Slider

സൺ വീഡിയോസ്

0
Image may contain: 1 person, outdoor

ചന്ദ്രേട്ടൻ എവിടെയാ?
സൺ വീഡിയോസ്
പൊടിമീശ മുളച്ചൊരു കാലം. പ്രീഡിഗ്രി കഴിഞ്ഞൊരു കാലം. പണിയൊന്നും ചെയ്യാതെ നടന്നൊരു കാലം. വിജയൻ ജോലി ചെയ്യുന്ന സൺ വീഡിയോസിൽ ഒരു ഇടക്കാല ജോലി.
വിജയനും ഞാനും അന്ന് ഒരേ തൂവൽ പക്ഷികൾ. പ്രായം, അഭിരുചികൾ, ചിന്തകൾ, പ്രവൃത്തികൾ, ഭ്രാന്തുകൾ എല്ലാം ഒരേ അളവിലും തൂക്കത്തിലും. പോരാത്തതിന് സിനിമാ പ്രാന്തന്മാരും. ഇറങ്ങുന്ന സിനിമകൾ ഒരേ വാശിയോടെ ആദ്യം കാണണം എന്ന വാശിക്കാർ.
അങ്ങിനെ സണ്ണിൽ ഞങ്ങളുടെ ഒന്നിച്ചുള്ള ജോലി തുടങ്ങി. ഇന്നത്തെ പോലെയൊന്നുമല്ല വീഡിയോ സിനിമകൾക്കു വീടുകളിൽ പോലും സ്വീകാര്യത ഉണ്ടായിരുന്ന കാലം.
എല്ലുമുറിയെ പണിയെടുത്താൽ പല്ലുമുറിയെ തിന്നാം എന്ന പഴംചൊല്ലിൽ പതിര് കാണുന്ന ഞങ്ങൾ. എല്ലുമുറിയെ പണിയെടുക്കാതെ പല്ലു മുറിയാതെ തിന്നാനും ഇഷ്ടമുണ്ടായിരുന്നവർ. നല്ല സൗഹൃദങ്ങളുടെ സുവർണ കാലം.
സണ്ണിലെ ജോലി വളരെ രസകരമായിരുന്നു. പറയത്തക്ക ജോലിയൊന്നും ഇല്ല. രാവിലെ മുതൽ അവിടെയുള്ള മലയാളം, തമിഴ്, ഹിന്ദി, ഇംഗ്ലീഷ് സിനിമകൾ കാണുക. ഇടയ്ക്കു വരുന്ന കസ്റ്റമേർസിനു കൊടുക്കുക അവരുടെ പേര് എഴുതി വയ്ക്കുക. മുമ്പ് കാസ്സെറ്റ് കൊണ്ട് പോയവർ തിരികെ കൊണ്ട് വരുമ്പോൾ കാസ്സെറ്റ് ചെക്ക് ചെയ്ത് വാങ്ങുക പൈസ വാങ്ങുക. ഇടയ്ക്കു കാസ്സെറ്റ് കോപ്പി എടുക്കുക. അങ്ങിനെ നൈസ് പണി കട്ടി ശമ്പളം എന്ന രീതിയിൽ മുന്നോട്ടു പോകുന്നു.
വൈകുന്നേരങ്ങളിൽ, കോടതി കവലയിൽ നിന്നും സ്റ്റാൻഡിലേക്ക് വാഹനങ്ങൾ നിറഞ്ഞോടുന്ന സായാഹ്നങ്ങളിൽ ചിലതിൽ സൺ വീഡിയോസിന്റെ മുൻഭാഗത്തു ഞാനും വിജയനും ഉണ്ണിയും കൂടി കാണരുത്, കേക്കരുത്, പറയരുത് എന്ന പ്രതിമകളുടെ രൂപത്തിൽ ഇടയ്ക്കു ഇരിക്കുന്നത് കണ്ടു യാത്രക്കാർ പൊട്ടിച്ചിരിക്കുന്നത് ഇന്നും ഇടക്കെല്ലാം ചെവിയിൽ മുഴങ്ങുന്നു. കലർപ്പില്ലാത്ത നിഷ്കളങ്ക സൗഹൃദങ്ങൾ.
രാത്രി സൺ വീഡിയോസ് അടക്കാൻ നേരം വിസിപിയും വീട്ടുകാർക്ക് കാണാനുള്ള കാസറ്റും എടുത്ത് ഞങ്ങൾ തൈക്കാട്ടുശേരിയിലേക്ക് പോകണമോ പാട്ടുകുളങ്ങരയിലേക്കു പോകണമോ എന്ന് തീരുമാനിക്കും. അന്ന് ഞങ്ങളുടെ വീടുകളിൽ ഫോണൊന്നും ഇല്ലായിരുന്നു. ഞങ്ങളുടെ രണ്ടു വീട്ടുകാരും ഞങ്ങൾക്കു ആഹാരം കാത്തുവയ്ക്കാറുണ്ട് എന്നും. അവന്റെ വീട് എന്റെ വീട് എന്ന വ്യത്യാസം ഒന്നും ഇല്ലായിരുന്നു. ഒന്നിടവിട്ട ദിവസങ്ങളിൽ ഞങ്ങൾ രണ്ടിടത്തേക്കും പോകുമായിരുന്നു. അന്ന് വീട്ടുകാർ പറയുമായിരുന്നു ഞങ്ങൾക്കു എന്തെങ്കിലും പറ്റിയാൽ തന്നെ മൂന്നാം ദിവസമേ വീട്ടുകാർ ഞങ്ങൾ എവിടെയെന്നു അന്വേഷിക്കുകയുള്ളു. രണ്ടു ദിവസം അവരോർക്കും ഒന്നില്ലെങ്കിൽ ഞങ്ങൾ തൈക്കാട്ടുശേരിയിൽ ഉണ്ടെന്നു അല്ലെങ്കിൽ പാട്ടുകുളങ്ങരയിൽ ആണെന്ന്.
സിനിമ കാണലുകളുടെ ഇടവേളകളിൽ ഞങ്ങൾ ഒത്തിരി സ്വപ്‌നങ്ങൾ കാണാറുണ്ടായിരുന്നു. കുറെ പൈസ ഉണ്ടാക്കി ഒരു വീഡിയോ ലൈബ്രറി തുടങ്ങണം എന്ന് വരെ ഞങ്ങൾ ചിന്തിച്ചു. അന്ന് ഞങ്ങളുടെ സ്വപ്നങ്ങളിൽ പോലും ഇല്ലായിരുന്നു കൈയിലെ കൊച്ചു സ്ക്രീനിലേക്ക് ലോകവും സിനിമയും കടന്നു വരുമെന്നും വീഡിയോ കാസ്സെറ്റ്സ് എല്ലാം വയസായ അപ്പുപ്പൻ അമ്മുമ്മമാർ എന്നിവരെ പോലെ വിസ്മൃതിയിലേക്ക് ലയിക്കുന്ന ഒന്നാകും എന്നൊന്നും.
അങ്ങിനെ കുത്തൊഴുക്കുകൾ ഒന്നുമില്ലാതെ ജീവിതം ശാന്തമായി ഒഴുകുന്ന കാലം.
പല പല കാര്യങ്ങളും പറഞ്ഞു ഞങ്ങൾ ബഹളം വച്ച് കൊണ്ടിരുന്ന സമയം സൺ വീഡിയോസിന്റെ ഉടമയായ ഞങ്ങളുടെ സ്വന്തം ചന്ദ്രേട്ടൻ രംഗപ്രവേശം ചെയ്തു.
എന്തിനാ നിങ്ങൾ വഴക്കിടുന്നത്
നല്ല കുട്ടികൾ അല്ലെ നിങ്ങൾ.
ഞങ്ങൾ ചേട്ടന്റെ കാര്യത്തിനാണ് വഴക്കിടുന്നത്.
എന്റെ കാര്യത്തിനോ? അതെന്താണ്.
ഞങ്ങൾ പൈസ ഉണ്ടാക്കി ഈ സൺ വീഡിയോസ് വാങ്ങുകയാണെങ്കിൽ ചേട്ടനെ ഇവിടെ ജോലിക്കു നിർത്തുകയും ചേട്ടനെ കൊണ്ട് എന്തൊക്കെ ജോലി എടുപ്പിക്കണം എന്നെല്ലാം പറഞ്ഞാണ് ഞങ്ങൾ വഴക്കിട്ടത്.
ചേട്ടൻ ചിരിച്ചു പോയി.
നിങ്ങൾക്ക് ഇവിടെ ജോലി തന്നു എന്നൊരു തെറ്റ് മാത്രമല്ലെ ഞാൻ ചെയ്തുള്ളു. എനിക്കിതിൽ കൂടുതൽ എന്തോ വരാനിരുന്നതാണ്.
ചന്ദ്രേട്ടന് ഞങ്ങളെ അറിയാമായിരുന്നു. ഞങ്ങൾക്ക് ചന്ദ്രേട്ടനെ അറിയാമായിരുന്നു.
പാവം ചന്ദ്രേട്ടൻ.
ചന്ദ്രേട്ടൻ എവിടെയാ........
സൺ വീഡിയോസ് എവിടെയാ ..
.
ഞങ്ങൾ എവിടെയാ.......
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo