Slider

നട്ടെല്ലു വളയ്ക്കാത്ത എഴുത്തുകാരൻ.(മിനിക്കഥ )

0


°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
വിട്ടു വീഴ്ചയില്ലാത്ത അഭിപ്രായങ്ങളും നിലപാടുകളും കൊണ്ട് ശ്രദ്ധേയനായിരുന്നു, ആ എഴുത്തുകാരൻ. ആരുടെ മുന്നിലും നടു വളയ്ക്കാത്തവൻ എന്ന നിലയിൽ അയാൾ പ്രസിദ്ധനായിരുന്നു
പെട്ടെന്നൊരു നാൾ അയാൾക്ക് ചെറിയൊരു നടുവേദന അനുഭവപ്പെട്ടു. അപ്പോൾ മാറിയെങ്കിലും പിന്നീട് പലപ്പോഴും ആ വേദന ആവർത്തിച്ചു വന്നു കൊണ്ടിരുന്നു. പിന്നീട് അതൊരു വിട്ടുമാറാത്ത നടുവേദനയായി മാറി.
അയാൾക്ക് ഇരിക്കാനും കിടക്കാനും സാധിക്കാതായി. നിത്യ ജീവിതത്തിൽ ആവശ്യമായ ഒന്നും പര സഹായമില്ലാതെ ചെയ്യാൻ സാധിക്കാതായി.അസഹ്യമായ വേദന കൊണ്ട് എഴുതുവാൻ പോലും സാധിക്കാതായി.
എല്ലുരോഗ വിദഗ്ധനെയും ഞെരമ്പു രോഗ വിദഗ്ധനെയും കണ്ടു പരമാവധി ചികിത്സിച്ചെങ്കിലും, ദീർഘ കാലം മരുന്നുകൾ കഴിച്ചെങ്കിലും അയാൾക്ക് അല്പം പോലും ആശ്വാസം ലഭിച്ചില്ല.അതു മാത്രമല്ല വളരെയധികം പണം ചെലവാകുകയും ചെയ്തു.
അങ്ങനെയാണ് ഒരു സാദാ നാട്ടിൻ പുറത്തുകാരനായ ഉഴിച്ചിൽക്കാരന്റെ അടുത്ത് അയാൾ എത്തിയത്.
ആദ്യ ദിവസത്തെ ചികിത്സ കൊണ്ടു തന്നെ അയാൾക്ക് വളരെയധികം ആശ്വാസം ലഭിച്ചു. ദിവസം ചെല്ലും തോറും രോഗം കൂടുതൽ കൂടുതൽ ഭേദമായി വന്നു. അങ്ങനെ അയാൾ പരിപൂർണ്ണമായും രോഗ മുക്തനായി.
അവസാന ചികിത്സയും കഴിഞ്ഞ ദിവസം അയാൾ ഉഴിച്ചിൽക്കാരനോട് ചോദിച്ചു :
--ഇന്നേവരെ താങ്കൾ പ്രതിഫലം ഒന്നും വാങ്ങിയിട്ടില്ല. ഇനിയെങ്കിലും പറയൂ, എന്താണ് താങ്കൾക്ക് വേണ്ടത്... എന്തു ചെയ്യാനും ഞാൻ തയ്യാറാണ്.
എഴുത്തു കാരനെ അടിമുടി നോക്കിക്കൊണ്ട് ഉഴിച്ചിൽക്കാരൻ പറഞ്ഞു.
--ഒന്നു കുനിയൂ...
ശങ്കിച്ചു,ശങ്കിച്ചു കൊണ്ട് അയാൾ കുനിഞ്ഞു. കഴുത്ത് പരമാവധി താഴേക്കു കുനിച്ചു നടു വളച്ചു കൊണ്ട് അയാൾ നിന്നു.
ഉഴിച്ചിൽക്കാരൻ പറഞ്ഞു:
--നിവർന്നു കൊള്ളൂ.
എനിക്ക് ഇതു മാത്രം മതി, പ്രതിഫലമായി..
ഇനി മുതൽ എന്നെ എപ്പോൾ കണ്ടാലും നടു വളച്ചു കൊണ്ട് തൊഴണം.
ഒരക്ഷരം എതിർത്തു പറയാതെ എഴുത്തുകാരൻ നടന്നകന്നു...
°°°°°°°°°°°°°°°°°°°°°°°°°
സായ് ശങ്കർ മുതുവറ
°°°°°°°°°°°°°°°°°°°°°°°°°
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo