Slider

പാത്തുമ്മത്തായുടെ കോഴിക്കച്ചവടം (കഥ)

0

'ബദർ ഹൗസ് ' എന്ന വീടിന്റെ വരാന്തയിലെ കസേരയിൽ ടെച്ച് ഫോണിൽ ഫെയ്സ്ബുക്കിലെ നല്ലെഴുത്ത് ഗ്രൂപ്പിൽ നിന്ന് സുമേഷ് കൗസ്തുബത്തിന്റെ
'ഓർമ്മയിൽ അച്ചൂട്ടി ' എന്ന കഥയും വായിച്ചിരിക്കുകയായിരുന്നു ഞാൻ.
അപ്പോഴാണ് ഞാനടക്കമുള്ള നാട്ടുകാർ 'അറമാനാജി' എന്ന് വിളിക്കുന്ന അബ്ദുറഹിമാൻ ഹാജി ആ വീടിന്റെ മുറ്റത്തേക്കു കടന്നു വന്ന് എന്നോടായി ചോദിച്ചത്.
"ബാങ്ക് കൊടുക്കുന്ന സമയം പള്ളീലേക്ക് പോകാണ്ട് വെറ്റിലയിൽ ചുണ്ണാമ്പും തേച്ചിരിക്ക്യാണോടാ.. നവാസേ.. ങ്ങി... "
എന്റെ ശ്രദ്ധ കഥയിലായിരുന്നതിനാൽ അ റമാനാജി റോഡിലൂടെ വരുന്നത് ഞാൻ കണ്ടിട്ടില്ലായിരുന്നു. കണ്ടിരുന്നുവെങ്കിൽ തീർച്ചയായും ഞാൻ വരാന്തയിൽ നിന്ന് മാറിക്കളയുമായിരുന്നു. കാരണം:
അയാൾ പള്ളിയിലേക്ക് ' മഗ് രിബ് ' നമസ്കരിക്കാൻ പോകുമ്പോൾ അധിക ദിവസങ്ങളിലും ഫോണിൽ എന്തെങ്കിലും വായിച്ചു കൊണ്ടോ എഴുതിക്കൊണ്ടോ ഞാൻ ബദർ ഹൗസിന്റെ വരാന്തയിൽ ഉണ്ടാവാറുണ്ട്.
അയാൾ റോഡിൽ നിന്ന് വിളിച്ചു ചോദിക്കും.
"എടോ... നവാസേ.... ബാങ്ക് കൊടുത്തു. പള്ളിയിലേക്ക് പോരുന്നില്ലേ...?"
"ഓ..., ഞാൻ വരാം... നിങ്ങൾ നടന്നോളൂ....., "
എന്നു പറഞ്ഞ് ഞാൻ തലയൂരും. എന്തെങ്കിലും പിറുപിറുത്തു കൊണ്ട് അയാൾ പള്ളിയിലേക്ക് നടക്കും. പക്ഷേ.... ഇന്ന് അയാൾ വീടിന്റെ മുറ്റത്തേക്ക് കയറി വന്നിരിക്കുന്നു.
ബദർ ഹൗസിൽ നിന്നും നോക്കിയാൽ കാണാവുന്ന അകലത്തിലാണ് പള്ളി. ഈ വീടിന്റെ മുന്നിലൂടെ കടന്നുപോകുന്ന സ്കൂൾ റോഡാണ് പള്ളിയിലേക്കുള്ള വഴി. ഈ വീട് ഉപ്പയുടെ അനിയന്റ വീടാണ്. എളാപ്പ നാട്ടിലില്ല. ഗൾഫിൽ ജോലി ചെയ്യുന്നു. എളേമയും രണ്ട് ചെറിയ പെൺകുട്ടികളുമാണ് ബദർ ഹൗസിൽ താമസം.
ദിവസവും വൈകുന്നേരം ഞാൻ ഈ വീട്ടിലെത്തും. രാത്രി ഇവിടെയാണ് താമസം. നൈറ്റ് വാച്ചറുടെ ജോലിയാണ്.
"വെറ്റിലയിൽ ചുണ്ണാമ്പ് തേക്ക്യല്ല ആജ്യാരേ...ഒരു നല്ല കഥ വായിക്കുകയാ.."
"ബാങ്ക് കൊടുക്കുന്ന സമയം വേണ്ടാത്ത കഥയും വായിച്ചിരിക്ക്യല്ല വേണ്ടത്. അതൊന്നും വായിച്ചിട്ട് ഒരു കാര്യോമില്ല..."
"വേണ്ടാത്ത കഥയൊന്നുമല്ല ആജ്യാരേ... വായിക്കേണ്ടത് തന്നെയാ... കാര്യം ഇല്ലാതൊന്നുമല്ല ...ഒരു പാട് കാര്യങ്ങൾ വായിച്ച് മനസ്സിലാക്കാനുണ്ടിതിൽ...."
"എടോ... അതിലെ ചോദ്യങ്ങളൊന്നുമല്ല അവിടുന്ന് ചോദിക്ക്യ... "
"എവിടുന്ന്....?"
ഞാൻ തെല്ലാശ്ചര്യത്തോടെ ചോദിച്ചു.
"കബറീന്ന്.... മരിച്ചാലേയ്... "
"മരിച്ചിട്ടല്ലേ... ഇപ്പം നമ്മള് ജീവിക്ക്യല്ലേ..."
ഞാനങ്ങിനെ പറഞ്ഞത് ആജ്യാർക്കത്ര സുഖിച്ചില്ലെന്ന് തോനുന്നു. പിന്നീട് അയാളെന്നോട് കയർത്ത് സംസാരിക്കാൻ തുടങ്ങി. കുറച്ച് കേട്ടു കഴിഞ്ഞപ്പോൾ, നല്ലൊരു വായനയെ നശിപ്പിച്ച അയാളോട് എനിക്കും വന്നു ദേഷ്യം.
"ഓരോരാള് ഓരോരാളുടെ കാര്യം നോക്ക്യാമതി.. എന്റെ കാര്യം ഞാൻ നോക്കിക്കോളും... എന്റെ കബറില് നിങ്ങളാരും വന്ന് കിടക്ക്യേം വേണ്ട..."
"ഇല്ല... നിന്റെ കബറിൽ കിടക്കാനൊന്നും ആരും വരുന്നില്ല... നീ മാത്രാ ഈ നാട്ടിലെ ഏറ്റവും ബെടക്ക്... നിന്റെ പ്രായത്തിലുള്ള കുട്ടികളൊക്കെ നേരത്തിന് പള്ളീൽ വന്ന് നിസ്ക്കരിക്കും.. നീ വേണ്ടാത്തതും വായിച്ച്.....നീയൊന്നും ഒരു കാലത്തും നന്നാവില്ല..."
ദേഷ്യത്തിൽ അങ്ങിനെ പറഞ്ഞ് അയാൾ റോഡിലേക്കിറങ്ങി പള്ളിയിലേക്ക് നടന്നു.
"എന്തായിരുന്നു നവാസേ.. ഇവിടെ..? ആരായിരുന്നു..?"
അറമാനാജിയുടെയും എന്റെയും ഉച്ചത്തിലുള്ള സംസാരം കേട്ട എളേമ അടുക്കളയിൽ നിന്ന് വരാന്തയിലേക്ക് വന്നു.
"ഓ... അത് ആ അറമാനാജി... ഒന്നുമില്ല.. ഞാൻ പള്ളീല് പോകുന്നില്ലെന്നും നിസ്ക്കരിക്കുന്നില്ലെന്നും പറയുകയായിരുന്നു.. "
"അയാള് പറയുന്നത് ശെരിയല്ലേ... നിനക്കെന്താ ഒന്ന് പോയി നിസ്ക്കരിച്ചാല്.. അതൊക്കെ വേണം.. "
എളേമ അടുക്കളയിലേക്ക് തന്നെ പോയി.
അറമാനാജി ദേഷ്യം പിടിച്ച് പലതും പറഞ്ഞിരുന്നുവെങ്കിലും ഞാനൊന്നും പറയരുതായിരുന്നു. ഉപ്പയുടെ വയസ്സുള്ള ആളല്ലേ...? ചിന്തകൾ മനസ്സിലേക്ക് കടന്നു വന്നപ്പോൾ ഇനി വായന ശെരിയാവില്ലെന്ന് തോന്നി നെറ്റ് ഓഫ് ചെയ്ത് ഫോൺപോക്കറ്റിലിട്ട് അകത്തേക്ക് പോയി. വാർത്താ ചാനലിൽ കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകത്തിന്റെ വാർത്തയും കേട്ടിരിക്കവെ കോളിംഗ് ബെല്ലിന്റെ ശബ്ദം.
എളേമയുടെ സഹോദരനും ഭാര്യയുമായിരുന്നു അത്. സഹോദരൻ അടുത്ത ദിവസമാണ് ഗൾഫിൽ നിന്നും നാട്ടിൽ വന്നത്.
വിരുന്നുകാർ ചായ കുടിക്കുമ്പോൾ എളേ മ എന്നെ അടുക്കളയിലേക്ക് വിളിച്ച്, അവർ കേൾക്കാതെ ,ഒരു കോഴിയെ വാങ്ങിവരാൻ പറഞ്ഞു.
രാത്രി എട്ടുമണിയോടടുത്ത സമയം. കവലയിലാകെ ഒരു കോഴിക്കടയാണുള്ളത്. ഏഴ് മണിയാവുമ്പോഴേക്കും അത് അടയ്ക്കും.
പാത്തുമ്മത്ത ഓർമ്മയിലെത്തി. ഇരുട്ടായതിനാൽ ഫോണിലെ ടോർച്ച് തെളിയിച്ച് കോഴിയെ വാങ്ങാനായി റോഡിലേക്കിറങ്ങി.
സ്കൂളിനടുത്തുള്ള പാത്തുമ്മത്തായുടെ വീട്ടിൽ വിൽപനക്കായി നല്ല നാടൻ കോഴികൾ ഉണ്ടാവാറുണ്ട്. അറമാനാജിയുടെ, മൂന്ന് വർഷം മുമ്പ് മരിച്ചു പോയ അനിയന്റെ ഭാര്യയാണ് പാത്തുമ്മത്ത.അവർക്ക് വിവാഹം കഴിഞ്ഞ ഒരു മകളാണ് ഉള്ളത്.വീട്ടിൽ അവർ തനിച്ചാണ്‌.
പാത്തുമ്മത്തായുടെ വീടിന്റെ മുറ്റത്തെത്തിയപ്പോൾ മുന്നിലെ വാതിൽ അടച്ചിട്ടിരിക്കുന്നതാണ് കണ്ടത്.
"പാത്തുമ്മത്താ..."
ഞാൻ രണ്ട് മൂന്നാവർത്തി വിളിച്ചെങ്കിലും മറുപടി ഉണ്ടായില്ല.
മുന്നിലെ മുറ്റത്ത് നിന്നും പിന്നിലെ മുറ്റത്തേക്ക് നടക്കാൻ തുടങ്ങവെ,
അകത്ത് നിന്നും ഒരു പെണ്ണിന്റെയും ആണിന്റെയും അടക്കിപ്പിടിച്ച സംസാരം കേട്ടു.പ്രായത്തിന്റെ തെറ്റ്. തുറന്നു കിടന്നിരുന്ന ജനലിന്റെ മുകളിലത്തെ പാളിയിലൂടെ ഞാൻ അകത്തേക്ക് എത്തി നോക്കി.
'പടച്ച റഹ് മാനായ തമ്പുരാനേ....' അപ്പോൾ കണ്ട കാഴ്ച എനിക്കു വിശ്വസിക്കാൻ കഴിഞ്ഞില്ല. അകത്തെ കട്ടിലിൽ അറമാനാജിയും പാത്തുമ്മത്തായും..........
കോഴിയെ മറ്റെവിടെ നിന്നെങ്കിലും വാങ്ങാമെന്ന് വിചാരിച്ച് ഞാൻ പാത്തുമ്മത്തായുടെ വീടിന്റെ മുറ്റത്ത് നിന്നും ഇടവഴിയിലേക്കിറങ്ങി വളരെ വേഗം റോഡിലേക്ക് നടന്നു.
"""""""""""""""""""""""""""
ഷാനവാസ്.എൻ, കൊളത്തൂർ.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo