Slider

എന്റെ പത്തു വർഷക്കാലം... ഫസീലയുടെയും. ( ഭാഗം -2)

0

വീട്ടിലെ കുളിമുറിയിലെ ഷവറിന്റെ ചുവട്ടിൽ എത്ര നേരമാണ് നിന്നതെന്ന് ഓർമ്മയില്ല.
ഉമ്മ വന്ന് ചൂടായപ്പോഴാണ് ഓർമ്മകളിൽ നിന്നും ഉണർന്നത്-
രക്തധമനികളിലേക്ക് എരിഞ്ഞ് കയറിയ പകയുടെ തീക്കനൽ കുളിമുറിയിലെ വെള്ളം കൊണ്ട് കെടുത്തുവാൻ കഴിയുമായിരുന്നില്ല.
വേദനയുടെ തീച്ചൂളയിൽ വെന്തുരുകിയ മനസിന്റെ ജീവൻ ഒരിറ്റു ദാഹജലത്തിനായി വേപഥു പൂണ്ടു നടക്കുകയായിരുന്നില്ലെ.
മനോഹരമായ സ്വപ്നങ്ങൾ കണ്ടുറങ്ങേണ്ട എത്ര എത്ര രാവുകൾ ഉറക്കമില്ലാത്ത നീറ്റലുകൾ സമ്മാനിച്ചു.
അഭിമാനത്തോടെ അന്തസ്സോടെ ജീവിതം മുന്നോട്ട് കൊണ്ട് പോവേണ്ട തനിക്ക് അപകർഷതാബോധത്തിന്റെ എത്ര എത്ര അഗാധതലങ്ങളാണ് സമ്മാനിച്ചത്.
ആ സമയം റഷീദ് അവിടെ എത്തിയില്ലായിരുന്നെങ്കിൽ താൻ അവളെ ആക്രമിക്കുമായിരുന്നു. ഒരിക്കലും അവളെ കാണരുത് എന്ന് ആഗ്രഹിച്ചതാണ്. അതിനാണ് താൻ ഗൾഫിലേക്ക് പോയത്.
തന്റെ ജീവിതത്തിലേക്ക് കടന്നു വരാനുള്ള അവളുടെ ശ്രമത്തെ താൻ പ്രതിരോധിച്ചത് അങ്ങനെയായിരുന്നു. തന്റെ കൂടെ നിൽക്കേണ്ട മാതാപിതാക്കൾ ബന്ധുക്കൾ എല്ലാം അവളുടെ കൂടെ നിൽക്കുന്നു.
തനിക്ക് ഇഷ്ടമല്ലാ വെറുപ്പാണ് എന്നറിഞ്ഞിട്ടും അവളെന്തിന് പിന്തുടരുന്നു. നല്ലൊരു ജീവിതം സ്വപ്നം കാണാൻ പോലുമുള്ള അവകാശത്തെ തടയും വിധം അവൾ തന്റെ ബന്ധുക്കളെ സ്വാധീനിച്ചിരിക്കുന്നു.
........
വളരെ ചെറുപ്പത്തിൽ തന്നെ അവൾ അഹങ്കാരത്തിന്റെ മൂർത്തരൂപമായിരുന്നു. അവളുടെ നിറഞ്ഞ സൗന്ദര്യമാണോ അതോ അവളുടെ കുടുംബത്തിലെ ഉയർന്ന ജീവിത സൗകര്യമാണോ അഹങ്കാരത്തിന്റെ രൂപം പ്രാപിക്കാൻ കാരണം..? തന്റെ സഹോദരി അവളുടെ കളിക്കൂട്ടുകാരിയായത് മാത്രമായിരുന്നു തന്നോട് അൽപം അടുപ്പം കാണിക്കാൻ ഉള്ള കാരണം.
അന്നത്തെ ആദിവസം.. തന്റെ പതിനഞ്ചാമത്തെ വയസ്.. അവൾക്ക് പന്ത്രണ്ട് വയസ്.
എങ്ങോട്ടോ പോയി തിരിച്ചു വന്ന ഞാൻ കണ്ടത് സ്ഥിരമായി കളിക്കാറുള്ള മരച്ചുവട്ടിൽ അവൾ കരഞ്ഞുകൊണ്ട് നിൽക്കുന്നതാണ്. കാര്യം എന്തെങ്കിലും മനസ്സിലാകുന്നതിന് മുമ്പെ അവൾ അവളുടെ വീട്ടിലേക്ക് ഓടിപ്പോയി.
പിന്നീട് അറിഞ്ഞു അവളുടെ സ്വർണത്തിന്റെ മോതിരം നഷ്ടപ്പെട്ടിരിക്കുന്നു എന്ന്. എന്നാൽ അത് എന്നെ ബാധിക്കുമായിരുന്നില്ല. കാരണം ഞാൻ അവിടെ ഉണ്ടായിരുന്നില്ല.
പക്ഷെ മറ്റൊന്നാണ് സംഭവിച്ചത്. അവളുടെ മോതിരം കാണാതായതിന് എന്റെ ബാപ്പ എന്റെ നേരെ ആക്രോഷിച്ചുവരുന്നതാണ് കണ്ടത്. എന്തെങ്കിലും ഒന്ന് പറയാനോ ചെയ്യാനോ കഴിയുന്നതിന് മുമ്പെ മുന്നിലുണ്ടായിരുന്ന പട്ടിക കഷണം എടുത്ത് എന്നെ അടിച്ചു കഴിഞ്ഞിരുന്നു. കാൽ തുട ലക്ഷ്യമാക്കി വന്ന അടിയെ ഇടതു കൈ കൊണ്ട് തടുത്തതെ ഓർമ്മയുണ്ടായിരുന്നുള്ളു.അപ്പോഴേക്കും ബോധം പോയിരുന്നു.പിന്നെ എത്ര അടി അടിച്ചെന്നൊ എന്ത് ചെയ്തെന്നോ അറിയില്ല. കൈയിന്റെ ഒരെല്ല് പൊട്ടി ആശുപത്രിയിൽ കൊണ്ട് പോകേണ്ടി വന്നു.
പ്ളാസ്റ്ററിട്ട കൈയുമായി മൂന്ന് ദിവസം വീട്ടിൽ തന്നെയായിരുന്നു. റൂമിൽ നിന്ന് പുറത്തിറങ്ങിയില്ല. ആരൊക്കെയോ അടുത്ത് വരികയും സംസാരിക്കുകയും ചെയ്യുന്നുണ്ട്. അങ്ങോട്ടൊന്നും തിരിഞ്ഞു നോക്കുക പോലും ചെയ്തില്ല. കണ്ണും ചിമ്മി അവിടെ കിടന്നു. ഭക്ഷണം കഴിക്കാതെ പ്രതിഷേധിക്കാനായിരുന്നു ആദ്യ തീരുമാനം.പക്ഷെ റഷീദിന്റെ ഉമ്മാന്റെ സ്നേഹത്തോടെയുള്ള നിർബന്ധം ആ തീരുമാനം മാറ്റേണ്ടി വന്നു. തികച്ചും അന്തർമുഖനാകേണ്ടി വന്ന സാഹചര്യം. ആൾകൂട്ടത്തിൽ തനിയെ എന്ന അവസ്ഥയിലേക്ക് ജീവിതം മാറ്റപ്പെട്ടു. അപ്പോഴും എന്തിനാണ് അവൾ ഇങ്ങനെ ചെയ്തത് എന്ന ഒരു സങ്കടമായിരുന്നു എന്നെ ഏറെ കരയിപ്പിച്ചത്.
അവളോട് അടുത്തിടപഴകുന്ന കാര്യത്തിൽ ഞാൻ വളരെ ശ്രദ്ധിച്ചിരുന്നു.മറ്റുള്ള കൂട്ടുകാർ അവളെ എന്തെങ്കിലും പറഞ്ഞ് പ്രകോപിപ്പിക്കുമ്പോൾ അവൾ അവർക്ക് നേരെ പടയ്ക്കിറങ്ങിയിരുന്നു - ഞാനാണ് എന്തെങ്കിലും പറയുന്നത് എങ്കിൽ അവൾ കരഞ്ഞ് കൊണ്ട് വീട്ടിലേക്കോടി പോകും. അതു കൊണ്ടായിരുന്നു അവളോട് അകലം പാലിച്ചിരുന്നത്. പക്ഷെ ഈ വിഷയത്തിൽ ഞാൻ നിരപരാധിയാണല്ലൊ. പിന്നെന്തിന് അവൾ എന്നെ പറഞ്ഞു.?
ഓർക്കുന്തോറും സങ്കടം ദേഷ്യമായി മാറുകയാണ്. രക്തത്തിലൂടെ ദേഷ്യം അരിച്ചു കേറുന്നു.ശരീരം മുഴുവൻ ചൂടാകാൻ തുടങ്ങീയിരിക്കുന്നു. കിടക്കപ്പൊറുതി കിട്ടുന്നില്ല. മെല്ലെ അവിടെ നിന്നും എണീറ്റു പുറത്തേക്കിറങ്ങി. അപ്പോഴാണ് അവളെ കണ്ടത്. ഞാൻ മുറ്റത്തേക്കിറങ്ങിക്കഴിഞ്ഞിരുന്നു. മുറ്റത്തിന്റെ കിഴക്ക് ഭാഗത്തെ കശുമാവിൻ ചോട്ടിലൂടെ അവൾ നടന്നുവരുന്നു.എന്നെ കണ്ടതും അവൾ ദയനീയമായൊന്ന് നോക്കി.. ആ നോട്ടം പോലും പരിഹാസമായാണ് എനിക്ക് തോന്നിയത്.പിന്നെയൊന്നും ആലോചിച്ചില്ല. മുറ്റത്ത് ഉണക്കാനിട്ടിരുന്ന ചീന്തിയ ഓലമടലുകളിൽ ഘനമുളളതൊന്ന് കൈയിലെടുത്തു അവൾക്ക് നേരെ . കഴുത്തിലെ ചരടിൽ തൂക്കിയിട്ട ഇടത് കൈ നെഞ്ചോട് ചേർത്തു പിടിച്ച് വലതു കൈയിൽ ഓലമടലുമായി ഞാൻ അവളുടെ ഇടതു കൈ ലക്ഷ്യമാക്കി നീങ്ങി.
........ തുടരും..... ഹുസൈൻ എം കെ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo