നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

പൂൾ

Image may contain: Ajoy Kumar, beard and closeup
പൂൾ ഉള്ള ഫ്ലാറ്റിലേക്ക് മാറുന്നതിനും മുൻപുള്ള ഒരു കഥയാണ്.
ഉണ്ണിച്ചേട്ടൻ ആണ് പറഞ്ഞത്,പടയണി റോഡിൽ ഒരു സ്വിമ്മിംഗ് പൂൾ ഉണ്ടെന്ന്,തടി കുറയണം എന്ന് പറഞ്ഞു നടക്കുന്ന അച്ചു അതിൽ കയറി പിടിച്ചു, അവനു ചേർന്നേ പറ്റു, കൂടെ ഞാനും ചെന്നേ പറ്റു,
ഞാൻ ഇനി നീന്തൽ, അത് വേണോ? നിനക്ക് കോച്ചിംഗ് അല്ലെ വേണ്ടത്, എനിക്ക് അത് വേണ്ടല്ലോ.
അതൊന്നും സാരമില്ല, ഞാൻ തനിയെ പോവില്ല എന്നായി അവൻ,ഉടുപ്പ് ഊരി നടക്കാൻ പാടാണത്രെ ,ഞാൻ കൂടെ ഉണ്ടെങ്കിൽ, എന്റെ ഭീകര നഗ്നതയ്ക്ക് മുന്നില് അവൻ ഒന്നുമല്ല എന്ന് ആൾക്കാർക്ക് തോന്നിക്കോളും എന്ന്
അജോയ്ക്ക് നീന്തൽ അറിയാമോ? ഉണ്ണിച്ചേട്ടൻ ചോദിച്ചു,
ഞാൻ അറിയാമെന്നും അറിയില്ല എന്നും വ്യാഖാനിക്കാവുന്ന ഒരു പ്രത്യേക രീതിയിൽ തലയാട്ടി.
അപ്പൊ ശ്യാമ പറഞ്ഞു, കൊള്ളാം ,അറിയാമോ എന്നോ? അജോയ് കോവളത്തൊക്കെ പോയി നീന്തുന്നത് കാണണം ,ഹോ,സമ്മതിക്കണം
ഞാൻ ആലോചിച്ചു, എല്ലാവന്മാരും കൂടെ ഇറങ്ങി പോകുന്നത് കണ്ടു പുറകെ പോയ നിഷ്ക്കളങ്കനായ പാവം എന്നെ കറക്കി അടിച്ചു മലർത്തി കുറെ പായലും തീറ്റിച്ചു ഉപ്പു വെള്ളവും കുടിപ്പിച്ചു കൊണ്ട് കരക്കെറിഞ്ഞ ,വൃത്തികെട്ട കടൽ, അന്ന് വെറുത്തതാണ്‌ ,പക്ഷെ ഞാൻ അത് ശ്യാമയോട് പറഞ്ഞില്ല ,പറഞ്ഞത് എന്തൊരു സുഖം കടലിൽ നീന്താൻ എന്നാണ് ,പാവം അത് വിശ്വസിച്ചു
ചരിത്രം പരിശോധിച്ചാൽ കുട്ടിക്കാലത്തു ആകെ ഒന്നോ രണ്ടോ ആഴ്ച വാട്ടർ വർക്സ് സ്വിമ്മിംഗ് പൂളിൽ നീന്തൽ പഠിക്കാൻ വേണ്ടി പോയി കുറെ വൃത്തി കേട്ട വെള്ളവും കുടിച്ച് കുറെ തടിയന്മാരുടെ ചവിട്ടും കൊണ്ട ശേഷം തിരികെ വീട്ടിൽ വന്ന് ടാപ്പിലെ വെള്ളം സാക്ഷി ആക്കി ഞാൻ പ്രഖ്യാപിക്കുകയായിരുന്നു , അമ്മെ, അച്ഛാ, ഞാൻ നീന്തൽ പഠിച്ചു, ഇന്ന് മുതൽ ഞാൻ അതി സമർഥനായ ഒരു നീന്തൽകാരൻ ആണ് .
അതിനു ശേഷം ഇത് വരെ ആഴമുള്ള വെള്ളത്തിൽ ഇറങ്ങാത്തത് കാരണം ആ കള്ളം ആണ് ചെട്ടികുളങ്ങര വീട്ടിൽ ഇന്നും നിലനിന്നു പോരുന്നത് .പറഞ്ഞു വന്നത് പുതിയ പൂളിനെ പറ്റി ആണല്ലോ, അച്ചുവ്നിറെ ശല്യം കാരണം ഞാൻ കാലത്ത് അവനോടൊപ്പം എണീറ്റ് പോയി ,ഒരു കുളം ആണ് ഷേപ്പ് മാറ്റി പൂൾ ആക്കിയിരിക്കുന്നത്,ഇറങ്ങാൻ പടികൾ,ഡീപ് സോൺ ,എല്ലാം ഉണ്ട്,നല്ല പച്ച നിറമുള്ള വെള്ളം ആണെന്ന് മാത്രം,നാച്ചുറൽ ആയ ഒരു പൂൾ.ഒടുക്കത്തെ നീളവും വീതിയും
ഞങ്ങൾ രണ്ടു പേരും പോയി അവിടെ അഡ്മിഷൻ എടുത്തു,പൈസ അടക്കവേ അവിടത്തെ മാനേജർ അമ്മാവൻ ചോദിച്ചു,
കോച്ചിംഗ് വേണോ?
അച്ചു പറഞ്ഞു എനിക്ക് വേണം,
ഈ സാറിന് ? അയാൾ എന്നെ ചൂണ്ടി, ഞാൻ മറുപടി പറയാതെ അച്ചുവിനോട് ആംഗ്യം കാണിച്ചു എന്നെപ്പറ്റി പുകഴ്ത്തി പറയാൻ ,അച്ചു പറഞ്ഞു ,
അച്ഛൻ നല്ല സ്വിമ്മർ ആണ്, കടലിൽ ഒക്കെ നീന്തും
അമ്മാവൻ ബഹുമാനത്തോടെ എന്നെ നോക്കി, ഇതൊക്കെ എന്ത് എന്നുള്ള രീതിയിൽ ഞാൻ പുറത്തേക്കു നോക്കി നിന്നു
പുറത്തു ലൈഫ് ഗാർഡ് നിൽക്കുന്നു , അയാളുടെ കയ്യിൽ സ്വിമ്മിംഗ് ട്രങ്ക് ,പിന്നെ ക്യാപ്പ് ,കണ്ണിൽ വെക്കാൻ ഗോഗിള്സ് എല്ലാം ഉണ്ട്, അച്ചു ചോദിച്ചപ്പോൾ അയാൾ പറഞ്ഞു,
ട്രങ്ക് രണ്ടു തരം ഉണ്ട്,നീളം ഉള്ളതും, ഇല്ലാത്തതും,
സാമ്പിൾ ?
അപ്പൊ ലൈഫ് ഗാർഡ് അത് വഴി പോയ ഒരു തടിയനെ പിടിച്ചു നിറുത്തി കൂടെ നിന്ന ആളുടെ സഹായത്തോടു കൂടി കഷ്ട്ടപ്പെട്ട് അയാളുടെ വയർ പൊക്കിക്കാണിച്ചു,അടിയിൽ ലെന്സ് വെച്ച് നോക്കിയാൽ കാണാവുന്ന ഒരു കുഞ്ഞു നിക്കർ,ഇതാണ് ചെറിയ ട്രങ്ക്,
അപ്പോൾ ഞങ്ങൾ പറഞ്ഞു,ഇത് വേണ്ട, വലുത് മതി, ഒടുവിൽ ആ വലിയ ട്രങ്ക് ഇട്ടിട്ടു ഇറങ്ങിയപ്പോൾ എന്റെ ശരീരത്തിൽ അതുണ്ടോ ഇല്ലയോ എന്ന് അറിയാൻ പോലും പറ്റുന്നില്ല , ഞാൻ ആള് മനസിലാകാതിരിക്കാൻ മുഖം ഒരു വശത്തേക്ക് കോട്ടി ഓടി വന്നു വെള്ളത്തിൽ ചാടി.കാരണം നാണം,എല്ലാരും ഞങ്ങളെ ആണോ നോക്കുന്നത് എന്നൊരു തോന്നൽ
പക്ഷെ അങ്ങനെ അല്ലാത്തവരും ഉണ്ട് അവിടെ ധാരാളം, നേരത്തെ കണ്ട ആളിനേക്കാൾ ഒരു ഭീകര തടിയൻ, .ഒരു കർചീഫ് വാങ്ങിച്ച് അത് കൊണ്ട് ഒരു ജട്ടിയും തയ്ച്ച് ഉണ്ടാക്കിയിട്ട് നടപ്പോട് നടപ്പാണ്,വെള്ളത്തിൽ കിടക്കുന്നതിനേക്കാൾ സമയം കരയിൽ ആണ് അദ്ദേഹം, കാണുന്നവർ എല്ലാം നാണിച്ചു കണ്ണ് പൊത്തിയാലും, ങേ ഹെ, പുള്ളിക്ക് ഒരു കൂസലുമില്ല,ഇടയ്ക്കു സ്പ്ലാഷ് എന്ന ശബ്ദത്തിൽ വെള്ളത്തിൽ ചാടും, നീന്തും, കുറച്ചു കഴിഞ്ഞ് വീണ്ടും കരക്ക്‌ കയറി അടുത്ത പ്രദർശനം തുടങ്ങും
ഇടയ്ക്ക് അച്ചു പെട്ടെന്ന് ഞെട്ടി നോക്കുന്നത് കണ്ടു ഞാൻ ചോദിച്ചു, എന്താടാ?
അല്ല, അച്ഛാ, എന്തോ ഒരു സാധനം ,അല്ല ഏതോ ഒരു ജീവി ഒഴുകി വരുന്നു,
ഞാൻ നോക്കിയപ്പോൾ സംഗതി ശെരിയാണ്, സൂവിൽ ഒക്കെ വേനലായാൽ ഹിപ്പൊപ്പൊട്ടാമസ് വെള്ളത്തിൽ കൂടി വരുന്നത് പോലെ തലയുടെ പകുതിയും കണ്ണും തുറന്ന മൂക്കും മാത്രം കാണാം, ഞങ്ങളുടെ നേരെ നീന്തി വരുന്നു, പേടിച്ചു ഞാൻ കണ്ണ് തിരുമ്മി നോക്കി, നമ്മുടെ നേരത്തെ പറഞ്ഞ തടിയൻ ആണ്
ഞാൻ പറഞ്ഞ് അച്ചു, പേടിക്കണ്ട, ഇത് ആരെയും ഉപദ്രവിക്കാത്ത ഒരു തരം ജീവിയാണ്, പേര് ജട്ടിമിംഗലം
ജട്ടിമിംഗലമൊ ? എന്ന് വെച്ചാൽ?
എന്ന് വെച്ചാൽ ജട്ടി ഇട്ട തിമിംഗലം
പൂളിൽ നല്ല തണുത്ത പച്ച നിറത്തിൽ ഉള്ള വെള്ളം ,അടി കാണാൻ വയ്യ,ഞാനും അച്ചുവും കണ്ണാടിയും തൊപ്പിയും ഒക്കെ ആയി ഒരു മൂലയിൽ പോയി അനങ്ങാതെ നിന്നു,ബാക്കി എല്ലാവരും നീന്തി തിമിർക്കുന്നു,അച്ഛൻ നീന്തുന്നില്ലേ, അവൻ ചോദിച്ചു, ഇല്ല,നിനക്ക് കമ്പനി തരാം,ഇങ്ങനെ വേണം മുങ്ങാൻ, ഞാൻ മുങ്ങിക്കാണിച്ചു ,അടിയിൽ കറുത്ത നിറത്തിൽ എന്തോ ഒന്ന്, ഞാൻ ഒന്ന് കൂടി മുങ്ങി നോക്കി, ഒരു കുഞ്ഞു മീൻ,ചിരിച്ചു കാണിക്കുന്നു, ഞാനും ചിരിച്ചു കാണിച്ചു,ഞാൻ പൊങ്ങിയ ഉടനെ അത് കാലിൽ ഒരു കടി,പിന്നെ കുഞ്ഞു മെഷീൻ ഗൺ ഇട്ടു വെടി വെക്കുന്ന പോലെ നൂറുകണക്കിന് മീനുകൾ കടിയോടു കടി, ഞാൻ ഭാരത നാട്യം കളിക്കുന്നത് കണ്ടു ലൈഫ് ഗാർഡ് അടുത്തേക്ക് വന്നു
എന്താണ് മീൻ കടിക്കുന്നോ?
ഞാൻ പറഞ്ഞു, അതെ,
സാരമില്ല, നല്ലതാണ്, ഇങ്ങനെ മീൻ കടി കൊള്ളാൻ സ്പാ വരെ ഉണ്ട്, നിങ്ങൾക്ക് ചിലവില്ലാതെ പെഡിക്യൂർ ചെയ്യാം,നല്ലതാണ്,അഴുക്കെല്ലാം പോകും,
ആണോ, എന്നാൽ കൊള്ളാം, ശ്യാമ കാശ് കൊടുത്താണ് ഈ കുന്തം ഒക്കെ ചെയ്യുന്നത്,ഞാൻ അനങ്ങാതെ നിന്നു, കാലങ്ങളായി ഉള്ള അഴുക്കെല്ലാം പോട്ടെ,അച്ചുവിന് അത്ര കടി കിട്ടുന്നില്ല എന്ന് തോന്നുന്നു,അതോ സഹിച്ചു നില്ക്കുവാണോ എന്തോ ,അപ്പോൾ ആണ് കാണുന്നത് ദൂരെ നിന്നും പരിചയമുള്ള ഒരാൾ വരുന്നു, ഓഫീസിൽ കൂടെ ഉള്ള നമ്മുടെ ഒളിമ്പ്യൻ കെ എം ബീനാമോൾ,നാണക്കെടായല്ലോ,ഞാൻ കമ്പിയിൽ പിടിച്ചിരുന്ന കൈ എടുത്തു നഗ്നത മറക്കാൻ നെഞ്ചിനു കുറുക്കെ വെച്ചു, അതോടെ ഗ്ലും എന്ന ശബ്ദത്തോടെ മുങ്ങിപ്പോവുകയും ചെയ്തു,
അടിയിൽ മീനുകളുടെ സംസ്ഥാന സമ്മേളനം എന്റെ കാലു വൃത്തി ആക്കാൻ,മുഖത്ത് കടി കിട്ടാതിരിക്കാൻ ഞാൻ വീണ്ടും പൊങ്ങി, നാഷണൽ ജോഗ്രഫിക്ക് ചാനലിൽ കാണുന്ന ചില ആഫ്രിക്കൻ കാടുകളിലെ മുതല വെള്ളത്തിൽ ഒളിച്ചു കിടക്കും പോലെ കിടന്നു,ബീനാമോൾ പതുക്കെ ലൈഫ് ഗാർഡിനൊപ്പം നേരെ നടന്നു വരുന്നു, ഞാൻ എന്നെ കാണിച്ചു കൊടുക്കല്ലേ എന്ന് അയാളോട് ഗോഷ്ട്ടി കാണിച്ചു പറഞ്ഞു,അത് അയാൾ തെറ്റിദ്ധരിച്ചു,
മാഡം, ദോണ്ടേ വിളിക്കുന്നു എന്നെ ചൂണ്ടി ആ മഹാപാപി പറഞ്ഞു കൊടുത്തു,ബീനാമോൾ എന്നെ നോക്കി,തൊപ്പിയും കണ്ണാടിയും ഒക്കെ ഉള്ളത് കൊണ്ട് ആദ്യം മനസിലായില്ല, നന്നായി എന്ന് വിചാരിച്ചു ഞാൻ മൂക്ക് വരെ മാത്രം പുറത്തു കാണിച്ചു വെള്ളത്തിൽ ഒളിച്ചിരുന്നു , ബീന മോൾ ചോദിച്ചു,
ങാ ,ഇതാര് ?
ഞാൻ പറഞ്ഞു വെള്ളത്തിൽ ഇറങ്ങുന്നത് വരെ ഞാൻ അജോയ് ആയിരുന്നു, ഇപ്പോൾ അല്ലെ?
ഹഹഹ, അതല്ല,എന്നും വരാറുണ്ടോ?
ഇല്ല,ഇന്ന് കടിഞ്ഞൂൽ വരവാണ്
എന്നാൽ ഇവിടെ നിക്കാതെ ആ നടുക്ക് പോയി നീന്തരുതോ?
നീന്താമായിരുന്നു, പക്ഷെ ഒരു മൂഡ്‌ ഇല്ല, നാളെ നീന്താം , അപ്പോൾ വരണേ
ഉം, ഞാൻ മോനേം കൊണ്ട് വന്നതാ, പോട്ടെ ,ബീനാമോൾ മോനെയും കൊണ്ട് പൂളിന്റെ മറുവശത്തേക്ക് പോയി ,നാണക്കേടായി,അച്ചൂന് പിന്നെ നീന്തൽ അറിയില്ല, എനിക്ക് അറിയാം എന്നാണല്ലോ വെയ്പ്പ്,അതോ ഇനി പണ്ട് പഠിച്ചത് ഇപ്പോഴും ഓർമ്മ കാണുമോ? ഒന്ന് ശ്രമിക്കാം, ഞാൻ അച്ചുവിനോട് പറഞ്ഞു,
നീ കയറിക്കോ,ഞാൻ ഒന്ന് നീന്തീട്ടു വരാം
ഞാൻ ശ്വാസം വലിച്ചെടുത്തു ഒറ്റ കുതിപ്പ്,കയ്യും കാലും ആഞ്ഞടിച്ചു ഞാൻ നീന്തലോട് നീന്തൽ, അതി വേഗം ഞാൻ മുന്നോട്ട് നീന്തി, അഞ്ചു മിനിറ്റ് നീന്തിക്കാണും , ഒടുവിൽ കണ്ണ് തുറന്നപ്പോൾ ഞാൻ തുടങ്ങിയടത്ത് തന്നെ ആണ് കിടക്കുന്നത്‌ , ചുറ്റും നീന്തിക്കൊണ്ടിരുന്ന കുറേപ്പേർ എന്നെ തുറിച്ചു നോക്കി നിൽക്കുന്നു,
ഞാൻ ചോദിച്ചു എന്താ, എന്ത് പറ്റി ?
അച്ചു പറഞ്ഞു,അച്ഛാ വെള്ളം പോയി,
പോയോ ? എങ്ങോട്ട് ?
അച്ഛൻ കയ്യും കാലും ഇട്ടടിച്ചപ്പോൾ പൂളിലെ മുഴുവൻ വെള്ളവും കരയിൽ കയറി,ഇനി ആകെ ഡീപ് സോണിൽ കുറച്ചു വെള്ളം മാത്രമേ ബാക്കി ഉള്ളു...
അപ്പൊ മീനുകളോ ?
അച്ഛന്റെ കാലിലെ അഴുക്കെല്ലാം തിന്നത് കാരണം ഒരു മാസത്തേക്ക് ഇനി ആഹാരം വേണ്ടാത്തത് കൊണ്ട് മീനുകളെല്ലാം ആ ഡീപ് സോണിൽ കിടന്നുറക്കമാണ്, അത് കൊണ്ട് അതുങ്ങൾ രക്ഷപ്പെട്ടു

By: AjoyKUmar

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot