്ചു മാറ്റി
'ഈശ്വരാ രക്ഷിക്കണേ, ' നായർ മനസ്സിൽ പ്രാർത്ഥിച്ചു
കന്നുകളെ ഒന്നുരണ്ടടി നീക്കി നിർത്തി . മത്തായി, പള്ളിയിൽനിന്നും വെഞ്ചരിച്ചു കൊണ്ടുവന്നചരട്, കന്നിന്റെ രണ്ട് കൊമ്പിന്റേം ഇടയിൽകൂടെ കെട്ടി.
തൊട്ടു തലോടി , അവർ നല്ലഅനുസരണയോടെ നിന്ന്. സാവധാനം നടത്തിച്ചു , ചെമ്പൻ പോത്തിന് കാലിനൊരു വലിവ് കാണുന്നുണ്ടായിരുന്നു . കല്ല് ചവുട്ടിയതാവും , മത്തായി സമാധാനിച്ചു.
ഇനി എല്ലാം കർത്താവു നോക്കികൊള്ളണെ , അയാൾ പ്രാർത്ഥിച്ചു.
-----------------------------------------------------------
(ഒരു ഏറ് - ഒരു ജോഡി, ഓരര കന്ന് എന്നും പറയും , കളയായാലും പോത്തായാലും. (പൊതുവെ കന്നെന്നു പറഞ്ഞാൽ പോത്തിനെയാണ് ഉദ്ദേശിക്കുന്നത് )
പൊരുത്തുകാർ -ചന്തയിൽ നിന്നും കന്നിനെ വാങ്ങുന്നതിനുള്ള ഇടനിലക്കാർ
പരിശക്കാരൻ - പരിചയക്കാരൻ
ഊർച്ച - കാളപൂട്ടിന് ഊർച്ച എന്നും പറയും
മിനുസം – പൊടിക്ക് - അല്പം-
വച്ചപോറത്തു മുറി - ആയിരത്തിഅഞ്ഞൂറ് , ചന്തയിൽ ഇങ്ങനെ പല സംഖ്യകളും
*പു ൽപണ്ടമെ ന്നാൽ അതിനെന്തും ഇപ്പോഴും സംഭവിക്കാം എന്നർത്ഥം
കൂട്ട് - ജോഡി
By:
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക