മെട്രോ റയിലിന്റെ പണി ആരംഭിക്കുന്നതിന് മുന്നോടിയായി ആവശ്യമായ സ്ഥലം ഏറ്റെടുത്തു കൊണ്ടിരിക്കുന്ന സമയം. നൂറുകണക്കിന് ഹെക്ടർ സ്ഥലം മുനിസിപ്പാലിറ്റി ഏറ്റെടുത്തു കൊണ്ടിരിക്കുന്നു. ഏറ്റെടുത്ത സ്ഥലങ്ങൾ എല്ലാം വേലികെട്ടി തിരിച്ച്, ആഴത്തിൽ കുഴിതോണ്ടി പണി തുടങ്ങിയിരിക്കുന്നു. സെക്യൂരിറ്റി ജോലിയുടെ മേൽനോട്ടത്തിനായി ഞാൻ ജോലിയിൽ പ്രവേശിച്ചിട്ട് ഒരാഴ്ചയായതേയുള്ളു. മിക്ക ദിവസവും രാത്രിയിൽ വളരെ താമസിച്ചാണ് റൂമിൽ എത്തുക.
മൊത്തം 21 സ്റ്റേഷനുകൾ. ഓരോ അഞ്ച് കിലോമീറ്റർ ഇടവിട്ട് സെക്യൂരിറ്റി പോസ്റ്റുകൾ. ഏകദേശം 250 ഗാർഡ്‌സ്. കൂടുതലും നേപ്പാൾ സ്വദേശികൾ. എല്ലാവർക്കും വയർലെസ്സ് സെറ്റുകൾ നൽകിയിട്ടുണ്ട്. ചില പോസ്റ്റുകളിൽ രാത്രി ഡ്യൂട്ടിക്ക് ഒരു ഗാർഡ് മാത്രമേയുള്ളു. അവർക്കു വേണ്ട വെള്ളവും ഭക്ഷണവും കമ്പനി വണ്ടികളിൽ ഡ്രൈവർമാർ എത്തിച്ചു കൊടുക്കാറുണ്ട്. പകൽ സമയത്തു ഞാൻ ആ പോസ്റ്റുകളിലൊക്കെ ചുറ്റി നടന്നു ശ്രദ്ധിക്കാറുണ്ട്. പല പോസ്റ്റുകളും റോഡിൽ നിന്നും വളരെ ദൂരെയാണ്. ഒരു 4×4 ജീപ്പാണ് എനിക്ക് തന്നിട്ടുള്ള വാഹനം. അതുകൊണ്ട്, മണലിൽ പുതഞ്ഞു പോകാറില്ല.
അന്നൊരു ദിവസം രാത്രി പോസ്റ്റുകളിലെ അറ്റന്റൻസ് ഷീറ്റുകൾ പരിശോധിച്ചപ്പോൾ ഒരു കാര്യം ശ്രദ്ധയിൽപ്പെട്ടു. വളരെ ദൂരെ മരുഭുമിയിലുള്ള ഒരു പോസ്റ്റിൽ നിന്നും എല്ലാ വെള്ളിയാഴ്ചയും ഗാർഡുകൾ മാറുന്നുണ്ട്.പുതിയ ആളുകൾ വരുന്നു. അങ്ങനെ പാടില്ലാത്തതാണ്.
ഞാനുടനെ ഷിഫ്റ്റ് സൂപ്പർവൈസറെ ഫോണിൽ വിളിച്ചു കാര്യം അന്വേഷിച്ചു. " സാറേ.. അവിടെ രാത്രിയിൽ ഡ്യൂട്ടി ചെയ്യുന്ന ഗാർഡുകൾ രാത്രി സമയത്ത് അസ്വാഭാവികമായി എന്തൊക്കെയോ കാണുന്നുണ്ടത്രേ... തലേ ദിവസം പോകുന്നവർ പിറ്റേ ദിവസം ആ പോസ്റ്റിൽ ജോലി ചെയ്യാൻ തയ്യാറാവുന്നില്ല.. " സൂപ്പർവൈസർ പറഞ്ഞു.
"എന്തോന്ന് അസ്വാഭാവികം.. ? അവനൊക്കെ ജോലി ചെയ്യാനുള്ള മടി.. അത്രന്നേ.. പിന്നെ ഈ ഇരുപത്തൊന്നാം നുറ്റാണ്ടിലല്ലേ അവന്റെ ഒരു അസ്വാഭാവികം.. " ഞാൻ സൂപ്പർവൈസറോട് തട്ടിക്കയറി. " അത് പിന്നെ.. അല്ല സാറേ... " അയാൾ പരുങ്ങി.. " അടുത്ത വെള്ളിയാഴ്ച ഞാൻ പൊക്കോളാം അവിടെ ഡ്യൂട്ടിക്ക്.. അവിടെ എന്താണ് കുഴപ്പമെന്ന് എനിക്കൊന്നു കാണണമല്ലോ.. " ഞാൻ പറഞ്ഞപ്പോൾ അയാളൊന്നും മിണ്ടിയില്ല.
പിറ്റേ വെള്ളിയാഴ്ച. ആറ് മണിയായപ്പോൾ ഞാൻ ജീപ്പ് സ്റ്റാർട്ട് ചെയ്തു. വണ്ടിയിൽ എല്ലാ സജ്ജീകരണങ്ങളും ഉണ്ടെന്ന് ഉറപ്പ് വരുത്തി. ആന്റി വെനം ഇൻജെക്ഷൻ ഉൾപ്പടെ. യാത്ര തുടങ്ങി. മണൽ കുമ്പാരങ്ങൾക്കിടയിലൂടെ ആടിയാടി, നിന്നും കിതച്ചും, മണൽ ഒരു വശത്തേക്ക് പൂക്കുറ്റി പോലെ തെറിപ്പിച്ചും എന്റെ ജീപ്പ് മുന്നോട്ട്. ഇടയ്ക്കിടെ കാണുന്ന ഒട്ടകക്കൂട്ടങ്ങൾ, ആട്ടിൻപറ്റങ്ങൾ.. വഴിച്ചാലിനരികിൽ ഒട്ടക ഫാമുകൾ. ഖൈമകൾ.
പോസ്റ്റിലെത്തിയപ്പോൾ ഏഴരയായി. വണ്ടിയിൽ നിന്നിറങ്ങി ആദ്യംതന്നെ ചെറിയ ജനറേറ്റർ സ്റ്റാർട്ട് ചെയ്തു. ക്യാബിൻ തുറന്ന് അകത്തേക്ക് കയറി, ലൈറ്റുകളും Ac യും ഓൺ ചെയ്തു. പിന്നെ പുറത്തേക്കിറങ്ങി വന്ന്, വണ്ടി ഒരുവശത്തേക്ക് മാറ്റി ഒതുക്കിയിട്ടു.
കെറ്റിൽ കഴുകി ചായക്ക് വെള്ളം വച്ചു. ദൂരെ ഹൈവേയുടെ സൈഡിലുള്ള ഉയർന്ന വഴിവിളക്കുകൾ ഇവിടെ നിന്നും കാണാം. ദൂരെയെങ്ങോ തമ്പടിച്ചിരിക്കുന്ന അറബിക്കൂടാരങ്ങളിൽ നിന്നും ഉയർന്നു കേൾക്കുന്ന പുരാതന രീതിയിലുള്ള കൊട്ടും വാദ്യമേളവും, അറബി ശീലുകളും കേൾക്കാം.
മരുഭൂമിയിൽ അങ്ങിങ്ങ് ഉയർന്നു നിൽക്കുന്ന ഈന്തപ്പനകളുടെ നിഴലുകൾ കാണാം. കുറച്ചു ദൂരെ കുറേ മുൾച്ചെടിപ്പടർപ്പുകൾ. ചായ തിളച്ചിരുന്നു. ഞാൻ ബാഗിൽ നിന്നും ഗ്രിൽഡ് ചിക്കനും കുബൂസും എടുത്തു. ചായ ഗ്ലാസിൽ പകർന്ന് വണ്ടിയുടെ ബോണറ്റിൽ കൊണ്ട് വച്ചു കഴിക്കാൻ ആരംഭിച്ചു. പെട്ടെന്ന് ജനറേറ്റർ നിന്നു. ലൈറ്റുകളെല്ലാം അണഞ്ഞു. ചുറ്റിനും അന്ധകാരം മാത്രം. ഞാൻ പെട്ടെന്ന് ജീപ്പ് സ്റ്റാർട്ട് ചെയ്ത് ഹെഡ് ലൈറ്റ് ഓൺ ചെയ്തു. ആ പ്രകാശത്തിൽ നിന്നുപോയ ജനറേറ്റർ സ്റ്റാർട്ട് ചെയ്യാൻ ശ്രമിച്ചു, നടക്കുന്നില്ല. പെട്രോൾ ചെക്ക് ചെയ്തു... ഫുൾ ടാങ്ക് ഉണ്ട്. പിന്നെന്താണാവോ പ്രശ്‍നം. വീണ്ടും സ്റ്റാർട്ട് ചെയ്യാൻ നോക്കിയെങ്കിലും പഴയ സ്ഥിതി തന്നെ. ദേഷ്യത്തോടെ ആ ശ്രമം ഉപേക്ഷിച്ച് ജീപ്പിനടുത്തെത്തി, ഹെഡ് ലൈറ്റ് ഓഫ് ചെയ്ത് വണ്ടിയിലെ ചെറിയ ഫ്ളഡ് ലൈറ്റ് ഓൺ ചെയ്തു.പോസ്റ്റിനു ചുറ്റും ചെറിയ വെളിച്ചം കിട്ടാൻ അത് മതിയാകും. ഞാൻ വീണ്ടും ക്യാബിനുള്ളിലേക്ക് ക്യാബിനുള്ളിലേക്ക് കയറി ഒരു ചാരുകസേരയിലേക്ക് ഇരുന്നുകൊണ്ട് റേഡിയോ ഓൺ ചെയ്തു. ഏഷ്യാനെറ്റ് റേഡിയോ ഉൾപ്പടെ പല ചാനലുകളും കിട്ടും.റേഡിയോയിൽ നിന്നും ഒഴുകി വന്ന ഗസലുകൾ കേട്ട് ഒന്ന് മയങ്ങിപ്പോയി.
" ടക് ടക് ടക്... " ക്യാബിന്റെ ചില്ലുവാതിലിൽ ആരോ തട്ടുന്നത് കേട്ടാണ് ഞെട്ടിയുണർന്നത്. ചില്ലുവാതിലിനപ്പുറം ഒരു കറുത്ത രൂപം. ഞാൻ പെട്ടെന്നെഴുന്നേറ്റു, ടോർച്ച് തപ്പിയെടുത്തു, ആ രൂപത്തിന് നേർക്ക് പ്രകാശം പായിച്ചു.. ഹോ.. ഒന്നേ നോക്കിയുള്ളൂ. പർദ്ദ ധരിച്ച ഒരു സ്ത്രീ രൂപം. രക്തമൊഴുകുന്ന, മുറിഞ്ഞു തൂങ്ങിക്കിടക്കുന്ന അധരങ്ങൾ. ഒരു കണ്ണ് ഇളകി തൂങ്ങിയാടുന്നു. അതിന്റെ കയ്യിൽ ഒരു പിഞ്ചു കുഞ്ഞ്.അനാവൃതമായ വലിയ മാറിൽ നിറയെ പല്ലിന്റെ പാടുകൾ... ആ മാറിൽ നിന്നും കുഞ്ഞിന്റെ മുഖത്തേക്ക് ചീറ്റിയൊഴുകുന്ന മുലപ്പാൽ... ആ രൂപം എന്നെ നോക്കി നാവു നുണയുന്നു. നിമിഷനേരം കൊണ്ട് ഞാൻ വിയർപ്പിൽക്കുളിച്ചു. ടോർച്ചിൽ നിന്നും എന്റെ പിടിവിട്ടു. ബോധം മറയുന്നത് പോലെ തോന്നി.
ആരോ മുഖത്ത് തലോടുന്നതറിഞ്ഞാണ് കണ്ണ് തുറന്നത്. തൊട്ടടുത്ത് കമ്പനിയിലെ ഡ്രൈവറായ സുലൈമാനിക്ക ഇരിക്കുന്നു. ഞാനെവിടെയാണ്.. ചുറ്റിനും കണ്ണോടിച്ചപ്പോൾ ഏതോ ഹോസ്പിറ്റലാണെന്ന് മനസിലായി. " ഇജ്ജ് ബല്ലാത്ത പഹയൻ തന്നെ.. ഇജ്ജ് ബോധം കെട്ട് കിടക്കുവാരുന്നു ആ കാട്ടില്, രാവിലെ നോക്കുമ്പോൾ... ഇജ്ജ് അല്ലാതെ വേറെ ആരേലും പോകുമോ അവിടെ... കുറേ വർഷങ്ങൾക്ക് മുൻപ് ആ മണൽക്കാട് കാണാൻ വന്ന പൂർണ്ണ ഗർഭിണിയായ ഒരു സ്വദേശി യുവതിയെ ഒട്ടകത്തെ മേയ്ക്കാൻ വന്ന ചിലർ ചേർന്ന് ക്രൂരമായി ബലാത്സംഗം ചെയ്തു കൊന്നിരുന്നു, അവിടെ വച്ച്... ആ സംഭവത്തിന് ശേഷം പലരും ഈ യുവതിയെയും കുഞ്ഞിനേയും അവിടെ വച്ച് കണ്ടിട്ടുണ്ടത്രെ... പല സമയങ്ങളിൽ, പകല് പോലും.... " സുലൈമാനിക്ക പറഞ്ഞു നിർത്തിയപ്പോൾ ഞാനൊന്നു കൂടി ഞെട്ടിയിട്ട് അയാളുടെ മുഖത്തേക്ക് പരതി നോക്കി.
~~~~~~~~~~~~~~~~~~~~~~~~~~~~~~~
ബിനു കല്ലറക്കൽ ©
Copy Rights Protected. All the rights reserved to the author and നല്ലെഴുത്ത് പേജ്.
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക